പനജി തെരുവുകളെ വെള്ളിത്തിരയിലെ ദൃശ്യങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ വർണാഭമാക്കിയ ഓപ്പണിങ് പരേഡോട് കൂടി 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു. അടുത്ത ഒമ്പത് ദിവസങ്ങൾ ഗോവ വീണ്ടും സിനിമാ ഉത്സവ ആഘോഷങ്ങളിൽ മുങ്ങും.

To advertise here,

ഗ്രീൻ ഗോവ ഗ്രീൻ ഇന്ത്യ എന്ന മുദ്രാവാക്യവുമായി ഗോവ ഗവർണറും മുഖ്യമന്ത്രിയുൾപ്പടെയുള്ള വിശിഷ്ടാതിഥികൾ വൃക്ഷതൈയ്ക്ക് വെള്ളമൊഴിച്ചുകൊണ്ടാണ് ചലച്ചിത്രമേള കൊടിയേറിയത്.

വ്യാഴാഴ്ച എന്റർടെയ്ൻമെന്റ് സൊസെെറ്റി ഓഫ് ഗോവയിൽ നിന്ന് തുടങ്ങി കലാ അക്കാദമിയിൽ അവസാനിച്ച ഉദ്ഘാടന പരേഡ് ഗോവയുടെ തെരുവുകളെ ഇന്ത്യയുടെ സിനിമാ ചരിത്രത്തിന്റെ ചലിക്കുന്ന ദൃശ്യങ്ങളാക്കി മാറ്റി. ആന്ധ്രാപ്രദേശ്, ഹരിയാന, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ള മനോഹരമായ ടാബ്ലോകൾ ഘോഷയാത്രയ്ക്ക് മാറ്റ് കൂട്ടി.

ഇതിനുപുറമെ, നൂറോളം നാടൻ കലാകാരന്മാരെ അണിനിരത്തി "ഭാരത് ഏക് സൂർ" എന്ന പേരിൽ പരിപാടി അവതരിപ്പിച്ചത് കാണികൾക്ക് കൗതുകമായി. രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള നൃത്തരൂപങ്ങളെ ഒരൊറ്റ താളത്തിൽ കോർത്തിണക്കുന്നതായിരുന്നു ഈ പരിപാടി. ഛോട്ടാ ഭീം, ചുട്കി, മോട്ടു പട്ലു, ബിട്ടു ബഹാനെബാസ് തുടങ്ങിയ കാർട്ടൂൺ കഥാപാത്രങ്ങളും കാണികൾക്ക് കാഴ്ചവിരുന്നായി.

ചടങ്ങിൽ ഗോവ ഗവർണർ ഗജപതി രാജു, മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു, ഗാർത്ത് ഡേവിസ്, നടൻ അനുപം ഖേർ, ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് സഹമന്ത്രി എൽ. മുരുകൻ, അഡീഷണൽ സെക്രട്ടറി പ്രഭാത് കുമാർ, നടൻ നന്ദമൂരി ബാലകൃഷ്ണ, ഐ.എഫ്.എഫ്.ഐ. ഫെസ്റ്റിവൽ ഡയറക്ടർ ശേഖർ കപൂർ എന്നിവർ പങ്കെടുത്തു.

സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണയെ ഇന്ത്യൻ സിനിമക്ക് നൽകിയ സംഭവനകളുടെ പേരിൽ ചടങ്ങിൽ ആദരിച്ചു. ഗംഭീരമായ പരേഡിന് പിന്നാലെ ബ്രസീലിയൻ ചിത്രമായ 'ദി ബ്ലൂ ട്രെയിൽ' ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും.

56-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ 15 മത്സര വിഭാഗങ്ങളും ക്യൂറേറ്റ് ചെയ്ത സെഗ്മെന്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്റർനാഷണൽ കോമ്പറ്റീഷൻ, മികച്ച നവാഗത സംവിധായകൻ, ICFT-UNESCO ഗാന്ധി മെഡൽ തുടങ്ങിയ പ്രധാന മത്സര വിഭാഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, Macabre Dreams, Docu-Montage, Experimental Films, UNICEF, Restored Classics തുടങ്ങിയ പ്രത്യേക വിഭാഗങ്ങളും ഈ കൂട്ടത്തിലുണ്ട്.

അതേസമയം ഇന്ത്യൻ പനോരമയ്ക്ക് ഇന്ന് തുടക്കമാകും. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത അമരൻ (തമിഴ്) ആണ് പനോരമയിലെ ഉദ്ഘാടന ചിത്രം. തരുൺ മൂർത്തിയുടെ തുടരും , തമർ കെ.വിയുടെ സംവിധാനത്തിൽ ആസിഫ് അലി പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച സർക്കീട്ട്, ജിതിൻ ലാൽ സംവിധാനം ചെയ്ത എആർഎം എന്നിവയാണ് ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കുന്ന മലയാള ചിത്രങ്ങൾ. കൂടാതെ തേജസ് പ്രഭ സംവിധാനം ചെയ്ത ഹിന്ദി ചിത്രം ഗ്രൗണ്ട് സീറോ, രാജ് കുമാറിന്റെ പിറന്തനാൾ വാഴ്ത്തുക്കൾ, തുമ്നെെദിന്റെ സു ഫ്രം സോ എന്നിവയും വരും ദിവസങ്ങളിൽ മേളയിൽ പ്രദർശനത്തിനെത്തുന്നു.

നടനും സംവിധായകനും എഴുത്തുകാരനുമായ രാകേഷ് ഓംപ്രകാശ് മെഹ്റയാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിന്റെ ജൂറി ചെയർമാൻ. പതിനഞ്ച് സിനിമകളാണ് ഈ വിഭാഗത്തിൽ പ്രദർശനത്തിനെത്തുന്നത്. ആസിഫ് അലി നായകനായി തമർ കെ വി സംവിധാനം ചെയ്ത സർക്കീട്ട്, ശിവകാർത്തികേയനും സായ് പല്ലവിയും പ്രധാനവേഷത്തിലെത്തിയ രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത തമിഴ് ചിത്രം അമരൻ, സന്തോഷ് ധവാകർ സംവിധാനം ചെയ്ത മറാഠി ചിത്രം ഗൊണ്ടാൽ എന്നിവയാണ് ഈ വിഭാഗത്തിൽ പ്രദർശനത്തിനെത്തുന്ന ഇന്ത്യൻ സിനിമകൾ.

WAVES 2025-ലെ സിഐസി ചലഞ്ചിൽ നിന്നുള്ള 24 വൈൽഡ് കാർഡ് വിജയികൾ ഉൾപ്പെടെ 799 എൻട്രികളിൽ നിന്ന്, 13 ഫിലിം മേക്കിംഗ് ക്രാഫ്റ്റുകളിലായി 124 യുവ സിനിമാ പ്രവർത്തകരെ IFFI ഗോവയിലെ ക്രിയേറ്റീവ് മെെന്റ്സ് ഓഫ് ടുമോറോ പദ്ധതിക്കായി തിരഞ്ഞെടുത്തു.

ഐതിഹാസിക ചലച്ചിത്ര പ്രവർത്തകരുടെയും കലാകാരന്മാരുടെയും നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് ഈ പതിപ്പിൽ IFFI പ്രത്യേക ആദരം അർപ്പിക്കുന്നുണ്ട്. ഗുരു ദത്ത്, രാജ് ഖോസ്‌ല, ഋത്വിക് ഘട്ടക്, പി. ഭാനുമതി, ഭൂപൻ ഹസാരിക, സലിൽ ചൗധരി എന്നിവർ ഇതിൽ ഉൾപ്പെടുന്നു. ഇതിന്റെ ഭാഗമായി, സലിൽ ചൗധരിയുടെ 'മുസാഫിർ', ഋത്വിക് ഘട്ടക്കിന്റെ 'സുബർണരേഖ' എന്നീ സിനിമകൾ IFFI 2025-ൽ പ്രദർശിപ്പിക്കും. കൂടാതെ സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ നടൻ രജനികാന്തിനെ സമാപന ചടങ്ങിൽ ആദരിക്കും.