
കാലത്തെ അതിജീവിച്ച ഗാനങ്ങളിൽ ഒന്നാണ് മംഗളം നേരുന്നു എന്ന ചിത്രത്തിലെ ഋതുഭേദ കൽപന ചാരുത നൽകിയ എന്ന് തുടങ്ങുന്ന യുഗ്മ ഗാനം. എംഡി രാജേന്ദ്രന്റെ വരികൾക്ക് ഇളയരാജ ഈണം പകർന്ന ഗാനം ആലപിച്ചത് യേശുദാസും കല്യാണി മേനോനും ചേർന്ന്. തറവാടിത്തമുള്ള, മലയാളിത്തമുള്ള ശബ്ദമായിരുന്നു കല്യാണി മേനോന്റേതെന്ന് പറയുകയാണ് ഗാനരചയിതാവ് എംഡി രാജേന്ദ്രൻ.
"ഇളയരാജയുടെ സംഗീതത്തിൽ മംഗളം നേരുന്നു എന്ന ചിത്രത്തിലെ ഋതുഭേദകൽപന എന്ന് തുടങ്ങുന്ന ഗാനത്തിന് വേണ്ടിയാണ് ഞാനും കല്യാണി മേനോനും ഒന്നിക്കുന്നത്. യേശുദാസാണ് കല്യാണി മേനോനൊപ്പം ആ യുഗ്മഗാനം ആലപിച്ചത്.ഞാനെഴുതിയതിൽ വച്ച് മലയാളത്തിലെ മികച്ച പ്രണയ ഗാനങ്ങളിൽ ഒന്ന് എന്ന് ഞാൻ വിശ്വസിക്കുന്ന ഗാനം. വളരെ ഭംഗിയായി തന്നെ അവർ ആ ഗാനം ആലപിച്ചു. അതിന്റെ റെക്കോർഡിങ്ങ് ഞാനിന്നും ഓർക്കുന്നു. ഒന്നോ രണ്ടോ ടേക്കുകൾ കൊണ്ട് തന്നെ പാട്ടു മുഴുവനും അതിഗംഭീരമായി പാടിത്തീർത്തു. ദാസേട്ടനാണോ കല്യാണി മേനോനാണോ കൂടുതൽ ഭംഗിയായി പാടിയതെന്ന് അത്ഭുതപ്പെടുന്ന രീതിയിലായിരുന്നു അവരുടെ ആലാപനം.
തനി തറവാടിത്തമുള്ള, മലയാളിത്തമുള്ള ശബ്ദമായിരുന്നു കല്യാണി മേനോന്റേത്. ആ വിയോഗം വല്ലാതെ വേദനിപ്പിക്കുന്നതാണ്. ദക്ഷിണാമൂർത്തി സ്വാമിയുടെ ശിഷ്യയിൽ നിന്ന് ഇനിയും ധാരാളം ഗാനങ്ങൾ പ്രതീക്ഷിച്ചിരുന്നു. പ്രായം ആ ശബ്ദത്തെ ബാധിച്ചിട്ടില്ലായിരുന്നു. പാട്ട് ഉള്ളിടത്തോളം കാലം അവർക്ക് മരണമില്ല.
ഋതുഭേദ കൽപന സത്യത്തിൽ ഒരു കവിതയായിരുന്നു. ആ കവിത യാതൊരു ഭാവവും ചോർന്ന് പോവാതെ ട്യൂൺ ചെയ്ത് പാട്ടാക്കി മാറ്റിയ ഇളയരാജയുടെ പ്രതിഭയും ഇവിടെ ഓർത്തെടുക്കുന്നു. എല്ലാ വരികളും ഞാൻ എന്ന വാക്കിൽ അവസാവനിക്കുന്നതായിരുന്നു ആ കവിത. ആ ഞാൻ എല്ലാം അദ്ദേഹം വെട്ടിക്കളഞ്ഞു. ഞാൻ പോയാൽ തന്നെ എല്ലാം ശരിയാവും എന്നായിരുന്നു അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. ഞാനെന്ന ഭാവം ഇല്ലാതായാൽ എല്ലാം നന്നായി വരുമെന്ന തത്വം കൂടെ അദ്ദേഹം പകർന്നു തന്നു."
content highlights : singer kalyani menon rememberance MD Rajendran Mangalam nerunnu rithubedha kalpana song
Published: 02 Aug 2021, 04:17 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented