
ചെന്നൈ നഗരം. അവിടെ ഒരു കൊലപാതകിയെ കേന്ദ്രീകരിച്ച് നടക്കുന്ന കുറ്റാന്വേഷണം. ചുരുങ്ങിയ വാചകങ്ങളില്‍ ഇതാണ് രജനി. വിക്രം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം കാളിദാസ് ജയറാം കേന്ദ്ര കഥാപാത്രമായി എത്തുന്ന രജനി സംവിധാനം ചെയ്തിരിക്കുന്നത് വിനില്‍ സ്‌കറിയ വര്‍ഗ്ഗീസാണ്.
എറണാകുളത്ത് നിന്ന് ചെന്നൈയിലേക്ക് താമസം മാറിയ ദമ്പതികളാണ് അഭിജിത്തും ഗൗരിയും. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. ഒരു രാത്രി ഇരുവരും ഒരുമിച്ച് യാത്ര ചെയ്യവേ ദുരൂഹ സാചര്യത്തില്‍ അഭിജിത്ത് കൊല്ലപ്പെടുന്നു. അഭിജിത്തിന്റെ വേര്‍പാട് ഗൗരിയെയും ഗൗരിയുടെ സഹോദരനായ നവീനിനെയും തകര്‍ക്കുന്നു.
അഭിജിത്തിന്റെ ദുരൂഹ മരണത്തിന്റെ ചുരുളഴിക്കാന്‍ ഇറങ്ങി പുറപ്പെടുകയാണ് നവീന്‍. പിന്നീട് ഉദ്വേഗം നിറഞ്ഞ രംഗങ്ങളിലൂടെ കാണികളെ മുള്‍മുനയില്‍ നിര്‍ത്താന്‍ ചിത്രത്തിന് സാധിച്ചു.
അഭിജിത്തായി സൈജു കുറുപ്പ് എത്തുമ്പോള്‍ ഗൗരിയായി നമിത പ്രമോദ് എത്തുന്നു. നവീന്‍ എന്ന നായക കഥാപാത്രം കാളിദാസ് ജയറാമിന്റെ കൈകളില്‍ ഭദ്രമായിരുന്നു. വൈകാരിക രംഗങ്ങള്‍ അനായാസേന അഭിനയിച്ചു ഫലിപ്പിക്കാന്‍ കാളിദാസിന് സാധിച്ചു.
ഒരു സാധാ കുറ്റാന്വേഷണ ചിത്രമെന്ന് കരുതി ടിക്കറ്റ് എടുക്കുന്നവര്‍ക്ക് നിരാശയായിരിക്കും ഫലം. ഇത്തരം ചിത്രങ്ങളുടെ സ്ഥിരം ഫോര്‍മുലകള്‍ രജനി അടിമുടി പൊളിച്ചുമാറ്റുന്നുണ്ട്.
വലിച്ചുനീട്ടലുകളില്ലാതെ എന്താണ് രജനിയെന്ന് രണ്ടുമണിക്കൂര്‍ കൊണ്ട് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പശ്ചാത്തലസംഗീതം ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്നാണ്.
ലക്ഷ്മി ഗോപാലസ്വാമി, റെബ മോണിക്ക ജോണ്‍, അശ്വിന്‍ കുമാര്‍, ശ്രീകാന്ത് മുരളി, വിന്‍സന്റ് വടക്കന്‍, രമേശ് ഖന്ന,പൂ രാമു, ഷോണ്‍ റോമി, കരുണാകരന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
സമൂഹത്തില്‍ ദിനംപ്രതി പ്രസക്തമായി കൊണ്ടിരിക്കുന്ന ജെന്‍ഡര്‍ വിഷയങ്ങളും ചിത്രം ചര്‍ച്ച ചെയ്യുന്നു. മലയാളത്തിലും തമിഴിലുമായിട്ടാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ ഒരുപിടി തമിഴ് താരങ്ങളെയും ചിത്രത്തില്‍ കാണാം.
സൈലന്റായി വന്ന് ഹിറ്റടിക്കുന്ന സാഹചര്യമാണ് നിലവില്‍ മലയാള സിനിമ അഭിമുഖീകരിക്കുന്നത്. രജനി എന്ന ചിത്രത്തിന്റെ പോക്കും മറിച്ചല്ല. എന്താണ്, ആരാണ് രജനിയെന്നത് ചിത്രം പ്രേക്ഷകര്‍ക്കായി ഒളിച്ചുവെച്ചിരിക്കുന്ന സര്‍പ്രൈസ് തന്നെയാണ്.
നവരസ ഗ്രൂപ്പ് നവരസ ഫിലിംസിന്റെ ബാനറില്‍ ആദ്യമായി നിര്‍മിച്ച ചിത്രം കൂടിയാണ് രജനി. ശ്രീജിത്ത് കെ.എസ്, ബ്ലെസി ശ്രീജിത്ത് എന്നിവരാണ് നിര്‍മാതാക്കള്‍. കുറ്റാന്വേഷണ ചിത്രങ്ങള്‍ നെഞ്ചേറ്റുന്നവര്‍ക്ക് ധൈര്യമായി ടിക്കറ്റെടുക്കാം, രജനി നിങ്ങളെ നിരാശരാക്കില്ല.
Content Highlights: rajani malayalam movie review, kalidas jayaram, namitha pramod
Published: 08 Dec 2023, 01:40 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented