ഗായിക സിത്താര കൃഷ്ണകുമാർ നേതൃത്വം നൽകുന്ന മ്യൂസിക് ബാൻഡായ പ്രൊജക്ട് മലബാറിക്കസിന്റെ ഏറ്റവും പുതിയ മ്യൂസിക് വീഡിയോ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. 'ഏലേലം കിളി' എന്ന് പേരിട്ടിരിക്കുന്ന മ്യൂസിക് വീഡിയോയുടെ പ്രധാന കൗതുകം മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യർ അതിഥി വേഷത്തിൽ എത്തുന്നു എന്നതായിരുന്നു. പാട്ട് ഇരുംകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. പിന്നാലെ, വീഡിയോയുടെ ഭാഗമായ മഞ്ജു വാര്യർക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സിത്താര.

To advertise here,

'വിദൂരമായൊരു സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടു. ഏറെ പ്രിയപ്പെട്ട മഞ്ജു വാര്യർ (മഞ്ജു ചേച്ചി) ഞങ്ങളുടെ വീഡിയോയുടെ ഭാഗമാവുന്നത് വളരേക്കാലമായി മനസിൽ കൊണ്ടുനടന്ന ഒന്നായിരുന്നു. അവരുടെ ഒരു 'യെസ്' വാക്കുകൾക്കും അതീതമായിരുന്നു. അപ്പോൾ മുതൽ അവരുടെ ടീമിന്റെ മാർഗനിർദേശത്തോടെ എല്ലാം വളരെ ശ്രദ്ധയോടെയും സ്‌നേഹത്തോടും അനുഗ്രഹത്തോടെയും സംഭവിച്ചു. അവരുടെ സാന്നിധ്യം ഞങ്ങൾക്കൊരിക്കലും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഗാംഭീര്യംകൊണ്ടുവന്നു. ഈ യാത്രയിൽ അവർ കൊണ്ടുവന്ന ഊഷ്മളതയ്ക്കും മാന്ത്രികതയ്ക്കും ഞങ്ങൾ വളരേയേറെ കടപ്പെട്ടിരിക്കുന്നു', സിത്താര കൃഷ്ണകുമാർ കുറിച്ചു.

 

അഹമ്മദ് ശ്യാമിന്റെ വരികൾക്ക് ടീം പ്രൊജക്ട് മലബാറിക്കസ് ആണ് ഈണം നൽകിയിരിക്കുന്നത്. 'വാഴ', 'ഗൗതമന്റെ രഥം' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആനന്ദ് മേനോൻ ആണ് പാട്ടിന് ദൃശ്യഭാഷ നൽകിയിരിക്കുന്നത്. അഭിമന്യു വിശ്വനാഥ് ഛായാഗ്രാഹണവും അർജുൻ ബാബു എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. പാട്ടിലെ മഞ്ജുവിന്റെ ലുക്ക് കഴിഞ്ഞദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു.