സ്ട്രീറ്റ് അക്കാദമിക്‌സ്, കേരളത്തിൽ നിന്ന് ഇന്ത്യയൊട്ടാകെ ശ്രദ്ധ പിടിച്ചുപറ്റിയ ആദ്യ ഹിപ് ഹോപ് സംഘം. ഗാനങ്ങളിലൂടെ സാമൂഹിക വിഷയങ്ങളിലുളള തങ്ങളുടെ നിലപാട് വ്യക്തമായി അവതരിപ്പിക്കുന്നതാണ് സ്ട്രീറ്റ് അക്കാദമിക്‌സിനെ മറ്റു ബാൻഡുകളിൽ നിന്ന് വ്യത്യസ്തരാക്കുന്നത്. ആർ. ജെ. വി. ഏണസ്റ്റോ (പകർച്ചവ്യാധി), ഹാരിസ് സലീം (മാപ്ല), അംജദ് നദീം (അസുരൻ) വിവേക് രാധാകൃഷ്ണൻ (v3k ) എന്നിവരാണ് സ്ട്രീറ്റ് അക്കാദമിയിലെ അംഗങ്ങൾ.. കപ്പ സ്റ്റുഡിയോസിന്റെ ഹിപ് ഹോപ് കൾച്ചറിനെ കുറിച്ചുളള സൗത്ത്‌സൈഡ് എന്ന ഡോക്യുമെന്ററി നവംബർ 12 ന് റിലീസാകുന്നതിന്റെ പശ്ചാത്തലത്തിൽ മാതൃഭൂമി ഡോട് കോമിനോട് സംസാരിക്കുകയാണ് സ്ട്രീറ്റ് അക്കാദമിക്‌സ് അംഗങ്ങളിലൊരാളായ വിത്രികെ എന്ന വിവേക്. കുട്ടിക്കാലത്തുതന്നെ പാട്ടിനോടും ഡാൻസിനോടും അതീവതാല്പര്യമുണ്ടായിരുന്ന വിവേക് 16-ാം വയസ്സിൽ ഡിജെ ആയിക്കൊണ്ടാണ് സംഗീത രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. വിവേകിന്റെ സംഗീത യാത്രയെ കുറിച്ചറിയാം 

16-ാം വയസ്സിൽ ഡിജെ, തുടക്കം എളുപ്പമായിരുന്നില്ല

ചെറുപ്പം മുതൽ മ്യൂസിക്കിനോടും ഡാൻസിനോടും മറ്റു കലാരൂപങ്ങളോടും താല്പര്യമുണ്ടായിരുന്നു. ഞാൻ ചെറുപ്പത്തിൽ ഡാൻസറായിരുന്നു. ഡാൻസ് ചെയ്യാൻ വേണ്ടി പാട്ടുകൾ മിക്സ് ചെയ്താണ് തുടക്കം. പിന്നീട് കംപ്യൂട്ടർ വന്നപ്പോൾ സോഫ്റ്റ് വെയറിൽ ചെയ്യാൻ പഠിച്ചു. അങ്ങനെ ഹൈസ്‌കൂൾ കാലഘട്ടത്തിൽ തന്നെ സോഫ്റ്റ് വെയറിൽ പാട്ട് എഡിറ്റ് ചെയ്യാനും റിമിക്സ് ചെയ്യാനും പഠിച്ചു. പത്താംക്ലാസ് മുതൽ  മ്യൂസിക് അല്ലെങ്കിൽ എന്റർടെയ്ൻമെന്റ് ഫീൽഡിൽ ആയിരിക്കും എന്ന് എന്റെ മനസ്സിലുണ്ട്. ക്രിയേറ്റീവ് ആയ ഫീൽഡിൽ എനിക്കേറ്റവും കംഫർട്ടബിൾ മ്യൂസിക് പ്രൊഡക്ഷനാണ്.

പന്ത്രണ്ടാംതരം കഴിഞ്ഞപ്പോൾ ഞാൻ ഓഡിയോ എൻജിനീയറിങ് പഠിക്കാൻ പോയി. അതിനുശേഷം സ്വന്തമായി ഒരു ആൽബം ചെയ്താലോ എന്ന ആലോചന വന്നു. 2010-ലാണ് അത്തരമൊരു ചിന്ത വന്നത്. 2012 ആയപ്പോഴേക്കും ഞാൻ psycle Edukk  എന്ന ആൽബം ചെയ്തു. അതിൽ എട്ടുപാട്ടുകളാണ് ഉണ്ടായിരുന്നത്. കേരളത്തിലെ ആദ്യകാല ഇലക്ട്രോണിക് മ്യൂസിക്കുകളിൽ ഒന്നായിരുന്നു അത്. ഹിപ് ഹോപ്, ഡബ്സ്റ്റെപ് തുടങ്ങിയ ജോണറുകൾ നമ്മുടെ നാടൻ പാട്ടിനോട് മിക്സ് ചെയ്ത ആൽബം. മധു ബാലകൃഷ്ണൻ, ഡോ.ഭവ്യ തുടങ്ങിയവരാണ് ഉൾപ്പടെയുളളവരാണ് ആൽബത്തിൽ സഹകരിച്ചിരുന്നത്. ആദ്യ ആൽബം ചെയ്തപ്പോൾ മാർക്കറ്റിങ്ങിനെ കുറിച്ച് ഒരു ധാരണയുമുണ്ടായിരുന്നില്ല. ആ സമയത്ത് പല മ്യൂസിക് കമ്പനികളെയും സമീപിച്ചെങ്കിലും ഇത്തരം ഗാനങ്ങൾ അംഗീകരിക്കാൻ സാധിച്ചില്ല. അന്ന് കൂടുതലും സിനിമാഗാനങ്ങളോടും ലവ് സോങ്ങുകളോടുമായിരുന്നു അക്കാലത്ത് എല്ലാവർക്കും പ്രിയം. അവർക്കത് റിലേറ്റ് ചെയ്യാൻ പറ്റിയില്ല. അതോടെ സ്വന്തമായി ഇറക്കാം എന്ന് കരുതുകയും യുട്യൂബിൽ ചാനൽ തുടങ്ങുകയും ചെയ്തു. പിന്നീട് സുഹൃത്തുക്കളുടെ കൂടെ ചെറിയ വീഡിയോകൾ ചെയ്ത് ഇറക്കാൻ തുടങ്ങി.

V3k 1

സ്ട്രീറ്റ് അക്കാദമിക്‌സിലേക്ക്..

സ്ട്രീറ്റ് അക്കാദമിക്സിനെ ഞാൻ കണ്ടുമുട്ടുന്നത് 2012ലാണ്. കൂടുതൽ ഗാനങ്ങൾ ചെയ്യാൻ തുടങ്ങി. സോങ്സ് നമ്മുടെ ചാനലിൽ ഇറക്കി. ചെറുപ്പം തൊട്ടേ എനിക്ക് ഇതിനോട് ആഗ്രഹമുണ്ടായിരുവന്നത് കൊണ്ട് ഇത് ഒരു പ്രൊഫഷനാക്കുന്നതിനെ കുറിച്ച് എനിക്ക് വളരെ ഗൗരവമായ ചില രൂപങ്ങൾ ഉണ്ടായിരുന്നു. 2015 ആയപ്പോഴേക്കും മറ്റൊരു കമ്പനിയുടെ സ്പോൺസർഷിപ്പ് വാങ്ങി എങ്ങനെ വീഡിയോസ് ചെയ്യാൻ പറ്റും തുടങ്ങിയ കാര്യങ്ങൾ പഠിച്ചു. 2018-ൽ ബെംഗളുരുവിലേക്ക് മാറി. ആ സമയത്ത് തന്നെയാണ് കമ്പനി രജിസ്റ്റർ ചെയ്യുന്നതും. പതിയെ പതിയെ ബെംഗളുരുവിലെ നിരവധി വേദികളിൽ നമ്മുടേതായ പരിപാടികൾ അവതരിപ്പിക്കാൻ അവസരം കിട്ടി. കേരളത്തിൽ നിന്ന് ഹിപ് ഹോപ് വരുന്നു, കേരളത്തിൽ നിന്ന് ബാൻഡ് വരുന്നു എന്നൊക്കെയുളള ശ്രദ്ധ കിട്ടാൻ തുടങ്ങി പിന്നെ പതിയെ ബുക്കിങ് കിട്ടിത്തുടങ്ങി. ഹൈദ്രാബാദ്, ചെന്നൈ തുടങ്ങി പലയിടത്തേക്കും ക്ഷണം ലഭിച്ചു. സ്ട്രീറ്റ് അക്കാദമിക്ക് ഇന്ത്യയൊട്ടാകെ റീച്ച് കിട്ടി. ലോക്ഡൗണിന് തൊട്ടുമുമ്പേ സ്ട്രീറ്റ് അക്കാദമിക്സിനെ വെച്ച് ഒരു ആൾ ഇന്ത്യ ടൂർ ചെയ്തിരുന്നു. 

കേരളത്തിന്റെ സംഗീതാഭിരുചി 

കേരളത്തിന്റെ മ്യൂസിക് ടേസ്റ്റിനെ കുറിച്ച് നമുക്ക് ഏകദേശം ഒരു ധാരണ ഉണ്ടല്ലോ. കേരളത്തിന്റേതായ ചില കാര്യങ്ങൾ സംഗീതത്തിൽ കൊടുക്കാൻ ശ്രദ്ധിച്ചിരുന്നു. നാടൻപാട്ടും മറ്റും ചേർത്തിട്ടാണ് ഇറക്കിയിരുന്നത്. ആൾക്കാർക്ക് കുറച്ചുകൂടി മനസ്സിലാകും. ചെറുപ്പക്കാർ സോഷ്യൽ മീഡിയയിൽ സജീവമായ കാരണം അവർക്കെല്ലാം അറിയാം. പക്ഷേ എന്റെ രക്ഷിതാക്കളുടെ പ്രായത്തിലുളള പ്രേക്ഷകരുടെ ഇടയിലേക്ക് എത്തുന്നതിന് വേണ്ടിയാണ് നാടൻപാട്ടും മെലഡികളും അതിനിടയിൽ മിക്സ് ചെയ്ത് കൊടുക്കുന്നത്. എല്ലാവർക്കും അത് കണക്ട് ചെയ്യാൻ പററും. 

സോഷ്യൽ മീഡിയയുടെ വരവ് 

യുട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയവയിലൂടെയാണ് ഇന്ന് പ്രമോഷൻ ചെയ്യുന്നത്. ആദ്യകാലത്ത് അതത്ര ആക്ടീവ് ആയിരുന്നില്ല. ആദ്യകാലത്ത് മെയിൻ സ്ട്രീം സോഷ്യൽ മീഡിയയിൽ അത്ര ആക്ടീവ് ആയിരുന്നില്ല. അതിനാൽ കണ്ടന്റ് വൈറലാകാൻ എളുപ്പമായിരുന്നു. എന്നാൽ ഇപ്പോൾ മത്സരം കൂടി. പല മെയിൻ സ്ട്രീം മീഡിയയും യുട്യൂബിലും സജീവമാണ്. പിന്നെ ഇപ്പോൾ കടന്നുവരുന്ന കലാകാരന്മാർക്ക് ഇത് വലിയൊരു വേദിയാണ്. കഴിവുണ്ടെങ്കിൽ അവർക്ക് പണം മുടക്കിയുളള പരസ്യത്തിന്റെ ആവശ്യമില്ല, മാനേജരുടെ ആവശ്യമില്ല അവർക്ക് ആഗ്രഹമുണ്ടെങ്കിൽ വീട്ടിലിരുന്ന് സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ പററും.

  

സാമൂഹികവിഷയങ്ങളോടുളള പ്രതികരണം 

ആർട്ട് എന്ന് പറയുന്നത് നമ്മുടെ ജീവിതാവസ്ഥയും നമ്മൾ കടന്നുപോയിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളുമെല്ലാമാണ്. അതെല്ലാമാണ് കലയായി മാറുന്നത്, പാട്ടായാലും അതേ. സമൂഹത്തിൽ നടക്കുന്ന അംഗീകരിക്കാനാകാത്ത കാര്യങ്ങൾ തുറന്ന് പറയണമെന്ന് തോന്നുമ്പോൾ പാട്ടിലൂടെ തുറന്നുപറയാം. നിലപാടെടുക്കാം. ഇപ്പോൾ നടക്കുന്ന ഒരു സംഭവത്തെ കുറിച്ച് ഒരു പാട്ട് ഉണ്ടാക്കിയാൽ ഈ ഒരു വർഷം അതിന് പ്രാധാന്യം കാണും. എന്നാൽ കുറച്ചുനാൾ കഴിയുമ്പോൾ അത് പഴയൊരു വിഷയമാകും. നമ്മൾ പിന്നെന്തിനാണ് അത് ചെയ്യുന്നത് എന്ന് ചോദിച്ചാൽ ആ ഒരു പ്രത്യേക സംഭവം നമ്മളെ, നമ്മുടെ കൂടെയുളളവരെ അത്രത്തോളം വേദനിപ്പിച്ചിട്ടുണ്ട് എന്നായിരിക്കും മറുപടി. അതേ കുറിച്ച് തുറന്ന് സംസാരിക്കുകയാണ്. പണ്ടുതൊട്ടേ നാടകത്തിലാണെങ്കിലും നാടൻപാട്ടുകളിലാണെങ്കിലും അതുകാണാം. സിസ്റ്റത്തിനെതിരേ അത് തെറ്റാണെങ്കിൽ തുറന്നുപറയാനുളള ഒരു മീഡിയം തന്നെയാണ് കല.

V3k 2പാട്ടുകളിലേക്കുളള യാത്രകൾ

ചില സമയത്ത് പ്ലാൻ ചെയ്ത് കാര്യങ്ങൾ ചെയ്യാറുണ്ട്. ചിലസമയത്ത് വളരെ പെട്ടെന്നായിരിക്കും ആശയങ്ങൾ വരുന്നത്. അപ്പോഴത്തെ മൂഡിന് അനുസരിച്ചായിരിക്കും പാട്ടുകളുടെ പിറവി. ആവശ്യപ്പെടുന്നത് പോലെ ചെയ്യുന്നവയുമുണ്ട്. 

കവർ വേർഷൻ

കവർ വേർഷൻ എന്നുപറഞ്ഞാൽ അടിസ്ഥാനപരമായി എനിക്കിഷ്ടപ്പെട്ട ഒരു പാട്ട് എന്റേതായ രീതിയിൽ ഞാൻ പാടാൻ നോക്കുന്നു എന്നുളളതാണ്. അല്ലെങ്കിൽ ഒരു ബാൻഡിന് ഇഷ്ടപ്പെട്ട രീതിയിൽ അവർ കവർ ചെയ്യും. അത് ആ പാട്ടിനോടുളള സ്നേഹം കൊണ്ടാണെങ്കിൽ അടിപൊളിയാണ്. ഒരുപാട്ടിന്റെ തന്നെ എത്ര വേർഷൻസ് വേണമെങ്കിലും നമുക്ക് ചെയ്യാൻ പററും. പക്ഷേ പെട്ടെന്ന് ഫേമസ് ആകാൻ വേണ്ടി ചെയ്യുന്നതാണെങ്കിൽ അതിന്റെ ലക്ഷ്യം മാറിപ്പോകും. പഴയ ഒരു പാട്ട് എടുത്തിട്ട് അത് വളരെ ഫാസ്റ്റായിട്ട് കൊടുത്താൽ അത് ചിലപ്പോൾ ആസ്വാദകർക്ക് സ്വീകരിക്കാൻ പറ്റിയെന്ന് വരില്ല.

നമുക്ക് അറിയാവുന്ന പല ബാൻഡുകളും പോപ്പുലറായത് കവർ ചെയ്തുകൊണ്ടാണ്. ഇത്തരം ബാൻഡുകൾ കവർ ചെയ്ത് പ്രസിദ്ധരാകുമ്പോൾ ഇത്തരത്തിൽ കവർ ചെയ്യാത്ത വേറെയും ബാൻഡുകളുണ്ട്. കവർ ചെയ്യുന്ന ബാൻഡിന് കൂടുതൽ ശ്രദ്ധ ലഭിക്കുകയും മററുളളവർക്ക് അത്രയും അറ്റൻഷൻ ലഭിക്കാതിരിക്കുകയും ചെയ്യുന്നതും നാം കാണാറുണ്ട്. കുററം പറയാൻ പറ്റില്ല. ഒറിജിനൽ ആകുമ്പോൾ ആരും കേൾക്കാത്ത ഒരു ടൈപ്പ് പാട്ടുണ്ടാക്കിയാൽ അതും കുറച്ച് നാളുകൾ എടുക്കും.

പുതുതലമുറയോട് പറയാനുളളത്

ആദ്യ കാലത്തേത്തുപോലെ ബുദ്ധിമുട്ടുകൾ ഇപ്പോൾ രംഗത്തേക്ക് വരുന്നവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്നില്ല. ഒരു സ്വതന്ത്ര സംഗീതജ്ഞനാകാൻ സംഗീതത്തോട് സ്നേഹം ഉണ്ടായിരിക്കണം ഒപ്പം നമുക്ക് അത്രയും തന്നെ ഒരു പാഷനും വേണം. ഇത് എന്റെ തൊഴിലാണ് ഇതുവഴി എനിക്ക് ജീവിതമാർഗം ഉണ്ടാക്കാൻ പറ്റും എന്ന് ഉറപ്പുണ്ടായിരിക്കണം. തന്നെയുമല്ല നിങ്ങൾക്ക് നിങ്ങളുടേതായ ഒരു വഴി കണ്ടെത്തേണ്ടിയിരിക്കുന്നു. നിങ്ങളെ അവിടെയാരും സഹായിക്കാൻ പോകുന്നില്ല. ഏത് മേഖലയാണെങ്കിലും ഇന്ന് മത്സരമുണ്ടല്ലോ. 

പുതിയ പ്രൊജക്ടുകൾ

വിചിത്രം എന്ന സിനിമയിൽ സ്ട്രീറ്റ് അക്കാദമിക്സിന്റെ ഒരു സോങ്ങുണ്ട്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അടുത്തവർഷം പുറത്തിറങ്ങും. മറ്റൊന്ന് ഞാനും ശ്രീനാഥ് ഭാസിയും ചേർന്ന് ഒരു ആൽബം ചെയ്യുന്നുണ്ട്. ആ ആൽബത്തിനോട് റിലേറ്റഡ് ആയി ഒരു മൂവിയും ചെയ്യുന്നുണ്ട്. എന്റെ സോളോ പ്രൊജക്ടുകളെ കുറിച്ച് പറയുകയാണെങ്കിൽ അത് വന്നുകൊണ്ടേയിരിക്കും. ആറുപാട്ടെല്ലാമാകുമ്പോൾ ഞാനത് റിലീസ് ചെയ്യും.

V3k 3കേരളത്തിൽ ഹിപ് ഹോപ്പിന്റെ സാധ്യതകൾ

പല ചാനലുകളും പ്രൊഡക്ഷൻ കമ്പനികളും ഇപ്പോൾ ഇതിലേക്ക് താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്. സിനിമയിലേക്കും നമ്മൾ ചെയ്ത പാട്ടുകൾ എടുത്തുതുടങ്ങി അത് വളരെ പോസിറ്റീവായ ഒരു ഘടകമാണ്. കലാകാരന്മാർ തന്നെ വളരെയധികം പോപ്പുലറായി തുടങ്ങിയിട്ടുണ്ട്. കേരളത്തിൽ നിന്നും ഇന്റർനാഷണൽ ക്വാളിറ്റി കണ്ടന്റ് പുറത്തിറങ്ങാൻ പോവുകയാണ് ഇനി. വലിയൊരു മാറ്റമാണ് ഈ മേഖലയിൽ വരാൻ പോകുന്നത്. സിനിമയുമായി കൂടി ചേർന്ന് അത് വലിയൊരു ഇൻഡസ്ട്രിയായി മാറും. അങ്ങനെ ഒരു സ്റ്റേജ് കടക്കുമ്പോൾ സിനിമയുടെ സഹായമില്ലാതെ തന്നെ അവർക്കത് നടത്തിക്കൊണ്ടുപോകാൻ സാധിക്കും. നാട്ടുകാരും സർക്കാരും അതിനെ സപ്പോർട്ട് ചെയ്യണം. പരിപാടികൾ ചെയ്യാനും മറ്റും അവസരം നൽകണം.

സൗത്ത്സൈഡ് ഒരു നല്ല മോട്ടീവ് 

കേരളത്തിലെ മിക്കവാറും എല്ലാ ആർട്ടിസ്റ്റും ഈ ഡോക്യുമെന്ററിയിൽ ഭാഗമായിട്ടുണ്ട്. അല്പം വൈകിയാണ് ഒരു അറ്റൻഷൻ ലഭിക്കുന്നത്. ഹിപ് ഹോപ് കേരളത്തിൽ വിജയിച്ചതിന് ശേഷമാണ് ഈ ഡോക്യുമെന്ററി വരുന്നത്, അല്പം നേരത്തേ വന്നിരുന്നെങ്കിൽ കലാകാരന്മാർക്ക് അത് ഒരു പിന്തുണയാകുമായിരുന്നു. കേരളത്തിൽ ഹിപ് ഹോപ്പിന് വേണ്ടി സ്വന്തമായി പൈസമുടക്കുകയും പാട്ടുണ്ടാക്കുകയും ചെയ്യുന്ന ആർട്ടിസ്റ്റുകളുണ്ട്. ആ ഒരു സപ്പോർട്ട് പതുക്കെയാണെങ്കിലും വരുന്നത് വളരെ നല്ലതാണ്. ഇന്ന് ഹിപ് ഹോപ് എന്താണെന്ന് ആളുകൾക്ക് തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. മെയിൻസ്ട്രീമിലേക്ക് കയറിക്കഴിഞ്ഞു. അതിനാൽ അതിന്റെ മൂല്യവുമേറി. പ്രമോട്ട് ചെയ്യാൻ കമ്പനികൾ താല്പര്യം കാണിച്ചുതുടങ്ങി. സിനിമയിൽ തന്നെ ഹിപ് ഹോപ്പിന്റെ പല രൂപങ്ങളും സിനിമാപാട്ടിന്റെ ഇടയ്ക്ക് റാപ്പായി വരുന്നു.

Content Highlights: V3K, Southside, Hip Hop Singer, Malayalam Hip Hop Songs, Ettam Pattu, Kalapila malayalam