ത്രയും പരുക്കൻ ശബ്ദത്തിൽ ആരും പേര് വിളിച്ചുകേട്ടിട്ടില്ല; അതും ഏഴര വെളുപ്പിന്. ഞെട്ടാതിരിക്കുന്നതെങ്ങനെ?

To advertise here,

നേരം പുലരുന്നതേയുള്ളൂ. നഗരവീഥികൾ ശൂന്യം. എന്നെപ്പോലെ പ്രഭാതനടത്തത്തിന് ഇറങ്ങിത്തിരിച്ചവർ മാത്രമേയുള്ളൂ കൺവെട്ടത്ത്. അതും വളരെ ചുരുക്കം ചിലർ. അപ്പോൾ പിന്നെ എവിടെനിന്നാവണം ഈ വിളി? ഇനി വെറും തോന്നലാകുമോ? ഉറക്കച്ചടവ് വേണ്ടതിലേറെ ബാക്കിയുണ്ടല്ലോ.

നടത്തം തുടരാനൊരുങ്ങവേ വീണ്ടും അതേ വിളി: ഇത്തവണ 'മിസ്റ്റർ' കൂട്ടിയാണ്.. 'മിസ്റ്റർ രവിമേനോൻ...'

ഞെട്ടിത്തിരിഞ്ഞപ്പോൾ ആളെ കണ്ടു. റോഡരികിലെ ഫർണിച്ചർ കടയ്ക്ക് മുന്നിലെ പടവിൽ ലുങ്കി കൊണ്ട് മൂടിപ്പുതച്ചു കിടക്കുകയാണ് അയാൾ. കൗതുകത്തോടെ നടന്ന് അടുത്തു ചെന്നപ്പോൾ ലുങ്കി മാറ്റി അയാൾ എഴുന്നേറ്റിരുന്നു. ഒരു ബീഡി കത്തിച്ചു. എന്നിട്ട് ചിരകാലപരിചിതനോടെന്നപോലെ ചോദിച്ചു: 'ഇപ്പോൾ എഴുത്തൊന്നുമില്ലേ സുഹൃത്തേ?'.

അത്ഭുതമായിരുന്നു എനിക്ക്. കാഴ്ചയിൽ ഭിക്ഷാടകനെ പോലെ തോന്നിക്കുന്ന ഒരാൾ. ചിലപ്പോൾ ലഹരിയുടെ അടിമയുമാകാം. പ്രഭാതനടത്തത്തിനിടയിൽ അത്തരക്കാരെ പതിവായി കണ്ടുമുട്ടാറുണ്ട്. ചിലരൊക്കെ ഇടിച്ചുകയറിവന്ന് കൈനീട്ടാറുമുണ്ട്. കാഴ്ചയിൽ അക്കൂട്ടത്തിൽനിന്ന് വ്യത്യസ്തനല്ല ഇയാളും. വെള്ളം കണ്ടിട്ട് നാളുകളേറെയായി എന്ന് വിളിച്ചുപറയുന്ന മുടിയും താടിയും. മുഖത്ത് കറുത്ത പാടുകൾ. നിരന്തരമായ പുകവലി കൊണ്ടാവണം കറുത്ത് വരണ്ടുപോയ ചുണ്ടുകൾ. പക്ഷേ, അസാധാരണമായ ഒരു ശാന്തതയുണ്ടായിരുന്നു ആ കണ്ണുകളിൽ.

ജീവിതത്തിലൊരിക്കലും കണ്ട ഓർമയില്ല അയാളെ. ഉണ്ടെങ്കിൽ തന്നെ പണ്ട് കണ്ട രൂപത്തിൽനിന്ന് ആളെ എങ്ങനെ വേർതിരിച്ചെടുക്കാൻ?

ലെനിൻരാജ്. അതാണയാളുടെ പേര്. കണ്ണൂരിനടുത്ത് എവിടെയോ ആണ് ജന്മനാട്. നാടിനെയോ വീടിനെയോ വീട്ടുകാരെയോ കുറിച്ച് സംസാരിക്കാൻ ആദ്യമൊന്നും താത്പര്യം കാണിച്ചില്ല. അതൊക്കെ അറിഞ്ഞിട്ട് താങ്കൾക്കെന്ത് കാര്യം എന്ന ഒരൊറ്റ ചോദ്യം കൊണ്ട് എന്റെ ജിജ്ഞാസയെ വകഞ്ഞുമാറ്റി. മാനസിക രോഗത്തിന് ദീർഘകാലം ചികിത്സ തേടിയിരുന്നു എന്ന് മാത്രം തുറന്നുപറഞ്ഞു; ഒരിക്കലും പൂർണ്ണമായി സുഖപ്പെടുന്ന രോഗമല്ല തന്റേതെന്നും.

രോഗാവസ്ഥയിൽനിന്ന് ചെറിയ മോചനം ലഭിക്കുമ്പോഴെല്ലാം ആദ്യം ചെല്ലുക നാട്ടിലെ വായനശാലയിലേക്കാണ്. കുട്ടിക്കാലം മുതലേ നല്ലൊരു വായനക്കാരൻ ഉള്ളിലുണ്ടായിരുന്നത് കൊണ്ടുള്ള ഗുണം. അവിടെ വെച്ചാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിക്കുക. 'അന്ന് താങ്കളുടെ പംക്തി അതിലുണ്ട്. എനിക്ക് പാട്ടിനോട് വലിയ ഭ്രമം ഉള്ളതിനാൽ മുടങ്ങാതെ വായിക്കും. ഹിന്ദിപ്പാട്ടുകളോട്, പ്രത്യേകിച്ച് മുഹമ്മദ് റഫിയോട് കടുത്ത ആരാധനയാണ്. ചെറുതായി പാടിയിരുന്നു ചെറുപ്പത്തിൽ. നിങ്ങളാണെങ്കിൽ ഹിന്ദിപ്പാട്ടുകളെക്കുറിച്ചും എഴുതുമല്ലോ...'

കടയുടെ പടിയിൽ തൊട്ടടുത്തിരുന്ന് ലെനിന്റെ സംസാരം കേട്ടുകൊണ്ടിരുന്ന എന്നെ അത്ഭുതത്തോടെ നോക്കി കടന്നുപോകുന്നുണ്ടായിരുന്നു വഴിയാത്രക്കാരിൽ ചിലർ. നേരം വെളുത്തു തുടങ്ങുന്നു. ഇടക്ക് പരിചയക്കാരനായ ഒരു ചുമട്ടുതൊഴിലാളി അടുത്തുവന്ന് ചോദിച്ചു: 'എന്താ, എന്തെങ്കിലും പ്രശ്നമുണ്ടോ സാറേ?' മറുപടി പറഞ്ഞത് ലെനിനാണ്. 'ഉണ്ട്. എന്താ താൻ പരിഹരിച്ചു തരുമോ?' വിചിത്ര ഭാവത്തോടെ ഞങ്ങളെ നോക്കി സ്ഥലം വിട്ടു അയാൾ.

സ്‌കിറ്റ്‌സോഫ്രീനിയ മൂർദ്ധന്യാവസ്ഥയിൽ എത്തുമ്പോൾ സ്വയം ആശുപത്രിയിൽ പോയി അഡ്മിറ്റാകുന്നതാണ് വർഷങ്ങളായി ലെനിന്റെ പതിവ്. 'അവിടെ പുസ്തകങ്ങൾ ഒന്നും കിട്ടില്ല. ഞായറാഴ്ചകളിൽ പത്രം വരും. മാതൃഭൂമിയുടെ സപ്ലിമെന്റിലാണ് പിന്നെ നിങ്ങളെ ഇടയ്ക്കിടെ കണ്ടുമുട്ടിയത്. എല്ലാം വായിച്ചിട്ടുണ്ട്. അവിടെയുള്ള ചില അന്തേവാസികളെ കൊണ്ട് വായിപ്പിക്കുകയും ചെയ്യും. ആ ലേഖനങ്ങൾക്ക് ഒപ്പം കണ്ട ഫോട്ടോ ഓർമയിലുള്ളതുകൊണ്ടാണ് നിങ്ങളെ ഈ പുലർച്ചയ്ക്കും തിരിച്ചറിയാൻ കഴിഞ്ഞത്. എന്നാലും പേര് വിളിക്കുമ്പോൾ ചെറിയ സംശയമുണ്ടായിരുന്നു. ആള് മാറിപ്പോയാലോ?'.

ഭൂതകാലത്തെ കുറിച്ച് അധികമൊന്നും ലെനിൻ സംസാരിച്ചില്ല. ചോദ്യങ്ങൾക്ക് മാത്രം ചുരുക്കം വാക്കുകളിൽ ഉത്തരം. വിവാഹിതനാണ്. സ്വന്തം അച്ഛനും ഭാര്യയും ഒക്കെ കൈവിട്ടതോടെയാണ് ജീവിതം തെരുവിലേക്ക് എടുത്തെറിയപ്പെട്ടത്. വർഷങ്ങളായി റോഡരികിലാണ് വാസം. അഭയമരുളുന്ന നഗരങ്ങൾ മാത്രം മാറി വരുമെന്ന് മാത്രം. ഇപ്പോൾ തിരുവനന്തപുരത്താണ്. നാളെ എങ്ങുമാകാം. ഡൽഹിയിൽ വരെ. ആദ്യം കാണുന്ന ട്രെയിനിൽ കയറിക്കൂടുന്നതാണ് ശീലം.

റഫിയുടെ പാട്ടുകളോടുള്ള ഇഷ്ടത്തിന് പിന്നിൽ? അറിയാൻ കൗതുകം. മടിച്ചു മടിച്ചാണെങ്കിലും ആ ആത്മബന്ധത്തിന്റെ പൊരുൾ ചുരുങ്ങിയ വാക്കുകളിൽ പങ്കുവെച്ചു ലെനിൻ. അമ്മ ഗുജറാത്തിയാണ്. കച്ചിൽനിന്ന് കേരളത്തിൽ കുടിയേറിയ കുടുംബത്തിൽ അംഗം. അച്ഛൻ കണ്ണൂർ ജില്ലക്കാരൻ. കർഷകത്തൊഴിലാളി. ചില്ലറ രാഷ്ട്രീയവുമുണ്ട്. കുട്ടിക്കാലത്ത് അമ്മ പാടിക്കേട്ടിരുന്ന പാട്ടുകളാണ് ലെനിനെ റഫിയോടടുപ്പിച്ചത്. റഫിയായിരുന്നു അമ്മയുടെ പ്രിയഗായകൻ. 'മനസ്സ് കൈവിട്ടുപോകുമെന്ന് തോന്നുമ്പോഴെല്ലാം റഫിയെ ആശ്രയിക്കും; ആ പാട്ടുകളിൽ അഭയം തേടും. ചിലപ്പോൾ ഗുണമുണ്ടാകും. ചിലപ്പോൾ ഒരു കാര്യവുമുണ്ടാവില്ല...'

കാൻസർ ബാധിച്ചു അമ്മ മരിക്കുമ്പോൾ കുട്ടിയാണ് ലെനിൻ. അച്ഛൻ ഉടൻ വേറെ കല്യാണം കഴിച്ചു. അധികം വൈകാതെ ചിറ്റമ്മയ്ക്ക് മകൻ പിറന്നു. അതോടെ വീട്ടിൽ ലെനിൻ അന്യനായി. സ്വതവേ ഉള്ള മാനസികാസ്വാസ്ഥ്യം കൂടുതൽ രൂക്ഷമായി. ഒരു നാൾ കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്രത്തിൽ ലെനിനെ കൊണ്ടുചെന്നാക്കിയ അച്ഛൻ പിന്നെ മകനെ തേടിവന്നതേയില്ല. വിഭ്രാന്തികളിലൂടെയുള്ള ലെനിന്റെ അനന്തമായ യാത്ര അവിടെനിന്ന് തുടങ്ങുന്നു. 'ഇപ്പോൾ വലിയ പ്രശ്‌നമില്ലാത്ത കാലമാണ്. സമാധാനമുണ്ട്. എത്രകാലത്തേക്ക് എന്നറിയില്ല. എന്തായാലും നിങ്ങളെ കണ്ടതിൽ, സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷം...'

നിരത്തിൽ ആൾത്തിരക്ക് കൂടുന്നു. 'ഏറ്റവും ഇഷ്ടപ്പെട്ട റഫിയുടെ പാട്ടേതാണ്?' അറിയാനൊരു മോഹം.

നിരത്തിനപ്പുറത്തെ ഏതോ അദൃശ്യ ബിന്ദുവിൽ കണ്ണുനട്ട് ലെനിൻ പിറുപിറുക്കുന്നു: 'അതിലൊക്കെ ഇനിയെന്ത് കാര്യം? ഇപ്പോൾ ഞാൻ പാടാറില്ലല്ലോ. പാട്ടൊക്കെ പോയി മേനോനേ...' എങ്കിലും ഒരിക്കൽ കൂടി സ്‌നേഹപൂർവ്വം നിർബന്ധിച്ചപ്പോൾ ഇഷ്ടഗാനത്തിന്റെ രണ്ടു വരികൾ എനിക്ക് വേണ്ടി പരുക്കൻ ശബ്ദത്തിൽ മൂളി അയാൾ: 'മേ കഹി കവി ന ബൻ ജാവൂ തേരെ പ്യാർ മേ ഏ കവിതാ...'

അധികം പാടിക്കേൾക്കാറുള്ള പാട്ടല്ല. ശങ്കർ ജയ്കിഷൻ ചിട്ടപ്പെടുത്തിയ 'പ്യാർ ഹി പ്യാറി'ലെ ആ ഗാനത്തോട് എന്തുകൊണ്ടായിരിക്കാം ഇത്രയിഷ്ടം? ചോദിക്കേണ്ടി വന്നില്ല. അതിനു മുൻപ് ലെനിൻ ഉത്തരം തന്നു: 'അമ്മയെ ഓർമ്മവരും ഈ പാട്ട് പാടുമ്പോൾ. കവിത എന്നായിരുന്നു അമ്മയുടെ പേര്...'

ലെനിന്റെ മുഖത്തെ സ്ഥായിയായ പരുഷഭാവം ആർദ്രതയ്ക്ക് വഴിമാറുന്ന കാഴ്ച അത്ഭുതത്തോടെ കണ്ടു നിന്നു ഞാൻ.

പ്രഭാത നടത്തം ഇടയ്ക്കുവെച്ച് അവസാനിപ്പിച്ച് വീട്ടിലേക്ക് തിരികെ നടക്കും മുൻപ് കീശയിലുണ്ടായിരുന്ന നോട്ടുകളെടുത്ത് നീട്ടിയപ്പോൾ ലെനിൻ പറഞ്ഞു: 'ഞാൻ പിച്ചക്കാരനൊന്നുമല്ല മിസ്റ്റർ. ദാരിദ്ര്യവുമില്ല. ഇങ്ങനെയൊക്കെ ജീവിച്ചുപോകും. ഭ്രാന്ത് വരാതിരുന്നാൽ മതി.'

എങ്കിലും ഒരു നിമിഷം എന്റെ മുഖത്തേക്ക് പാളിനോക്കിയ ശേഷം ചെറുചിരിയോടെ പണം ഏറ്റുവാങ്ങി അയാൾ. 'പണത്തിന് ഇപ്പോൾ ആവശ്യമുണ്ട്. വേണ്ടെന്ന് പറയുന്നില്ല. താങ്ക് യു എന്നും പറയുന്നില്ല. നമ്മൾ ഇപ്പോൾ കൂട്ടുകാരല്ലേ?', പണം പാന്റ്‌സിന്റെ പോക്കറ്റിൽ നിക്ഷേപിച്ച ശേഷം പുതച്ചിരുന്ന ലുങ്കി ശ്രദ്ധാപൂർവം മടക്കി കയ്യിലെ തുണിസഞ്ചിയിൽ തിരുകിവെക്കുന്നു അയാൾ. മറ്റൊരു യാത്രയ്ക്കുള്ള പുറപ്പാടാണ്. 'സെക്യൂരിറ്റി ഇപ്പോൾ വരും. പിന്നെ ഇവിടെ ഇരുത്തില്ല. ഞാൻ പോകട്ടെ, ഭാഗ്യമുണ്ടെങ്കിൽ ഇനിയും കാണാം'.

'എങ്ങോട്ടാണ് പോക്ക്?' വെറുതെ ചിരിച്ചു ലെനിൻ. പിന്നിലെ കടയുടെ ഷട്ടറിൽ ചാരിയിരുന്ന് പതിഞ്ഞ ശബ്ദത്തിൽ അയാൾ പാടി: 'ജാത്താ ഹൂ മേ മുജേ അബ് നാ ബുലാനാ...'

അതായിരുന്നു അവസാന കാഴ്ച; കേൾവിയും. പിറ്റേന്ന് രാവിലെ പതിവുപോലെ നടക്കാൻ പോയപ്പോൾ അടഞ്ഞു കിടന്ന കടകളുടെ പടവുകളിൽ കണ്ണുകൾ ലെനിനെ തിരഞ്ഞു. എങ്ങുമുണ്ടായിരുന്നില്ല അയാൾ. അന്തരീക്ഷത്തിൽ അയാൾ അവസാനം പാടിക്കേൾപ്പിച്ച റഫി ഗാനത്തിന്റെ ശീലുകൾ മാത്രം: 'ജാത്താ ഹൂ മേ മുജേ അബ് നാ ബുലാനാ, മേരി യാദ് ബി അപ്‌നേ ദിൽ മേ ലാനാ...'