മഹേഷ് നാരായണന്റെ സംവിധാനത്തിൽ മമ്മൂട്ടിയും മോഹൻലാലും കേന്ദ്രകഥാപാത്രങ്ങളാകുന്ന സ്പൈ ആക്ഷൻ ത്രില്ലർ ചിത്രം 'പേട്രിയറ്റി'ലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. 'മനുഷ്യൻ' എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനം സംഗീതസംവിധായകൻ സുഷിൻ ശ്യാമിന്റെ സ്വന്തം ഇൻഡിപെൻഡന്റ് മ്യൂസിക് ലേബലായ 'സുഷ് റെക്കോർഡ്സി'ലൂടെയാണ് (Sushhh Records) റിലീസ് ചെയ്തിരിക്കുന്നത്.

To advertise here,

നടൻ മമ്മൂട്ടിയുടെ മോണോലോഗും  പ്രശസ്ത ഗായിക ശക്തിശ്രീ ഗോപാലന്‍റെ ആലാപനവും ചേർന്നതാണ് ‘മനുഷ്യൻ’. വിനായക് ശശികുമാറാണ് പാട്ടിന്റെ വരികളും ഇതിലെ മോണോലോഗും രചിച്ചിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനമായ 'കാറ്റ് തൊട്ടപ്പോൾ' മാർച്ച് മാസത്തിൽ പുറത്തിറങ്ങിയിരുന്നു. അൻവർ അലിയുടെ വരികളിൽ ഇസൈ, കപിൽ കപിലൻ എന്നിവർ ചേർന്നായിരുന്നു ആദ്യ ഗാനം ആലപിച്ചത്.

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലെ ഇതിഹാസ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു എന്റർടൈൻമെന്റ്സ് തുടങ്ങിയ ബാനറുകളിൽ ആന്റോ ജോസഫും കെ. ജി. അനിൽകുമാറും ചേർന്ന് നിർമ്മിക്കുന്ന ഈ വമ്പൻ ചിത്രം മെയ് 1-നാണ് ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.