വയസ്സ് 16 മാത്രം, പാടിയത് 120 ഭാഷകളിൽ; അപൂർവ നേട്ടവുമായി മലയാളി പെൺകുട്ടി


സ്വീറ്റി കാവ്

സുചേത സതീഷ്‌ | Photo : Special Arrangement

സാധ്യമെന്ന് തോന്നിപ്പിക്കുന്ന ആലാപനശൈലി കൊണ്ടും സംഗീതത്തിലെ അറിവ് കൊണ്ടും അദ്ഭുതപ്പെടുത്തുന്നവര്‍ ഏറെയാണെങ്കിലും 120 ഭാഷകളില്‍ ഏഴ് മണിക്കൂറിലധികം തുടര്‍ച്ചയായി പാടി ലോകറെക്കോഡിനുടമയാകുന്ന ഒരു പതിനാറുകാരി നമ്മെ അതിയായി വിസ്മയിപ്പിക്കുമെന്നതില്‍ തര്‍ക്കമില്ല.

ഓഗസ്റ്റ് 19-ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന പരിപാടിയില്‍ ഏറ്റവുമധികം ഭാഷകളില്‍ സംഗീതാവതരണം നടത്തി സുചേത സതീഷ് എന്ന മലയാളി പെൺകുട്ടി ഗിന്നസ് വേള്‍ഡ് റെക്കാഡ്‌സ് പട്ടികയില്‍ ഇടം നേടി. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ആരംഭിച്ച 120 ഭാഷകളിലെ ഗാനങ്ങള്‍ ചേര്‍ത്തുള്ള സുചേതയുടെ ആലാപനം വെകുന്നേരം 7.20 വരെ നീണ്ടു. നേരത്തെ 102 ഭാഷകളില്‍ പാടി ശ്രദ്ധ നേടിയ സുചേത മറ്റു രണ്ട് ലോക റെക്കോഡുകള്‍ കൂടി നേരത്തെ സ്വന്തമാക്കിയിരുന്നു. ആ റെക്കോഡ് തന്റെ പതിനാറാം പിറന്നാളിന് തൊട്ടു പിന്നാലെ സുചേത തന്റെ സംഗീതപ്രകടനത്തിലൂടെ മറികടന്നു.

suchetha
ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സിന്റെ സര്‍ട്ടിഫിക്കറ്റ് സുചേത സ്വീകരിക്കുന്നു.

മൂന്നാം വയസ്സില്‍ ആരംഭിച്ച സംഗീതപഠനം; ആദ്യം വേദിയിലെത്തിയത് നാലാമത്തെ വയസ്സില്‍

രണ്ട് മാസം പ്രായമുള്ളപ്പോള്‍ ദുബായിലെത്തിയ സുചേത മൂന്നാമത്തെ വയസ്സിലാണ് കര്‍ണാടക സംഗീതം പഠനം ആരംഭിച്ചത്. നാലാമത്തെ വയസ്സില്‍ വേദികളില്‍ പാടിത്തുടങ്ങിയ സുചേത ആറ് വയസ്സായപ്പോള്‍ ഹിന്ദുസ്ഥാനി സംഗീതത്തിലേക്ക് ചുവടുമാറ്റം നടത്തി. ഒരിടവേളയ്ക്ക് ശേഷം ഹിന്ദുസ്ഥാനി സംഗീതത്തിനോടൊപ്പം കര്‍ണാടക സംഗീതത്തിലും സുചേത പഠനം തുടരുന്നു. ഇന്ത്യന്‍ ഹൈസ്‌കൂളില്‍ പതിനൊന്നാം ഗ്രേഡ് വിദ്യാര്‍ഥിയാണ് സുചേത. പ്രഗത്ഭരായ നിരവധി ഗുരുക്കന്മാരുടെ കീഴില്‍ സംഗീതാഭ്യാസനം നടത്തിയ സുചേത നിലവില്‍ ഗായിക ആഷാ മേനോന്റെ കീഴിലാണ് തയ്യാറെടുപ്പുകള്‍ നടത്തുന്നത്. പ്രശസ്തഗായിക പി. സുശീലയുടെ അനുഗ്രഹവും മാര്‍ഗദര്‍ശനവുമാണ് നേട്ടങ്ങള്‍ക്ക് പിന്നിലെ പ്രധാനഘടകമെന്ന് സുചേതയും മാതാപിതാക്കളായ ഡോക്ടര്‍ ടി.സി. സതീഷും സുമിത ആയില്യത്തും പറയുന്നു. സംഗീതത്തേയും സംഗീതജ്ഞരേയും ഏറെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന സുചേതയുടെ റോള്‍ മോഡല്‍ ഗായിക ശ്രേയ ഘോഷാല്‍ ആണ്.

Suchetha with P Susheela
പി സുശീലയ്‌ക്കൊപ്പം സുചേത

ഭാഷപരിചയം സ്വായത്തമാക്കാന്‍ പിന്തുണ നല്‍കിയത് മാതാപിതാക്കള്‍

വ്യത്യസ്തഭാഷകള്‍ പഠിക്കാനുള്ള സുചേതയുടെ അഭിരുചിയെ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിച്ചു, പിന്തുണ നല്‍കി. ജപ്പാനീസായിരുന്നു ആദ്യം ശ്രമിച്ചു നോക്കിയ മറുഭാഷ. സ്വയം പഠിക്കുന്നതായിരുന്നു രീതി. ദുബായ് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ തങ്ങുന്ന ഇടമായതിനാല്‍ സുഹൃത്തുക്കളുടെ സഹായത്തോടെയുള്ള ഭാഷാപഠനം സുചേതയ്ക്ക് സാധ്യമായി. വിവിധ ഭാഷകളുടേയും സംസ്‌കാരങ്ങളുടേയും കേന്ദ്രമാണ് ദുബായ്. ഭാഷാപഠനം ബുദ്ധിമുട്ടേറിയ കാര്യമല്ലെന്ന് സുചേത പറയുന്നു. പദങ്ങളുടെ ഉച്ചാരണം സുഹൃത്തുക്കളുടെ സഹായത്തോടെ കുറ്റമറ്റതാക്കാന്‍ പരമാവധി ശ്രമിക്കാറുണ്ടെന്നും ഈ മിടുക്കി കൂട്ടിച്ചേര്‍ത്തു. ഇംഗ്ലീഷ്, ഹിന്ദി അറബിക്, ഫ്രഞ്ച്, മലയാളം എന്നിവ സുചേതയ്ക്ക് നന്നായി വഴങ്ങും.

റെക്കോഡിലേക്ക് നീണ്ട ഏഴര​ മണിക്കൂര്‍; ആഗ്രഹം 200 ഭാഷകളില്‍ ആലപിക്കാന്‍

നിലവില്‍ 132 ഭാഷകളിലെ ഗാനങ്ങള്‍ ഉച്ചാരണസ്ഫുടതയോടെ സുചേതയ്ക്ക് ആലാപിക്കാനാവും. 200 ഭാഷകളില്‍ പാടാമെന്ന ആത്മവിശ്വാസമുണ്ടെങ്കിലും ദീര്‍ഘനേരം തുടര്‍ച്ചയായി പാടണമെങ്കില്‍ നല്ല പരിശീലനം വേണം, ഗിന്നസ് റെക്കോഡ്‌സിനായുള്ള സംഗീതാലാപനത്തിന് മുമ്പ് ഒരാഴ്ച വോയ്‌സ് റെസ്‌റ്റെടുത്തിരുന്നു-സുചേത പറഞ്ഞു. 29 ഇന്ത്യന്‍ ഭാഷകളിലും 91 വിദേശഭാഷകളിലുമായി 120 ഗാനങ്ങളാണ് മ്യൂസിക് ബിയോണ്ട് ദ ബോഡേഴ്‌സ് എന്ന പേരിലവതരിപ്പിച്ച എഴ് മണിക്കൂറിലേറെ നീണ്ട സുചേതയുടെ സംഗീതാവതരണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എല്ലാ ഗാനങ്ങളും മനഃപാഠമാക്കിയാണ് സുചേത വേദിയിലെത്തിയത്. തനിക്ക് ലഭിച്ച ഈ അംഗീകാരം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ദുബായ് പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവര്‍ക്കും ദുബായിലേയും ഇന്ത്യയിലേയും ജനങ്ങള്‍ക്കായും സമര്‍പ്പിക്കുന്നതായി സുചേത പറഞ്ഞു.

സുചേതയുടെ സ്വപ്‌നങ്ങളും ലക്ഷ്യങ്ങളും

സംഗീതത്തില്‍ കൂടുതല്‍ പഠനം നടത്തണമെന്നാണ് സുചേതയുടെ ആഗ്രഹം. ഒരു പിന്നണിഗായികയാവുന്നതും ഇന്റര്‍നാഷണല്‍ പെര്‍ഫോമറാവുന്നതും സ്വപ്‌നങ്ങളിലുണ്ട്. ഒപ്പം തന്നെ സൈക്കോളജിയില്‍ ഉന്നതപഠനവും സുചേതയുടെ ലക്ഷ്യങ്ങളിലുണ്ട്. സ്വപ്‌നങ്ങളും ലക്ഷ്യങ്ങളും കൈവരിക്കാന്‍ എല്ലാ വിധ പിന്തുണയുമായി കുടുംബാംഗങ്ങള്‍ സുചേതയ്ക്ക് ഒപ്പമുണ്ട്. യൂണികെയര്‍ മെഡിക്കല്‍ സെന്ററില്‍ ഡെര്‍മറ്റോളജിസ്റ്റാണ് ഡോക്ടര്‍ സതീഷ്. ചിത്രകാരിയും എഴുത്തുകാരിയുമാണ് സുമിത. ഇരുവരും കണ്ണൂര്‍ സ്വദേശികളാണ്. നേരത്തെ അമേരിക്കന്‍ കോളേജ് ഓഫ് ദുബായില്‍ അധ്യാപികയായി സുമിത പ്രവര്‍ത്തിച്ചിരുന്നു. ജ്യേഷ്ഠനും മൂന്നാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയുമായ സുശാന്തും സുചേതയ്ക്ക് കരുത്ത് പകരുന്നു. ജന്‍വാണി 90.8 എഫ്എമ്മില്‍ സംഗീതപരിപാടിയായ രജനീഗന്ധി സ്‌പെഷ്യല്‍ എഡിഷന്‍ തുടര്‍ച്ചയായി ആറ് വര്‍ഷം അവതരിപ്പിച്ച ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം പിടിച്ച ശ്രീ എസ്.വി. ജയശങ്കരന്റെ പേരക്കുട്ടിയാണ് സുചേത. ആ വഴിയിലും കുടുംബത്തില്‍ നേരത്തെയൊരു റെക്കോഡെത്തിയിരുന്നു.

സംഭാവനയും സഹായവുമൊക്കെ ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്‌

കേരളത്തിന്റെ 2018 പ്രളയകാലത്ത് സുചേതയും സുചേതയുടെ സംഗീതസംവിധായകന്‍ അജയ് ഗോപാലും ചേര്‍ന്ന് പുറത്തിറക്കിയ ഓണപ്പാട്ടിന്റെ വില്‍പനയിലൂടെ ലഭിച്ച അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു. കോവിഡുമായി ബന്ധപ്പെട്ട് 22 ഇന്ത്യന്‍ ഭാഷകളിലുള്‍പ്പെടെ 32 ഭാഷകളില്‍ സുചേതയുടെ ബോധവത്കരണ ഗാനങ്ങള്‍ പുറത്തിറങ്ങിയിരുന്നു. മലയാളം, ഹിന്ദി, തമിഴ്, അസമീസ്, ബംഗാളി എന്നീ അഞ്ച് ഭാഷകളിലെ കോവിഡ് ഗാനങ്ങള്‍ കേരള സര്‍ക്കാര്‍ ബ്രേക്ക് ദ ചെയിന്‍ പരിപാടിയുടെ ഭാഗമായി ഉപയോഗിച്ചിരുന്നു. വാക്‌സിന്‍ ബോധവത്കരണത്തിന് വേണ്ടിയും മലയാളം, തമിഴ്, ഹിന്ദി, അറബി എന്നീ ഭാഷകളില്‍ സുചേതയുടെ ഗാനങ്ങള്‍ റിലീസായിട്ടുണ്ട്. കഠിനപരിശ്രമം ഉറപ്പായും വിജയത്തിലേക്ക് നയിക്കുമെന്ന അച്ഛന്റെ വാക്കുകള്‍ ഉള്‍ക്കൊണ്ട് തന്റെ സ്വപ്‌നങ്ങളും ലക്ഷ്യങ്ങളും കൈവരിക്കാനുള്ള യാത്ര സുചേത തുടരുകയാണ്. ഒക്ടോബര്‍ 22 ന് നടക്കാനിരിക്കുന്ന തന്റെ ആദ്യത്തെ പ്രൊഫണല്‍ സോളോ കണ്‍സേട്ടിനായുള്ള തയ്യാറെടുപ്പിലാണ് സുചേത.

Suchetha with family
സുചേത, അച്ഛന്‍ ഡോക്ടര്‍ ടി.സി. സതീഷ്, അമ്മ സുമിത ആയില്യത്ത്, സുശാന്ത്

Content Highlights: Suchetha Satish sings in 120 languages for nearly 8 hours, breaks world record

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


murder

1 min

പാലക്കാട് യുവാവ് കുത്തേറ്റ് മരിച്ചു

Oct 5, 2022

Most Commented