മുംബൈ: ഭയം കൊണ്ട് തന്റെ സന്ദേശമോ സംഗീതയാത്രയോ തടയാനാകില്ലെന്ന് പറഞ്ഞ് ഗായകൻ ദിൽജിത്ത് ദൊസാഞ്ച്. ആളുകളെ ഭയപ്പെടുത്തി പരിപാടിയിൽ നിന്ന് അകറ്റിനിർത്തുകയാണ് തന്റെ പരിപാടിക്കെതിരെ ഉയർന്ന ഭീഷണിക്ക് പിന്നിലുള്ളവരുടെ ലക്ഷ്യമെന്നും ദിൽജിത്ത് പറഞ്ഞു. 'ഔറ ഇന്ത്യ ടൂർ 2026'-ന്റെ ഭാഗമായി മുംബൈ മഹാലക്ഷ്മി റേസ് കോഴ്‌സിൽ നടന്ന പരിപാടിയിലാണ് ഗായകൻ ഭീഷണികൾക്കെതിരെ തുറന്നടിച്ചത്. പരിപാടിയുടെ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയ മുംബൈ പൊലീസിന് നന്ദി പറഞ്ഞ ദിൽജിത്, ആരാധകരുടെ പിന്തുണയെയും പ്രശംസിച്ചു. ദിൽജിത്ത് തന്നെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
'ദിൽജിത്തിന്റെ ഷോ ബോംബ് വെച്ച് തകർക്കണമത്രേ, കൊള്ളാം. ആളുകളെ ദിൽജിത്തിന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയുക, അവരെ ഭയപ്പെടുത്തുക, ഭീഷണിപ്പെടുത്തി ഏതുവിധേനയും പരിപാടി മുടക്കുക-ഇതാണ് അവരുടെ ഏക ലക്ഷ്യം. എന്റെ സ്‌നേഹം ഞാൻ നിങ്ങൾക്ക് അയക്കുന്നു. വേണമെങ്കിൽ ബോംബ് എറിഞ്ഞോളൂ, പക്ഷേ എന്റെ ഭാഗത്തുനിന്ന് നിങ്ങൾക്ക് സ്‌നേഹം മാത്രമേ ലഭിക്കൂ' - ദിൽജിത് പറഞ്ഞു.
'ഞാൻ പാടുന്നത് ഗ്രാമത്തിന്റെ പാട്ടുകളാണ്. ഞാൻ വരുന്നത് ഒരു ഗ്രാമത്തിൽ നിന്നാണ്. എന്റെ പാട്ടുകളൊന്നും നിങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ പോലും എന്റെ ഗ്രാമത്തിലെ മണ്ണിന്റെ ഗന്ധം തീർച്ചയായും നിങ്ങൾക്ക് അനുഭവിക്കാനാകും. പലരും പുറത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് എനിക്കറിയാം. പൊലീസ് പ്രയാസകരമായ സാഹചര്യത്തിലാണെങ്കിലും, അകത്തേക്ക് കടത്തിവിടുന്നതിന് മുൻപ് എല്ലാവരെയും കൃത്യമായി പരിശോധിക്കുന്നുണ്ടെന്ന് അവർ ഉറപ്പാക്കുന്നുണ്ട്. ഒരുപാട് നന്ദി, മുംബൈ പൊലീസിന് വലിയൊരു നന്ദി.'
ദിൽജിത് ദൊസാഞ്ചിന്റെ മുംബൈ സംഗീതനിശയ്ക്ക് തലേദിവസം ഭീഷണി ഇമെയിൽ ലഭിച്ചതിനെത്തുടർന്ന് സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. മേയർ ഋതു താവ്ഡെക്കും മുനിസിപ്പൽ കമ്മീഷണർ അശ്വിനി ഭിഡെയ്ക്കുമാണ് സന്ദേശം ലഭിച്ചത്. മേയറുടെ ഓഫീസ്, അമിതാഭ് ബച്ചന്റെ 'ജൽസ' ബംഗ്ലാവ് തുടങ്ങി മുംബൈയിലെ വിവിധ ഇടങ്ങളിൽ ബോംബ് സ്‌ഫോടനം നടത്തുമെന്നായിരുന്നു മുന്നറിയിപ്പ്.
ഖാലിസ്ഥാനെ അനുകൂലിക്കുന്ന മുദ്രാവാക്യങ്ങളും 1984-ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചുള്ള പരാമർശങ്ങളും ഭീഷണി ഇമെയിലിൽ ഉണ്ടായിരുന്നതായി പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അയച്ചയാളുടെ യഥാർത്ഥ പേരിന് പകരം 'ഖാലിസ്ഥാൻ നാഷണൽ ആർമി', 'ബബ്ബർ ഖൽസ (പർമാർ-കാനഡ)' എന്നീ രണ്ട് സംഘടനകളുടെ പേരുകളും സന്ദേശത്തിലുണ്ടായിരുന്നു.
മുംബൈയിലെ പരിപാടിക്കുശേഷം 'ഔറ ഇന്ത്യ ടൂർ 2026'-ന്റെ അടുത്ത ഘട്ടത്തിനായി ദിൽജിത് ദൊസാഞ്ച് നവംബർ 29-ന് ബംഗളൂരുവിലെത്തും. തുടർന്ന് ഡിസംബർ 5-ന് ലഖ്നൗവിലും, ഡിസംബർ 12-ന് ചണ്ഡീഗഡിലും, ഡിസംബർ 19-ന് കൊൽക്കത്തയിലും പരിപാടികൾ അവതരിപ്പിക്കും. ഡിസംബർ 31-ന് അബുദാബിയിൽ നടക്കുന്ന സമാപന ഷോയോടെയാണ് പര്യടനം അവസാനിക്കുക.
Content Highlights: Diljit Dosanjh faced a bomb threat prior to his Mumbai concert during the Aura India Tour 2026., The singer fearlessly addressed the threats on stage, spreading a message of love., Mumbai Police ensured strict security and screening at the venue., The threat email also mentioned Khalistani references and targets across Mumbai., The Aura India Tour 2026 continues to upcoming cities like Bengaluru, Lucknow, and Chandigarh.
Published: 28 Nov 2026, 02:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented