
മലയാളികളുടെ കണ്മുന്നില്‍ വളര്‍ന്ന് വന്ന രണ്ട് താരങ്ങളാണ് കാളിദാസ് ജയറാമും നമിത പ്രമോദും. ഇരുവരും ആദ്യമായി ഒന്നിക്കുന്ന രജനി റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിൻ്റെ വിശേഷങ്ങളുമായി ഇരുവരും മാതൃഭൂമി ഡോട് കോമിനൊപ്പം
അന്നും ഇന്നും ഒരുപോലിരിക്കുന്നു രണ്ട് പേരും.. ആ സീക്രട്ട് എന്താണ് ?
നമിത - എന്റേത് അച്ഛന്റേം അമ്മേടേം ജീനിന്റെ ആകും. അല്ലാതെ വലിയ സീക്രട്ട് ഒന്നുമില്ല. പിന്നെ ഞങ്ങള്‍ക്കത്ര പ്രായമൊന്നും ആയിട്ടില്ലല്ലോ..കുഞ്ഞിലേ തൊട്ട് നമ്മളെ കാണുന്നതല്ലേ അതാകും മാറ്റമൊന്നും തോന്നാത്തത്.
കാളിദാസ് - സന്തോഷമായിട്ടിരിക്കുക, അത്രേയുള്ളൂ. അത് തന്നെ ആണ് സീക്രട്ടും
രജനിയാണ് പുതിയ വിശേഷം, ഈ പേരിന് പിന്നിലുള്ള കഥ എന്താണ് ?
നമിത - രജനി എന്ന് പറയുമ്പോള്‍ എനിക്ക് അറിയാവുന്ന അര്‍ഥം ഇരുട്ട് ആണ്. ഓരോരുത്തരുടേയും കാഴ്ച്ചപ്പാടില്‍ അതിന് മാറ്റം വന്നേക്കാം. പേരിന് സിനിമയുമായി ബന്ധമുണ്ടോയെന്നറിയാന്‍ പടം കാണുക തന്നെ വേണം

കാളിദാസ് - വിനിലേട്ടന്‍ ആദ്യമായി രജനിയുടെ കഥ പറഞ്ഞപ്പോള്‍ തന്നെ ഭയങ്കര എന്‍ഗേജിങ്ങ് ആയി തോന്നി. ഓരോ ചെറിയ കഥാപാത്രത്തിനും അത്രമാത്രം പ്രാധാന്യം ചിത്രത്തിലുണ്ട്. അവരില്ലാതെ ഈ സിനിമ പൂര്‍ത്തിയാവില്ല. ഞാനിത് വരെ ചെയ്തതില്‍ നി്ന്ന് വ്യത്യസ്തമായ കഥാപാത്രമായിരുന്നു നവീന്‍. അതുകൊണ്ടാണ് ചിത്രത്തോട് ഓകെ പറഞ്ഞത്.
എത്രമാത്രം വെല്ലുവിളിയുണ്ടായിരുന്നു ഈ കഥാപാത്രം ചെയ്യുമ്പോള്‍ ?
കാളിദാസ് - ഭയങ്കര വെല്ലുവിളി നിറഞ്ഞ കഥാപാത്രമൊന്നുമല്ല. പക്ഷേ തുടക്കം തൊട്ട് അവസാനം വരെ ഒരേ മീറ്റര്‍ പിടിച്ചാണ് പോകേണ്ടിയിരുന്നത്. ഒരു അഭിനേതാവെന്ന നിലയില്‍ നോക്കുമ്പോള്‍ എനിക്ക് നല്ല സംതൃപ്തി തോന്നുന്നുണ്ട്. നല്ല കണ്ടന്റ് ഉള്ള സിനിമയുടെ ഭാഗമാവാന്‍ സാധിച്ചതില്‍.
ആദ്യമായല്ലേ ഒന്നിച്ച് അഭിനയിക്കുന്നത്. പരസ്പരം വിലയിരുത്തുന്നത് എങ്ങനെയാണ് ?
കാളിദാസ് - നമിത സൂപ്പറാണ്
നമിത - കണ്ണന്‍ വളരെ സ്വീറ്റ് ആണ്. ഭയങ്കര കംഫര്‍ട്ടബിള്‍ ആയിരുന്നു ഒന്നിച്ച് ജോലി ചെയ്യാന്‍. നമ്മളങ്ങനെ ഒരുപാട് തവണ കണ്ടുമുട്ടിയിട്ടൊന്നുമില്ല. വല്ല ഇവന്റുകളും മറ്റും വരുമ്പോള്‍ കണ്ടിട്ടുണ്ടെന്നേയുള്ളൂ. ഭയങ്കര ടാലന്റഡ് ആയിട്ടുള്ള അഭിനേതാവാണ് കണ്ണന്‍. എന്ത് ചെയ്താലും അത് കൂടുതല്‍ നന്നാക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ്. ഞങ്ങള്‍ പിന്നെ സമപ്രായക്കാരായതുകൊണ്ട് ആ വൈബ് അടിപൊളിയായിരുന്നു.
മലയാളം വേണ്ട വിധത്തില്‍ കാളിദാസ് എന്ന നടനെ ഉപയോഗിച്ചില്ല എന്ന് തോന്നുന്നുണ്ടോ ?
കാളിദാസ് - അങ്ങനെ ഞാന്‍ പറയില്ല. ഞാനെടുത്ത ചില തീരുമാനങ്ങള്‍ ശരിയായിരുന്നില്ല. ഓരോ സിനിമ കഴിയുമ്പോഴും നമ്മൾ നന്നായിക്കൊണ്ടിരിക്കുമല്ലോ..കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കും. ഒരോ സിനിമ കഴിയുമ്പോഴും കൂടുതല്‍ പഠിക്കും. പിന്നെ തമിഴിലും മലയാളത്തിലും എനിക്ക് വലിയ വ്യത്യാസമൊന്നും തോന്നിയിട്ടില്ല. ഞാന്‍ ചിന്തിക്കുന്ന ഭാഷ തമിഴായതുകൊണ്ട് എനിക്ക് സംസാരിക്കാന്‍ എളുപ്പവും തമിഴാണെന്നേയുള്ളൂ.
നമ്മുടെ കണ്മുന്നില്‍ വളര്‍ന്നതുകൊണ്ടാവുമോ അങ്ങനെ ?
കാളിദാസ് - അറിയില്ല
നമിത - ഓരോ അഭിനേതാക്കളും കടന്ന് പോവുന്ന ഘട്ടങ്ങളാണ് സത്യത്തില്‍ അതെന്നാണ് എനിക്ക് തോന്നുന്നത്. അത് ഓരോ വര്‍ഷം പിന്നിടുമ്പോഴും മാറിക്കൊണ്ടിരിക്കില്ലേ. ഇന്ന ടൈപ്പ് കഥാപാത്രമേ ചെയ്യൂ എന്ന് പറഞ്ഞല്ലല്ലോ ഓരോ അഭിനേതാവും സിനിമയില്‍ എത്തുന്നത്. ആരും ജനിക്കുമ്പോഴേ അഭിനേതാക്കളായി ജനിക്കുന്നില്ല. ഓരോ സിനിമ കഴിയുമ്പോഴും നമ്മള്‍ വളര്‍ന്നുക്കൊണ്ടിരിക്കുകയല്ലേ. എന്റെ പണ്ടത്തെ സിനിമകള്‍ ഞാന്‍ കാണാറുപോലുമില്ല. അത്രയ്ക്ക് അരോചകമായി തോന്നാറുണ്ട് എന്റെ അഭിനയം.
പക്ഷേ നമിതയ്ക്ക് തുടക്കത്തില്‍ കിട്ടിയതെല്ലാം പക്വതയുള്ള കഥാപാത്രങ്ങളാണ് ?
നമിത - അത് സത്യമാണ്. പക്ഷേ എനിക്കിപ്പോള്‍ തോന്നാറുണ്ട് അത്തരം വേഷങ്ങള്‍ ഇപ്പോഴാണ് കിട്ടിയിരുന്നതെങ്കില്‍ കുറച്ചുകൂടെ നന്നാക്കാമായിരുന്നു എന്ന്. എങ്കിലും അതിനും ഒരു ഭംഗിയുണ്ട്. നമ്മള്‍ പഠിച്ചു വരുന്ന സമയമല്ലേ. എവിടെയാ എന്താ വേണ്ടേ എന്നറിയാതെ ഇപ്പോഴും ഞാന്‍ കഷ്ടപ്പെടുന്നുണ്ട്.
വലിയ ഇടവേളയ്ക്ക് ശേഷമാണ് ബാക്ക് ടു ബാക്ക് ചിത്രങ്ങളുമായി എത്തുന്നത്. ഈ ഒളിച്ചു നില്‍ക്കല്‍ എന്തിനായിരുന്നു ?
നമിത - ഒളിച്ചു നില്‍ക്കലും മാറി നില്‍ക്കലും ഒന്നുമല്ല. തുടങ്ങിയ സമയത്ത് പഠനവും കാര്യങ്ങളുമുണ്ടായിരുന്നു. വര്‍ഷത്തില്‍ മൂന്ന് ചിത്രങ്ങളൊക്കെയാണ് ചെയ്തിരുന്നത്. പിന്നെ എനിക്ക് തോന്നുമ്പോള്‍ സിനിമ ചെയ്യുന്ന ആളാണ് ഞാന്‍. ഞങ്ങള്‍ അഭിനേതാക്കള്‍ ആരോടും പറഞ്ഞിട്ടില്ല ഇന്ന വര്‍ഷം ഇത്ര സിനിമകള്‍ ചെയ്‌തോളാം എന്ന്. നല്ല വേഷം വന്നാൽ അത് ചെയ്യും അത്രയേ ഉള്ളൂ. പിന്നെ എല്ലാ വര്‍ഷവും ഇത്ര ചിത്രങ്ങള്‍ ചെയ്തിരിക്കണം എന്നുള്ളത് ഒരു തെറ്റിദ്ധാരണയാണെന്ന് തോന്നുന്നു. നല്ലത് വന്നാല്‍ നോക്കി ചെയ്യുന്നു എന്നേയുള്ളൂ. ഒരു സ്‌ക്രിപ്റ്റ് കേള്‍ക്കുമ്പോള്‍ എനിക്കുള്ള ചോദ്യങ്ങള്‍ ചോദിക്കും. അതെല്ലാം എനിക്ക് ബോധ്യപ്പെട്ടാല്‍ ആ ചിത്രം ചെയ്യും അത്രയേ ഉള്ളൂ.
ബിസിനസ് മോഹം എന്നാണ് ഉള്ളില്‍ വരുന്നത് ?
നമിത - പണ്ടേ മുതല്‍ അങ്ങനെ ആഗ്രഹമൊന്നുമില്ല. നമ്മുടെ ഹൊറൈസണ്‍ വലുതാക്കുക എന്നതാണ്. ഒരു അഭിനേതാവ് എന്ന നിലയില്‍ അല്ലാതെ എനിക്ക് പറ്റുന്ന രീതിയില്‍ എക്‌സ്പാന്‍ഡ് ചെയ്യണമെന്നുണ്ടായിരുന്നു. അതിന് മികച്ച വഴിയായി തോന്നിയത് തിരഞ്ഞെടുത്തു
കാളിദാസ് ഇനി കരിയറില്‍ മുന്നില്‍ കാണുന്നത് എന്താണ് ?
കാളിദാസ് - കൂടുതല്‍ മികച്ച അഭിനേതാവാവുക എന്നത് മാത്രമേ ഇപ്പോള്‍ തത്കാലം മുന്നിലുള്ളൂ.
മിമിക്രി ഒഴിച്ചു കൂടാനാവാത്തതാണ് ?
കാളിദാസ് - കോളേജ് ടൈമിലൊക്കെ മിമിക്രി ചെയ്യുമായിരുന്നു. പിന്നീടാണ് ഒരു അവാര്‍ഡ് ഫങ്ഷനില്‍ ചെയ്യുന്നതും അത് വൈറലായി മാറുന്നതും. ആദ്യം ചെയ്യുന്നത് വിജയ് സാറിനെയാണ്. പക്ഷേ അപ്പയെ ഇതുവരെ അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ല. മറ്റുള്ളവര്‍ അപ്പയെ അനുകരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. മറ്റുള്ളവര്‍ അനുകരിക്കുന്നത് കണ്ടിട്ടല്ലേ നമ്മള്‍ പഠിക്കുക. എനിക്കതിന് അവസരം കിട്ടിയിട്ടില്ല.
ജയറാമേട്ടന്റെ കരിയയറിലെ മികച്ച ഘട്ടമാണ് ഇപ്പോള്‍. ഇത് കാണുമ്പോള്‍ തോന്നുന്നതെന്താണ് ?
കാളിദാസ് - അപ്പയുടെ മികച്ച ചിത്രങ്ങള്‍ ഇനിയാണ് വരാന്‍ പോവുന്നതെന്ന് തോന്നുന്നു. കാരണം നായകനെന്നുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതെ ഏത് ടൈപ്പ് കഥാപാത്രം വേണമെങ്കിലും അപ്പയ്ക്കിനി ചെയ്യാം. വേര്‍ഷന്‍ 2.0 വരാന്‍ പോവുന്നു എന്നാണ് ഞാന്‍ കരുതുന്നത്.
ചെറുപ്പത്തിലേ ദേശീയ പുരസ്‌കാര ജേതാവ്, മലയാളികളുടെ പ്രിയ താരങ്ങളുടെ മകന്‍ .. ഈ ഭാരം കാളിദാസിന് ഉണ്ടായിരുന്നോ ?
കാളിദാസ് - ഭാരമുണ്ടായിരുന്നു എന്നുള്ളത് ശരിയാണ്. പക്ഷേ ഞാനെപ്പോഴും പ്രേക്ഷകരോട് കടപ്പെട്ടിരിക്കും. കാരണം ഇതേ സ്‌നേഹവും പിന്തുണയും കിട്ടാന്‍ എത്ര പേരാണ് കൊതിച്ചിരിക്കുന്നത്. ആ സ്‌നേഹം തുടക്കം മുതല്‍ എനിക്ക് കിട്ടിയിട്ടുണ്ട്. അതിലെനിക്ക് കടപ്പാടുണ്ട്. അത് ഞാന്‍ മുതലെടുക്കില്ല. നേരത്തെ ചോദിച്ചില്ലേ എന്തുകൊണ്ടാണ് മലയാളത്തില്‍ സിനിമകള്‍ വരാനിത്ര സമയം എടുക്കുന്നതെന്ന്. ഇതുകൊണ്ടാണ്. ഈ സ്‌നേഹത്തിന് നല്ല ചിത്രങ്ങളിലൂടെ വേണം എനിക്ക് മറുപടി നല്‍കാന്‍.
എന്റെ വീട് അപ്പൂന്റേം സിനിമ ഓര്‍ക്കുമ്പോള്‍
കാളിദാസ് - ആ സിനിമ കണ്ടുകഴിഞ്ഞ് ചക്കിക്ക് എന്റെ മുറിയില്‍ വരാന്‍ പോലും പേടിയായിരുന്നു. ഏതാണ്ട് ഒരു വര്‍ഷത്തോളം. അവളാകെ പേടിച്ച് പോയി. ഇനി ഇവനെങ്ങാനും കൊന്നാലോ എന്നോര്‍ത്ത് കാണും.
നമിത - എന്റെയും അനുജത്തിയുടെയും ഇടയില്‍ പക്ഷേ അങ്ങനെ വലിയ അടിയും ഇടിയും വഴക്കുമൊന്നും ഉണ്ടായിട്ടില്ല. അവള്‍ എന്റെ സ്വഭാവമേ അല്ല. ലോകം ഇടിഞ്ഞു വീണാലും അതവളെ ബാധിക്കുകയേ ഇല്ല.
ഇന്ന് ഇവിടെ നില്‍ക്കുമ്പോള്‍ തോന്നുന്നത് എന്താണ് ?
കാളിദാസ് - സ്വപ്‌നതുല്യം എന്നേ പറയാനുള്ളൂ. ഒരുപാട് മികച്ച അഭിനേതാക്കള്‍ക്കും സംവിധായകര്‍ക്കുമൊപ്പം ജോലി ചെയ്യാന്‍ സാധിച്ചു. സന്തോഷവും കടപ്പാടും ഉണ്ട്.
നമിത - എനിക്കും അങ്ങനെ തന്നെയാണ്. അപ്രതീക്ഷിതമായി സിനിമയിലെത്തിയ ആളാണ് ഞാന്‍. അന്നൊന്നും എന്താണ് ചെയ്യുന്നതെന്ന് പോലും തിരിച്ചറിയാനുള്ള പക്വത ഉണ്ടായിരുന്നില്ല ഇപ്പോഴാണ് ഞാന്‍ അഭിനയത്തില്‍ കൂടുതല്‍ മികച്ചതാക്കാന്‍ നോക്കുന്നത്. ഇത്രയും നാള്‍ പിന്തുണച്ച എല്ലാവരോടും നന്ദി മാത്രമേ പറയാനുള്ളു.
Content Highlights: rajni movie kalidas jayaram namitha pramod interview
Published: 13 Nov 2023, 10:18 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented