മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് സുകുമാരനും കരീന കപൂർ ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന 'ദായ്‌റ'യിലെ ആദ്യഗാനം പുറത്തിറങ്ങി. 'സച്ച് കാ ദായ്‌റ' എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന് ദേശീയ പുരസ്‌കാര ജേതാവായ ഗുൽസാർ വരികളെഴുതിയിരിക്കുന്നു. ദേശീയ പുരസ്‌കാര ജേതാവായ സംഗീതസംവിധായകൻ അമിത് ത്രിവേദിയാണ് സംഗീതം ഒരുക്കിയത്. ബി. പ്രാക്കാണ് ഗാനം ആലപിച്ചിരിക്കുന്നത്.

To advertise here,

ചിത്രത്തിന്റെ പ്രമേയത്തോട് ചേർന്നുനിൽക്കുന്ന ഗാനമാണ് 'സച്ച് കാ ദായ്‌റ'. 'ദായ്‌റ'യുടെ പ്രധാന ആശയങ്ങളെ വരികളിലൂടെയും സംഗീതത്തിലൂടെയും അവതരിപ്പിക്കുന്ന ഗാനം ചിത്രത്തിന്റെ വൈകാരിക ലോകത്തിന്റെ ഭാഗമാകുന്നു.

ഗുൽസാറിന്റെ ആഴമുള്ള വരികൾക്ക് അമിത് ത്രിവേദിയുടെ സംഗീതവും ബി. പ്രാക്കിന്റെ ആലാപനവും ചേരുമ്പോൾ 'സച്ച് കാ ദായ്‌റ' മികച്ച അനുഭവമായി മാറുന്നു. ചിത്രത്തിന്റെ കഥയ്‌ക്കൊപ്പം സഞ്ചരിക്കുന്ന തരത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

'സച്ച് കാ ദായ്‌റ ചിത്രത്തിന്റെ വൈകാരികമായ കാതലിനെ ഉൾക്കൊള്ളുന്ന ഗാനമാണ്. ഗുൽസാർ സാഹബിന്റെ വരികളും അമിത്തിന്റെ സംഗീതവും ബി. പ്രാക്കിന്റെ ശബ്ദവും ചേർന്ന് ഗാനത്തിന് ഏറെ തീവ്രത നൽകുന്നു,' കരീന കപൂർ ഖാൻ പറഞ്ഞു. 'സച്ച് കാ ദായ്‌റ കേൾക്കുമ്പോൾ ഒരു നിമിഷം ഒന്ന് നിർത്തി, ചിന്തിക്കാൻ തോന്നും. വരികളുടെ ആഴവും സംഗീതം സൃഷ്ടിക്കുന്ന അന്തരീക്ഷവും ഗാനത്തെ കഥയ്ക്കുള്ളിലെ മറ്റൊരു ശബ്ദമാക്കി മാറ്റുന്നു,' പൃഥ്വിരാജിന്റെ വാക്കുകൾ. 'ചിത്രത്തിന്റെ വൈകാരികമായ കാതലാണ് 'സച്ച് കാ ദായ്‌റ'. അതിലെ വേദനയും നിസ്സഹായതയും നീതി വിജയിക്കണമെന്നുള്ള ആഗ്രഹവും ഗാനം ഉൾക്കൊള്ളുന്നു,' മേഘ്‌ന ഗുൽസാർ പറഞ്ഞു.

ജംഗിൾ മ്യൂസിക് അവതരിപ്പിക്കുന്ന 'സച്ച് കാ ദായ്‌റ' ടൈംസ് മ്യൂസിക്കാണ് പുറത്തിറങ്ങിയത്. യഥാർഥ സംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ചിത്രമാണ് 'ദായ്‌റ'. ജംഗിൾ പിക്‌ചേഴ്‌സും ഡോ. ജയന്തിലാൽ ഗഡയുടെ പെൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സെപ്റ്റംബർ 18-ന് 'ദായ്‌റ' തിയേറ്ററുകളിലെത്തും. പി.ആർ.ഒ: സതീഷ് എരിയാളത്ത്.