
സംസ്ഥാനത്ത് തുടർച്ചയായി മൂന്നാമൂഴം ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന എൽഡിഎഫിന്റെ പ്രചാരണഗാനം പുറത്ത്. റാപ്പർ വേടൻ ആലപിച്ച ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ‘ഒന്നായ് തുടരാം നവകേരളത്തിലേക്ക്’ എന്ന ടാഗ് ലൈനോടെയാണ് ഗാനം.
'കാത്തിരുന്ന കാലമേ...' എന്ന് തുടങ്ങുന്ന ഗാനത്തിൽ സർക്കാരിന്റെ നേട്ടങ്ങളെന്ന് അവകാശപ്പെടുന്ന വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വേടനും സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. 'ഒരുവിരൽ മഷി പോരാട്ടമേ...' എന്ന ഹൂക്ക് ലൈനോടെയുള്ള പാട്ടിൽ 'അറിവുള്ള കരം അധികാരപേനയെടുക്കട്ടെ, ആ മഷികൊണ്ട് പുതുതലമുറ നീതിയെഴുതട്ടേ' തുടങ്ങിയ വരികളുമുണ്ട്.
2021-ൽ ഗായിക സിത്താര കൃഷ്ണകുമാർ ആലപിച്ച 'അന്തിവിണ്ണിൽ അമ്പിളിക്കല' എന്ന ഗാനമായിരുന്നു എൽഡിഎഫ് പ്രചാരണത്തിനായി ഉപയോഗിച്ചിരുന്നത്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് സിത്താര തന്നെയായിരുന്നു ഈണം നൽകിയത്. നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിന്റെ അഭിമുഖം പിആർഡി പുറത്തിറക്കിയിരുന്നു.
ഫ്‌ളാറ്റിൽനിന്ന് കഞ്ചാവുമായി പിടികൂടിയ കേസിന് പിന്നാലെ പുലിപ്പല്ല് കൈവശംവെച്ചെന്ന കേസിൽ വേടനെ വനംവകുപ്പ് അറസ്റ്റ് ചെയ്ത സംഭവം വലിയ വിവാദമായിരുന്നു. പുലിപ്പല്ല് കേസിൽ വേടനെതിരായ വനംവകുപ്പിന്റെ സമീപനത്തെ തള്ളി എൽഡിഎഫ് കൺവീനർ തന്നെ രംഗത്തെത്തി. തെറ്റ് പറ്റിയെന്ന് വേടൻ സമ്മതിച്ചുവെന്നും സർക്കാർ നടപടി തിരുത്താനുള്ള അവസരമായി കണ്ടാൽ മതിയെന്നുമായിരുന്നു കഞ്ചാവ് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ അഭിപ്രായം. വേടൻ അറസ്റ്റിലായതോടെ സർക്കാർ വേദി നിഷേധിച്ചിരുന്നു. പിന്നാലെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ വേടൻ സർക്കാരിന്റെ വാർഷികാഘോഷത്തിൽ സംഗീതപരിപാടി അവതരിപ്പിച്ചിരുന്നു. നിലവിൽ ബലാത്സംഗക്കേസുകളിൽ ജാമ്യത്തിലാണ് വേടൻ. പിന്നാലെ, 55-ാം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ വേടനെ മികച്ച ഗാനരചയിതാവായി തിരഞ്ഞെടുത്തതും വലിയ വിവാദമായി.
Content Highlights: LDF has released its official campaign song for the upcoming elections. The song is a rap performed by the artist Vedan. It features visuals of the government's claimed achievements and the tagline 'Onnay Thudaram Navakeralathilekku'
Published: 06 Mar 2026, 06:06 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented