
സംഗീതത്തിന് മാത്രം നല്‍കാന്‍ കഴിയുന്ന ചില അഭൗമികാനുഭവങ്ങളുണ്ട്. പ്രണയത്തിന്റെ മാധുര്യമോ വിഷാദത്തിന്റെ ആര്‍ദ്രതയോ വിരഹത്തില്‍ അഭയമോ നല്‍കാന്‍ സംഗീതത്തിന് കഴിയും. ആരാഞ്ഞു നിന്നെയെന്നും ആത്മാവിനോട് മാത്രം എന്ന ഗാനശകലം കേൾക്കുന്നയാൾ അറിയാതെ ആലപിച്ചയാളെ തേടിയേക്കാം. കാരണം റഫീഖ് അഹമ്മദിന്റെ സുന്ദരമായ വരികള്‍ക്ക് ഈണമിട്ട്, ഹേമന്തരാത്രി എന്നാരംഭിക്കുന്ന ഗാനം ആലപിച്ചത് വീത് രാഗാണ്. താനൊരു മ്യൂസിക് ലവറാണെന്നാണ് ഇദ്ദേഹത്തിന്റെ സ്വയം വിലയിരുത്തല്‍. മ്യുസീഷനെന്നൊക്കെ പറയുന്നത് കുറച്ച് ഓവറല്ലേ എന്നാണ് വീത് രാഗിന്റെ ചോദ്യം. എന്നാല്‍ കൂടുതലറിയുമ്പോള്‍ വീത് രാഗിനെ ഒരു മ്യൂസിക് ജീനിയസായി അംഗീകരിക്കുമെന്നത് തീര്‍ച്ച.
ബെന്നറ്റിനൊപ്പം, ഈ കൽപ്പടവിലൂടെ ഓഗസ്റ്റ് ക്ലബ് വരെ
2006 ൽ റിലീസായ ഔട്ട് ഓഫ് സിലബസിലെ ഗാനങ്ങൾക്ക് ഈണം പകർന്നാണ് ബെന്നറ്റിനൊപ്പം വീത് രാഗ് ചലച്ചിത്രസംഗീതസംവിധാനരംഗത്തേക്കെത്തിയത്. ഔട്ട് ഓഫ് സിലബസിലെ റഫീഖ് അഹമ്മദിന്റെ വരികളോടൊപ്പം തങ്ങളുടെ ഈണം ചേർത്തു വെച്ച 'ഈ കൽപ്പടവിൽ ഈ മരത്തണലിൽ' എന്നാരംഭിക്കുന്ന ഗാനം ഓർമകളിലെ ക്യാംപസ് കാലത്തിൽ ഇപ്പോഴും പ്രണയം പെയ്യിക്കുന്നുണ്ട്. പിന്നീട് സൂര്യകിരീടം എന്ന ചിത്രത്തിലെ ഗാനങ്ങൾക്കാണ് ബെന്നറ്റും വീത് രാഗും ചേർന്ന് സംഗീതം നൽകിയത്. പിന്നീടെത്തിയത് കരിയറിലെ ബ്രേക്ക് എന്ന് വിശേഷിപ്പിക്കാവുന്ന ഡോ. പേഷ്യന്റിലെ സൂപ്പർഹിറ്റ് ഗാനമാണ്. 'മഴ ഞാനറിഞ്ഞിരുന്നില്ല' എന്ന ഗാനത്തിന്റെ വരികളും ഈണവും ഹരിഹരന്റെ മാസ്മരികാലാപനവും ഗാനത്തെ ശ്രദ്ധേയമാക്കി. 2011 ൽ ഗദ്ദാമയെന്ന കമൽ ചിത്രത്തിലെ ഗാനങ്ങളും ബെന്നറ്റിനൊപ്പം ചേർന്ന് വീത് രാഗ് ഈണമിട്ടു. ഗദ്ദാമയിലെ ഗാനങ്ങൾ ഹിറ്റായിരുന്നു. പിന്നീട് 2012 ൽ ഓഗസ്റ്റ് ക്ലബ് എന്ന സിനിമയിലെ ഗാനങ്ങൾക്ക് സംഗീതമൊരുക്കിയ ശേഷം വീത് രാഗും ബെന്നറ്റും സംഗീതത്തിൽ സ്വതന്ത്രവഴികളിലേക്ക് വേർപിരിഞ്ഞു. ഗദ്ദാമയൊഴികെ, ഈണമിട്ട സിനിമകളിൽ ഗാനങ്ങളാലപിച്ചും വീത് രാഗ് വിസ്മയിപ്പിച്ചു.
ഒരു ഗാനം രണ്ട് പേർ ചേർന്ന് ഈണമിടുമ്പോൾ ഒട്ടേറെ പോസിറ്റീവ് ആംഗിൾസ് ഉണ്ടെന്ന് വീത് രാഗ് പറയുന്നു. മറ്റൊരാള്‍ക്കൊപ്പം പ്രവർത്തിക്കുമ്പോൾ ഇരുവരുടേയും മികച്ചത് പുറത്തെടുക്കാനാവും. പരസ്പരമുളള വിലയിരുത്തലും ഇടപെടലും കൂടുതൽ മെച്ചപ്പെട്ട ഈണങ്ങൾ ഉണ്ടാക്കാൻ സഹായിക്കും. താനോ ബെന്നറ്റോ ഒറ്റയ്ക്കൊരു പാട്ട് ചെയ്യുമ്പോൾ രണ്ടുപേരും ചേർന്ന് ചെയ്യുമ്പോഴുണ്ടാകുന്ന പോലെ വളരെ മികച്ച ഒരു ഗാനം ലഭിക്കില്ലെന്നാണ് വീത് രാഗിന് പറയാനുള്ളത്. രണ്ട് സംഗീതസംവിധായകർ ചേർന്ന് ഒരു ഗാനമൊരുക്കുമ്പോൾ വ്യത്യസ്തമായ രീതിയിലെ ഒരീണം ലഭിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം.
ഈസ്റ്റേണും വെസ്റ്റേണുമെല്ലാം കേൾക്കുന്ന ഗാനങ്ങളിൽ ഇടം പിടിച്ചപ്പോൾ
ഓർമ വെച്ച കാലം മുതൽ ഒപ്പമുണ്ടായിരുന്ന സംഗീതത്തെ കൂടെ കൂട്ടുകയായിരുന്നുവെന്ന് വീത് രാഗ്. ഉമയനല്ലൂര്‍ വിക്രമന്‍ നായരില്‍ നിന്നാണ് കര്‍ണാടകസംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ അഭ്യസിച്ചത്. പിന്നീട് വായ്പ്പാട്ടില്‍ അധികം ഫോക്കസ് ചെയ്യാത്തതിനാൽ മാത്രമാണ് ശാസ്ത്രീയമായി അഭ്യസിക്കാനുള്ള അവസരമുണ്ടായിട്ടും അത് സാധ്യമാവാതിരുന്നത്. എന്നാൽ സംഗീതത്തെ കൂടുതലായി കേൾക്കാനും അറിയാനും ശ്രമിച്ചത് സംഗീതലോകവുമായുള്ള ബന്ധം ശക്തമാക്കി. പല തരത്തിലുള്ള കേൾക്കാനുള്ള അവസരം നഷ്ടപ്പെടുത്താതിരുന്നതിനാൽ സംഗീതത്തിൽ കൂടുതൽ അറിവ് നൽകിയതായി ഇദ്ദേഹം പറയുന്നു. സംഗീതത്തിന് ദേശ-ഭാഷാധിഷ്ഠിത അതിരുകൾ സൃഷ്ടിക്കുന്നത് അർഥമില്ലായ്മയാണ്. ഏതുതരത്തിലുള്ളതായാലും സംഗീതമെന്നത് ഒന്നാണെന്നാണ് വീത് രാഗിന്റെ അഭിപ്രായം. കേൾക്കുന്ന ഗാനങ്ങളിൽ ഈസ്റ്റേണും വെസ്റ്റേണുമെല്ലാം ഇടം പിടിച്ചിരുന്നതിനാൽ സംഗീതത്തിന്റെ വിവിധഭാവങ്ങളും രൂപങ്ങളും മനസിലാക്കുന്നതിനും പിന്നീട് പകർത്തുന്നതിനും സഹായകമായെന്ന് ഇദ്ദേഹം ഓർമിക്കുന്നു. വെസ്റ്റേൺ കലാകാരന്മാരിൽ അക്കാലത്ത് അധികം കേട്ടിരുന്നത് മാർക് നോപ്ഫ്ലർ, ജൂലിയോ ഇഗ് ലേസിയാസ് എന്നിവരാണ്. പിൽക്കാലത്തെ സംഗീതസംവിധാനത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയത് അന്നും ഇന്നും കേട്ടുകൊണ്ടിരിക്കുന്ന സംഗീതമാണെന്നാണ് വീത് രാഗിന്റെ വിലയിരുത്തൽ.
കോളേജ് പഠനകാലത്താണ് ഗസലുകളിലേക്ക് ശ്രദ്ധ ചെന്നെത്തുന്നത്. ഗസലുകളിലെ കാവ്യഭംഗിയും അതിന്റെ സംഗീതവും ഗസലുകളുടെ ആരാധകനാക്കി. ഗസലിന്റെ രചനയിലാരംഭിക്കുന്നു അതിന്റെ പ്രത്യേകത. രചനാപരമായും സംഗീതപരമായും വിവിധ അർഥതലങ്ങൾ ഗസലുകളിൽ നമുക്ക് കണ്ടെത്താനാവുമെന്ന് വീത് രാഗ് പറയുന്നു. ജീവിതത്തിലെ ഏതു സാഹചര്യത്തേയും റിലേറ്റ് ചെയ്യാൻ സാധിക്കുമെന്നതാണ് ഗസലിനോട് ഒരു സംഗീതപ്രേമിയ്ക്ക് അടുപ്പമുണ്ടാകാനുള്ള കാരണം. എല്ലായ്‌പ്പോഴും ഗസലുകളുടെ തണലിലാണ് അഭയം തേടുന്നതെന്ന് പറയുന്നതിനൊപ്പം ഒരു കാലത്ത് ജോലിയിൽ നിന്ന് ലഭിച്ച വരുമാനത്തിന്റെ ഭൂരിഭാഗവും ഗസലുകളുടെ കാസറ്റുകളും സിഡികളും വാങ്ങാനാണ് ഉപയോഗിച്ചതെന്നും തന്റെ സ്വകാര്യസമ്പാദ്യത്തിലെ ഏറ്റവും വില പിടിച്ച സ്വത്തെന്ന് അവയെ വിശേഷിപ്പിക്കുമ്പോഴും ഗസൽ സംഗീതത്തെ ഹൃദയത്തോട് ചേർത്ത് പിടിക്കുകയാണെന്നും വ്യക്തമാക്കുകയാണ് വീത് രാഗ്.
സുഖമോ ദേവി ഔട്ട് ഓഫ് ദ വേൾഡ് ട്യൂൺ, റഫീഖ് ജിയുടെ വരികളിലുണ്ട് സംഗീതം
സംഗീതസംവിധായകരിൽ ജോൺസൺ മാഷിനോട് പ്രത്യേക ഇഷ്ടമുണ്ട്. രവീന്ദ്രൻ മാഷിന്റെ പാട്ടുകളും ഇഷ്ടമാണ്. രവീന്ദ്രന്റെ സുഖമോ ദേവീ...എന്ന ഗാനം എപ്പോൾ കേട്ടാലും ഔട്ട് ഓഫ് ദ വേൾഡ് ട്യൂൺ ആയി തോന്നാറുണ്ട്. സലിൽ ചൗധരിയും വിശാല്‍ ഭരദ്വാജും പ്രിയപ്പെട്ടവരിൽ പെടുന്നു. ഇപ്പോഴുള്ള സംഗീതസംവിധായകരിൽ ഗോപിസുന്ദർ, അൽഫോൻസ്, ബിജിബാൽ പിന്നെ ജസ്റ്റിൻ വർഗീസ്, ആനന്ദ് മധുസൂദനൻ. എല്ലാ സംഗീതസംവിധായകരും മ്യൂസിക്കലി ജീനിയസ് ആണെന്നും എല്ലാവർക്കും അവരവരുടെ കഴിവുകളുണ്ടെന്നും വീത് രാഗ് പറയുന്നു. സംഗീതത്തിൽ പരീക്ഷണത്തിന് മുതിരുന്നവരോട് പ്രത്യേക ബഹുമാനമുണ്ട്. എ ആർ റഹ്മാനും ഹരിഹരനുമാണ് ആദ്യമായി അത്തരത്തിലൊരു ട്രെൻഡ് ഉണ്ടാക്കാൻ മുതിർന്നത്. സംഗീതത്തെ നിശ്ചിതമായ അതിര്‍വരമ്പുകളില്‍ നിന്ന് വിശാലമായ മാനങ്ങളിലേക്കെത്തിക്കാന്‍ റഹ്മാനും ഹരിഹരനും തയ്യാറായി. ഹരിഹരന്റെ സംഗീതത്തോടുള്ള സമീപനം വളരെ ഇഷ്ടമാണ്. ഇപ്പോള്‍ ഹരീഷ് ശിവരാമകൃഷ്ണനും അതേ പാതയിലാണ്. സംഗീതത്തിന്റെ അതിര്‍ത്തി നിശ്ചയിക്കാനും സംശുദ്ധത നിര്‍ണയിക്കാനും ആര്‍ക്കും അധികാരമില്ലെന്ന് ഹരീഷ് പറയുമ്പോള്‍ അതൊരു പോസിറ്റീവായ സംഗതിയായാണ് കാണുന്നത്. ഇത്തരം സമീപനങ്ങൾ ഉൾക്കൊള്ളാൻ ആദ്യം മടിച്ചാലും പിന്നീട് ശ്രോതാക്കൾ അതംഗീകരിക്കാൻ തയ്യാറാവുമെന്ന് വീത് രാഗ് പറയുന്നു. പുതുതലമുറമലയാളഗായകരിൽ ആൻ എമി, വിപിൻ ലാൽ(തൈക്കൂടം ബ്രിഡ്ജ്) എന്നിവരുടെ ആലാപനശൈലി ഇഷ്ടമാണ്.
ചിത്രത്തിന്റെ സംവിധായകനും സുഹൃത്തുമായ വിശ്വനാഥനാണ് ഔട്ട് ഓഫ് സിലബസിൽ സംഗീതസംവിധാനത്തിനായി ക്ഷണിച്ചത്. ആ ചിത്രത്തിലെ ഗാനരചനയ്ക്കായി റഫീഖ് അഹമ്മദിനെ നിർദേശിച്ചതിലൂടെ ലഭിച്ചത് ആത്മബന്ധമുള്ള സുഹൃത്തിനെയാണെന്ന് വീത് രാഗ് ഓർമിക്കുന്നു. പിന്നീട് ബെന്നറ്റിനൊപ്പം സംഗീതം നൽകിയ ചിത്രങ്ങളിലെ ഗാനങ്ങൾ കൂടാതെ ബാക് ദെന്നിലെ ഗാനങ്ങളും റഫീഖ് അഹമ്മദ് എഴുതി. റഫീഖ് അഹമ്മദിന്റെ ഗാനങ്ങൾ ഒരേ സമയം ലിറിക്കലും പൊയറ്റിക്കലുമാണെന്നും രണ്ടു മൂന്ന് വാക്കുകൾ കൂട്ടിച്ചേർത്ത് ആശയത്തിന്റെ ഒരു പ്രപഞ്ചം തന്നെ സൃഷ്ടിക്കാൻ റഫീഖ് ജി യ്ക്ക് സാധിക്കുമെന്നും വീത് രാഗിന്റെ വാക്കുകൾ. സംഗീതത്തേക്കാളുപരി മാനസികമായാണ് റഫീഖ് അഹമ്മദുമായുള്ള അടുപ്പമെന്ന് വീത് രാഗ് പറയുന്നു. റഫീഖ് അഹമ്മദിന്റെ വരികളിൽ നിന്ന് തന്നെ അനായാസമായി സംഗീതം സൃഷ്ടിക്കാനാവുമെന്ന് ആരാധനയോടെ, ബഹുമാനത്തോടെ ഇദ്ദേഹം പറയുന്നു.
ബാക് ദെന്‍ ആല്‍ബത്തിലെ 'ഹേമന്തരാത്രി' എന്നാരംഭിക്കുന്ന ഗാനം കേള്‍ക്കാം
സംഗീതലോകത്തിലെ പുതിയ ട്രെൻഡുകൾ
സിനിമ വളരെ പ്രചാരമുള്ള മാധ്യമമായതിനാൽ സിനിമാസംഗീതത്തിന് ജനങ്ങൾക്കിടയിൽ കൂടുതൽ എത്തിച്ചേരാനാവും. എന്നാൽ ഇപ്പോൾ സ്ഥിതി മാറിയിട്ടുണ്ട്. സോഷ്യൽ മീഡിയയുടെ സ്വാധീനവും ചാനലുകളിലെ സംഗീതാധിഷ്ഠിത പരിപാടികളും സംഗീതമേഖലയിലെ മാറ്റത്തെയും സംഗീതാസ്വാദകരുടെ അഭിരുചിയെയും വളരെ പോസിറ്റീവായി സ്വാധീനിച്ചിട്ടുണ്ട്. സംഗീതത്തിനുള്ളിലെ വേർതിരിവുകൾ മാഞ്ഞു തുടങ്ങിയിട്ടുണ്ട്. മ്യൂസിക് ബാൻഡുകൾക്ക്, പ്രത്യേകിച്ച് കേരളത്തിൽ, മുൻകാലങ്ങളെക്കാൾ പ്രചാരം ലഭിച്ചിട്ടുണ്ട്. തികച്ചും പ്രാദേശികമായ സംഗീതത്തെ മറ്റിടങ്ങളിലെ സംഗീതവുമായി ബന്ധിപ്പിച്ചുള്ള രീതിയും കൂടുതലായി പ്രചരിക്കുന്നു. ആളുകൾ സംഗീതത്തിലെ വ്യതിയാനങ്ങൾ അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു. അതൊരു നല്ല മാറ്റമാണ്. സംഗീതത്തിന് അതിർവരമ്പുകളില്ല എന്ന് രേഖപ്പെടുത്തുന്ന മാറ്റം.
മുമ്പത്തെ പോലെ ഒന്നിച്ച് കുറേ ഗാനങ്ങൾ ചേർത്ത് ആർബമാക്കി പുറത്തിറക്കുന്ന കാലമൊക്കെ മാറി. ഇടയ്ക്ക് ഒന്നോ രണ്ടോ പാട്ടുകൾ യൂട്യൂബ് പോലുള്ള പ്ലാറ്റ് ഫോമിലൂടെ റിലീസ് ചെയ്യാനാണ് ഉദ്ദേശം. റഫീഖ് അഹമ്മദ് രചനയിൽ രണ്ടുമൂന്ന് ഗാനങ്ങൾ അധികം വൈകാതെ പുറത്തിറങ്ങും. കുറച്ചു നാൾ മുമ്പ് ഒരുക്കിവെച്ച പാട്ടുകളിൽ ചിലത് ബാക് ദെൻ എന്ന പേരിൽ റിലീസ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവയും അധികം വൈകാതെ ആരാധകർക്കായി പുറത്തിറങ്ങും. ഉദ്യോഗസംബന്ധമായി ബെംഗളൂരിലാണ് താമസമെങ്കിലും ലൈവ് പ്രോഗ്രാമുകൾക്കായി ഇടയ്ക്ക് നാട്ടിലെത്താറുണ്ട്. കോഴിക്കോട് ഗസൽ പ്രേമികളുടെ പ്രിയ ഗായകരിൽ ഒരാളാണ് വീത് രാഗ്. ബെംഗളൂരു ആസ്ഥാനമായ ഇൻഡസ് ബ്ലൂസ് എന്ന മ്യൂസിക് ബാൻഡിലും സഹകരിക്കുന്നു. പാടുന്നതിനൊപ്പം ഗിറ്റാർ, മാൻഡലിൻ എന്നിവ വായിക്കാറുമുണ്ട്. കൂടാതെ ചില ജിംഗിൾസും, ബാക് ദെന്നിലെ ചില ഗാനങ്ങളും വീത് രാഗ് രചിച്ചു.
ബാക് ദെന്നിലെ 'ഉയിരിലെ' എന്നു തുടങ്ങുന്ന ഗാനം കേള്‍ക്കാം
അവാർഡുകൾ, രാഷ്ട്രീയ-സാമൂഹിക വ്യതിയാനങ്ങൾ- ഇവയെ കുറിച്ചുള്ള നിലപാടുകൾ
അവാർഡുകൾക്കായി ആരും പാട്ടുകൾ ഉണ്ടാക്കുന്നതായി കരുതുന്നില്ലെന്ന് വീത് രാഗ്. അവാർഡുകൾ എപ്പോഴും പോസിറ്റീവ് ഔട്ട്കം ആണുണ്ടാക്കുന്നത്, അത് ലഭിക്കുന്നവർക്കും അല്ലാത്തവർക്കും. അവാർഡ് നിർണയിക്കുന്നവരെ ആശ്രയിച്ചാണ് പലപ്പോഴും ഒരു ഗാനം തിരഞ്ഞെടുക്കപ്പെടുന്നത്. ഒരു ഗാനം അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടാൽ ആ കൊല്ലമിറങ്ങിയ മറ്റ് ഗാനങ്ങൾ മോശമാണെന്നല്ല. മികച്ചത് ഒരെണ്ണം മാത്രമാണ് തിരഞ്ഞെടുക്കാനാവുക. അവാർഡ് ലഭിക്കണമെന്നാഗ്രഹിച്ചു മാത്രം ആരും പാട്ടുകൾ ഉണ്ടാക്കാറില്ല. അത് മാത്രമല്ല, സിനിമാഗാനങ്ങൾ മാത്രം കേൾക്കുന്നതിൽ നിന്ന് മറ്റ് തരത്തിലുള്ള ഗാനങ്ങൾക്കും ജനപ്രിയത ഏറിയിട്ടുണ്ട്. പഴയ സിനിമാഗാനങ്ങളും നാടൻ പാട്ടുകളുമൊക്കെ പുതിയ രീതിയിൽ അവതരിപ്പിക്കുന്നത് ഇപ്പോൾ ആളുകൾക്ക് ഇഷ്ടപ്പെടുന്നുണ്ട്. ചലച്ചിത്രഗാനശാഖയ്ക്കപ്പുറമുള്ള സംഗീതലോകത്തിലേക്ക് ആളുകൾ ചേക്കേറിക്കഴിഞ്ഞു. വീത് രാഗ് പറയുന്നു.
ഇന്ത്യയിലെ നിലവിലെ സാമൂഹിക-രാഷ്ട്രീയ വികാസങ്ങളിൽ കലാകാരനെന്ന നിലയിലെ ആശങ്കയും വീത് രാഗ് പങ്കുവെയ്ക്കുന്നു. സമത്വവും സ്വാതന്ത്ര്യവും ഹനിക്കുന്ന തരത്തിലുള്ള നീക്കം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അത് ഭീഷണിയാണ്. സർക്കാരിന്റെ അത്തരത്തിലുള്ള നയങ്ങൾ രാജ്യത്തിന്റെ ഐക്യത്തെയാണ് ബാധിക്കുക. കേന്ദ്രസർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ നിയമങ്ങൾക്കെതിരെ രാജ്യത്താകമാനം അലയടിക്കുന്ന പ്രതിഷേധങ്ങളില്‍ നിന്ന് വിട്ടുനിൽക്കാനുദ്ദേശിക്കുന്നില്ലെന്ന നിലപാടാണ് ഇദ്ദേഹത്തിന്റേത്.
പരസ്യങ്ങളുടെ സംഗീത സംവിധാനമാണ് എപ്പോഴും ത്രില്ലിങ് ആയിട്ടുള്ളതെന്ന് വീത് രാഗ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഒരു പ്രോഡക്ടിനെ പരിചയപ്പെടുത്തുകയാണ് പരസ്യത്തിലൂടെ ചെയ്യുന്നത്. അതിന് സംഗീതമൊരുക്കുന്നത് വെല്ലുവിളിയാണെങ്കിലും അത് നന്നായി എൻജോയ് ചെയ്യുന്നുണ്ടെന്ന് ഇദ്ദേഹം പറയുന്നു. സംഗീതം പാഷനായതിനാൽ അതിൽ നിന്ന് സാമ്പത്തിക നേട്ടം ആഗ്രഹിക്കാനാവില്ലെന്നും ജോലിക്കിടയിൽ ലഭിക്കുന്ന ഇടവേളകൾ സംഗീതത്തോടുള്ള പ്രണയത്തിനായി മാറ്റി വെക്കാനാണിഷ്ടമെന്നും ഒരു സോഫ്റ്റ് വെയർ കമ്പനിയിൽ ഡോക്യുമെന്റേഷൻ മാനേജരായി പ്രവർത്തിക്കുന്നത് കൊണ്ടാണ് മുഴുവൻനേര സംഗീതപ്രവർത്തകനാകാൻ കഴിയാത്തതെന്ന് വീത് രാഗ് വ്യക്തമാക്കുന്നു. സംഗീതം ഉപജീവനമാർഗമാകുമ്പോൾ സംഗീതത്തോടുള്ള സമീപനത്തിൽ വ്യത്യാസമുണ്ടായേക്കാമെന്ന ആശങ്കയും ഇദ്ദേഹം പങ്കുവെക്കുന്നു.
Published: 21 Jan 2020, 11:20 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented