അറബിക് ബീറ്റാണ്
ഖജനാവ് തുറക്കാണ്
കേരളം ഹിറ്റാണ് 
എന്തുപറയാം പൊളിയാണ്....

പൊളിയാണ് റാപ്പര്‍ മര്‍ത്യനും മര്‍ത്യന്റെ ആറ്റിറ്റിയൂഡും..ഈ ലോകത്ത് ഒരു മാറ്റം കൊണ്ടുവരാന്‍ പറ്റുന്ന എന്തെങ്കിലുമുണ്ടെങ്കില്‍ അത് ഹിപ് ഹോപ്പാണെന്ന് പറയുന്ന കലാകാരന്‍..സ്വന്തം ചിന്തകളും തോന്നലുകളും അടിപൊളിയായി അവതരിപ്പിക്കാന്‍ റാപ്പിനല്ലാതെ മറ്റെന്തിന് കഴിയുമെന്ന് ചോദിക്കും മര്‍ത്യന്‍. കേരളത്തിലെ ഹിപ്‌ഹോപ് സംസ്‌കാരത്തെ കുറിച്ചുളള കപ്പ സ്റ്റുഡിയോസിന്റെ സൗത്ത്‌സൈഡ് എന്ന ഡോക്യുമെന്ററി നവംബര്‍ 12-ന് പുറത്തിറങ്ങുന്നതിന്റെ പശ്ചാത്തലത്തില്‍ ഹിപ് ഹോപ് സംസ്‌കാരത്തെ കുറിച്ചും സംഗീത യാത്രയെ കുറിച്ചും റാപ്പര്‍ മര്‍ത്യന്‍ സംസാരിക്കുന്നു

എഴുത്ത് തുടങ്ങിയത് ഫ്രസ്റ്ററേഷനുകളില്‍ നിന്ന് രക്ഷപ്പെടാന്‍

റാപ്പോ മ്യൂസിക്കോ ഫോളോഅപ് ചെയ്യുന്ന ആളല്ലായിരുന്നു ഞാന്‍. 2013-ല്‍ ആദ്യഗാനമെഴുതി. ചില ഫ്രസ്റ്റ്‌റേഷന്‍ ഉണ്ടായിരുന്നു അതില്‍ നിന്ന് പുറത്തുവരാന്‍ എഴുതി തുടങ്ങിയതാണ്. ചെയ്യാത്ത കാര്യത്തിന് കുറ്റപ്പെടുത്തല്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഒരുപാട് അടിച്ചമര്‍ത്തലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. റാപ്പിന് വരികള്‍ എഴുതി തുടങ്ങുന്നത് 2014-ലാണ്. എന്റെ മനസ്സിലുളള കാര്യങ്ങള്‍ പ്രകടിപ്പിക്കണം എന്ന് എന്നെ നിര്‍ബന്ധിതനാക്കിയത് എന്റെ ചുറ്റുപാടുമുളളവരായിരുന്നു. ഞാന്‍ കൂടുതലും ചിത്രംവര, ഡാന്‍സ് ഇതൊക്കെയായിരുന്നു എന്റെ താല്പര്യങ്ങള്‍. നമ്മുടെ സമൂഹത്തില്‍ ചില കാഴ്ചപ്പാടുകള്‍ ഉണ്ടല്ലോ. അങ്ങനെ വന്നപ്പോള്‍ എനിക്ക് സ്വയം ചുരുങ്ങേണ്ടതായി വന്നിട്ടുണ്ട്. പക്ഷേ ജീവിതം എന്നുപറയുന്നത് അങ്ങനെയല്ലല്ലോ.  We need to express our own things and break the threshold..

പാട്ട് കേള്‍ക്കും പാടും ഡാന്‍സ് ചെയ്യും പക്ഷേ റാപ്പര്‍ ആകുമെന്നൊന്നും കരുതിയതല്ല. ഹിപ് ഹോപ് ഒരു മീഡിയം ആണല്ലോ, ഹിപ് ഹോപ് സോഫ്റ്റാകാം, അഗ്രസീവാകാം. ഏത് എനര്‍ജിയും ആകാം. ആദ്യമെഴുതിയത് ഒരുപാട്ടായിരുന്നു ജീവിതമേ... എന്ന പാട്ട്. കോളേജില്‍ നിന്ന് സസ്‌പെന്‍ഷന്‍ കിട്ടി നാട്ടിലെത്തി വീട്ടിലിരിക്കുന്ന സമയത്ത് മൊബൈലില്‍ ഒരു ആപ്പില്‍ വെറുതെ സംഗീതം ചെയ്തുനോക്കി. ഞാനത് ക്രിയേറ്റ് ചെയ്തു എന്ന് മനസ്സിലാക്കിയപ്പോള്‍ കൊളളാമല്ലോ എന്ന് തോന്നി. 

ഒരു രക്ഷപ്പെടലിന് വേണ്ടി ചെയ്തതാണ് ഒരു മെഡിസിന്‍ പോലെയായിരുന്നു. പിന്നെ കൂട്ടുകാരുമൊത്ത് ഗിറ്റാറുമൊക്കെയായി ബീച്ചിലൊക്കെ പോയിരിക്കുന്ന സമയത്ത് നമ്മള്‍ വെറുതെ പാടും. അതൊക്കെ കേട്ട് കുറച്ച് പേര്‍ ചുറ്റും കൂടാന്‍ തുടങ്ങിയപ്പോഴാണ് സംഗതി ആളുകള്‍ക്കിഷ്ടപ്പെടുന്നുണ്ട് എന്ന് മനസ്സിലാകുന്നത്. 

പിന്നീട് 2014 ഒരു ഈവന്റില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. അവിടെ പെര്‍ഫോം ചെയ്തു. അവിടെ നിന്ന് അതിന്റെ കോര്‍ഡിനേറ്റര്‍ വഴി ബെംഗളുവിലേക്ക് ക്ഷണം കിട്ടി. അവിടെ പോയി പെര്‍ഫോം ചെയ്തു. പിന്നീട് പുണെയില്‍ പോയി ചെയ്തു. അതോടെയാണ് ഈ മേഖലയിലേക്ക് ഇറങ്ങാം എന്നുറപ്പിക്കുന്നത്. സത്യം പറഞ്ഞാല്‍ അതൊരു വണ്ടര്‍ഫുള്‍ റൈഡായിരുന്നു. 

2013-ല്‍ എഴുതി തുടങ്ങിയെങ്കിലും 2018-ലാണ് ആദ്യമായി ഞാന്‍ പെര്‍ഫോം ചെയ്യുന്നത്. അത്രകൊല്ലം ഇതേക്കുറിച്ച് പഠിക്കാനുളള ഒരു അവസരം ആയിരുന്നു. സ്റ്റേജില്‍ നിന്നുകൊണ്ട ഒരു കലാകരന്‍ എങ്ങനെയാണ് കാണികളുമായി സംവദിക്കുന്നത്, അവരുടെമായി എങ്ങനെയാണ് ബന്ധം സ്ഥാപിക്കുന്നത്, എന്താണ് സ്റ്റേജ് പ്രസന്‍സ് തുടങ്ങിയ കാര്യങ്ങള്‍.. അടിത്തട്ട് ശക്തമായാലേ നമുക്ക് മുന്നേറാനാകൂ.

Marthyan

റാപ്പും സാമൂഹിക പ്രതിബദ്ധതയും 

മീഡിയയിലൂടെ അവതരിപ്പിക്കുക എന്നതില്‍ കവിഞ്ഞ് റിയല്‍ ലൈഫില്‍ ഇത് ചെയ്തുകാണിക്കുക എന്ന ഒരു സംഭവമുണ്ട്. അതുപോലെ ചുറ്റുപാടും നോക്കാതെ നമ്മള്‍ നമ്മളെ തന്നെ നോക്കി പ്രവത്തിക്കുക എന്നുളളതിലാണ് കാര്യം. സാമൂഹിക മാധ്യമങ്ങളില്‍ തുല്യത, എല്‍ജിബിടിക്യു ഇവയൊക്കെ ചര്‍ച്ച ചെയ്യാറുണ്ട്, പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാറുണ്ട്. പക്ഷേ സ്വന്തം ജീവിതത്തില്‍ ഇതിനെല്ലാം വേണ്ടി ആളുകള്‍ എന്താണ് ചെയ്യാറുളളത്. ഒരു തടസ്സമുണ്ടെങ്കില്‍ അത് ബ്രേക്ക് ചെയ്യാന്‍ നാം ഇറങ്ങി പ്രവര്‍ത്തിക്കണം. 

ലജ്ജാവതിയിലൂടെ കേരളം റാപ്പ് പരിചയപ്പെട്ടപ്പോള്‍ 

ജാസി ഗിഫ്റ്റ് സാര്‍ ഇവിടുത്തെ ട്രാവിസ് സ്‌കോട്ടാണ്. ഹിപ് ഹോപ്പില്‍ ഒരുപാട് കാര്യങ്ങളുണ്ട്. അതില്‍ ഒരു എലമെന്റാണ് അദ്ദേഹം കൊണ്ടുവന്നത്. അതില്‍ അദ്ദേഹം പ്രവര്‍ത്തിക്കുന്ന മേഖലയുടെ സ്വാധീനമുണ്ട്. പക്ഷേ അതുകൊണ്ടുവന്നു എന്നുളളതാണ് പ്രധാനം. ഒറിജിനല്‍, അല്ലെങ്കില്‍ ഓണ്‍ കംപോസിഷന്‍ ചെയ്യുക തുടങ്ങിയ കാര്യങ്ങളെല്ലാം. 

ഹിപ് ഹോപ് എന്നുപറഞ്ഞാല്‍ അടിസ്ഥാനപരമായി അത് ലൈഫ്‌സ്റ്റൈല്‍ ആണ്. ഡിജെയിങ്, റാപ്പ്, ഗ്രാഫിറ്റി അങ്ങനെ കുറേകാര്യങ്ങള്‍ ഉണ്ടല്ലോ. അതെല്ലാം കൂടി വരുന്നതാണ് ഹിപ് ഹോപ് എന്നുളളത്. ഒരു റാപ്പറോ പ്രൊഡ്യൂസറോ മാത്രമല്ല അതിന്റെ പ്രധാന അംഗങ്ങള്‍. Who is ready to bring a change..that is Hip Hop.That is what I believe what is Hip Hop.  ഇന്നത്തെ തലമുറയില്‍ ഉളളവരെല്ലാം വിശാലമായ കാഴ്ചപ്പാടുളളവരാണ്. 

സാമൂഹിക മാധ്യമങ്ങള്‍ വേദിയായപ്പോള്‍

സോഷ്യല്‍ മീഡിയ റാപ്പേഴ്‌സിനെ ഒരുപാട് സഹായിക്കുന്നുണ്ട്. പക്ഷേ അത് കലാകാരന്മാരെ അനുസരിച്ചിരിക്കും. സീസണല്‍ റാപ്പേഴ്‌സ് ഉണ്ട്. തുടക്കം മുതല്‍ റാപ്പേഴ്‌സ് ആയിരുന്നവര്‍ ഉണ്ട്. ഒരു ട്രെന്‍ഡ് വന്നാല്‍ കുറച്ച് റാപ്പ് ചെയ്യാം കുറച്ച് വ്യൂസ് കിട്ടും എന്നുളളവരാണ് സീസണല്‍ റാപ്പേഴ്‌സ്. ഹിപ് ഹോപ്പിന് കേരളത്തില്‍ ഇപ്പോള്‍ പ്രേക്ഷകരുണ്ട്. റാപ്പേഴ്‌സ് അല്ലെങ്കില്‍ അതിനെ പ്രതിനിധീകരിക്കുന്നവരാണ് ഇതിന്റെ തൂണുകള്‍ എന്ന് പറയുന്നത്. പക്ഷേ അവരുതന്നെ ഇതിനെ ചൂഷണം ചെയ്യരുത്. നമ്മള്‍ എപ്പോഴും നമ്മുടെ ആര്‍ട്ടില്‍ ശ്രദ്ധകേന്ദ്രീകരിക്കണം. 

റാപ്പിന് ഇന്നുളള സ്വീകാര്യത

ഞാന്‍ ഇത് അവതരിപ്പിച്ചുതുടങ്ങിയ സമയത്ത് ഇതിനെ ആളുകളിലേക്ക് എത്തിക്കുന്നത് ശ്രമകരമായിരുന്നു. അന്നൊക്കെ വിരലില്‍ എണ്ണാവുന്ന റാപ്പേഴ്‌സേ ഉളളൂ. ഓപ്പണ്‍ മൈക്ക് ഈവന്റുകളാണ് അന്നെല്ലാം ഉണ്ടായിരുന്നത്. 2019 ആകുമ്പോഴേക്കും കുറേകാര്യങ്ങള്‍ മാറിത്തുടങ്ങി. ഇന്ന് മുഖ്യധാരയിലേക്ക് എത്തിക്കഴിഞ്ഞു. അന്നത്തേക്കാള്‍ പിന്തുണ ഈ സംസ്‌കാരത്തിനും ആര്‍ട്ടിനും ലഭിച്ചുതുടങ്ങി. ഇന്ന് 100-200ന് മേലെ ആളുകളുണ്ട്. 

ആനന്ദ് മര്‍ത്യനായത് 

ഞാന്‍ കോഴിക്കോടുകാരനാണ്, പേര് എം.എസ്. ആനന്ദ് രാജ്. അച്ഛന്‍ സേതുരാജ് ദേശീയ ഫുട്‌ബോള്‍ താരമായിരുന്നു. അമ്മ സുനിജ വി.കെ.(റിട്ട. പ്രിന്‍സിപ്പാള്‍, ഐ.ടി.ഐ.). സഹോദരന്‍ അവിനാഷ് രാജ് എം.എസ്.  കലാകുടുംബമാണ് ഞങ്ങളുടേത്. കുടുംബം എന്നെ നല്ലപോലെ സ്വാധീനിച്ചിട്ടുണ്ട്. 

ജോബ് കുര്യന്റെ താളം എന്നൊരു പാട്ടുണ്ട്. ഞാന്‍ കോയമ്പത്തൂരുളള സമയത്താണ് ആ പാട്ട് കേള്‍ക്കുന്നത്. അപ്പോള്‍ തന്നെ അതിലെ മര്‍ത്യന്‍ എന്ന വാക്ക് എനിക്ക് സ്‌ട്രൈക്ക് ചെയ്തു. ആ സമയത്തൊക്കെ ഞാന്‍ എഴുതിതുടങ്ങിയിരുന്നു. പിന്നീട് ഒരു പുസ്തകം വായിച്ചപ്പോഴും അതില്‍ മര്‍ത്യന്‍ എന്നൊരു വാക്ക് വീണ്ടും കണ്ടു. അത് ഒരു ബിബ്ലിക്കല്‍ പേരാണ് പിന്നെ മനുഷ്യന്‍ എന്നാണ് അര്‍ഥം, നശ്വരം എന്നുമുണ്ട്. നാം എന്തൊക്കെയായി മാറിയാലും അടിസ്ഥാനപരമായി ഒരു മനുഷ്യനാണ്. അങ്ങനെയാണ് ആ പേര് സ്വീകരിക്കുന്നത്. 

Rapper

യുവ കലാകാരന്മാരോട് പറയാനുളളത് 

പുതിയ കലാകരന്മാരോട് എനിക്ക് പറയാനുളളത് കുറച്ച് സമയത്തെ ഒരു പൊളിക്ക് വേണ്ടി കാര്യങ്ങള്‍ ചെയ്യാന്‍ നില്‍ക്കരുത്. ഇതുമായി മുന്നോട്ടുപോകാനുളള മനസ്സുവേണം. കാണികള്‍ക്ക് ഇതേ കുറിച്ച് അറിയണമെങ്കില്‍ കലാകാരന്മാര്‍ ഇതേ കുറിച്ച് നല്ല രീതിയില്‍ സംവദിക്കണം. അതാണ് കലാകാരന്റെ കടമ. ഇത് ഒരു ഫണ്‍ പ്ലേ അല്ല. നിങ്ങളുടെ ചുമലുകളില്‍ ഒരുപാട് ഉത്തരവാദിത്തമുണ്ടെന്ന് മറക്കരുത്. ഈ കലാരൂപത്തിന് സമൂഹത്തില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ സാധിക്കും. അതുകൊണ്ട് നിങ്ങളുടെ കാഴ്ചപ്പാട് ശരിയായി എക്‌സ്പ്രസ് ചെയ്യൂ. 

ഒരു നിമിഷത്തിന്റെ സന്തോഷത്തിന് വേണ്ടി ട്രാക്ക് ഇറക്കി ലൈക്കും ഷെയറും കിട്ടുന്നതല്ല ഹിപ് ഹോപ്. ബ്രോ ഒന്നു സപ്പോര്‍ട്ട് ചെയ്യൂ എന്നുപറഞ്ഞഅ ലിങ്ക് എല്ലാം അയക്കും അതെന്തിനാണ് 
ഇഷ്ടമാകുന്നുണ്ടെങ്കില്‍, ക്വാളിറ്റി ഉളള കണ്ടന്റാണ് എങ്കില്‍ ആളുകള്‍ അത് കേള്‍ക്കും ഷെയര്‍ ചെയ്യും. അതാണ് നിങ്ങള്‍ക്ക് സംഭവിക്കുന്ന നല്ല കാര്യം. 

ഒരാളുടെ അപ്രൂവലിന് അല്ലെങ്കില്‍ ഒരാളെ ഇഷ്ടപ്പെടുത്താന്‍ വേണ്ടിയല്ല നാം ഒന്നും ചെയ്യേണ്ടത്.അല്ലെങ്കില്‍ ഒരാളുടെ അംഗീകാരം കിട്ടുന്നതിന് വേണ്ടിയല്ല നാം ഇത് ചെയ്യുന്നത്. We are expressing our way of living and vision in life.. നമ്മുടെ അടുത്തേക്ക് കാണികളെ കൊണ്ടുവരികയാണ് വേണ്ടത്. If you focus in your craft, then the world will come to you.. അതാണ് ഞാന്‍ വിശ്വസിക്കാറുളളത്. 

മറ്റൊരുകാര്യം കൂടി എനിക്ക് പറയാനുണ്ട്. പല കലാകാരന്മാര്‍ക്കും അത് ഏത് മേഖലയില്‍ ഉളളവരുമായിക്കൊളളട്ടേ  മികച്ച പ്രതിഫലം ലഭിക്കാത്ത ഒരു വിഷയമുണ്ട്. ഇത് പരിഹരിക്കാന്‍ ഒരു നിയമം കൊണ്ടുവരാന്‍ അധികൃതര്‍ക്ക് സാധിക്കുമോ? അതായത് ഒരു മാര്‍ജിനല്‍ റേറ്റ് ഫിക്‌സ് ചെയ്യുക..കൂടുതല്‍ താരമൂല്യമുളളവര്‍ അതിനേക്കാള്‍ ഉയര്‍ന്നത് വാങ്ങിക്കൊളളട്ടേ. പക്ഷേ അല്ലാത്തവര്‍ക്ക് അതില്‍ താഴെ ലഭിക്കാതിരിക്കാന്‍ ഒരു മാര്‍ഗമെന്ന നിലയില്‍ ഒരു നിയമം കൊണ്ടുവരാന്‍ സാധിക്കുകയാണെങ്കില്‍.. കാരണം ഒരുപാട് കലാകാരന്മാരുണ്ട്. പ്രതിസന്ധിയില്‍ അവര്‍ കലയെ ഉപേക്ഷിക്കുകയാണ്. കലയാണ് ജനങ്ങള്‍ക്ക് സന്തോഷവും സമാധാനവും നല്‍കുന്നത് എന്ന കാര്യം മറക്കരുത്. 

ഭാവി പ്രൊജക്ടുകള്‍

പുതിയ പ്രൊജക്ട് വരുന്നുണ്ട്. നാലഞ്ചുമാസമായി അതിന്റെ പിറകേയാണ് ഞാന്‍. എന്റെ ആല്‍ബം പുറത്തിറക്കാനുളള ശ്രമത്തിലാണ് ഞാന്‍. അതിന്റെ പ്രോസസിന്റെ മുന്നേയുളള തയ്യാറെടുപ്പിലാണ്. ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്. അതിന് വേണ്ടിയുളള ഒരു യാത്രയിലാണ്. 

സൗത്ത്‌സൈഡ് ഡോക്യുമെന്ററി

കപ്പ സ്റ്റുഡിയോസിന്റെ ഹിപ് ഹോപ് സംസ്‌കാരത്തെ കുറിച്ചുളള ഡോക്യുമെന്ററി തീര്‍ച്ചയായും വലിയൊരു കാര്യമാണ്. ഡോക്യുമെന്ററി നല്ലൊരു ഉണര്‍വ് നല്‍കും. ഹിപ് ഹോപ് കള്‍ച്ചറിനെ കുറിച്ച് കേരളത്തില്‍ ഇത്തരത്തില്‍ ആഴമേറിയ ഒരു ഡോക്യുമെന്ററി ചിലപ്പോള്‍ ആദ്യമായിരിക്കും. 

Content Highlights: Hip Hop Culture in Kerala - Rapper Marthyan Interview