
രേവതി സ്റ്റുഡിയോ നിമിഷങ്ങൾക്കകം പുന്നമടക്കായലാകുന്നു. കായൽപ്പരപ്പിലൂടെ ആവേശത്തിരയിളക്കി കുതിച്ചുവരുകയാണ് കാവാലം ചുണ്ടൻ. അമരത്ത് സാക്ഷാൽ ദേവരാജൻ മാസ്റ്റർ. താളത്തിൽ തുഴയെറിഞ്ഞു പാടാൻ യേശുദാസും കൂട്ടരും. ഈറൻ കാറ്റിൽ ഒരു വള്ളപ്പാട്ടിന്റെ മറക്കാനാവാത്ത ഈണം: 'കുട്ടനാടൻ പുഞ്ചയിലെ കൊച്ചു പെണ്ണേ കുയിലാളെ, കൊട്ടുവേണം കുഴൽ വേണം കുരവ വേണം...'
'കാവാലം ചുണ്ടൻ' എന്ന ശശികുമാർ ചിത്രത്തിന് വേണ്ടി വയലാർ- ദേവരാജൻ ടീം ഒരുക്കിയ ആ സൂപ്പർഹിറ്റ് ഗാനം പിറന്നുവീണിട്ട് ആറു പതിറ്റാണ്ടാകുന്നു. മലയാളത്തിലെ വഞ്ചിപ്പാട്ടുകളുടെ ചക്രവർത്തി. നാടൻ കള്ളുഷാപ്പുകൾ തൊട്ട് മെഗാ സംഗീത വേദികളിൽ വരെയുണ്ട് ആ പാട്ടിന് ആരാധകർ. റീമിക്‌സുകളും കവർ വേർഷനുകളും വഴി പുതുതലമുറയ്ക്കും ഏറെ പ്രിയങ്കരമായ ആ ഗാനം, ഇപ്പോൾ നമ്മൾ കേൾക്കുന്ന ഈണത്തിലും താളത്തിലുമല്ല ദേവരാജൻ മാസ്റ്റർ ആദ്യം ചിട്ടപ്പെടുത്തിയതെന്ന കൗതുകം പങ്കുവെച്ചത് ജിയോ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിരവധി സിനിമകൾ വിതരണം ചെയ്യുകയും നിർമിക്കുകയും ചെയ്തിട്ടുള്ള എൻ.ജി. ജോൺ എന്ന ജിയോ കുട്ടപ്പനാണ്- മലയാള സിനിമാ ചരിത്രത്തിലെ ആദ്യകാല വിതരണക്കാരിൽ ഒരാളായ എൻ.എക്‌സ്. ജോർജിന്റെ മകൻ. സ്വന്തം പിതാവിനെ കുറിച്ചുള്ള ദീപ്തമായ ഓർമ കൂടിയായിരുന്നു ജോണിന് ആ ഗാനം; പ്രത്യേകിച്ച് അതിലെ 'തിത്തിത്താരാ തിത്തിത്തൈ തിത്തൈ തിത്തൈ തകതൈ' എന്ന വായ്ത്താരി. ബുധനാഴ്ച പുലർച്ചെയാണ് ജിയോ കുട്ടപ്പൻ (90) ഓർമയായത്.
Read More: ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു
തിരുപ്പൂരിൽ ബനിയൻ ഫാക്ടറി നടത്തിയിരുന്ന വി.പി.എം. മാണിക്കം (ചിന്നമാപ്പിള) നിർമിച്ച ആദ്യ മലയാള ചിത്രമായ 'കാവാലം ചുണ്ട'ന്റെ (1967) വിതരണാവകാശം ജിയോ പിക്‌ചേഴ്‌സിനായിരുന്നു. കുട്ടനാട്ടിലെ വള്ളംകളി മത്സരങ്ങളുടെ പശ്ചാത്തലത്തിൽ രണ്ടു കുടുംബങ്ങൾ തമ്മിലുള്ള പകയുടെ കഥ പറഞ്ഞ സിനിമ. സത്യൻ, കൊട്ടാരക്കര, പി.ജെ. ആന്റണി, ശാരദ തുടങ്ങിയവർ അഭിനേതാക്കൾ. ഇന്ന് ആ സിനിമ ഓർക്കപ്പെടുന്നത് പോലും 'കുട്ടനാടൻ പുഞ്ചയിലെ' എന്ന ഗാനത്തിന്റെ പേരിലല്ലേ? അതിലെ 'തിത്തിത്താരാ തിത്തിത്തൈ തിത്തൈ തിത്തൈ തകതൈ' എന്ന വായ്ത്താരിയുടെ ഈണം 'സാഹോ' എന്ന ബഹുഭാഷാ ചിത്രത്തിൽ ശ്രദ്ധ കപൂർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പ്രമേയ സംഗീതമായി നാം കേട്ടത് കുറച്ചുകാലം മുൻപാണ്. 'കുട്ടനാടൻ പുഞ്ച' പുതിയ രൂപഭാവങ്ങളിൽ വേദികളിൽ അവതരിപ്പിക്കാറുള്ള ന്യൂജെൻ മ്യൂസിക് ബാൻഡുകൾ പോലും 'തിത്തിത്താരാ'യെ തൊട്ടുകളിക്കാൻ മുതിരാറില്ല എന്നോർക്കുക. ആ ഒരൊറ്റ വരിയാണല്ലോ ആ പാട്ടിന്റെ ജീവനും ആത്മാവും.
'കാവാലം ചുണ്ട'ന്റെ റെക്കോർഡിങ്ങിന് രേവതി സ്റ്റുഡിയോയിൽ ചെല്ലുമ്പോൾ പിതാവ് ജോർജുമുണ്ടായിരുന്നു ജോണിനൊപ്പം. കുട്ടനാടുമായി ഹൃദയബന്ധമുള്ള ആളാണ് ജോർജ്. പോരാത്തതിന് സംവിധായകൻ ശശികുമാറിന്റെ അടുത്ത സുഹൃത്തും. സിനിമയിൽ നെഹ്റു ട്രോഫി ജയിച്ചു വരുന്ന കാവാലം ചുണ്ടന് പാടാൻ ചോരത്തുടിപ്പുള്ള ഒരു സംഘഗാനം വേണം. വരികൾ വയലാർ എഴുതിക്കഴിഞ്ഞു. അത് ചിട്ടപ്പെടുത്തി ഗായകരെ പഠിപ്പിക്കുകയാണ് ദേവരാജൻ. പക്ഷേ, പാട്ട് പാടിക്കേട്ടപ്പോൾ ജോർജ് പറഞ്ഞു: 'ഈണം ഗംഭീരം. എന്നാൽ, ഇത് കുട്ടനാട്ടിലെ വള്ളംകളിപ്പാട്ടല്ല. ആറന്മുളക്കാരുടെ പാട്ടാണ്. കുട്ടനാടൻ പാട്ടിന്റെ താളം ഇതല്ല.'
വള്ളംകളിയുടെയും വഞ്ചിപ്പാട്ടിന്റേയും കാര്യത്തിൽ ജോർജിനുള്ള ആധികാരിക ജ്ഞാനത്തെ ഖണ്ഡിക്കാൻ പോയില്ല ദേവരാജൻ മാസ്റ്റർ. കുട്ടനാടിനു മാത്രമായി ഒരു വള്ളംകളിപ്പാട്ട് ഉണ്ടെന്നതുതന്നെ പുതിയ അറിവായിരുന്നു മാസ്റ്റർക്ക്.
എന്നാൽപ്പിന്നെ യഥാർഥ കുട്ടനാടൻ വള്ളപ്പാട്ട് കേൾക്കട്ടെ എന്നായി ദേവരാജൻ. സ്റ്റുഡിയോയിലെ റിഹേഴ്സൽ മുറിയിൽ ഒരു കസേരയിലിരുന്ന് കൈകളുയർത്തി വീശി കാലുകൾ കൊണ്ട് താളമിട്ട് ആവേശപൂർവം പാടുന്ന പിതാവിനെ അത്ഭുതത്തോടെയാണ് താൻ നോക്കിനിന്നതെന്ന് ജോൺ. പ്രായത്തെ വെല്ലുന്ന ജോർജിന്റെ പ്രകടനം ആസ്വദിച്ചവരിൽ വയലാറും ദേവരാജനും ശശികുമാറും സൗണ്ട് എൻജിനീയർ കണ്ണനും എല്ലാമുണ്ടായിരുന്നു. 'ഇടയ്ക്കിടെ ആവർത്തിക്കപ്പെടുന്ന തിത്തിത്താരാ തിത്തിത്തൈ തിത്തൈ തിത്തൈ തകതൈ എന്ന വായ്ത്താരിയായിരുന്നു പാട്ടിന്റെ ഏറ്റവും വലിയ ആകർഷണം. മാസ്റ്റർ അപ്പോൾ തന്നെ അതിന്റെ നൊട്ടേഷനുകൾ കുറിച്ചെടുത്തു. പുതിയ ഈണത്തിന് ഇണങ്ങും വിധം പാട്ടിന്റെ വരികൾ വയലാർ ചെറുതായി മാറ്റിയെഴുതുകയും ചെയ്തു. ഏതാനും നിമിഷങ്ങൾക്കകം പുതിയ പാട്ട് റെഡി',- ജോൺ ഓർക്കുന്നു.
ജോർജ് പാടിക്കൊടുത്ത പാട്ടിന്റെ താളത്തിൽ സ്വന്തം പ്രതിഭാവിലാസം കൂടി അലിയിച്ചു ചേർത്താണ് ദേവരാജൻ മാസ്റ്റർ ആ ഗാനം ചിട്ടപ്പെടുത്തിയത്. എങ്കിലും തിത്തിത്താരാ എന്ന് തുടങ്ങുന്ന വായ്ത്താരി അതേ പടി നിലനിർത്താൻ അദ്ദേഹം ശ്രദ്ധിച്ചു. യേശുദാസും സഹഗായകരും ചേർന്ന് അത് പാടി ഭംഗിയാക്കുകയും ചെയ്തു. റെക്കോർഡിസ്റ്റ് കണ്ണൻ ഉൾപ്പെടെ സ്റ്റുഡിയോയിലുണ്ടായിരുന്ന സകലരും പാട്ടിന്റെ ചടുല താളത്തിനൊത്ത് കൈയടിച്ചുപോയത് സ്വാഭാവികം.
കാവാലം ചുണ്ടനിൽ വേറെയുമുണ്ടായിരുന്നു മനോഹര ഗാനങ്ങൾ. യേശുദാസും കൂട്ടരും പാടിയ ആമ്പൽ പൂവേ അണിയം പൂവേ, പി. സുശീലയുടെ കന്നിയിളം മുത്തല്ലേ എന്നിവ ഓർക്കുക.
ഡിജിറ്റൽ വാദ്യഘോഷത്തിന്റെ അകമ്പടിയോടെ 'കുട്ടനാടൻ പുഞ്ചയിലെ'' എന്ന ഗാനം വേദികളിലും ടെലിവിഷനിലും യൂട്യൂബിലുമെല്ലാം തകർത്തവതരിപ്പിച്ചുകൊണ്ടിരിക്കുന്നു പുതു ഗായകരും ബാൻഡുകളും. വിദ്യ വോക്സിന്റെ കവർ വേർഷനാണു കൂടുതൽ പ്രശസ്തം. കോടിക്കണക്കിനുണ്ട് വിദ്യയുടെ പാട്ടിന് യൂട്യൂബിൽ പ്രേക്ഷകർ. യഥാർഥ സ്രഷ്ടാക്കൾ ആരെന്നറിയാതെ പരമ്പരാഗത വഞ്ചിപ്പാട്ട് എന്ന രീതിയിലാണ് പല ബാൻഡുകളും ഈ ഗാനം അവതരിപ്പിക്കാറുള്ളത് എന്നത് മറ്റൊരു കൗതുകം. സിനിമയിലെ കഥാ സന്ദർഭത്തിന് ഇണങ്ങും വിധം വയലാർ എഴുതിയ ലളിതസുന്ദരമായ വരികളും പാരമ്പര്യത്തിൽ ചുവടുറപ്പിച്ചു നിൽക്കുന്ന ഈണവും കുട്ടനാടിന്റെ സാംസ്‌കാരിക പൈതൃകവുമായി അത്രകണ്ട് താദാത്മ്യം പ്രാപിച്ചതാകാം കാരണം.
ഗാനങ്ങൾ സൂപ്പർഹിറ്റായെങ്കിലും 'കാവാലം ചുണ്ടൻ' സാമ്പത്തികമായി അത്ര വലിയ വിജയമായിരുന്നില്ല. പ്രധാന കാരണം സിനിമയിലെ സംഭാഷണങ്ങളുടെ അവ്യക്തത തന്നെ. ഗാനങ്ങൾക്ക് ഭാഗ്യവശാൽ ആ ഗതികേടുണ്ടായില്ല എന്ന് സാക്ഷ്യപ്പെടുത്തി ജോൺ. 'ചിത്രത്തിന്റെ സെൻസറിങ് കഴിഞ്ഞ ശേഷം റിലീസ് പ്രിന്റുകൾ എടുത്ത് തിയേറ്ററുകൾക്ക് അയക്കാനായി മദ്രാസിൽ എത്തിയതായിരുന്നു ഞാൻ. അന്ന് രാത്രി പടം ആദ്യമായി കണ്ടപ്പോൾ ഞെട്ടിപ്പോയി. നടീനടന്മാരുടെ ശബ്ദം ഒന്നും വ്യക്തമാകുന്നില്ല. അതേസമയം പാട്ടുകൾ സ്ഫുടമായി കേൾക്കുന്നുമുണ്ട്. ഇക്കാര്യം ഞാൻ കൂടെയുണ്ടായിരുന്ന പ്രൊഡക്ഷൻ മാനേജരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. പിറ്റേന്ന് സംവിധായകൻ ശശികുമാറിനെ നേരിൽ കണ്ട് കാര്യം പറഞ്ഞു. പ്രൊഡക്ഷൻ മാനേജരെ വിളിച്ചു വരുത്തി അദ്ദേഹം ക്രോസ് വിസ്താരം നടത്തിയപ്പോഴാണ് കള്ളി വെളിച്ചത്താകുന്നത്. സൗണ്ടിന്റെ ഫൈനൽ മിക്‌സ്ഡ് ട്രാക്ക് ട്രാൻസ്ഫർ ചെയ്തത് സൗണ്ട് നെഗറ്റീവിൽ അല്ല; ഫിലിമിന്റെ പോസിറ്റീവിലായിരുന്നുവത്രേ. 3200 രൂപ ലാഭത്തിനു വേണ്ടി ചെയ്ത കടുംകൈ. അതുവഴി ഉണ്ടായതാകട്ടെ വൻ നഷ്ടവും നാണക്കേടും. മിക്ക റിലീസ് കേന്ദ്രങ്ങളിൽ നിന്നും വന്നു ശബ്ദം വ്യക്തമല്ലെന്ന പരാതി. നല്ലൊരു സിനിമയെ ചില്ലറ ലാഭത്തിനായി കൊല്ലുകയായിരുന്നു അയാൾ.'
ശ്രദ്ധേയമായ വഞ്ചിപ്പാട്ടുകൾ വേറെയും ചിട്ടപ്പെടുത്തിയിട്ടുണ്ട് ദേവരാജൻ മാസ്റ്റർ. പലതും മലയാള സിനിമാ ചരിത്രത്തിലെ ക്ലാസിക്കുകൾ. 'രണ്ടു ലോകം' എന്ന സിനിമക്ക് വേണ്ടി യൂസഫലി കേച്ചേരിയുടെ വരികളിൽ നിന്ന് സൃഷ്ടിച്ച 'വേമ്പനാട്ട് കായലിന്ന് ചാഞ്ചാട്ടം' എന്ന പാട്ട് ഓർക്കുക. പ്രണയവും വിരഹവും കാത്തിരിപ്പുമെല്ലാം പശ്ചാത്തലമായ നൗകാഗീതങ്ങൾ വേറെ. അഷ്ടമുടിക്കായലിലെ അന്നനടത്തോണിയിലെ (മണവാട്ടി), ആകാശപ്പൊയ്കയിൽ ഉണ്ടൊരു പൊന്നും തോണി (പട്ടുതൂവാല), കൈതപ്പുഴ കായലിലെ (ത്രിവേണി), ഒന്നാം മാനം പൂമാനം (ഏണിപ്പടികൾ), ആറന്മുള ഭഗവാന്റെ പൊന്നു കെട്ടിയ ചുണ്ടൻ വള്ളം (മോഹിനിയാട്ടം). ഈ പാട്ടുകളൊന്നും മറക്കാനാവില്ല. കായൽപ്പരപ്പിലൂടെ കാറ്റിന്റെ തഴുകലേറ്റ് ഒഴുകിപ്പോകുന്ന തോണിയുടെ ചാഞ്ചാട്ടം നമ്മെ അനുഭവിപ്പിക്കുന്നു ആകാശപ്പൊയ്കയിൽ എന്ന യുഗ്മഗാനം. തുലാഭാരത്തിലെ കാറ്റടിച്ചു കൊടും കാറ്റടിച്ചു എന്ന ദാർശനിക ഗാനത്തിലും കേൾക്കാം കായലിന്റെ മൗനനൊമ്പരം.
അങ്ങനെ എത്രയെത്ര പാട്ടുകൾ. സിനിമയിൽ വഞ്ചിപ്പാട്ടുകളില്ല ഇപ്പോൾ. നിശബ്ദ ഗദ്ഗദം ഉള്ളിലൊതുക്കി, പാടി തുഴഞ്ഞുപോകുന്ന വിരഹിയായ ആ തോണിക്കാരൻ പക്ഷേ ഇന്നും ഓർമയിലുണ്ട്. തോണി തുഴഞ്ഞ് അയാൾ കടന്നുചെന്നത് മലയാളികളുടെ ഹൃദയങ്ങളിലേക്കാണല്ലോ.
Content Highlights: Veteran film distributor and producer N.G. John, popularly known as Geo Kuttappan, passed away at the age of 90.He had shared the fascinating history behind the legendary Malayalam song 'Kuttanadan Punchayile' from the 1967 film Kavalam Chundan. Originally, Devarajan Master had composed the track in an Aranmula-style rhythm until Geo Kuttappan’s father, N.X. George, demonstrated the authentic Kuttanad boat-rhythm in the studio. Inspired by the live demonstration, Devarajan Master immediately revised the notations and Vayalar slightly tweaked the lyrics to create the iconic "Thittithara Thittithai" track. Geo Kuttappan also revealed how a minor audio-mixing cost-cutting decision damaged the theatrical audio quality and ruined the commercial box-office prospects of Kavalam Chundan.
Published: 19 Aug 2026, 09:36 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented