നിര്‍മ്മാതാവും സംവിധായകനും ഛായാഗ്രാഹകനുമൊക്കെയായ ശിവന്റെ ഫോണ്‍കോളില്‍ നിന്ന് തുടങ്ങുന്നു മലയാള സിനിമയുമായുള്ള വാണിജയറാമിന്റെ ഹൃദയബന്ധം.

To advertise here,

ചെന്നൈയില്‍ സംഗീത പരിപാടിക്കെത്തിയതാണ് വാണിയമ്മ. 'ഗുഡ്ഡി''യിലെ 'ബോല്‍രേ പപീഹരാ'യുടെ ആര്‍ദ്രമധുരമായ ശീലുകള്‍ അപ്പോഴുമുണ്ട് ഇന്ത്യയുടെ അന്തരീക്ഷത്തില്‍ -സിനിമ റിലീസായി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും.

'ഗാനമേളയുടെ റിഹേഴ്സലിനിടക്കായിരുന്നു ശിവന്‍ സാറിന്റെ വിളി. ആ ദിവസം എനിക്കിന്നും ഓര്‍മ്മയുണ്ട് - 1973 ഫെബ്രുവരി 1.''- വാണിയമ്മയുടെ വാക്കുകള്‍. 'തലേന്നാണ് തമിഴില്‍ ആദ്യമായി ഒരു ചലച്ചിത്ര ഗാനം പാടാന്‍ ക്ഷണം ലഭിച്ചത്; എം എസ് വിശ്വനാഥന്‍ പോലും ഗുരുവായി കാണുന്ന എസ്എം സുബ്ബയ്യാനായിഡുവിന് വേണ്ടി. 24 മണിക്കൂര്‍ പോലും തികയും മുന്‍പിതാ മലയാളത്തില്‍ പാടാനുള്ള ശിവന്‍ സാറിന്റെ ക്ഷണം. അതും ഞാന്‍ ദൈവത്തെപ്പോലെ ആരാധിക്കുന്ന സലില്‍ ചൗധരിക്ക് വേണ്ടി... സ്വപ്നം പോലെ തോന്നി ആ വിളി എനിക്ക്....''

വാണിയുടെ സ്വപ്നം 'സ്വപ്ന''ത്തിലൂടെ തന്നെ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നേ ഉണ്ടായിരുന്നുള്ളൂ. ശിവന്‍ നിര്‍മ്മിച്ച് ബാബു നന്തന്‍കോട് സംവിധാനം ചെയ്ത 'സ്വപ്നം'' (1973) എന്ന ചിത്രത്തില്‍ ഒഎന്‍വി-സലില്‍ദാ സഖ്യത്തിന് വേണ്ടി 'സൗരയൂഥത്തില്‍ വിടര്‍ന്നൊരു കല്യാണ സൗഗന്ധികമാണീ ഭൂമി'' എന്ന സുന്ദരഗാനം പാടി മലയാളത്തില്‍ തന്റെ ജൈത്രയാത്ര തുടങ്ങുന്നു വാണിജയറാം.

ചെന്നൈ നഗരവീഥികളിലൂടെ ഭാര്യ ചന്ദ്രമണിയുമൊത്തുള്ള കാര്‍ യാത്രക്കിടയിലാണ് യാദൃച്ഛികമായി വാണിജയറാം തന്റെ ജീവിതത്തിലേക്ക് കടന്നുവന്നതെന്ന് പറഞ്ഞിട്ടുണ്ട് ശിവന്‍. വഴിയോരങ്ങളിലെങ്ങും സുന്ദരിയായ 'ബോല്‍രേ പപീഹരാ'' ഫെയിം ഗായികയുടെ പോസ്റ്ററുകള്‍. ചെന്നൈയില്‍ അടുത്ത ദിവസം നടക്കുന്ന ഗാനമേളയുടെ പരസ്യങ്ങളാണ്.

'നമുക്ക് ഈ കുട്ടിയെ കൊണ്ട് സിനിമയില്‍ പാടിക്കണം. അസാധ്യ ശബ്ദമാണ്..'' - ഗുഡ്ഢിയിലെ പാട്ടിന്റെ വലിയൊരു ആരാധികയായിരുന്ന ശിവന്റെ ഭാര്യ പറഞ്ഞു. ആ വാക്കുകള്‍ മനസ്സില്‍ കുറിച്ചിട്ടു താനെന്ന് ശിവന്‍.

സ്വപ്നത്തിലെ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ പ്രസാദ് സ്റ്റുഡിയോയില്‍ സലില്‍ ചൗധരി കാത്തിരിക്കുന്നു. ഒരു പാട്ടേയുള്ളൂ എടുക്കാന്‍ ബാക്കി. പക്ഷേ പാടേണ്ട പ്രമുഖ ഗായിക എത്തിയിട്ടില്ല. കാത്തിരുന്നു അക്ഷമനായ സലില്‍ദാ പുതിയൊരു ഗായികയെ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ രണ്ടു വട്ടം ആലോചിക്കേണ്ടി വന്നില്ല ശിവന്. 'വാണിജയറാം''-അദ്ദേഹം പറഞ്ഞു.

'നിന്നെ ഞാനെന്തു വിളിക്കും, ആരും പാടാത്ത പാട്ടിന്റെ മാധുര്യമെന്നോ'' എന്ന് പ്രണയമധുരമായി ചോദിച്ചുകൊണ്ട് വാണി മലയാളിയുടെ സംഗീത ഹൃദയത്തിലേക്ക് കടന്നുവന്ന നിമിഷം. (മനോഹരമായ ചിത്രീകരണം കൊണ്ട് കൂടി ഓര്‍മ്മയില്‍ തിളങ്ങി നില്‍ക്കുന്ന പാട്ട്. ഛായാഗ്രഹകന്‍ അശോക് കുമാറിന് നന്ദി)

'സ്വപ്ന''ത്തിലൂടെ പ്രിയകവി ഒഎന്‍വി കുറുപ്പിന് അദ്ദേഹത്തിന്റെ പേര് വീണ്ടെടുത്തു'' കൊടുത്തതും ശിവന്‍ തന്നെ. സര്‍ക്കാര്‍ ജോലി ആയതിനാല്‍ സ്വന്തം പേരില്‍ പാട്ടെഴുതി പ്രതിഫലം പറ്റുന്നതിന് പരിമിതികളുണ്ടായിരുന്നു ഒഎന്‍വിക്ക്. ബാലമുരളി എന്ന തൂലികാനാമം സ്വീകരിച്ചത് അങ്ങനെയാണ്. ``കളിയോട''ത്തിലായിരുന്നു ബാലമുരളിയിലേക്കുള്ള പകര്‍ന്നാട്ടം. തുടര്‍ന്ന് കാട്ടുപൂക്കള്‍, കരുണ, കുമാരസംഭവം തുടങ്ങിയ ചിത്രങ്ങള്‍.

``സ്വപ്‌നം''സിനിമയില്‍ പാട്ടെഴുതാന്‍ ക്ഷണിക്കുമ്പോള്‍ സ്‌നേഹപൂര്‍വ്വം ഒരു ഉപാധി വെച്ചു ശിവന്‍: ``എനിക്ക് വേണ്ടത് ഒ എന്‍ വിയെ ആണ്; ബാലമുരളിയെ അല്ല.''

സ്വന്തം പേരിലെഴുതിയാല്‍ ശിക്ഷാനടപടി ഉറപ്പ്. ധര്‍മ്മസങ്കടത്തിലായി ഒഎന്‍വി. ഒടുവില്‍ മുഖ്യമന്ത്രി സി അച്യുതമേനോനെ കണ്ട് കാര്യം ഉണര്‍ത്തിക്കാന്‍ തീരുമാനിക്കുന്നു അദ്ദേഹം. പേരിന്റെ കാര്യമല്ലേ?

സാഹിത്യരസികനും നല്ലൊരു വായനക്കാരനും കൂടിയായ മുഖ്യമന്ത്രിക്ക് പ്രശ്‌നം എളുപ്പം മനസ്സിലായി. കുറച്ചുനേരം ആലോചിച്ചിരുന്ന ശേഷം അദ്ദേഹം കവിയോട് പറഞ്ഞു: 'സിനിമക്ക് പാട്ടെഴുതാന്‍ അനുമതി തരാനുള്ള വകുപ്പില്ല. സ്വകാര്യ ഏജന്‍സിക്ക് വേണ്ടി പ്രവര്‍ത്തിച്ചു എന്ന് ആരോപണമുണ്ടാകും.''

പോംവഴി അച്യുതമേനോന്‍ തന്നെ നിര്‍ദ്ദേശിച്ചു. 'എസ്റ്റാബ്ലിഷ്ഡ് പോയറ്റ് എന്ന നിലയ്ക്ക് സ്വന്തം വര്‍ക്ക് മലയാള സിനിമക്ക് സംഭാവന ചെയ്യുന്നതിന് അനുമതി തേടുക.'' പറഞ്ഞപോലെ ഒഎന്‍വി അപേക്ഷ സമര്‍പ്പിച്ചു. സഹൃദയനായ വിദ്യാഭ്യാസമന്ത്രി സിഎച്ച് മുഹമ്മദ് കോയ മറ്റ് ചോദ്യങ്ങളൊന്നും കൂടാതെ അനുമതി ഒപ്പിട്ടുകൊടുക്കുകയും ചെയ്തു. ബാലമുരളി വീണ്ടും ഒഎന്‍വി ആയി മാറുന്നത് അതോടെയാണ്. അതിന് നിമിത്തമായത് ശിവന്റെ നിര്‍ബന്ധവും.

ശിവന്‍ ഇന്നില്ല. സിനിമയുടെ ചരിത്രവഴികളെ കുറിച്ചുള്ള അന്വേഷണങ്ങളില്‍ വഴികാട്ടിയായിരുന്നു എന്നും അദ്ദേഹം.