മലയാള സിനിമയിലെ ത്രില്ലർ സിനിമകളുടെ അപ്പോസ്തലനാണ് എസ്.എൻ.സ്വാമി. ഇരുപതാം നൂറ്റാണ്ടും സി.ബി.ഐ. പരമ്പരയും തുടങ്ങി മൂന്നാംമുറ, ആഗസ്റ്റ് 1, നാടുവാഴികൾ, കളിക്കളം, പരമ്പര, ധ്രുവം, ഒരു അഭിഭാഷകന്റെ കേസ് ഡയറി, ദി ട്രൂത്ത് തുടങ്ങി അദ്ദേഹത്തിന്റെ തൂലികയിൽ പിറന്ന ഹിറ്റുകൾ അനവധിയാണ്. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളുടെ തിരക്കഥാകൃത്തായ എസ്.എൻ.സ്വാമി തന്റെ 72-ാം വയസ്സിൽ ആദ്യമായി സംവിധായകന്റെ വേഷമണിയുകയാണ്. ധ്യാൻ ശ്രീനിവാസൻ നായകനായ 'സീക്രട്ട്' എന്ന ചിത്രത്തിലൂടെ. സീക്രട്ടിനെ കുറിച്ചും കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി കടന്നുവന്ന ചലച്ചിത്രവഴികളെ കുറിച്ചും എസ്.എൻ.സ്വാമി മാതൃഭൂമി ഡോട്ട് കോമവുമായി സംസാരിക്കുന്നു.
72 വയസ്സിൽ പുതുമുഖ സംവിധായകനായതിനെ കുറിച്ച് ചോദിച്ചപ്പോൾ ഒരു ചെറുപുഞ്ചിരിയോടെയാണ് എസ്.എൻ. സ്വാമി മറുപടി നൽകിയത്. 'എഴുത്തിന്റെ കാര്യത്തിൽ ആയാലും സംവിധാനത്തിൻ്റെ കാര്യത്തിൽ ആയാലും ടെൻഷനോ അമിത പ്രതീക്ഷകളോ ഞാൻ കൊണ്ടു നടക്കാറില്ല. എന്നാൽ പ്രതീക്ഷയുടെ കാര്യത്തിൽ കുറവുണ്ടായിട്ടുമില്ല. കഥയെഴുതുമ്പോൾ തന്നെ മനസ്സിൽ ഒരു സിനിമയായി കാണുന്നതുകൊണ്ടാവാം ആ പ്രതീക്ഷ ഉണ്ടാവുന്നത്.' 'സംവിധാനം ചെയ്യണമെന്നുള്ളത് എൻറെ അതിയായ ആഗ്രഹമൊന്നുമല്ലായിരുന്നു. അത്തരത്തിൽ ഒരു കഥ വന്നുചേർന്നപ്പോൾ സ്വയം സംവിധാനം ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. വ്യത്യസ്തമായ കഥയെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കാനാണ് 'സീക്രട്ട് ' എന്ന സിനിമയിലൂടെ ശ്രമിച്ചിട്ടുള്ളത്.'
ആദ്യകാലത്ത് കുടുംബ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയിരുന്ന സ്വാമി പിന്നീട് മലയാളത്തിലെ ക്രൈം ത്രില്ലർ സിനിമകളിലേക്ക് മാറിയതെങ്ങനെയാണ്?
ആ മാറ്റം വളരെ യാദൃച്ഛികമാണ്, ഒന്നും പ്ലാൻ ചെയ്തതല്ല. മോഹൻലാലിന് വേണ്ടി ഒരു ത്രില്ലർ എഴുതണമെന്ന് വന്നപ്പോഴാണ് 'ഇരുപതാം നൂറ്റാണ്ട്' എഴുതിയത്. അത് ശ്രദ്ധിക്കപ്പെട്ടപ്പോൾ അതിന്റെ തുടർച്ചയായി അത്തരത്തിലുള്ള നിരവധി സിനിമകൾ വന്നുചേർന്നു. എല്ലാവരും ഹിറ്റ് സിനിമകൾ ചെയ്യാൻ ആണല്ലോ ശ്രമിക്കുന്നത്. എന്നാലും ഒരു സിനിമ വിജയിക്കാനും പരാജയപ്പെടാനും നിരവധി കാരണങ്ങൾ ഉണ്ടാകും.സിബിഐ സീരീസിലെ ആദ്യത്തേതിനേക്കാൾ വൻ വിജയമായിരുന്നു മൂന്നാം ഭാഗം, എന്നാൽ അഞ്ചാം ഭാഗം മുൻപത്തെപ്പോലെ അത്ര വിജയിക്കാത്തതിനും കാരണമുണ്ട്. ഞാനങ്ങനെ ഒരു സിനിമയുടെ വിജയത്തെ കുറിച്ചോ പരാജയത്തെക്കുറിച്ചോ ഒരുപാട് ചിന്തിക്കാറില്ല.
സി.ബി.ഐ ആറാം ഭാഗം ഉണ്ടാവുമോ?
മുൻകൂട്ടി തീരുമാനിക്കാവുന്ന ഒരു വിഷയമല്ലിത്. അത്തരത്തിൽ ഒരു കഥയ്ക്ക് പറ്റിയ ത്രഡ് ഉണ്ടാവണം. ഇതുവരെ ഇറങ്ങിയ സിബിഐ സിനിമകളുമായി ഒരു ബന്ധവും ഇല്ലാത്ത വിഷയം ആയിരിക്കണം. അങ്ങനെ നിരവധി കാര്യങ്ങളുണ്ട്. അതെല്ലാം ഒത്തുവന്നാൽ അപ്പോൾ ആലോചിക്കാം.
പുതിയ സിനിമയിലെ പ്രതീക്ഷകൾ എത്രത്തോളമാണ്?
എന്നെ സംബന്ധിച്ചിടത്തോളം ഇത് പുതിയൊരു എക്സ്പീരിയൻസ് ഒന്നുമല്ല. മുൻപ് ഭാഗമായിട്ടുള്ള എല്ലാ സിനിമകളുടെയും ആദ്യവസാനം വരെ ഞാനുണ്ടായിരുന്നു.ഈ സിനിമയുടെ കൂടെ ഡയറക്ടർ എന്ന പേര് കൂടെ ഉള്ളതിനാൽ മറ്റുള്ള സിനിമകളെക്കാളും ഒരല്പം ആകാംക്ഷ കൂടുതലുണ്ടെന്ന് മാത്രം.സിനിമ തിയേറ്ററിലേക്ക് എത്തുമ്പോൾ നല്ലതും ചീത്തയും തീരുമാനിക്കേണ്ടത് ഞാനല്ല പ്രേക്ഷകരാണ്.
സിനിമ സമൂഹത്തിന് ഒരു സന്ദേശം കൊടുക്കണമെന്നുണ്ടോ?
സന്ദേശത്തിനു വേണ്ടി സിനിമ ചെയ്താൽ സിനിമ നന്നാവില്ല.നമ്മൾ എഴുതുന്ന കഥയിൽ സന്ദേശം ഉണ്ടെങ്കിൽ അത് പ്രേക്ഷകന് മനസ്സിലാവണം. അതിനായി ഒന്നും പ്രത്യേകം ക്രിയേറ്റ് ചെയ്യരുത്. അങ്ങനെ ചെയ്താൽ സിനിമ നന്നാവില്ല.
സിനിമയ്ക്ക് വേണ്ടി മാത്രമാണോ കഥ എഴുതുന്നത് ?
നല്ലൊരു കഥയുണ്ടായിട്ട് അത് സിനിമയാകും, സിനിമയ്ക്ക് വേണ്ടി ഒരു കഥയുണ്ടാക്കും ഇത് രണ്ടും സംഭവിക്കും. സിനിമയ്ക്ക് വേണ്ടി കഥയുണ്ടാക്കുമ്പോൾ അതിൽ കുറെ കൃത്രിമത്വം വരും. ആ കൃത്രിമത്വം ചിലപ്പോൾ സിനിമയ്ക്ക് ഗുണകരമായി എന്നു വരില്ല. പ്രേക്ഷകന് അത് മനസ്സിലാകണമെന്ന് നിർബന്ധമില്ല. എങ്കിലും ഒരു എഴുത്തുകാരന് മനസ്സിലാവും.
Content Highlights: sn swamy interview, secret movie release, hits, scriptwriter, director cbi series
Published: 20 Jul 2024, 10:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented