ആശ ഭോസ്‌ലെയുടെ ശബ്ദസാധ്യതകളെ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തിയത് അവരുടെ ഭർത്താവായ ആർ.ഡി. ബർമനായിരുന്നു. ദശാബ്ദങ്ങൾ നീണ്ട കരിയറിനിടെ ഗാനശാഖയുടെ ഏതാണ്ട് എല്ലാഭാവരാഗാദികളും ആശാ ഭോസ്‌ലെ ആലാപനമികവോടെ ഉജ്വലമാക്കിയിട്ടുണ്ട്. ഗസലിന്റെ മാസ്മരിക ഭാവരാഗധാരയിൽ സദസ്സിനെ ലയിപ്പിച്ച അതേ നിപുണതയോടെയാണ് കാബറെ ഗാനം പാടി മാദകത്വത്തിന്റെ ലഹരിയിൽ യുവതലമുറയെ മുക്കിയത്. പഞ്ചം എന്ന് ഓമനപ്പേരിലറിയപ്പെടുന്ന ഭർത്താവ് ആർ.ഡി. ബർമൻ ഈണിട്ടതാണ് ഇതിലേറെയും. ആർ.ഡി. ബർമൻ, ആശയ്ക്കു മാത്രമായി സൃഷ്ടിച്ച നിരവധി ഗാനങ്ങൾ ഇന്ത്യൻ സിനിമയിലെ ഐതിഹാസിക ഗാനങ്ങളാണ്.

To advertise here,

തന്നെ സംബന്ധിച്ച് നടന്ന ഏറ്റവും നല്ലകാര്യം, പഞ്ചമുമായുള്ള (ആർ.ഡി. ബർമൻ) വിവാഹമാണെന്ന് മുമ്പ് 'മാതൃഭൂമി'ക്ക് നൽകിയ അഭിമുഖത്തിൽ ആശ ഭോസ്‌ലെ പറഞ്ഞിരുന്നു. 'അതൊരു ആദ്യദർശനത്തിൽ സംഭവിച്ച പ്രേമത്തെത്തുടർന്നുള്ള വിവാഹമായിരുന്നില്ല. അതുനടക്കുമ്പോൾ ഞാനൊരു കൗമാരക്കാരിയായിരുന്നില്ല. പരസ്പരം ഞങ്ങൾക്ക് ഞങ്ങളെ ആവശ്യമായിരുന്നു. ലൈംഗികതയായിരുന്നില്ല പഞ്ചമുമായുള്ള വിവാഹത്തിന് എന്നെ പ്രേരിപ്പിച്ചത്. അദ്ദേഹം വളരേ അക്ഷോഭ്യനായിരുന്നു. ജോലിക്കുവേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്', അവർ കൂട്ടിച്ചേർത്തു.

ആശ ഭോസ്‌ലെയിലെ 'ഭോസ്‌ലെ' എന്ന പേര് അവരുടെ ആദ്യഭർത്താവ് ഗണപത് റാവു ഭോസ്‌ലെയിൽ നിന്നാണ്. മൂന്നു മക്കൾ ഈ ബന്ധത്തിലുണ്ട്. ഒരുപാട് വിഷമങ്ങൾ അവർക്ക് ഈ ദാമ്പതൃത്തിൽ അനുഭവിക്കേണ്ടി വന്നു. ക്ലേശകരമായ ദാമ്പത്യം അവസാനിച്ചത് 1960-ലാണ്. 20 വർഷത്തിനുശേഷമാണ് ആർ.ഡി. ബർമൻ അവരുടെ ജീവിതയാത്രയിൽ കൂടെ ചേരുന്നത്.

ഒരു വൈകുന്നേരം ഹൂഗ്ലി നദിക്കരയിൽ അലസമായി അവരൊരുമിച്ചു ഉലാത്തുകയായിരുന്നു. സന്ധ്യ മയങ്ങാറാകുമ്പോൾ ഇളംകാറ്റിനൊപ്പം തോണിക്കാരുടെ പാട്ടും കേൾക്കാനായി. 'ആശാ, നമ്മൾ പോകുന്നു. എനിക്കൊരു ട്യൂൺ കിട്ടി' എന്ന് അദ്ദേഹം പറഞ്ഞു. ആ ട്യൂൺ ആണ് 'ദോ ലഫോം കീ ഹേ ദിൽ കി കഹാനി' എന്ന ഗാനമായിത്തീർന്നത്. 'പഞ്ചം' എന്ന് ആശ വിളിച്ചിരുന്ന ആർ.ഡി. ബർമനുമായുള്ള സംഗീതബന്ധത്തെക്കുറിച്ച് ആശ അവരുടെ ജീവചരിത്രകാരനോട് പറഞ്ഞിട്ടുണ്ട്. 'ഞങ്ങൾ മണിക്കൂറുകളോളം പാട്ടു കേട്ടിരിക്കും. ബിസ്മില്ലാ ഖാനും ബീറ്റിൽസും ഒക്കെ രാവേറുംവരെ ഞങ്ങൾ കേട്ടിരുന്നു. വിശാലവീക്ഷണത്തോടു കൂടിയുള്ള സംഗീതാസ്വാദനമായിരുന്നു ഞങ്ങളുടേത്.'

'ദം മാരോ ദം' (ഹരേ രാമ ഹരേ കൃഷ്ണ), 'ചുരാലിയ' (യാദോം കി ബാരാത്ത്) തുടങ്ങിയ സൂപ്പർഹിറ്റ് ഗാനങ്ങളിലൂടെ ആശയെ 1970-കളിലെ ഇന്ത്യൻ യുവതയുടെ ആവേശമാക്കി വളർത്തിയ അതേ ആർ.ഡി. തന്നെയാണ് '80-കളിൽ എക്കാലത്തെയും മികച്ച കാവ്യഗീതികളിലൊന്ന് അവർക്ക് സമ്മാനിച്ചതും. 'ഇജാസത്തി'ലെ 'മേരാ കുപ്പ് സാമാൻ.' ഗുൽസാർ ആ പാട്ടിന്റെ വരികളെഴുതിക്കൊടുത്തപ്പോൾ ഇതിലും ഭേദം ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്റോറിയൽ ചിട്ടപ്പെടുത്തുകയാണ് എന്നുപറഞ്ഞു പിണങ്ങിപ്പോയതാണ് ആർ.ഡി. 'എന്നാൽ, ആദ്യ വായനയിൽത്തന്നെ എനിക്ക് ആ വരികൾ വല്ലാതെ ഇഷ്ടപ്പെട്ടു', ആശയുടെ ഓർമ. 'പല്ലവി അപ്പോൾ തോന്നിയപോലെ വെറുതേ ഒന്ന് മൂളി നോക്കി ഞാൻ. അത് കേട്ടതും പഞ്ചംദായുടെ പരിഭവം അതിന്റെ പാട്ടിനുപോയി. ആ പ്രചോദനത്തിൽ നിന്നാണ് 'മേരാ കുച്ഛ് സാമാൻ' എന്ന പാട്ടുണ്ടായത്; വെറും പതിനഞ്ചു മിനിറ്റിനുള്ളിൽ...' 1987-ലെ ദേശീയ അവാർഡ് ആശയെ തേടിയെത്തിയത് ഈ മനോഹരമായ ഗസലിന്റെ പേരിലാണ്.

പിന്നണിഗായികയാവാൻ ആശയെ പ്രോത്സാഹിപ്പിച്ചത് ആദ്യഭർത്താവ് ഗൺപത്റാവു ഭോസ്‌ലെയായിരുന്നു. ആദ്യവിവാഹത്തെക്കുറിച്ച് ആശ മാതൃഭൂമിയോട്: 'നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും അദ്ദേഹവുമായുള്ള വിവാഹം നടക്കുമ്പോൾ എനിക്ക് 13- 14 വയസ്സുമാത്രമായിരുന്നു. അദ്ദേഹം അന്ന് റേഷനിങ് ഇൻസ്പെക്ടറായി ജോലിചെയ്യുകയായിരുന്നു. വീട്ടുകാർ പറഞ്ഞുറപ്പിച്ച ബന്ധമായിരുന്നു അത്. പ്രേമം എന്താണെന്നുപോലും എനിക്ക് അന്ന് അറിയില്ലായിരുന്നു. എനിക്ക് പതിനഞ്ചുവയസ്സുള്ളപ്പോഴാണ് ആദ്യമകൻ ഹേമന്ത് ജനിക്കുന്നത്. ആ പ്രായത്തിലെ എന്റെ വിവാഹത്തെ ഞാൻ ആക്സിഡന്റ് എന്നാണ് വിശേഷിപ്പിക്കുന്നത്'.