ദേശീയ ചലച്ചിത്രപുരസ്കാര പ്രഖ്യാപനത്തിൽ ഒരു വിഭാഗത്തിലും പരിഗണിക്കാതിരുന്ന ചിത്രമായിരുന്നു ജയ് ഭീം. നിരവധി പേർക്കൊപ്പം തെലുങ്ക് നടൻ നടൻ നാനിയും ഇക്കാര്യത്തിൽ നിരാശ പ്രകടിപ്പിച്ചിരുന്നു. പതിവിൽ നിന്ന് വ്യത്യസ്തമായി തെലുങ്ക് സിനിമകൾക്ക് സുപ്രധാന അവാർഡുകൾ ലഭിച്ച അവസരമായിരുന്നിട്ടുകൂടി നാനിയുടെ പ്രതികരണം ചില മുറുമുറുപ്പുകൾക്കും ഇടയാക്കിയിരുന്നു. ഇതേക്കുറിച്ച് വിശദീകരണവുമായെത്തിയിരിക്കുകയാണ് നാനി ഇപ്പോൾ.
ഇന്ത്യാ ടുഡേ നടത്തിയ ടോക്ക് ഷോയിലായിരുന്നു നാനി ജയ് ഭീം ട്വീറ്റ് വിവാദത്തേക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തിയത്. ഇത്രയും തെലുങ്ക് സിനിമകൾ ദേശീയ പുരസ്കാരം നേടിയതിൽ സന്തോഷവാനാണെന്നും താനതിൽ അഭിമാനിക്കുന്നുവെന്നും നാനി പറഞ്ഞു. ആർ.ആർ.ആറും പുഷ്പയും അല്ലു അർജുനും പുരസ്കാരങ്ങൾ നേടി. തെലുങ്ക് സിനിമയ്ക്ക് ഏറ്റവുംകൂടുതൽ പുരസ്കാരങ്ങൾ ലഭിക്കുന്നതും ഇപ്പോഴാണ്. ഒരുപാട് സന്തോഷിച്ചുവെന്നും അതേക്കുറിച്ചും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തെന്നും നാനി പറഞ്ഞു.
"ജയ് ഭീം കണ്ടപ്പോൾ, ഞാൻ കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണതെന്ന് പറഞ്ഞുകൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. ഒരു വിഭാഗത്തിലും ആ ചിത്രത്തിന് പുരസ്കാരമില്ലെന്നറിഞ്ഞപ്പോൾ എന്തെങ്കിലും ഒരു പുരസ്കാരം ജയ് ഭീമിന് ലഭിക്കേണ്ടിയിരുന്നു എന്ന അവസ്ഥയിലായി ഞാൻ. പരീക്ഷയിൽ എന്റെ സഹോദരി നല്ല മാർക്കോ റാങ്കോ വാങ്ങി. എന്നാൽ അടുത്ത വീട്ടിലെ കസിന് അതിന് സാധിച്ചില്ല. ഞാൻ എന്റെ സഹോദരിയുടെ വിജയത്തിൽ സന്തോഷിക്കുകയും കസിന് സംഭവിച്ചതിൽ ദുഃഖിക്കുകയും ചെയ്യും." നാനി കൂട്ടിച്ചേർത്തു.
ജയ് ഭീം വളരെയിഷ്ടപ്പെട്ട ചിത്രമാണ്. ഒരു പുരസ്കാരം ലഭിച്ചിരുന്നെങ്കിൽ അത് ആ ചിത്രം നിർമിച്ചവർക്കും സാങ്കേതികപ്രവർത്തകർക്കും ഒരു പ്രോത്സാഹനമായേനേ എന്നും നാനി ചൂണ്ടിക്കാട്ടി. ടി.ജെ. ജ്ഞാനവേലിന്റെ സംവിധാനത്തിൽ 2021-ൽ ഓ.ടി.ടി റിലീസായെത്തിയ ചിത്രമായിരുന്നു ജയ് ഭീം. സൂര്യ, ലിജോ മോൾ, മണികണ്ഠൻ, രജിഷ വിജയൻ, പ്രകാശ് രാജ്, ഗുരു സോമസുന്ദരം, തമിഴ്, റാവു രമേശ് എന്നിവരായിരുന്നു മുഖ്യവേഷങ്ങളിൽ.
ശൗര്യുവ് സംവിധാനം ചെയ്യുന്ന ഹായ് നാന്നാ എന്ന ചിത്രമാണ് നാനിയുടേതായി റിലീസിന് തയ്യാറെടുക്കുന്നത്. മൃണാൽ താക്കൂറാണ് നായിക. ചിത്രത്തിന്റെ ടീസറിനും ഗാനങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രം ഡിസംബർ ഏഴിന് തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങും.
Content Highlights: actor nani about jai bhim movie, tweet controversy, national film awards 2021
Published: 10 Nov 2023, 04:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented