ന്യൂയോർക്ക്: ഹിപ്ഹോപ്പ് സംഗീതശാഖയുടെ തുടക്കക്കാരിൽ ഒരാളായ ആഫ്രിക്ക ബംബാതാ (68) പ്രോസ്റ്റേറ്റ് അർബുദബാധയെത്തുടർന്ന് അന്തരിച്ചു. രാഷ്ട്രീയംപറയുന്ന, ചടുലതാളവുമുള്ള ഹിപ്‌പോപ്പിനെക്കുറിച്ച് ആഗോളതലത്തിൽ അവബോധമേകുന്ന യൂണിവേഴ്സൽ സുലു നേഷൻ എന്ന കൂട്ടായ്മയുടെ സ്ഥാപകനാണ്. 1982-ൽ ‘പ്ലാനെറ്റ് റോക്ക്’ എന്ന ആൽബത്തിലൂടെയാണ് ബംബാതാ ആഗോളശ്രദ്ധനേടിയത്. ബംബാതായ്ക്ക് ‘ഹിപ്ഹോപ്പിന്റെ തലതൊട്ടപ്പൻ’ എന്നു പേരുണ്ട്.
1957-ൽ ന്യൂയോർക്ക് നഗരപ്രാന്തത്തിലുള്ള സൗത്ത് ബ്രോൺക്സിലാണ് ബംബാതായുടെ ജനനം. ലാൻസ് ടെയ്‌ലർ എന്നാണ് യഥാർഥനാമം. കറുത്തവർഗക്കാരുടെ പൗരാവകാശങ്ങൾക്കായി സമരം നടക്കുന്ന കാലമായിരുന്നു അത്. ബംബാതായുടെ ചെറുപ്പകാലത്ത് സാമ്പത്തിക അവഗണനയുടെ ദുരന്തമനുഭവിക്കുകയായിരുന്നു ന്യൂയോർക്ക് നഗരപരിസരം. ജമൈക്കൻ-ബാർബീഡിയൻ പാരമ്പര്യമുള്ള ബംബാതായുടേതും ഇത്തരമൊരു കുടുംബ പശ്ചാത്തലമായിരുന്നു. പക്ഷേ, നന്നേ ചെറുപ്പത്തിലേ അമ്മയുടെ പക്കലുള്ള വിനൈൽ റെക്കോഡ് ശേഖരം അദ്ദേഹത്തിൽ സംഗീതം നിറച്ചു. പഴയഗാനങ്ങൾ തൻറേതായ പരിഷ്കാരങ്ങളോടെ വീട്ടുപരിസരങ്ങളിലെ കൂട്ടായ്മകളിൽ ആലപിച്ച് 1970-കളിൽ അദ്ദേഹം സംഗീതലോകത്തേക്കുവന്നു. ഹിപ്‌ഹോപ്പിന്റെ പിതാവെന്നു വിളിക്കപ്പെടുന്ന കൂൾ ഹെർക്കിന്റെ സൃഷ്ടികൾ അദ്ദേഹത്തെ പ്രചോദിപ്പിച്ചു. 1973-ൽ ബംബാതാ സുലു നേഷൻ സ്ഥാപിച്ചു. ദക്ഷിണാഫ്രിക്കൻ വംശപാരമ്പര്യംപേറുന്ന ആ പേരിന് സാർവത്രികസ്വഭാവം നൽകാൻ പിന്നീട് യൂണിവേഴ്സൽ സുലു നേഷൻ എന്നു പരിഷ്കരിച്ചു.
ഹിപ്ഹോപ്പ് ലോകത്ത് ആരാധ്യനായിരുന്ന ബംബാതായുടെ കീർത്തിക്ക് സമീപകാലത്ത് മങ്ങലേറ്റു. ബാല്യകാലത്ത് അദ്ദേഹം തങ്ങളെ ലൈംഗികമായി ഉപദ്രവിച്ചെന്നു പറഞ്ഞ് ഒട്ടേറെപ്പേർ രംഗത്തെത്തി. ആരോപണം ആദ്യം അദ്ദേഹം നിഷേധിച്ചെങ്കിലും 2016-ൽ യൂണിവേഴ്സൽ സുലു നേഷൻ പൊതുമാപ്പു പറഞ്ഞു. ബംബാതായുടെ ലൈംഗികചൂഷണത്തെക്കുറിച്ച് അറിയാമായിരുന്നെങ്കിലും മറച്ചുവെച്ചതിനായിരുന്നു മാപ്പുപറച്ചിൽ.
Content Highlights: Death of hip-hop pioneer Afrika Bambaataa at age 68. Founder of the Universal Zulu Nation and architect of the hip-hop movement. Impact of the 1982 album 'Planet Rock' on global music culture. Overview of his early life in South Bronx and musical influences. Contextualization of his complex legacy, including historical abuse allegations
Published: 11 Apr 2026, 08:20 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented