'ഭരതനാട്യം 2: മോഹിനിയാട്ടം' സിനിമയുടെ വൻവിജയത്തിന് പിന്നാലെ, ആരാധകരെ ആവേശത്തിലാഴ്ത്തി ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം പ്രഖ്യാപിച്ചു. 'രാസലീല' എന്ന് പേരിട്ടിരിക്കുന്ന ചിത്രം 'മോഹിനിയാട്ട'ത്തിന്റെ സക്‌സസ് മീറ്റിനിടെയാണ് അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

To advertise here,

സാധാരണ സിനിമാ ഫ്രാഞ്ചൈസികൾ ഒരേ ജോണറിലുള്ള കഥകളുമായി മുന്നോട്ട് പോകുമ്പോൾ, ഓരോ ഭാഗത്തിലും വ്യത്യസ്തമായ പ്രമേയങ്ങൾ പരീക്ഷിക്കുന്നു എന്നതാണ് സീരീസിന്റെ പ്രത്യേകത. പരമ്പരയിലെ ആദ്യ ചിത്രമായ 'ഭരതനാട്യം' ഒരു സമ്പൂർണ്ണ ഫാമിലി കോമഡി എന്റർടെയ്‌നറായിരുന്നുവെങ്കിൽ, രണ്ടാംഭാഗമായ 'മോഹിനിയാട്ടം' ഡാർക്ക് ഹ്യൂമറിലും വൈകാരികമായ കഥപറച്ചിലിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട 'രാസലീല' ഹൊറർ കോമഡി ജോണറിലാണ് ഒരുങ്ങുന്നത്.

ഓരോ സിനിമയിലും വ്യത്യസ്തമായ ശൈലി സ്വീകരിക്കുന്നത് ബോധപൂർവമായ തീരുമാനമാണെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. ഇന്ത്യൻ സിനിമയിൽ തന്നെ അപൂർവമായാണ് ഓരോ ഭാഗത്തിലും ഇത്രയേറെ വ്യത്യസ്തമായ ജോണറുകൾ പരീക്ഷിക്കുന്ന ഫ്രാഞ്ചൈസികൾ ഉണ്ടാകുന്നത്. കഥപറച്ചിലിലെ ഈ സധൈര്യമായ സമീപനമാണ് സീരീസിന്റെ ഐഡന്റിറ്റിയായി മാറിക്കഴിഞ്ഞിരിക്കുന്നത്.

നിലവിൽ പ്രീ- പ്രൊഡക്ഷൻ ഘട്ടത്തിലുള്ള 'രാസലീല', തമാശയും ദുരൂഹതയും അമാനുഷിക ഘടകങ്ങളും കോർത്തിണക്കിയ മികച്ചൊരു തിയേറ്റർ അനുഭവം പ്രേക്ഷകർക്ക് വാഗ്ദാനം ചെയ്യുന്നു. ചിത്രത്തിലെ അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും മാസങ്ങളിൽ പുറത്തുവിടും.