പ്രഭാസ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സലാര്‍ ബോക്സ് ഓഫീസില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഡിസംബര്‍ 22 ന് റിലീസ് ചെയ്ത ചിത്രം ആഗോളതലത്തില്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 304 കോടിയോളമാണ് ഇതുവരെ വരുമാനം നേടിയിരിക്കുന്നത്. വരും ദിനങ്ങളില്‍ ചിത്രം പല റെക്കോഡുകള്‍ തകര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

To advertise here,

ഇപ്പോള്‍ സിനിമയിലെ പുതിയൊരു വീഡിയോ പുറത്തുവിട്ടാണ് അണിയറ പ്രവര്‍ത്തകര്‍ ആരാധകരെ ആവേശത്തിലാക്കുന്നത്. എന്താണ് സലാര്‍ എന്ന് വ്യക്തമാകുന്ന രംഗങ്ങളുള്‍പ്പെടുത്തിയ ഗാനരംഗമാണിത്.പ്രധാന കഥാപാത്രങ്ങളായ ദേവയുടെയും സുഹൃത്ത് വര്‍ധയുടെയും (വര്‍ധരാജ് മന്നാര്‍) കുട്ടിക്കാല രംഗങ്ങള്‍ മുതല്‍ പാട്ടിലുണ്ട്. ദേവയായി പ്രഭാസാണ് വേഷമിട്ടിരിക്കുന്നത്. വര്‍ധരാജ് മന്നാറെ പൃഥിരാജും അവതരിപ്പിക്കുന്നു.

കെജിഎഫ് എന്ന സൂപ്പര്‍ ഹിറ്റിനുശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ റിലീസായ ചിത്രമാണ് സലാര്‍.  രണ്ടുഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തിലെ ആദ്യ ഭാഗം സലാര്‍ പാര്‍ട്ട് 1- സീസ്ഫയറാണ് ഇപ്പോള്‍ റിലീസായത്. ശ്രുതി ഹാസന്‍, ജഗപതി ബാബു, ബോബി സിന്‍ഹ, ശ്രിയ റെഡ്ഡി, ഈശ്വരി റാവു എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ഭുവന്‍ ഗൗഡയാണ് ഛായാഗ്രഹണം. രവി ബസ്രുര്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നു. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ ആണ് നിര്‍മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് സലാര്‍ കേരളത്തിലെ തിയേറ്ററുകളില്‍ എത്തിച്ചത്.