ജനപ്രിയതയിൽ സിനിമാഗാനങ്ങളെ ബഹുദൂരം പിന്നിലാക്കി മുന്നേറിയ ഒരു ദശകം ഇന്ത്യയിൽ ഗസലിനുണ്ടായിരുന്നു. അന്നത്തെ താരഗായകരിൽ ഒരാളായിരുന്നു പങ്കജ്‌ ഉധാസ്‌. ജനപ്രീതിയിൽ അദ്ദേഹത്തെ കവിഞ്ഞുനിന്നത്‌ ജഗ്ജിത്‌ സിങ് മാത്രമാണ്‌.

To advertise here,

1949 മുതൽ 1975 വരെയുള്ള കാലയളവാണ്‌ ഹിന്ദിസിനിമാസംഗീതത്തിന്റെ സുവർണ യുഗമായി പൊതുവേ കണക്കാക്കപ്പെടുന്നത്‌. എസ്‌.ഡി. ബർമന്റെ മരണം മാത്രമല്ല 1975-നെ സിനിമാഗാനങ്ങളുടെ സുവർണയുഗത്തിന്റെ അവസാന വർഷമാക്കുന്നത്‌. ആ വർഷം പുറത്തിറങ്ങിയ ഷോലെ, ദീവാർ എന്നീ ചിത്രങ്ങൾ ഹിന്ദിസിനിമയെ പുതിയ ഒരു ദിശയിലേക്ക്‌ തിരിച്ചുവിട്ടു. ആക്‌ഷൻ ചിത്രങ്ങൾ രംഗം അടക്കിവാണു. അതിൽ ഗാനങ്ങൾക്ക്‌ പ്രസക്തി ഇല്ലാതായി. കാവ്യഭംഗിയും മെലഡിയും പിൻതള്ളപ്പെട്ടു.

സംഗീതരംഗത്ത്‌ അതുണ്ടാക്കിയ ശൂന്യതയിലേക്ക്‌ പതുക്കെ ഗസലുകൾ കടന്നുവന്നു. ജഗ്ജിത്‌ സിങ്-ചിത്രാസിങ്‌, രാജേന്ദ്ര മെഹ്ത-നീനാ മെഹ്ത, അഹ്‌മദ്‌ ഹുസൈൻ- മുഹമ്മദ്‌ ഹുസൈൻ, രാജ്‌കുമാർ റിസ്‌വി, തലത്‌ അസീസ്‌ തുടങ്ങിയവർ ഗസൽ രംഗത്ത്‌ സജീവമായിരുന്നു. അവരുടെ പരിപാടികൾ പക്ഷേ, വൻനഗരങ്ങളും വിദേശത്തുമായി പരിമിതപ്പെട്ടു. കാസറ്റുകൾ അന്ന്‌ വ്യാപകമയിരുന്നില്ല. എൺപതിൽ മെഹ്ദിഹസനും ഗുലാംഅലിയും ഇന്ത്യയിൽ വന്ന്‌ പരിപാടികൾ അവതരിപ്പിച്ചതോടെ ഗസൽ മേഖലയിൽ ഒരു പുത്തനുണർവ്‌ അനുഭവപ്പെട്ടു.

1989-ൽ നാസിർ ഹുസൈന്റെ കയാമത്‌ സെ കയാമത്‌, 90-ൽ മഹേഷ്‌ഭട്ടിന്റെ ആഷിഖി എന്നീ ചിത്രങ്ങളിലൂടെയാണ്‌ സിനിമാഗാനങ്ങൾ ഒരു തിരിച്ചുവരവ്‌ നടത്തുന്നത്‌. 1992-ൽ എ.ആർ. റഹ്‌മാൻ രംഗത്തെത്തിയതോടെ ആ തിരിച്ചുപിടിക്കൽ പൂർണമായി.

ശാസ്ത്രീയസംഗീതത്തിൽ ശിക്ഷണം നേടിയിരുന്നെങ്കിലും പങ്കജ്‌ ഉധാസിന്റെ ഗസലുകളിൽ അത്‌ പ്രകടമായില്ല. ആളുകളെ പെട്ടെന്നാകർഷിക്കുന്ന ഈണങ്ങളിൽ, സിനിമയിലെ ജനപ്രിയ ഗാനങ്ങളുടെ മാതൃകയിൽ തീർത്തവയായിരുന്നു ആ ഗസലുകൾ. അവ ജനങ്ങൾ നെഞ്ചിലേറ്റി. ‘ദിൻ കൊ ഭി ഇത്‌നാ അന്ധേരാ െെഹ മേരി കമ്‌രെ മെ, ദീവാറോം സെ മിൽകർ രോനാ അഛ്ചാ ലഗ്‌താ ഹൈ, ഏക്‌ തരഫ്‌ ഇസ്‌ കാ ഘർ ഏക്‌ തരഫ്‌ മയ്‌കദ, ഛിട്ടി ആയി ഹെ തുടങ്ങിയ ഗാനങ്ങൾക്ക്‌ ലഭിച്ച ജനപ്രിയത സിനിമക്കാരെ അമ്പരിപ്പിച്ചു.

സിനിമാഗാനങ്ങൾ അവയുടെ പ്രാമാണികത തിരിച്ചുപിടിച്ചതോടെ ഗസലുകളുടെ ജന പ്രിയതയിൽ ഇടിവുവന്നു. ജഗ്ജിത്‌ സിങ്‌ അപ്പോഴേക്കും സംഗീതരംഗത്തെ ഒരു കൊളോസ്സസ്‌ ആയി മാറിയിരുന്നു. ആ ഒരു ഔന്നത്യത്തിലേക്ക്‌ ഉധാസിന്‌ ഒരിക്കലും ഉയരാൻ കഴിഞ്ഞില്ല. വളരെ ലളിതമായ ഈണങ്ങളും ഏകതാനമായ ആലാപനരീതിയും അതിന്റെ പ്രധാന കാരണമാണ്‌. അപ്പോഴും ആരംഭത്തിൽ അദ്ദേഹം പാടിയ പല ഗാനങ്ങളും സംഗീതാസ്വാദകരുടെ പ്രിയഗാനങ്ങളിൽ ഇടം നേടിയവയാണ്‌.

അദ്ദേഹം വിടപറഞ്ഞെന്നറിയുമ്പോൾ മനസ്സിൽ നിറയുന്നത്‌ അദ്ദേഹത്തിന്റെ ഗാനത്തിലെ ഒരു ഈരടിയാണ്‌.

‘ഗം ഥകാ-ഹാരാ മുസാഫിർ ഹൈ ചലാ ജായേഗാ

കുച്ച്‌ ദിനോം കെ ലിയെ ഠഹ്‌രാ മേരി കമ്‌രെ മെ.

(ദുഃഖം ക്ഷീണിച്ചുതളർന്ന യാത്രികനാണ്‌, അത്‌ പോകും. കുറഞ്ഞദിവസത്തേക്ക്‌ എന്റെ മുറിയിലും തങ്ങിയെന്നുമാത്രം)