ശങ്കറിന്റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഇന്ത്യന്‍ 2 വിലെ പ്രണയഗാനം. നീലോര്‍പം എന്ന ഗാനത്തില്‍ സിദ്ധാര്‍ഥും രാകുല്‍ പ്രീത് സിംഗുമാണ് അഭിനയിക്കുന്നത്. അനിരുദ്ധ് രവിചന്ദ്രനാണ് സംഗീതമൊരുക്കിയിരിക്കുന്നത്. അബി വി, ശ്രുതിക സമുദ്രല എന്നിവരാണ് ആലാപനം. താമരയുടേതാണ് വരികള്‍. അനിരുദ്ധ് ഒരുക്കിയ വളരെ വ്യത്യസ്തമായ പ്രണയഗാനമാണിത്.

To advertise here,

തമിഴ്, മലയാളം, കന്നട, തെലുഗു, ഹിന്ദി ഭാഷകളിലാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. സിദ്ധാര്‍ഥ്, എസ്.ജെ സൂര്യ, രാകുല്‍ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കര്‍, കാളിദാസ് ജയറാം, ഗുല്‍ഷന്‍ ഗ്രോവര്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലെത്തുന്നു. 

അന്തരിച്ച നടന്‍ നെടുമുടി വേണു ചിത്രത്തില്‍ ഇന്‍സ്പെക്ടര്‍ കൃഷ്ണസ്വാമി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകത  കൂടിയുണ്ട്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകുന്നതിന് മുന്‍പായിരുന്നു നെടുമുടിയുടെ വിയോഗം. നെടുമുടിയ്ക്ക് പകരം നന്ദു പൊതുവാളാണ് ബാക്കി ഭാഗങ്ങള്‍ അഭിനയിച്ചത്. എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് നന്ദു പൊതുവാളിലൂടെ കൃഷ്ണ സ്വാമിയെ അവതരിപ്പിക്കുന്നത്. 

1996 ല്‍ റിലീസ് ചെയ്ത ഇന്ത്യന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ 2. ഇന്ത്യന്‍ ഗംഭീര വിജയം നേടുകയും ദേശീയ പുരസ്‌കാരത്തിലടക്കം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. കമല്‍ ഹാസന് പുറമേ സുകന്യ, മനീഷ കൊയ് രാള, ഊര്‍മിള മഡ്‌നോദ്കര്‍, കസ്തൂരി, ഗൗണ്ടമണി, തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാനതാരങ്ങള്‍. 1996ലെ ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി കൂടിയായിരുന്നു ഇന്ത്യന്‍. ചിത്രത്തിലെ അഭിനയത്തിലൂടെ കമല്‍ ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം, സംസ്ഥാന പുരസ്‌കാരം, ഫിലിംഫെയര്‍ പുരസ്‌കാരം എന്നിവ ലഭിച്ചു. കൂടാതെ മികച്ച കലാസംവിധാനത്തിന് തൊട്ട തരണി, സ്‌പെഷ്യല്‍ എഫക്ടിസിന് എസ്.ടി വെങ്കി എന്നിവരും പുരസ്‌കാരം നേടി. ലൈക പ്രൊഡക്ഷന്‍സ്, റെഡ് ജയന്റ് എന്നിവയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.