ഹൃദയത്തിൽ നിന്നൂറിവരുന്ന പുഞ്ചിരിയോടെ ഇരുവരും സ്‌നേഹപൂർവ്വം ചേർന്നുനിൽക്കുന്ന ഒരു പടമുണ്ടായിരുന്നു ചെന്നൈ നീലാങ്കരയിലെ ജാനകിയുടെ വീടിന്റെ പൂമുഖച്ചുമരിൽ. ആദ്യസന്ദർശനവേളയിൽ തന്നെ മനസ്സിനെ തൊട്ട കാഴ്ച്ച. ഫ്രെയിം ചെയ്ത ആ ബ്‌ളാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ചൂണ്ടി ജാനകിയമ്മ പറഞ്ഞ വാക്കുകൾ ഇന്നുമുണ്ട് കാതിൽ: 'കൂടപ്പിറപ്പുകളാണ് ഞങ്ങൾ. രണ്ടു ശരീരങ്ങൾ. പക്ഷേ ആത്മാവ് ഒന്നുമാത്രം.'

To advertise here,

മൂന്ന് പതിറ്റാണ്ടിനിപ്പുറം അതേ വാക്കുകൾ കഴിഞ്ഞ ദിവസം വീണ്ടും കേട്ടു; ശാരദയിൽ നിന്ന്. നിശ്ശബ്ദമായ ഒരു വിങ്ങലുണ്ടായിരുന്നു അവരുടെ ശബ്ദത്തിൽ: 'ഉടലുകൾ രണ്ടെങ്കിലും മനസ്സുകൊണ്ട് എന്നും ഒന്നായിരുന്നു ഞങ്ങൾ; ജാനകിയും ഞാനും. ഈ ഭൂമി വിട്ട് എങ്ങോ പറന്നകന്നിരിക്കുന്നു എന്റെ പ്രിയതോഴി. അധികം വൈകാതെ ഞാനും ചേരും അവൾക്കൊപ്പം...' ഗന്ധർവ ഗായകനായ മുഹമ്മദ് റഫിയുടെ വിയോഗവാർത്ത അറിഞ്ഞപ്പോൾ നടൻ ഷമ്മി കപൂർ പറഞ്ഞ വാക്കുകളാണ് പെട്ടെന്നോർമ്മ വന്നത്: 'എനിക്ക് നഷ്ടപ്പെട്ടത് എന്റെ ശബ്ദമാണ്. ഇനിയീ ശരീരമേ ബാക്കിയുള്ളൂ.' ഏതാണ്ടിതേ ധ്വനിയുള്ള പ്രതികരണമായിരുന്നു മുകേഷ് വിടവാങ്ങിയപ്പോൾ രാജ് കപൂറിന്റേതും. അഭിനേതാവും ഗായകനും ഹൃദയം കൊണ്ട് ഒന്നാവുന്ന അവസ്ഥ.

'എന്നും എണീറ്റയുടൻ സൂര്യനെ നമസ്‌ക്കരിക്കുന്ന പതിവുണ്ടെനിക്ക്. വർഷങ്ങളായുള്ള ശീലം', ശാരദാമ്മ പറഞ്ഞു. 'ജാനകിക്ക് വേണ്ടി പ്രാർഥിക്കാത്ത ഒരു ദിവസം പോലുമില്ല എത്രയോ കാലമായി എന്റെ ജീവിതത്തിൽ'.

ജാനകിയുടെ ശബ്ദമാണ് വെള്ളിത്തിരയിലെ ശാരദയ്ക്ക് ഏറ്റവുമിണങ്ങുക എന്ന് വിശ്വസിക്കുന്നവർ ധാരാളം. ഇരുവരും ഒരേ നാട്ടുകാർ, അടുത്ത സുഹൃത്തുക്കൾ. ഏതാണ്ടൊരേ കാലത്ത് സിനിമയിൽ അരങ്ങേറ്റം കുറിച്ചവർ. ആ സൗഹൃദത്തിന്റെ സുതാര്യ സൗന്ദര്യം അവർ ഒരുമിച്ച പാട്ടുകളിലുമുണ്ട്. പ്രണയവും വിരഹവും വാത്സല്യവും ഭക്തിയുമെല്ലാം അലയടിക്കുന്നു അവയിൽ. ബാബുരാജും കെ. രാഘവനും ദക്ഷിണാമൂർത്തിയും ചിദംബരനാഥുമൊക്കെ സൃഷ്ടിച്ച പാട്ടുകൾ: സൂര്യകാന്തി സൂര്യകാന്തി (കാട്ടുതുളസി), നിദ്രതൻ നീരാഴി (പകൽക്കിനാവ്), മാൻകിടാവിനെ, തങ്കം വേഗമുറങ്ങിയാൽ (ഉദ്യോഗസ്ഥ), ഈറനുടുത്തും കൊണ്ട്, ഇരുകണ്ണീർ തുള്ളികൾ (ഇരുട്ടിന്റെ ആത്മാവ്), എൻ പ്രാണനായകനെ, അവിടുന്നെൻ ഗാനം കേൾക്കാൻ (പരീക്ഷ), കണ്മണിയേ, മധുമാസരാത്രി (കാർത്തിക), ചന്ദ്രോദയത്തിലെ (യക്ഷി), മഴമുകിലൊളിവർണ്ണൻ (ആഭിജാത്യം), അകലെയകലെ നീലാകാശം (മിടുമിടുക്കി), ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ (കടൽ), മുട്ടിവിളിക്കുന്നു വാതിൽക്കൽ മധുമാസം, പാതിരാവായില്ല (മനസ്വിനി), ഉത്രട്ടാതിയിൽ ഉച്ച തിരിഞ്ഞപ്പോൾ (കാക്കത്തമ്പുരാട്ടി), ഇന്നലെ നീയൊരു സുന്ദരരാഗമായെൻ (സ്ത്രീ), ഇനിയുറങ്ങൂ (വിലയ്ക്ക് വാങ്ങിയ വീണ), കാളിന്ദി തടത്തിലെ രാധ, കണ്ണുകൾ കരിങ്കൂവള പൂവുകൾ (ഭദ്രദീപം).

ഏഴു വയസ്സിന്റെ പ്രായക്കൂടുതലുണ്ട് ജാനകിക്കെങ്കിലും സമപ്രായക്കാരെപ്പോലെയാണ് എന്നും പരസ്പരം ഇടപഴകിയിരുന്നതെന്ന് ശാരദ. 'അറിയുമോ? കൗമാരം മുതൽ എന്റെ ജീവിതത്തിന്റെ ഭാഗമാണ് ജാനകി. ചെന്നൈയിൽ ഞങ്ങളുടെ വീടിന്റെ നേരെ എതിർവശത്താണ് സംഗീത സംവിധായകൻ ടി. ചലപതിറാവുവിന്റെ വീട്. തെലുങ്കിലെ തിരക്കേറിയ കമ്പോസറാണ് അന്ന് റാവു. ഭർത്താവിനൊപ്പം റാവുവിനെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽ വരും ജാനകി. കൈക്കുഞ്ഞായ മുരളിയേയും കൊണ്ടാണ് വരുക. അതുപോലൊരു വരവിലാണ് ആദ്യമായി ജാനകിയെ കാണുന്നതും പരിചയപ്പെടുന്നതും. പ്രഥമ ദർശനത്തിൽ തന്നെ പരസ്പരം അടുത്തു ഞങ്ങൾ. ഏഴു പതിറ്റാണ്ടോളം നീണ്ട ഗാഢസൗഹൃദത്തിന്റെ തുടക്കം. അവരുടെ കുടുംബത്തിലെ ഒരംഗം തന്നെയായിരുന്നു ഞാൻ.'

ആദ്യമായി തമിഴിൽ അഭിനയിച്ച 'കുങ്കുമം' (1963) എന്ന ചിത്രത്തിൽ ശാരദക്ക് പിന്നണി പാടാൻ ജാനകിയുമുണ്ടായിരുന്നു. 'ചിന്ന ചിന്ന വണ്ണപ്പറവൈ' എന്ന ഗാനത്തിന് ശബ്ദം പകർന്നത് ടി.എം. സൗന്ദരരാജനൊപ്പം. 'ആ സിനിമയിൽ അഭിനയിക്കാൻ നിമിത്തമായത് ആന്ധ്ര ക്ലബ്ബിൽ ഞാനഭിനയിച്ച ഒരു നാടകമാണ്.'- ശാരദയുടെ ഓർമ. 'ജാനകിയുടെ ഭർതൃസഹോദരൻ നാഗരാജനായിരുന്നു നാടകത്തിൽ എന്റെ നായകൻ. പരിപാടിക്ക് മുഖ്യാതിഥിയായി വന്ന ശിവാജി ഗണേശൻ സാറിന് എന്റെ അഭിനയം ഇഷ്ടപ്പെട്ടിരിക്കാം. അദ്ദേഹമാണ് കുങ്കുമത്തിലെ നായികയായി എന്നെ നിർദ്ദേശിച്ചത്. നായകൻ ശിവാജി സാർ തന്നെ.'

തീർന്നില്ല. ജാനകിയുമായുള്ള കുടുംബബന്ധത്തിലൂടെ കൈവന്ന സൗഭാഗ്യങ്ങൾ വേറെയുമുണ്ട് ശാരദയുടെ ജീവിതത്തിൽ. '1965-ലാവണം. രേവതി സ്റ്റുഡിയോയിൽ ഏതോ ഉദയാ പടത്തിന്റെ റെക്കോർഡിംഗ് നടക്കുന്നു. ജാനകിയാണ് പാടുന്നത്. കൺസോളിൽ സംവിധായകൻ കുഞ്ചാക്കോയും ജാനകിയുടെ ഭർത്താവ് രാമപ്രസാദുമുണ്ട്. ഇടക്കെപ്പോഴോ റെക്കോർഡിസ്റ്റ് കണ്ണനുമായി ചാക്കോച്ചൻ ഒരു ആശങ്ക പങ്കുവെക്കുന്നു. അടുത്ത ഉദയാ പടത്തിന്റെ ജോലി തുടങ്ങാനായി. നായികയെ ഇനിയും തീരുമാനിച്ചിട്ടില്ല. പുതിയ ഒരാളെ കണ്ടെത്തണം എന്നാണ് ആഗ്രഹം. നല്ലൊരു ആർട്ടിസ്റ്റിനെ ഒത്തുകിട്ടിയിട്ടില്ല ഇതുവരെ. എന്തു ചെയ്യും?

'സംഭാഷണം കേട്ടുകൊണ്ട് അടുത്തിരുന്ന രാമപ്രസാദിന് പെട്ടെന്ന് ഓർമവന്നത് എന്റെ പേരാണ്', ശാരദയുടെ ഓർമ. 'എനിക്കറിയാവുന്ന ഒരു കുട്ടിയുണ്ട്, ശാരദ എന്നാണ് പേര്. അരുണഗിരിനാഥർ എന്ന സിനിമയിൽ ഗായകൻ ടി.എം. സൗന്ദർരാജനൊപ്പം അഭിനയിച്ചിട്ടുണ്ട്. ആ കുട്ടിയെ ഒന്നു പരീക്ഷിക്കുന്നത് നന്നായിരിക്കും എന്ന് ചാക്കോച്ചനോട് നിർദ്ദേശിച്ചത് രാമപ്രസാദാണ്'. അടുത്തൊരു ദിവസം തന്നെ അരുണഗിരിനാഥർ പടം കണ്ട കുഞ്ചാക്കോ 'ഇണപ്രാവുകൾ' എന്ന തന്റെ പുതിയ സിനിമയിൽ നായികയായി ശാരദയെ നിശ്ചയിക്കുന്നു. ബാക്കിയുള്ളത് ചരിത്രം.

വിവിധ തലമുറകളിൽപ്പെട്ട എത്രയോ ഗായികമാരുടെ പാട്ടുകൾക്കൊത്ത് ചുണ്ടനക്കി അഭിനയിച്ചിട്ടുണ്ടെങ്കിലും ജാനകിയുമായുള്ള സ്‌ക്രീൻ കെമിസ്ട്രി ഒന്നു വേറെയായിരുന്നുവെന്ന് ശാരദ. 'ഒരു പക്ഷേ എന്നിലെ വ്യക്തിയേയും അഭിനേത്രിയെയും ശരിക്കും തിരിച്ചറിഞ്ഞിട്ടുള്ള ആളായതുകൊണ്ടാവും, ഞങ്ങൾ ഒരുമിച്ചിട്ടുള്ള പാട്ടുകൾ പ്രേക്ഷകർ എളുപ്പം ഉൾക്കൊണ്ടത്; കേരളീയർ പ്രത്യേകിച്ചും. ചില ഗാനരംഗങ്ങൾ ഇന്ന് കാണുമ്പോൾ കണ്ണ് നിറയും. സൂര്യകാന്തി ഉദാഹരണം. എന്തൊരു പാട്ടാണത്. പോയിമറഞ്ഞ സ്‌നേഹനിർഭരമായ ഒരു കാലം മുഴുവൻ ഓർമയിലേക്ക് ഇരമ്പിക്കയറിവരും ആ പാട്ടിനൊപ്പം. അത്തരം പാട്ടുകളൊക്കെ പാടി അഭിനയിക്കാൻ കഴിഞ്ഞത് എന്റെ സുകൃതം'.

മലയാളത്തിൽ ആദ്യമായി ഒരു സിനിമ നിർമിക്കാൻ തീരുമാനിച്ചപ്പോൾ അതിൽ തനിക്ക് വേണ്ടി പാടാൻ ജാനകിയുണ്ടാവണമെന്ന് നിർബന്ധമുണ്ടായിരുന്നു ശാരദയ്ക്ക്. ' സംഗീതസംവിധായകനായി ആദ്യം നിശ്ചയിച്ചിരുന്നത് മറ്റൊരാളെയാണ്. ജാനകിയെ പാടിക്കാൻ അദ്ദേഹം താല്പര്യക്കുറവ് പ്രകടിപ്പിച്ചപ്പോൾ പകരമൊരാളെ കണ്ടെത്തേണ്ടത് അനിവാര്യമായി. എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത 'ഭദ്രദീപ'ത്തിൽ സംഗീത സംവിധായകനായി ബാബുരാജും ഗായികയായി ജാനകിയും വരുന്നത് അങ്ങനെയാണ്. 'കാളിന്ദിതടത്തിലെ രാധ', 'കണ്ണുകൾ കരിങ്കൂവളപ്പൂവുകൾ' എന്നീ പാട്ടുകൾ മറക്കാനാകുമോ? പിൽക്കാലത്ത് ശാരദ നിർമിച്ച ഒരു പിടി അരി (അത്തം പത്തിന് പൊന്നോണം), ആരാധന (ആരാരോ ആരിരാരോ), ഇതാണെന്റെ വഴി (മണിദീപ നാളം) എന്നീ ചിത്രങ്ങളിലുമുണ്ടായിരുന്നു ജാനകിയുടെ സ്വരസാന്നിധ്യം.

ഏറ്റവും പ്രിയപ്പെട്ട ഗാനരംഗങ്ങളിലൊന്ന് 'ഇരുട്ടിന്റെ ആത്മാവി'ലാണ്: 'ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന ഹേമന്ത രാവിലെ വെണ്മുകിലേ' തീവ്ര ദുഃഖമാണ് പാട്ടിന്റെയും പാട്ടുകാരിയുടേയും സ്ഥായീഭാവം. ശബ്ദത്തിൽ ഒരു നിശ്ശബ്ദഗദ്ഗദം ഒളിച്ചുവെച്ചുകൊണ്ട് എസ്. ജാനകി പാടി അനശ്വരമാക്കിയ പി. ഭാസ്‌കരൻ- ബാബുരാജ് ഗാനത്തിന്റെ വരികളിലൂടെ നിറകണ്ണുകളോടെ ഒഴുകിപ്പോകുന്നു ശാരദ. അതേ ചിത്രത്തിലെ 'ഇരുകണ്ണീർ തുള്ളികൾ ഒരു സുന്ദരിയുടെ കരിമിഴിയിൽ വെച്ച് കണ്ടുമുട്ടി' എന്ന ഗാനത്തിലുമുണ്ട് ഇതേ വിഷാദവതിയായ ശാരദ. രണ്ടും ബാബുരാജിന്റെ മാന്ത്രിക സ്പർശത്താൽ അനശ്വരമായ ഗാനങ്ങൾ.

'പരീക്ഷ'യിലെ 'അവിടുന്നെൻ ഗാനം കേൾക്കാൻ ചെവിയോർത്തിട്ടരികിലിരിക്കേ' എന്ന ഗാനത്തിന്റെ ഭാവം ഇതിൽ നിന്നൊക്കെ വ്യത്യസ്തം. പ്രണയപരവശയായ കാമുകിയുടെ ആത്മഗീതമാണ് ആ ഭാസ്‌കരൻ- ബാബുരാജ് സൃഷ്ടി. 'എങ്ങനെ ഞാൻ തുടങ്ങണം നിൻ സങ്കല്പം പീലിവിടർത്താൻ' എന്ന് പാടുമ്പോൾ പ്രതീക്ഷ. അനുരാഗഗാനമായാൽ അവിവേകിപ്പെണ്ണാകും ഞാൻ എന്ന് പാടുമ്പോൾ പരിഭവം. വിരുന്നുകാർ പോകും മുമ്പേ വിരഹഗാനമെങ്ങനെ പാടും എന്ന് പാടുമ്പോൾ ആകാംക്ഷ. ജാനകിയുടെ ശബ്ദത്തിലെ ഭാവവൈവിധ്യം മുഴുവൻ കണ്ണുകളാൽ ഒപ്പിയെടുക്കുന്നു ശാരദ. കാട്ടുതുളസിയിലെ 'സൂര്യകാന്തി സൂര്യകാന്തി സ്വപ്‌നം കാണുവതാരെ' എന്ന വയലാർ- ബാബുരാജ് ഗാനത്തിലെ വിഷാദ മാധുര്യം മനസ്സിനെ തൊടുന്ന അനുഭവമാക്കി മാറ്റിയതും ശാരദയുടെ വികാരദീപ്തമായ കണ്ണുകൾ തന്നെ.

ശാരദ- പി. സുശീല സഖ്യത്തിന്റെ പാട്ടുകൾ താരതമ്യേന എണ്ണത്തിൽ കുറവെങ്കിലും ഭൂരിഭാഗവും ഹിറ്റായിരുന്നു എന്ന പ്രത്യേകതയുണ്ട്: പണ്ട് മുഗൾ കൊട്ടാരത്തിൽ (കസവുതട്ടം), കനകപ്രതീക്ഷ തൻ (മിടുമിടുക്കി), കൈ നിറയെ (ഹോട്ടൽ ഹൈറേഞ്ച്), ഓമനത്തിങ്കളിന്നോണം പിറക്കുമ്പോൾ (തുലാഭാരം), പഞ്ചതന്ത്രം കഥയിലെ (നദി), കളഭമഴ പെയ്യുന്ന (കുറ്റവാളി), പാമരം പളുങ്കു കൊണ്ട് (ത്രിവേണി), ചന്ദ്രരശ്മി തൻ (അന്വേഷണം), ഓമനത്തിങ്കൾ പക്ഷി (രാഗം). വാണിജയറാമിന്റെ ശാരദാഗാനങ്ങളിൽ പാൽക്കടലിലെ 'കുങ്കുമപ്പൊട്ടിലൂറും കവിതേ' വേറിട്ടു നിൽക്കുന്നു. 'അർച്ചന'യിൽ എൽ.ആർ. ഈശ്വരി ശബ്ദം പകർന്ന വ്യത്യസ്ത ഗാനങ്ങൾക്കൊത്തു ചുണ്ടനക്കിയതും ശാരദ തന്നെ: ഓമനപ്പാട്ടുമായ്, എത്ര കണ്ടാലും.

ഗാനരംഗത്താണ് സിനിമയിൽ ശാരദയുടെ അരങ്ങേറ്റം തന്നെ. 1955-ൽ പുറത്തുവന്ന കന്യാസുൽക്കം എന്ന തെലുങ്ക് ചിത്രത്തിൽ പാട്ടു പാടി ചുവടുവെക്കുന്ന കുട്ടിക്കൂട്ടത്തിൽ ഒരാളായിട്ടായിരുന്നു തുടക്കം. പിന്നീടങ്ങോട്ട് നൂറുകണക്കിന് ഗാനങ്ങൾ, ഗാനരംഗങ്ങൾ. ആ പാട്ടുകൾ കൂടി ചേർന്നതാണ് ഉർവശി ശാരദയെക്കുറിച്ചുള്ള ഓർമകൾ.

അധികമായിട്ടില്ല ശാരദാമ്മയുമായി സംസാരിച്ചുതുടങ്ങിയിട്ട്. സുഹൃത്തും സംഗീതപ്രേമിയുമായ ഡോ. ഗോപാലകൃഷ്ണൻ വഴിയാണ് അവരെ പരിചയം. കുട്ടികളില്ലാത്ത അമ്മയ്ക്ക് ഗോപാലകൃഷ്ണൻ പുത്രതുല്യൻ. ഇരുവരും സംസാരിക്കാത്ത ദിനങ്ങൾ അപൂർവം. പ്രധാനപ്പെട്ട ചടങ്ങുകളിൽ പങ്കെടുക്കേണ്ടി വരുമ്പോഴെല്ലാം ഗോപാലകൃഷ്ണനും തനിക്കൊപ്പം ഉണ്ടാവണം എന്ന് നിർബന്ധമുണ്ട് ശാരദയ്ക്ക്. ശാരദ എന്ന വ്യക്തിയുടെ ഉള്ളിലെ നന്മയെക്കുറിച്ച്, സഹജീവിസ്‌നേഹത്തെ കുറിച്ച് അധികം കേട്ടറിഞ്ഞിട്ടുള്ളത് ഗോപാൽജിയിൽ നിന്നാണ്. സിനിമയും രാഷ്ട്രീയവുമെല്ലാം കൂടിക്കുഴഞ്ഞുകിടക്കുന്ന സംഭവബഹുലമായ ആ ജീവിതം അവർക്കെന്ത് തിരികെ നൽകി എന്നറിയുമ്പോൾ വേദന തോന്നും. ഇതിലും നല്ലൊരു ജീവിത സായാഹ്നം അവർ അർഹിച്ചിരുന്നു എന്ന് ബോധ്യമുള്ളതുകൊണ്ടാവാം.

'മലയാളികളെപ്പോലെ എന്നെ സ്‌നേഹിച്ചവർ ഉണ്ടാവില്ല. സ്വന്തം കൂടപ്പിറപ്പിനെപ്പോലെ, അമ്മയെപ്പോലെ, മകളെപ്പോലെ എന്നെ ചേർത്തുപിടിച്ചവർ. ഇതാ ഇപ്പോഴും ആ സ്‌നേഹബന്ധം തുടരുന്നു', ശാരദയുടെ വാക്കുകൾ. ജാനകിയമ്മ ആവർത്തിച്ചു പറഞ്ഞുകേട്ടിട്ടുള്ളതും ഇതുതന്നെയല്ലേ എന്നോർക്കുകയായിരുന്നു ഞാൻ.