റോക്ക്സ്റ്റാർ ദേവിശ്രീ പ്രസാദിനെ നായകനാക്കി വേണു യെൽദണ്ടി സംവിധാനം ചെയ്യുന്ന 'യെല്ലമ്മ' എന്ന ചിത്രത്തിന്റെ ടൈറ്റിൽ സോങ് വൻ സംഗീതാവിഷ്‌കാരമായി ഒരുങ്ങുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറ് പരമ്പരാഗത നാടൻ താളവാദ്യ കലാകാരന്മാരെ അണിനിരത്തിയാണ് ദേവിശ്രീ പ്രസാദ് ഗാനത്തിന്റെ റെക്കോർഡിങ് നിർവഹിച്ചിരിക്കുന്നത്.

To advertise here,

ഗാനം ഉടൻ പുറത്തിറങ്ങും. ദിൽ രാജു അവതരിപ്പിക്കുന്ന ചിത്രം ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ഷിരീഷ് നിർമിക്കുന്നു. അടുത്തവർഷം മാർച്ച് അഞ്ചിന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.

ചിത്രത്തിന്റെ പ്രഖ്യാപനവും ഫസ്റ്റ് ലുക്കും പുറത്തുവന്നതുമുതൽ 'യെല്ലമ്മ' വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ നൂറ് നാടൻ താളവാദ്യ കലാകാരന്മാരെ പങ്കെടുപ്പിച്ചുള്ള ടൈറ്റിൽ സോങ് റെക്കോർഡിങ്ങിലൂടെ സിനിമയുടെ സംഗീതലോകത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വീണ്ടും ഉയരുകയാണ്. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലെയും സംസ്‌കാരങ്ങളിലെയും നാടൻ താളങ്ങളുടെ വൈവിധ്യം ഒരൊറ്റ ഗാനത്തിൽ കോർത്തിണക്കുകയാണ് ദേവി ശ്രീ പ്രസാദ്.

സംഗീതസംവിധായകനെന്ന നിലയിൽ ഇന്ത്യൻ സിനിമയിൽ ശ്രദ്ധേയനായ ദേവിശ്രീ പ്രസാദ് ആദ്യമായി നായകനായി എത്തുന്ന ചിത്രം എന്നതാണ് 'യെല്ലമ്മ'യുടെ പ്രധാന പ്രത്യേകത. 'ബലഗം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വേണു യെൽദണ്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നിലവിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ കഥാപശ്ചാത്തലവും മറ്റു താരങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങളും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ എന്നീ ഭാഷകളിലായാണ് 'യെല്ലമ്മ' ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്.

സംവിധാനം: വേണു യെൽദണ്ടി, അവതരണം: ദിൽ രാജു, നിർമാണം: ഷിരീഷ്, ബാനർ: ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ്, സംഗീതം: ദേവീശ്രീ പ്രസാദ്, പി.ആർ.ഒ: ശബരി.