മലയാള സിനിമയുടെ തിരശ്ശീലയിൽ സൈജു കുറുപ്പ് എന്ന പേര് തെളിയുമ്പോഴേ പ്രേക്ഷകരുടെ മുഖത്ത് പുഞ്ചിരിവിരിയാറുണ്ട്. ആ പേരിനൊപ്പം ചേർന്നുനിൽക്കുന്ന സ്വാഭാവികതയും അനായാസമായ അഭിനയശൈലിയും അത്രമേൽ മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. വില്ലനായും ഹാസ്യതാരമായും സ്വഭാവനടനായും ഓരോ വേഷത്തിലും പുതുമകൾ നിറച്ചാണ് സൈജുവിന്റെ സിനിമായാത്ര. അതിന് മാറ്റേകാൻ തന്റെ 150-ാമത് സിനിമയായ ‘മോഹിനിയാട്ട’വുമായി സൈജു എത്തുകയാണ്. കൃഷ്ണദാസ് മുരളി എഴുത്തും സംവിധാനവും നിർവഹിച്ച് 2024-ൽ പുറത്തിറങ്ങിയ ‘ഭരതനാട്യം’ എന്ന സിനിമയുടെ രണ്ടാം ഭാഗമായാണ് ഇത് ഒരുക്കിയിരിക്കുന്നത്. നായകനായി മാത്രമല്ല നിർമാതാവിന്റെകൂടി വേഷത്തിലാണ് ‘ഭരതനാട്യ’ത്തിനുപുറമേ ‘മോഹിനിയാട്ട’ത്തിലും സൈജു അവതരിക്കുന്നത്. ‘‘20 വർഷത്തെ സിനിമാജീവിതത്തിൽ ആദ്യമായാണ് ഞാൻ കേന്ദ്രകഥാപാത്രമായ ഒരു സിനിമ വിഷുറിലീസായി തിയേറ്ററുകളിലെത്തുന്നത്’’ എന്ന് അദ്ദേഹം പറയുമ്പോൾ അത് വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെയും ക്ഷമയുടെയും സാക്ഷ്യപ്പെടുത്തൽകൂടിയാവുന്നു.

To advertise here,

‘ഭരതനാട്യം’ ഒരു ഫാമിലി കോമഡി ആയിരുന്നെങ്കിൽ ‘മോഹിനിയാട്ടം’ ട്രെയിലർ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മൂഡിലാണല്ലോ വരുന്നത്

ഭരതനാട്യം കുടുംബപ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന സിനിമയാണ്. തിയേറ്ററിൽ പ്രതീക്ഷിച്ചപോലൊരു വിജയം ലഭിച്ചില്ലെങ്കിലും ഒടിടിയിൽ ബ്ലോക്ബസ്റ്റർ പ്രതീതിയുണ്ടായി എന്നു പലരും വിശേഷിപ്പിച്ചു. 50 മില്യൺ സ്ട്രീമിങ് മിനിറ്റുകൾ വെറും ഒൻപതു ദിവസംകൊണ്ട് ലഭിച്ചു. 20 ദിവസംകൊണ്ട് 100 മില്യണും കടന്നു. ‘മോഹിനിയാട്ടം’ ക്രൈം ത്രില്ലർ ഡാർക് ഹ്യൂമർ സിനിമയാണ്. എല്ലാം നർമത്തിൽ പൊതിഞ്ഞാണ് അവതരിപ്പിക്കുന്നത്. അതിനാൽ വിരസതയുണ്ടാവില്ല. ‘ഭരതനാട്യം’ തിയേറ്ററിൽ കാണാൻപറ്റിയ സിനിമയല്ല, ഒടിടിയിലേക്ക് നല്ലതായിരുന്നു എന്ന് പലരും പറഞ്ഞു. അതുപോലുള്ള പ്രശ്നങ്ങളെല്ലാം പരിഹരിച്ചാണ് ‘മോഹിനിയാട്ടം’ നിർമിച്ചിരിക്കുന്നത്. അതിനാൽ സിനിമയുടെ ചെലവും ഒന്നാംഭാഗത്തേക്കാൾ കൂടുതലാണ്. രണ്ടാനമ്മയായി അഭിനയിക്കുന്ന ശ്രീജ രവിയുടെ കഥാപാത്രത്തെ അവരുടെ നാടായ കണ്ണൂരിലെ ശ്രീകണ്ഠാപുരത്തേക്ക് കൊണ്ടുവിടാൻ പോവുകയാണ് കഥയിൽ. മോഹിനി എന്നൊരു കഥാപാത്രവുമുണ്ട് സിനിമയിൽ. ആ മോഹിനിയുടെ ആട്ടമാണ് ഇത്തവണ മുഴുവൻ. അവർ കാരണമുണ്ടാവുന്ന പ്രശ്നങ്ങളും അത് ജീവിതത്തെത്തന്നെ ബാധിക്കുന്നതരത്തിലേക്ക് എത്തുന്നതുമാണ് പ്രമേയം. ഭരതനാട്യം എവിടെ അവസാനിച്ചോ അവിടന്നാണ് മോഹിനിയാട്ടം തുടങ്ങുന്നത്. എന്നാൽ, ഭരതനാട്യം കാണാത്തവർക്കും മോഹിനിയാട്ടം പുതിയൊരു സിനിമപോലെ കണ്ടാസ്വദിക്കാൻ പറ്റുമെന്നതാണ് പ്രത്യേകത.

ട്രെയിലറിലുടനീളം ‘ദൃശ്യം’ സിനിമയുമായുള്ള രസകരമായ റഫറൻസുകൾ കാണാം. ജോർജുകുട്ടിയെ അനുകരിക്കാൻ ശ്രമിക്കുന്ന ശശിയാണോ ഈ സിനിമയിലെ ഹൈലൈറ്റ്?

ദൃശ്യം റഫറൻസുകൾവെച്ചാണ് ലിന്റോ കുര്യൻ ട്രെയിലർ പ്രത്യേക കഥപോലെയാക്കിയത്. എന്നാൽ, രണ്ടു സീനുകളിൽ മാത്രമാണ് ദൃശ്യം റഫറൻസുകൾ വരുന്നത്. അല്ലാതെ സിനിമ ദൃശ്യം സ്പൂഫ് അല്ല. കഴിഞ്ഞ തവണത്തെപ്പോലെതന്നെ ഒരു വലിയ പ്രശ്നത്തിൽ ശശി പോയി ചാടുകയാണ്.

സുരാജ് വെഞ്ഞാറമ്മൂട്, ജഗദീഷ്, വിനയ് ഫോർട്ട് തുടങ്ങിയ വലിയൊരു താരനിരതന്നെ ഇത്തവണ ശശിക്കൊപ്പമുണ്ടല്ലോ

സിനിമയിലെ എല്ലാ താരങ്ങളും ഒരുപോലെ പ്രധാനപ്പെട്ടതാണ്. സുരാജ്, ജഗദീഷ് തുടങ്ങിയ നടന്മാർ സീരിയസ് വേഷങ്ങളും കോമഡി വേഷങ്ങളും ഒരുപോലെ ഭംഗിയായി ചെയ്തു കഴിവുതെളിയിച്ച ആളുകളാണ്. അതുപോലെ പ്രശസ്ത റാപ്പർ ബേബി ജീനും സിനിമയിൽ വേഷമിടുന്നു. അയാളുടെ പ്രകടനം ഞെട്ടിക്കുന്നതാവും. നാട്ടുമ്പുറത്തുകാരനായി ബേബി ആദ്യമായാണ് വേഷമിടുന്നത്. കഥാപാത്രത്തിന് യോജിച്ച ശരീരപ്രകൃതിയും അഭിനയമികവുമുള്ള അഭിനേതാക്കളെയാണ് ഭരതനാട്യം മുതൽ തിരഞ്ഞെടുത്തത്.

സൈജു കുറുപ്പ് എന്റർടെയ്‌ൻമെന്റ്‌സിന്റെ രണ്ടാമത്തെ സംരംഭമാണല്ലോ ഇത്. ഒരു നടൻ എന്നതിലുപരി ഒരു പ്രൊഡ്യൂസർ എന്നനിലയിൽ ‘ഭരതനാട്യം’ നൽകിയ ആത്മവിശ്വാസമാണോ രണ്ടാംഭാഗം ചെയ്യാൻ കാരണം?

എന്റെ സഹനിർമാതാവായ തോമസ് തിരുവല്ലയാണ് രണ്ടാംഭാഗത്തെക്കുറിച്ച് ചിന്തിച്ചൂടെ എന്നു ചോദിക്കുന്നത്. ‘ഒരു സിനിമ നമ്മൾ തുടങ്ങി കൃത്യമായി അവസാനിപ്പിച്ചിട്ടുണ്ട്. അതിൽ ഇനി ഒരു രണ്ടാംഭാഗത്തിന് സാധ്യതയുണ്ടോ എന്ന്’ സംവിധായകൻ കൃഷ്ണദാസിനും സംശയമായി. വെറുതേ ഒന്നു ചിന്തിച്ചുനോക്കാനും ഒന്നും കിട്ടിയില്ലെങ്കിൽ വിട്ടേക്കാം എന്നും തോമസേട്ടൻ പറഞ്ഞു. ഒരാഴ്ച കഴിഞ്ഞപ്പോൾ കൃഷ്ണദാസ് ഒരു പ്ലോട്ട് പറഞ്ഞു. അത് ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു. പെട്ടെന്ന് വൺലൈൻ തയ്യാറാക്കി. തിരക്കഥയും. അടുത്തതായി ഭരതനാട്യം ടീമിലില്ലാത്ത ഒരാളെക്കൊണ്ട് തിരക്കഥ വായിപ്പിക്കാമെന്നായി. മിഥുൻ മാനുവൽ തോമസിനു നൽകി. അദ്ദേഹം അത് വായിച്ച് ചില ചെറിയ തിരുത്തലുകൾ നിർദേശിച്ചു. അതുംകൂടി ആയപ്പോൾ തിരക്കഥയ്ക്ക് മാറ്റുകൂടി. സൈജു കുറുപ്പ് എന്റർടെയ്‌ൻമെന്റ്‌സിന്റെ ബാനറിൽ ഒരു പടമെങ്കിലും നിർമിക്കണം എന്ന ആഗ്രഹമായിരുന്നു. അത് ഭരതനാട്യത്തോടെ സംഭവിച്ചു. എന്നാൽ, ഭരതനാട്യം തിയേറ്ററിൽ പരാജയപ്പെട്ടു. ഒ.ടി.ടി.യിൽ ചിത്രം പ്രതീക്ഷിച്ചതിലും ഫലംതന്നപ്പോഴാണ് സമാധാനമായത്. തുരുതുരാ പടം ചെയ്യാനുള്ള ആഗ്രഹമില്ല. മോഹിനിയാട്ടം വിജയിച്ചാൽ നല്ല സിനിമകൾ നിർമിക്കണം. ഹരിഹരൻ സാറിനെപ്പോലൊരു വലിയ സംവിധായകനാണ് എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത്. അതുപോലെ പുതിയ ആളുകൾക്ക് അവസരം നൽകണം. ചിത്രം വിജയിച്ചില്ലെങ്കിൽ പിന്നീട് നിർമാതാവിന്റെ കുപ്പായം മടക്കിവെക്കും. മോഹിനിയാട്ടത്തിന്റെ വിജയമനുസരിച്ചാണ് അടുത്ത പടത്തിനെക്കുറിച്ചെടുക്കുന്ന തീരുമാനങ്ങൾ.

സോഷ്യൽ മീഡിയയിൽ അന്നും ഇന്നും അറയ്ക്കൽ അബു സജീവമാണ്. സിനിമകണ്ട പ്രേക്ഷകർ അബുവിനെ ഇത്തവണ എങ്ങനെ ഏറ്റെടുത്തു എന്നാണ് താങ്കൾ കരുതുന്നത്?

ആട് 3-ൽ ഞാൻ പടത്തലവൻ കോമക്കുറുപ്പായാണ് അഭിനയിച്ചിരിക്കുന്നത്. അഭിനേതാവ് എന്നനിലയിൽ എനിക്ക് അത്യാവശ്യം സ്‌ക്രീൻ സ്പേസ് കിട്ടിയെങ്കിലും അറയ്ക്കൽ അബുവിന് സ്‌ക്രീൻ സ്പേസ് കുറഞ്ഞുപോയോ എന്ന് പല പ്രേക്ഷകരും ചോദിച്ചു. രണ്ടു കാലഘട്ടം കാണിക്കുമ്പോൾ അങ്ങനെയല്ലാതെ ചെയ്യാനാവില്ലല്ലോ. അറയ്ക്കൽ അബുവിന് ഒരു പ്രത്യേക ആരാധകവൃന്ദംതന്നെയുണ്ട്. വൻസ്വീകാര്യതയാണ്. സിനിമ വിജയമായതിൽ സന്തോഷം. ആദ്യമായി ഒരു നൂറുകോടി പടത്തിൽ അഭിനയിക്കാനായി എന്നതും ‘ആട് 3’ തന്ന വലിയ നേട്ടമാണ്.

നിർമാതാവെന്നനിലയിലും അഭിനേതാവെന്നനിലയിലും തോന്നിയ മാറ്റങ്ങളെന്തൊക്കെയാണ്?

സെറ്റിലുണ്ടാവുന്ന ബുദ്ധിമുട്ടുകൾ, അഭിനേതാക്കളുടെ ഡേറ്റ് കിട്ടാതാവുന്നത്, ലൊക്കേഷൻ കിട്ടാതാവുന്നത് തുടങ്ങിയ പ്രശ്നങ്ങളൊക്കെ അഭിനേതാവ് മാത്രമായിരിക്കുമ്പോൾ അറിയാൻപറ്റില്ല. നിർമാതാവുകൂടിയാവുമ്പോൾ അത്തരം കാര്യങ്ങളും ശ്രദ്ധിക്കണം. അല്ലാതെ വലിയ മാറ്റം തോന്നിയിട്ടില്ല. അഭിനയത്തിലാണ് ശ്രദ്ധ കൂടുതൽ കൊടുത്തത്. കാരണം വളരെ അനുഭവപരിചയമുള്ള സഹനിർമാതാവായ തോമസേട്ടൻ. അദ്ദേഹവും ടീമും കാര്യങ്ങളൊക്കെ ഭംഗിയായി നോക്കി.