ഒരു പാട്ട് ഉടന്‍ എഴുതിക്കിട്ടണം. പിറ്റേന്ന് സ്വരപ്പെടുത്തി പാടി റേഡിയോയിലൂടെ ആളുകളെ കേള്‍പ്പിക്കേണ്ടതാണ്.

To advertise here,

പക്ഷേ ഒരു പ്രശ്‌നമുണ്ട്: ആരെഴുതിത്തരും ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു ഗാനം? മദ്രാസില്‍ പരിചയക്കാര്‍ ആരുമില്ല. ഉണ്ടെങ്കില്‍ തന്നെ അവരില്‍ പാട്ടെഴുത്തുകാര്‍ തീരേയില്ല.

തലേന്ന് കേട്ടു മനസ്സില്‍ പതിഞ്ഞ ഒരു പേര് രാമചന്ദ്രന്റെ ഓര്‍മ്മയില്‍ തടഞ്ഞത് ആ നിമിഷമാണ്. പ്രാതല്‍ കഴിക്കാനായി റോയപ്പേട്ട അജന്ത ഹോട്ടലിലെ റസ്റ്റോറന്റിലേക്ക് വരും വഴി ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് ഹോട്ടല്‍ കോമ്പൗണ്ടിലെ അടഞ്ഞുകിടന്ന മുറികളിലൊന്ന് ചൂണ്ടിക്കാണിച്ച് പറഞ്ഞത്: 'അക്കാണുന്നതാണ് വയലാര്‍ രാമവര്‍മ്മ താമസിക്കുന്ന മുറി'.

അത്ഭുതം തോന്നി. ധാരാളം കേട്ടിട്ടുണ്ട് ആ പേര്. 1960-കളുടെ മധ്യം. സിനിമയില്‍ അതിനകം പ്രശസ്തിയുടെ പടവുകള്‍ കയറിത്തുടങ്ങിയിരുന്നു വയലാര്‍. അജന്താ ഹോട്ടലില്‍ അന്നദ്ദേഹത്തിന് ഒരു സ്ഥിരം താവളമുണ്ട്. അവിടെയിരുന്നാണത്രേ സിനിമക്ക് വേണ്ടിയുള്ള പാട്ടെഴുത്ത്. നിമിഷകവിയെന്നാണ് കേള്‍വി. രണ്ടും കല്പിച്ച് ഒരു ശ്രമം നടത്തിനോക്കിയാലോ?

തീര്‍ത്തും അപരിചതനായ ഒരാള്‍, അതും താരതമ്യേന തുടക്കക്കാരനായ ഒരാള്‍, വന്നു പാട്ടെഴുതിത്തരാന്‍ ആവശ്യപ്പെട്ടാല്‍ എന്തായിരിക്കും പ്രതികരണം എന്നൊരു ഭയമുണ്ട് ഉള്ളില്‍. എങ്കിലും ആവശ്യക്കാരന് ഔചിത്യമില്ലല്ലോ. ഒരു ശ്രമം നടത്തിനോക്കുകതന്നെ.

സകല ധൈര്യവും സംഭരിച്ച് ചെന്നു. ഭാഗ്യവശാല്‍ ആള്‍ സ്ഥലത്തുണ്ട്. ഒപ്പം സഹമുറിയന്‍ എസ്.എല്‍. പുരം സദാനന്ദനും. 'പാലാ സി.കെ. രാമചന്ദ്രന്‍. നാട്ടില്‍നിന്ന് വന്ന് സ്വാമിയോടൊപ്പം അദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ച് ഗുരുകുലസമ്പ്രദായത്തില്‍ സംഗീതം പഠിക്കുകയാണ്'. ഭവ്യതയോടെ സ്വയം പരിചയപ്പെടുത്തിയപ്പോള്‍ കവിയുടെ മുഖത്ത് കാര്യമായ ഭാവഭേദമൊന്നുമില്ല. ആരാണീ 'സ്വാമി' എന്നറിയാനുള്ള ജിജ്ഞാസ മാത്രം.

ഗുരുനാഥന്റെ പേര് സാഭിമാനം വെളിപ്പെടുത്തുന്നു ശിഷ്യന്‍: 'ശെമ്മാങ്കുടി ശ്രീനിവാസയ്യര്‍'.

ആ പേരിന്റെ ഇന്ദ്രജാലസ്പര്‍ശത്താലാകാം, പൊടുന്നനെ വയലാറിന്റെ ഭാവം മാറുന്നു. ശെമ്മാങ്കുടി സ്വാമിയോടുള്ള ആദരവും ആരാധനയും നിറഞ്ഞുതുളുമ്പുന്നതായിരുന്നു പിന്നീടുള്ള അദ്ദേഹത്തിന്റെ വാക്കുകളും പെരുമാറ്റവും എന്ന് രാമചന്ദ്രന്‍. 'ഭയഭക്തി ബഹുമാനങ്ങളോടെ എന്റെ ആവശ്യം അവതരിപ്പിച്ചപ്പോള്‍ മറുത്തൊന്നും പറഞ്ഞില്ല അദ്ദേഹം. സ്വാമിയുടെ ശിഷ്യന്‍ എന്ന പരിഗണന കൊണ്ടാവാം. ഇരുന്ന ഇരിപ്പില്‍ തന്നെ മേശപ്പുറത്തെ ലെറ്റര്‍ പാഡില്‍ പാട്ടെഴുതിത്തുടങ്ങുന്നു അദ്ദേഹം. കഷ്ടിച്ച് പത്തു മിനിറ്റിനുള്ളില്‍ പാട്ട് റെഡി. പുസ്തകത്തില്‍നിന്ന് കടലാസ്സ് ചീന്തിയെടുത്ത് രാമചന്ദ്രന്റെ നേരെ നീട്ടി അദ്ദേഹം പറഞ്ഞു: 'നോക്കൂ, ഇത് മതിയോ എന്ന്'.

എഴുതിത്തന്ന വരികളിലൂടെ കണ്ണോടിച്ചപ്പോള്‍ വികാരാധീനനായി രാമചന്ദ്രന്‍. കാവ്യഭംഗിയാര്‍ന്ന കല്പനകള്‍:

'മാനത്തുംകാവില്‍നിന്ന് മഴവില്ലിന്‍ നാട്ടില്‍നിന്ന്

മണിയരയന്നങ്ങള്‍ വന്നു,

രണ്ടു മണിയരയന്നങ്ങള്‍ വന്നു

താഴത്തെ പൊയ്കയില്‍ താമരപ്പൊയ്കയില്‍

തോണി തുഴഞ്ഞു നടന്നു'

'ഏറ്റവും അത്ഭുതപ്പെടുത്തിയത് പാട്ടിന്റെ ചരണങ്ങളില്‍ വയലാര്‍ തുന്നിച്ചേര്‍ത്ത രണ്ടു ഐതിഹ്യങ്ങളാണ്. ആദ്യത്തേത് വെളുത്ത വാവിനെക്കുറിച്ച്. രണ്ടാമത്തേത് കറുത്തവാവിനേയും. ഇന്നും ആ വരികള്‍ എനിക്ക് കാണാപ്പാഠമാണ്', ഓര്‍മയില്‍ നിന്ന് പാട്ടിന്റെ വരികള്‍ പാടിക്കേള്‍പ്പിക്കുന്നു രാമചന്ദ്രന്‍.

'പൊയ്കയുടെ കടവത്ത് പുന്നാരപ്പടവത്ത് പൊന്മുട്ടയിട്ടേച്ചു കിളികള്‍ പോയി

പാതിരയതുംകൊണ്ട് നടന്നപ്പോള്‍ ഭൂമിയില്‍ വെളുത്ത വാവുണ്ടായി

കരിമുകില്‍ക്കുട്ടന്മാര്‍ കരുമാടിക്കുട്ടന്മാര്‍ കടലിലാ പൊന്മുട്ട എറിഞ്ഞുടച്ചു

പാതിരയതും തേടി നടന്നപ്പോള്‍ ഭൂമിയില്‍ കറുത്ത വാവുണ്ടായി'

എത്ര ലളിതസുന്ദരമായാണ് നിശയുടെ രണ്ടു ഭാവപ്പകര്‍ച്ചകള്‍ വയലാര്‍ നാല് വരികളില്‍ ഒതുക്കിയിരിക്കുന്നത്.

അജന്താ ഹോട്ടലിനടുത്തുള്ള ശെമ്മാങ്കുടി സ്വാമിയുടെ വസതിയിലാണ് അക്കാലത്ത് ശിഷ്യന്റേയും വാസം. താമസസ്ഥലത്തുചെന്ന് അന്നുതന്നെ ശുദ്ധധന്യാസി രാഗത്തില്‍ വയലാറിന്റെ വരികള്‍ ചിട്ടപ്പെടുത്തി രാമചന്ദ്രന്‍, അടുത്തൊരു ദിവസം ആകാശവാണി സ്റ്റുഡിയോയില്‍ചെന്ന് വാദ്യവൃന്ദത്തോടൊപ്പം പാടി റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു. പ്രക്ഷേപണം കഴിഞ്ഞാല്‍ പാട്ട് ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ചുവെക്കുന്ന ഏര്‍പ്പാടൊന്നുമില്ല അന്ന്. അതുകൊണ്ടുതന്നെ പിന്നീടൊരിക്കലും ആ പാട്ട് കേള്‍ക്കാന്‍ കഴിഞ്ഞിട്ടുമില്ല.

തിരുവനന്തപുരത്ത് സ്വാതിതിരുനാള്‍ അക്കാദമിയില്‍ ശെമ്മാങ്കുടിയുടെ വത്സലശിഷ്യനായിരുന്ന രാമചന്ദ്രന്‍ ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് മദ്രാസിലേക്ക് അദ്ദേഹത്തെ അനുഗമിച്ചത്. സഫലമായ ഒരു സംഗീത യാത്രയുടെ തുടക്കം.

'ഗുരുകുല വാസത്തിനിടെ റേഡിയോക്ക് വേണ്ടി ആദ്യമായി ഒരു പാട്ട് ചിട്ടപ്പെടുത്തി പാടാന്‍ ക്ഷണം ലഭിച്ചപ്പോള്‍ ആ ഓഫര്‍ സ്വീകരിക്കാന്‍ എന്നെ പ്രോത്സാഹിപ്പിക്കുകയാണ് സ്വാമി ചെയ്തത്. അതുവഴി എനിക്ക് ബ്രോഡ്കാസ്റ്റ് ഫീ ആയി ചെറിയൊരു വരുമാനം ലഭിക്കുമല്ലോ എന്നായിരുന്നിരിക്കണം അദ്ദേഹത്തിന്റെ ചിന്ത. അന്ന് മദ്രാസ് റേഡിയോയില്‍ ഞായറാഴ്ച്ചകളിലേയുള്ളൂ മലയാളം പരിപാടികള്‍. അതും ഹ്രസ്വനേരത്തേക്ക് മാത്രം. കലാരംഗം എന്നോ മറ്റോ ആയിരുന്നു പരിപാടിയുടെ പേര് എന്നാണ് ഓര്‍മ. ആ പ്രോഗ്രാമിലാണ് എന്റെ പാട്ട് വന്നത്. ജീവിതത്തിലാദ്യമായി ചിട്ടപ്പെടുത്തി പാടുന്ന പാട്ട്. അത് വയലാറിനെപ്പോലൊരു ഇതിഹാസതുല്യനായ കവിയുടേതായിരുന്നു എന്നത് ഇന്നും ഓര്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നുന്ന കാര്യം', 45 രൂപയാണ് അന്ന് ലഭിച്ച പ്രതിഫലം എന്നോര്‍ക്കുന്നു രാമചന്ദ്രന്‍.

തീര്‍ന്നില്ല. ഇതിനിടെ മറ്റൊരു ട്വിസ്റ്റ് കൂടിയുണ്ടായി കഥയില്‍. അതേദിവസങ്ങളിലൊന്നില്‍ തന്നെ താമസസ്ഥലത്തേക്ക് വയലാറിന്റെ ഫോണ്‍ കോള്‍. റേഡിയോയില്‍ വന്നുകഴിഞ്ഞ പാട്ട് മറ്റെവിടേയും ഉപയോഗിക്കരുത് എന്ന അഭ്യര്‍ഥനയോടെയായിരുന്നു വയലാറിന്റെ വിളി. 'ഞാന്‍ ആ ഗാനം ഒരു നാടകത്തിന് കൊടുത്തു. അവര്‍ അത് ചിട്ടപ്പെടുത്തി ഉപയോഗിക്കും. കൂടുതല്‍ പേര്‍ കേള്‍ക്കുമല്ലോ', രാമചന്ദ്രന് സന്തോഷം മാത്രം.

അങ്ങനെയാണ് അതേഗാനം എല്‍.പി.ആര്‍. വര്‍മ്മ സംഗീത സംവിധാനം നിര്‍വഹിച്ച 'ഇരുമ്പുമറ' എന്ന നാടകത്തില്‍ വന്നത്. എല്‍.പി.ആറിന്റെ ഗാംഭീര്യമാര്‍ന്ന ശബ്ദത്തില്‍ പിന്‍തലമുറ കേട്ടാസ്വദിച്ചതും അതേ ഈണം തന്നെ.

ശെമ്മാങ്കുടി സ്വാമിയുടെ പ്രിയശിഷ്യന്‍ എന്ന പദവിയില്‍നിന്നുകൊണ്ടുതന്നെ കേരളം സൃഷ്ടിച്ച ഏറ്റവും പ്രഗത്ഭരായ സംഗീതജ്ഞരില്‍ ഒരാളായി വളര്‍ന്നു സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ യേശുദാസിന്റെ സമകാലികന്‍ കൂടിയായിരുന്ന പാലാ സി.കെ. രാമചന്ദ്രന്‍. 40 വര്‍ഷത്തോളം ശെമ്മാങ്കുടിയെ സംഗീത വേദികളില്‍ അനുഗമിച്ചു. ഇന്ത്യക്കകത്തും പുറത്തും എണ്ണമറ്റ വേദികളില്‍ കച്ചേരികള്‍ നടത്തി. നിരവധി ലളിതഗാനങ്ങള്‍ ചിട്ടപ്പെടുത്തി. കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡും കേരള സംഗീത നാടക അക്കാദമിയുടെ വിശിഷ്ടാംഗത്വവും ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ നേടി. എ ടോപ് ഗ്രേഡോടെയാണ് അദ്ദേഹം ആകാശവാണിയില്‍നിന്ന് വിരമിച്ചത്. ധന്യവും ദീപ്തവുമായ ആ സംഗീതയാത്രയുടെ അങ്ങേയറ്റത്ത് വയലാര്‍ രാമവര്‍മ്മ എന്ന മഹാപ്രതിഭയുടെ കയ്യൊപ്പ് കൂടിയുണ്ടെന്നത് ഇന്നും രാമചന്ദ്രനെ ഹര്‍ഷപുളകിതനാക്കുന്ന ഓര്‍മ്മ.

'ഭാഗ്യം കൊണ്ടുവന്ന മണിയരയന്നങ്ങളായിരുന്നു അവ', രാമചന്ദ്രന്റെ വാക്കുകള്‍. 'അധികമാര്‍ക്കും വീണുകിട്ടില്ലല്ലോ അത്തരം അനുഗ്രഹങ്ങള്‍'