69-ാമത് ദേശീയ പുരസ്‌കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതോടെ തെലുങ്ക് സിനിമയിൽ പുതിയ ചരിത്രമെഴുതിയിരിക്കുകയാണ് അല്ലു അർജുൻ. ഇതാദ്യമായാണ്  തെലുങ്ക് സിനിമയിലെ അഭിനയത്തിന് ഒരു നടൻ ദേശീയ പുരസ്‌കാരം നേടുന്നത്. ഇപ്പോഴിതാ അല്ലു അർജുനെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ സൂര്യ.

To advertise here,

അല്ലു അർജുൻ തെലുങ്ക് സിനിമാമേഖലയിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്ന് സൂര്യ എക്സിൽ കുറിച്ചു. ‘‘ആശംസകൾ പ്രിയ അല്ലു അർജുൻ. 69ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുത്തതിലൂടെ നിങ്ങൾ തെലുങ്ക് ഫിലിം ഇൻഡസ്ട്രിയിൽ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ദേവി ശ്രീ പ്രസാദ് ഒരുപാട് സന്തോഷം. ഇത് അർഹിച്ച അംഗീകാരം.’’–സൂര്യയുടെ വാക്കുകൾ.

സുകുമാർ സംവിധാനം ചെയ്ത് പാൻ ഇന്ത്യൻ സിനിമയായെത്തി ബോക്സ്ഓഫിസിൽ തരംഗമായ ചിത്രമാണ് ‘പുഷ്പ’. കേരളത്തിലും ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ചന്ദനക്കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രമായാണ് അല്ലു അർജുൻ ചിത്രത്തിലെത്തിയത്. ഫഹദ് ഫാസിലിന്റെ ഭൻവർ സിം​ഗ് ഷെഖാവത്ത് എന്ന വില്ലൻ കഥാപാത്രവും പ്രേക്ഷക പ്രീതി നേടിയിരുന്നു. ഇതേ ചിത്രത്തിലെ ​ഗാനങ്ങൾക്ക് ദേവി ശ്രീ പ്രസാദ് ഇത്തവണ മികച്ച സം​ഗീത സംവിധായകനുള്ള പുരസ്കാരവും സ്വന്തമാക്കി.

പുഷ്പയുടെ രണ്ടാം ഭാ​ഗമായ പുഷ്പ- ദ റൂൾ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് അല്ലു അർജുനും സംവിധായകൻ സുകുമാറും. ഇതിനിടയിലാണ് ചിത്രത്തെ തേടി രണ്ട് ദേശീയ പുരസ്കാരങ്ങളെത്തിയത്. പുരസ്കാര വാർത്തയറിഞ്ഞ് കെട്ടിപ്പിടിച്ച് വികാരാധീനരാവുന്ന സുകുമാറിന്റെയും അല്ലു അർജുന്റേയും വീഡിയോ വൈറലായിരുന്നു.