സംഗീതാസ്വാദകരുടെ മനംകവർന്ന 'കല്യാണി' എന്ന സൂപ്പർഹിറ്റ് ഗാനത്തിന്റെ പുത്തൻ റീമിക്സ് പതിപ്പുമായി അർജനും, കെ.ഡി.എസും, റോണും, ഫിഫ്റ്റി4-ഉം. ശ്രേയ ഘോഷാൽ റീമിക്സിൽ പങ്കാളിയാകുന്നു എന്നതാണ് സംഗീതപ്രേമികളെ ആവേശത്തിലാക്കുന്ന പ്രധാന സവിശേഷത. പ്രാദേശിക തലത്തിൽ തരംഗമായി തുടങ്ങിയ 'കല്യാണി', ഭാഷയുടെയും സംസ്‌കാരത്തിന്റെയും അതിർവരമ്പുകൾ ഭേദിച്ച് ചുരുങ്ങിയ കാലം കൊണ്ടാണ് വൻ സ്വീകരണം നേടിയത്. യഥാർത്ഥ ഗാനത്തിന്റെ ആകർഷണീയത നിലനിർത്തിക്കൊണ്ടുതന്നെ, പാട്ടിന്റെ ദൃശ്യ- ശ്രാവ്യ ഭംഗി കൂടുതൽ ആസ്വാദകരിലേക്ക് എത്തിക്കുകയാണ് റീമിക്സിലൂടെ അണിയറപ്രവർത്തകർ.

To advertise here,

ആരാധനയും പ്രണയവും കാത്തിരിപ്പുമെല്ലാം മനോഹരമായി കോർത്തിണക്കിയ ഗാനമാണ് 'കല്യാണി'. മനസ്സിൽ ആഴത്തിൽ പതിഞ്ഞ പ്രണയിനിയെക്കുറിച്ചും അവളോടുള്ള തീവ്രമായ പ്രണയത്തെക്കുറിച്ചുമെല്ലാമാണ് മനോഹരമായ മലയാളം വരികളിലൂടെ ഗാനം സംസാരിക്കുന്നത്. പുതിയ റീമിക്സ് പതിപ്പിൽ ശ്രേയ ഘോഷാലിന്റെ ഹിന്ദി ആലാപനം കൂടിയെത്തുമ്പോൾ പാട്ടിന് പുതിയൊരു ഭാവവും മാനവും കൈവരുന്നു. ഇത് കൂടുതൽ വൈവിധ്യമാർന്ന പ്രേക്ഷകരിലേക്ക് ഗാനത്തെ എത്തിക്കാൻ സഹായിക്കുമെന്നുറപ്പാണ്.

ആഗോള സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽ ചുരുങ്ങിയ നാളുകൊണ്ട് ഗാനം കൈവരിച്ച നേട്ടങ്ങൾ ജനപ്രീതിക്ക് തെളിവാണ്. സ്പോട്ടിഫൈ ഇന്ത്യയുടെ ടോപ് 200 ചാർട്ടിൽ 17-ാം സ്ഥാനവും, സ്പോട്ടിഫൈ യു.എ.ഇ. ടോപ് 200 ചാർട്ടിൽ രണ്ടാം സ്ഥാനവും നേടാൻ ഗാനത്തിന് കഴിഞ്ഞു. കൂടാതെ സ്പോട്ടിഫൈ ഗ്ലോബൽ വൈറൽ സോങ്സ് ചാർട്ടിൽ 32-ാം സ്ഥാനവും 'കല്യാണി' സ്വന്തമാക്കി. സിങ്കപ്പൂരിൽ രണ്ടാം സ്ഥാനവും യു.എ.ഇയിൽ മൂന്നാം സ്ഥാനവും ഇന്ത്യയിലും മലേഷ്യയിലും 11-ാം സ്ഥാനവും നേടിയ ഗാനം, ഇന്ത്യൻ പ്രാദേശിക സംഗീതത്തിന് ആഗോളതലത്തിൽ ലഭിക്കുന്ന വൻ സ്വീകാര്യതയുടെ നേർക്കാഴ്ച കൂടിയാണ്.

അർജൻ, കെ.ഡി.എസ്, റോൺ, ഫിഫ്റ്റി4 എന്നിവരുടെ സംഗീതജീവിതത്തിൽ തങ്ങളുടെ പ്രതീക്ഷകൾക്കും അപ്പുറം സഞ്ചരിച്ച 'കല്യാണി' എന്ന ഗാനത്തിന്റെ യാത്രയിലെ ഒരു വലിയ നാഴികക്കല്ലാണ് റീമിക്‌സ്. പുതിയ ഓഡിയോ പതിപ്പിനൊപ്പം പ്രശസ്ത താരം സാനിയ അയ്യപ്പൻ കേന്ദ്രകഥാപാത്രമാകുന്ന ഔദ്യോഗിക മ്യൂസിക് വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്. പാട്ടിലെ പ്രണയകഥയ്ക്ക് പുതിയൊരു ദൃശ്യഭംഗി നൽകുന്നതാണ് വീഡിയോ. കേരളത്തിന്റെ സമകാലിക സംഗീത ശൈലികളെ ഹിപ്- ഹോപ്പ്, ആർ&ബി, മെലോഡിക് ഘടകങ്ങളുമായി സമന്വയിപ്പിച്ച ഒറിജിനൽ പതിപ്പിനേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന സംഗീതാനുഭവമാണ് റീമിക്സ് സമ്മാനിക്കുന്നത്.

'കേൾവിക്കാരുമായി ഇത്രയേറെ ആഴത്തിൽ സംവദിക്കുന്ന ഒരു ഗാനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഏറെ ആവേശകരമായ അനുഭവമാണ്. 'കല്യാണി'യിലെ വികാരങ്ങളുടെ ആത്മാർത്ഥതയും സംഗീതത്തിന്റെ മനോഹാരിതയുമാണ് എന്നെ ഇതിലേക്ക് ആകർഷിച്ചത്. റിലീസ് ചെയ്തപ്പോൾ തന്നെ വലിയ സ്വീകാര്യത നേടിയ ഗാനമാണിത്. ഭാഷാ അതിരുകൾ ഭേദിച്ച ഒരു ഗാനത്തിലേക്ക് ഹിന്ദി ഭാഷയുടെ വരികളും ശബ്ദവും കൊണ്ടുവരിക എന്ന ആശയം എനിക്ക് ഏറെ ഇഷ്ടപ്പെട്ടു', ശ്രേയ പറഞ്ഞു.

'കല്യാണി'ക്ക് ലഭിച്ച ജനപിന്തുണ ഞങ്ങൾ ഒട്ടും പ്രതീക്ഷിച്ചതല്ല. നമ്മുടെ സംസ്‌കാരത്തോടും വ്യക്തിപരമായ അനുഭവങ്ങളോടും ചേർന്നുനിൽക്കുന്ന ഒന്നായിരുന്നു ഈ ഗാനം. എന്നാൽ ഇത് ഉത്തരേന്ത്യൻ പ്രേക്ഷകരിലേക്ക് വരെ എത്തിച്ചേർന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ശ്രേയ ഘോഷാലുമായി സഹകരിക്കാൻ അവസരം ലഭിച്ചപ്പോൾ, പാട്ടിന്റെ തനിമ ചോർന്നുപോകാതെ കൂടുതൽ വലിയൊരു പ്രേക്ഷകസമൂഹത്തിലേക്ക് ഇത് എത്തിക്കാനുള്ള മികച്ച വഴിയാണിതെന്ന് ഞങ്ങൾക്ക് തോന്നി', അർജൻ പറഞ്ഞു.

'കല്യാണി എപ്പോഴും ഭാഷയ്ക്കപ്പുറം വികാരങ്ങൾക്ക് മുൻഗണന നൽകിയ പാട്ടാണ്. അതുകൊണ്ടാണ് അത് ഇത്രയധികം ആളുകളിലേക്ക് എത്തിയത്. ശ്രേയ ഘോഷാലിനെ ഈ റീമിക്സിന്റെ ഭാഗമാക്കുക എന്നത് ഞങ്ങളുടെ അടുത്ത ചുവടുവയ്പ്പായിരുന്നു. ഏതൊരു പാട്ടിനെയും കാലാതീതവും ഹൃദയസ്പർശിയുമാക്കാൻ അവർക്കുള്ള കഴിവ് സമാനതകളില്ലാത്തതാണ്,' കെ.ഡി.എസ്. അഭിപ്രായപ്പെട്ടു.