ശക്തമായ കഥാപാത്രങ്ങളും നിലപാടുകളും കൊണ്ട് മലയാള ചലച്ചിത്ര രംഗത്ത് ഇടംകണ്ടെത്തിയ അഭിനേതാവാണ് റിമ കല്ലിങ്കല്‍. റിലീസിന് മുന്‍പേ മികച്ച നടിക്കുള്ള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം 'തിയേറ്റര്‍' സിനിമയിലൂടെ സ്വന്തമാക്കിയിരിക്കുകയാണ് റിമ. ഒക്ടോബര്‍ 16-ന് റിലീസിനെത്തുന്ന 'തിയേറ്റര്‍' സിനിമയെക്കുറിച്ചും മറ്റും വിശേഷങ്ങളും മാതൃഭൂമി ഡോട്ട്കോമിനോട് പങ്കുവെയ്ക്കുകയാണ് റിമ.

To advertise here,

തിയേറ്റർ എന്ന സ്ത്രീപക്ഷ സിനിമ

'ഫീമെയിൽ ഓറിയന്റഡ്' സിനിമയാണ് തിയേറ്റർ എന്ന് പറയാമോ എന്ന് എനിക്ക് അറിയില്ല. തിയേറ്റർ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രങ്ങൾ മനുഷ്യരാണ്. അവർ രണ്ടുപേരും സ്ത്രീകളാണെന്നു മാത്രമേയുള്ളു. ഈ രണ്ട് സ്ത്രീകൾ ഒറ്റപ്പെട്ട ഒരു തുരുത്തിൽ ജീവിക്കുന്നവരാണ്. ആ  സാഹചര്യത്തിൽനിന്ന് അവരുടെ ജീവിതം ഒറ്റ രാത്രികൊണ്ട് സാമൂഹിക മാധ്യമത്തിൽ വൈറൽ ആകുന്നതാണ് സിനിമയുടെ പ്രമേയം. അത് ലോകമെമ്പാടും ഒരു ചർച്ചാവിഷയം ആകുന്നത് എങ്ങനെയാണ്? അതിന് ശേഷം അവർക്ക് എന്ത് സംഭവിക്കുന്നു എന്നുള്ളതാണ് ‘തിയേറ്റർ’ പറയുന്നത്.

ഇന്നത്തെ കാലത്ത് സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്ന മീഡിയ കാണുന്ന ആർക്കും കണക്ട് ചെയ്യാൻ പറ്റുന്ന ഒരു കഥയാണ് ഇത്. ഇന്നത്തെ ഈ പോസ്റ്റ്-ട്രൂത്ത് എറയിൽ (Post-Truth Era) എല്ലാവർക്കും ഈ സിനിമയിലെ ഏതെങ്കിലും ഒരു കഥാപാത്രത്തിന്റെ ഒരു സൈഡ് ഏതെങ്കിലും ഒരു പോയിന്റിൽ കണക്ട് ചെയ്യാൻ സാധിക്കും. അത് ആളുകൾ എങ്ങനെയാണ് കാണാൻ പോകുന്നത് എന്നുള്ളത് ആകാംക്ഷയോടെ കാത്തിരിക്കുന്ന കാര്യമാണ്.

അവാർഡ് നേട്ടം: ആർട്ടിസ്റ്റിന്റെ ഈഗോയ്ക്ക് കിട്ടിയ വാലിഡേഷൻ

അവാർഡ് കിട്ടിയത് ‌പ്രത്യേക അനുഭവം ആയിരുന്നു. ഞാൻ പറയുമായിരുന്നു, "എനിക്ക് അവാർഡ് കിട്ടിയോ? ഏത് സിനിമയ്ക്ക്?". കാരണം ഷൂട്ട് കഴിഞ്ഞിട്ട് കുറെ കാലം കഴിഞ്ഞിരുന്നു. എന്റെ മാതാപിതാക്കൾ പോലും ചോദിച്ചു. "ഏത് പടത്തിനാ ഈ അവാർഡ് കിട്ടിയത്?" എന്ന്. "ദെെവമേ, എന്നെ ട്രോളാൻ വേറെ ആരുടെയും ആവശ്യമില്ല, വീട്ടിൽ തന്നെയുണ്ട്" എന്ന അവസ്ഥയിലായിരുന്നു ഞാൻ.

പക്ഷേ, വളരെയധികം സന്തോഷമുണ്ട്. പ്രത്യേക സാഹചര്യത്തിൽ നമ്മൾ ഒരു വർക്ക് ചെയ്ത് അതിന് അംഗീകാരം കിട്ടുക എന്നത് ആർട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. എന്റെ സിനിമകളെ  കമ്മ്യൂണിക്കേഷൻ ആയിട്ടാണ് ഞാൻ കാണുന്നത്. ആ സിനിമ അല്ലെങ്കിൽ എന്റെ കഥാപാത്രം സ്വീകരിക്കപ്പെടാതിരിക്കുമ്പോൾ, ആർട്ടിസ്റ്റ് എന്ന നിലയിൽ പ്രേക്ഷകരോട് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പരാജയപ്പെട്ടു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അപ്പോൾ ജയപരാജയങ്ങൾ എന്നെ ബാധിക്കും. ജൂറിയോ ഒരു പാനലോ അത് കണ്ട് അവാർഡ് അർഹിക്കുന്നു എന്ന് വിചാരിക്കുന്നത് ആർട്ടിസ്റ്റ് എന്ന നിലയിൽ എന്റെ ഈഗോയെ വളരെ വാലിഡേറ്റ് ചെയ്യുന്നുണ്ട്. അതിലൊരു സംശയവുമില്ല.

'നീലവെളിച്ചത്തിനു' ശേഷം ബ്രേക്ക്

മന:പൂർവം ബ്രേക്ക് എടുക്കാനുള്ള ഒരു ഉദ്ദേശ്യമേ എനിക്കുണ്ടായിരുന്നില്ല. 365 ദിവസം വർക്ക് ചെയ്യാൻ പറ്റിയാൽ അത് ചെയ്യുന്ന ആളാണ് ഞാൻ. പൂർണമായും നഗരജീവിതം നയിക്കുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് തന്നെ ‘നീലത്താമര’യിലെ ശാരത്ത് അമ്മണിയും 'നിദ്രയി'ലെ അശ്വതിയും ഒക്കെ ഞാൻ വളരെ ആസ്വദിച്ചു ചെയ്തിട്ടുള്ള കഥാപാത്രങ്ങളാണ്. കാരണം, ആർട്ടിസ്റ്റ് എന്ന നിലയിൽ, നമ്മൾ ആരാണോ അതിൽനിന്ന് പൂർണമായി മാറി മറ്റൊരാളാകുക എന്നുള്ളതാണ് ഏറ്റവും വലിയ അവസരം. അത് എനിക്ക് വളരെ ചുരുക്കമേ വരാറുള്ളൂ. അല്ലാത്ത പക്ഷം 'ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ' എന്നുള്ള രീതിയിൽ നമ്മൾ സ്റ്റീരിയോടൈപ്പ് ചെയ്യപ്പെടും. അതിൽനിന്ന് പുറത്തുവരാൻ ഭയങ്കര ആഗ്രഹമുണ്ട്.

അതുകൊണ്ട് ‘തിയേറ്ററി’ലെ ഈ റോൾ വന്നപ്പോൾ വളരെയധികം ഇഷ്ടപ്പെട്ടു. അപ്പോൾ തന്നെ ഓക്കെ പറഞ്ഞു. നമ്മൾ ജീവിക്കുന്ന ഈ സമൂഹത്തിൽ അല്ലെങ്കിൽ ഈ സാഹചര്യത്തിൽ ഇതിന് വലിയ അർഥങ്ങളുണ്ട്. സോഷ്യൽ മീഡിയ കോലാഹലത്തിലും അപവാദപ്രചരണങ്ങൾക്കും ഇടയിൽ പലപ്പോഴും ഞാൻ തന്നെ അന്തംവിട്ടു നിന്നിട്ടുണ്ട്. സത്യമാണോ നുണയാണോ എന്നറിയാതെ ആളുകൾ നമ്മളെ ജഡ്ജ് ചെയ്യുന്നു, പലതും പറയുന്നു, എന്ത് ചെയ്യണം എന്നറിയാതെ ഞാൻ പലപ്പോഴും സോഷ്യൽ മീഡിയ എന്ന ഈ സ്പേസിൽ വളരെയധികം അന്ധാളിച്ച് ‌‌‌നിന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ‘തിയേറ്ററി’ലെ കഥാപാത്രം എനിക്ക് റിലേറ്റ് ചെയ്യാൻ പറ്റി.

ഫിസിക്കലി വെല്ലുവിളിയായിരുന്നു ഈ റോൾ. ബുദ്ധിമുട്ട് എന്നുള്ളതിലുപരി അങ്ങനെയൊരു ഫീമെയിൽ ക്യാരക്ടർ കിട്ടുന്നത് ചുരുക്കമായിരിക്കും. ഞാൻ  ഡാൻസറും കൂടി ആയതുകൊണ്ട് ഫിസിക്കലി ചലഞ്ചിങ് ആയ റോളുകൾ  ഇഷ്ടമാണ്. പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ ഇഷ്ടമാണ്. അങ്ങനെ നോക്കുമ്പോൾ, വെല്ലുവിളി ഉയർത്തുന്ന കാര്യങ്ങൾ ചെയ്യുന്നത് എപ്പോഴും സന്തോഷമാണ്.

ഓർമ്മയിലെ രംഗങ്ങൾ: അമ്മയും മകളും

അമ്മ-മകൾ ബന്ധം പറയുന്ന കഥയാണെങ്കിലും കണ്ടുപരിചയിച്ച അമ്മയും മകളുമല്ല ചിത്രത്തിലുള്ളത്. അമ്മ (സരസ ബാലുശ്ശേരി) നാടൻ ചിന്താഗതിയുള്ള ആളാണ്. മീര (റിമയുടെ കഥാപാത്രം) അവിടെ തന്നെ ജീവിക്കുന്നതാണെങ്കിലും വേറൊരു ജനറേഷനിൽ, മറ്റൊരു രീതിയിൽ ജീവിക്കണം എന്ന് ആഗ്രഹമുള്ള വ്യക്തിയാണ്. എങ്കിലും എല്ലാ രീതിയിലും അമ്മയ്ക്ക് വേണ്ടി ജീവിക്കുന്ന മകളാണ് മീര. അമ്മ ട്രഡീഷണലാകുമ്പോഴും മകളുടെ ആവശ്യങ്ങൾ എന്താണെന്ന് മനസ്സിലാക്കി അവരുടെ നാടൻചിന്താഗതികൾ മകൾക്കുവേണ്ടി മറികടക്കുകയാണ്. അതേപോലെ, മകൾക്ക് പല ആഗ്രഹങ്ങൾ ഉണ്ടെങ്കിലും, അമ്മയ്ക്ക് വേണ്ടി അത് വേണ്ട, അതാണ് ശരി എന്ന് മനസ്സിലാക്കി ജീവിക്കുന്ന ഒരു മകളാണ് മീര. വേറെ ആരും അവർക്ക് തുണയായിട്ട് ഇല്ലല്ലോ.

സർപ്പക്കളം: വെല്ലുവിളിയായ ക്ലൈമാക്സ്

സർപ്പക്കളങ്ങളോട് ഭയങ്കര ഫാസിനേഷനുള്ള ഒരാളാണ് ഞാൻ. കളം വരയ്ക്കുന്നതും അതിനെ ചുറ്റിപ്പറ്റിയുള്ള മിത്തും ഒക്കെ ആർട്ടിസ്റ്റ് എന്നുള്ള രീതിയിൽ എന്നെ പ്രചോദിപ്പിക്കുന്നതാണ്. ഇങ്ങനെ ഒരു സംഭവം ഉണ്ട് എന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ എക്സൈറ്റഡ് ആയിരുന്നു. ഞാൻ ഡാൻസറും കൂടെ ആയതുകൊണ്ട് അത് അവതരിപ്പിക്കാൻ എനിക്ക് വലിയ ആഗ്രഹമായിരുന്നു.

ഞങ്ങൾ കുറെ വീഡിയോ റെഫറൻസുകൾ കണ്ടിരുന്നു. ഒരു ആശാൻ വന്ന് കളം വരയ്ക്കുന്നതും കാണിച്ചുതന്നു. ശ്യാമും ഞാനും സജിനും കൂടിയിരുന്ന് നമുക്ക് ടോപ്പ് ആംഗിൾ ഷോട്ട് ആണെങ്കിൽ അതിൽ ഏറ്റവും എഫക്റ്റീവായ മൂവ്മെന്റ് എന്തായിരിക്കും, ഫ്രണ്ട് ആംഗിളാണെങ്കിൽ എന്തായിരിക്കും എന്നൊക്കെ ഡിസൈൻ ചെയ്തു. അത് സംഭവിക്കുന്നത് ക്ലൈമാക്സിലാണ്. അതിന് ഒരു ഇമോഷണൽ തലം കൂടിയുണ്ട്. അതുകൊണ്ട് അതൊരു ഡാൻസ് മാത്രമായിട്ട് നമുക്ക് കാണാൻ പറ്റില്ല. അത് കഥയുമായിട്ട് വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നതാണ്.

അതുകൊണ്ട്, അതൊരു സാധാരണ സിനിമാറ്റിക് ഡാൻസ് എന്നുള്ള രീതിയിൽ കാണാൻ പറ്റില്ല.അങ്ങനെ അതിനും കൂടെ ചേർന്ന രീതിയിൽ ഞങ്ങൾ തന്നെ കോറിയോഗ്രാഫ് ചെയ്തു. എന്റെ സ്വന്തം ആക്ടിനുവേണ്ടി ഞാനൊരു കോറിയോഗ്രഫി ചെയ്യുന്നത് ഇതാദ്യമായിട്ടാണ്. എല്ലാ രീതിയിലും എനിക്ക് ഇൻവോൾവ് ആവാൻ ഇഷ്ടമാണ്. അതൊരു ചെറിയ ക്രൂ ആയിരുന്നു. എല്ലാവർക്കും എല്ലാവരെയും അറിയാം, എല്ലാവരും കഷ്ടപ്പെട്ട് പണിയെടുത്താലേ ഈ ഷോട്ട് കിട്ടുകയുള്ളൂ.

ഈ സീൻ ആയിരുന്നു ഏറ്റവും അവസാനം ചെയ്തത്. ഒരു ദിവസം മുഴുവൻ കളം സെറ്റ് ചെയ്ത് കഴിഞ്ഞപ്പോൾ മഴ പെയ്തു. പിന്നെ മറ്റൊരു ദിവസം വീണ്ടും കളം വരച്ചാണ് ഷൂട്ട് ചെയ്തത് അത് ഭയങ്കര ഇന്റൻസ് ആയിരുന്നു. ആ എഫർട്ട്  സ്ക്രീനിൽ അറിയാൻ പറ്റും. അത് നേരിട്ട് കാണുമ്പോൾ എനിക്ക് കിട്ടുന്ന ഒരു അനുഭവം ഉണ്ട്. ആ തീവ്രത ആളുകൾക്ക് കിട്ടണം. അല്ലെങ്കിൽ ഞാൻ പരാജയപ്പെട്ടു എന്ന് പറയേണ്ടി വരും.

പ്രേക്ഷകരോട് പറയാനുള്ളത്

ഇത് ഞങ്ങളുടെ ചെറിയ പരിശ്രമം. പക്ഷേ, ഇന്നത്തെ സാഹചര്യത്തിൽ നമ്മൾ ജീവിക്കുന്ന ലോകത്തിന്റെ പ്രതിഫലനമാണ് ‘തിയേറ്റർ.’ ഇതൊരു സോഷ്യൽ കമന്ററി എന്നുള്ള സ്പേസിൽ മാത്രമല്ല. അതിന്റെ നടുക്ക് അമ്മയുടെയും മകളുടെയും വെെകാരികമായിട്ടുള്ള റിലേഷനുണ്ട്. അവർക്ക് എന്തുപറ്റുന്നു എന്നുള്ള കഥയുണ്ട്. അവരെ നോക്കിക്കാണുന്ന കുറച്ച് മനുഷ്യരുടെയും കൂടെ കഥയാണ്. അതുകൊണ്ട് ഇതൊരു വ്യത്യസ്തമായ പരീക്ഷണമാണ് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

‘ലോക’യുടെ വിജയം

നമ്മൾ കാലങ്ങളായിട്ട് പറയുന്ന കാര്യമാണ്. സിനിമയാണ്; ഹീറോ അല്ലെങ്കിൽ ഹീറോയിൻ. പക്ഷേ, എപ്പോഴും സംഭവിക്കുന്നത് 'ഫീമെയിൽ ഓറിയന്റഡ്' എന്ന് പറയുമ്പോൾ തന്നെ 'ഇത്ര ബഡ്ജറ്റേ ഉള്ളൂ' എന്നാണ്.  പ്രൊഡക്ഷൻ ക്വാളിറ്റിയെയാണ് ബാധിക്കുന്നത്. 120 രൂപയ്ക്ക് ടിക്കറ്റെടുക്കുന്ന ഒരാൾക്ക് അതറിയേണ്ട ആവശ്യമില്ല. അവർക്ക് സിനിമ ആസ്വദിക്കാൻ പറ്റണം. പ്രേക്ഷകരുടെ ഭാഗത്തല്ല തെറ്റ്. ഇൻഡസ്ട്രിയുടെ ഉള്ളിൽ ആ മാറ്റം സംഭവിക്കണം. 'ഫീമെയിൽ ഓറിയന്റഡ്' എന്ന് പറയുമ്പോഴും അതിന് ഇത്ര ബജറ്റ് മതി എന്ന് കരുതരുത്.

അഞ്ജന ഫിലിംസിനെക്കുറിച്ച് പറയേണ്ട ഒരു കാര്യമുണ്ട്. തിയേറ്റർ റിലീസ് ചെയ്യാമെന്നും പ്രൊമോഷന് കൃത്യമായ ബജറ്റ്‌ ഇറക്കാമെന്നും തിയേറ്ററിൽ തന്നെ ആളുകൾ ഇത് കാണണം എന്നും ആഗ്രഹിക്കുക എന്നത് വലിയ ഇമ്പോർട്ടന്റ് ആണ്. 50-60 വർഷമായി അഭിനയരംഗത്തുള്ള ആർട്ടിസ്റ്റുകൾ നമ്മുടെ കൂടെയുണ്ട്. ഇവർക്കൊക്കെ കഥകളുണ്ട് പറയാൻ. ആ കഥകൾ കേൾക്കണം. പ്ലീസ് ഇൻവെസ്റ്റ് ഇൻ അസ് ആസ് വെൽ.