അരൂർ: നൂറ്റാണ്ടുകളായി സൂര്യൻ നിത്യേന കിഴക്കുദിക്കുന്നു. എന്നാൽ 2026 എന്ന പുതുവർഷ പുലരി ഗായികയായ ദെലീമ ജോജോ എംഎൽഎക്ക് മറക്കാൻ കഴിയില്ല. കാരണം 27 വർഷം മുൻപ് താൻ പാടിയ ’കിഴക്ക് സൂര്യനുദിച്ചല്ലോ’ എന്ന ഗാനം ഇപ്പോഴും പ്രേക്ഷക ഹൃദയങ്ങളിൽ അസ്തമിക്കാതെ വീണ്ടും ഉയർന്നതാണ് കാരണം.

To advertise here,

ഗായകൻകൂടിയായ വൈറ്റില സ്വദേശി ഫെജോയാണ് റാപ് സംഗീത പശ്ചാത്തലത്തിൽ ഗാനം പുതുക്കിയിറക്കിയത്. സന്തോഷം പങ്കിടാൻ ഫെജോ പുതുവർഷ തലേന്ന് ദെലീമയുടെ അരൂരിലെ വീട്ടിലെത്തിയിരുന്നു.

1998 ഡിസംബറിൽ ’സഞ്ചാരി’ എന്ന ആൽബത്തിനായി ദെലീമ പാടിയ ആ പാട്ട് നിലവിൽ റാപ് സംഗീതത്തിന്റെ പശ്ചാത്തലത്തിൽ വൈറലാണ്.

റാപ്പും മെലഡിയും കംപോസ് ചെയ്താണ് പാട്ട് ഇറക്കിയത്. ഭക്തിഗാനം റാപ് ആയി മാറിയതിന് വലിയ സ്വീകാര്യത ലഭിച്ചെന്നും ഏറെ പഴയ പാട്ടുകൾ കേട്ട ശേഷമാണ് ’കിഴക്ക് സൂര്യൻ ഉദിച്ചല്ലോ’ എന്ന പാട്ട് തിരഞ്ഞെടുത്തതെന്നും ഫെജോ പറഞ്ഞു.

റാപ് പാട്ടിന്റെ ആദ്യവും അവസാനവും ദെലീമ ജോജോ പണ്ട് പാടിയതുതന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. റാപ്പിനായി നാല് മാസത്തെ പ്രയത്‌നമാണ് വേണ്ടിവന്നത്. ആനിമേഷൻ വീഡിയോയാണ് റാപ്പിൽ ഉപയോഗിച്ചിരിക്കുന്നത്. റാപ് പാട്ട് ദിവസങ്ങൾക്കിടെ 35 ലക്ഷത്തിൽപ്പരം ആളുകൾ കണ്ടു. പതിനായിരക്കണക്കിന് പേർ പാട്ട് പങ്കിട്ടു. ക്രിസ്മസ് കാരളിനും സ്റ്റാറ്റസുകൾക്കും റീലുകൾക്കും ’കിഴക്ക് സൂര്യൻ’ അവിഭാജ്യ ഘടകമായി. വർഷങ്ങൾ പഴക്കമുള്ള പാട്ട് പ്രേക്ഷക ഹൃദയങ്ങൾ സ്വീകരിക്കുന്നതിൽ വലിയ സന്തോഷമെന്ന് ദെലീമ ജോജോ എംഎൽഎ പറഞ്ഞു.