പല പ്രമുഖ തെന്നിന്ത്യന്‍ സംവിധായകരും പരാജയപ്പെട്ട ബോളിവുഡില്‍ പ്രിയദര്‍ശന്‍ വിജയിച്ചത് എങ്ങനെയാണ്?

സിനിമകളുടെ വിജയംകൊണ്ടുമാത്രം പിടിച്ചുനില്‍ക്കാന്‍ പറ്റുന്ന ഇന്‍ഡസ്ട്രിയാണ് ബോളിവുഡ്. സാധാരണനിലയില്‍ തെന്നിന്ത്യയില്‍ നിന്നുള്ള സംവിധായകരെ വളരാന്‍ ബോളിവുഡ് അനുവദിക്കാറില്ല. ഒന്നോ രണ്ടോ സിനിമകള്‍ ചെയ്യുമ്പോഴേക്കും അവരെ വന്ന വഴിതിരിച്ച് ഓടിക്കുകയാണ് ബോളിവുഡിന്റെ രീതി. മലയാളത്തില്‍നിന്നും തമിഴില്‍നിന്നും ബോളിവുഡിലേക്ക് പോയ ഭൂരിഭാഗം സംവിധായകരും അത്തരം അനുഭവങ്ങള്‍ നേരിട്ട് മടങ്ങിയിട്ടുണ്ട്. ബോളിവുഡില്‍ സക്രിയസാന്നിധ്യമാകാനും എന്തെങ്കിലും അടയാളപ്പെടുത്തലുണ്ടാക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതിനുള്ള പ്രധാനകാരണം ഞാന്‍ ചെയ്ത 80 ശതമാനം ചിത്രങ്ങളും ബോക്‌സോഫീസില്‍ വിജയിച്ചതുകൊണ്ടാണ്.

മറ്റൊന്ന് ബോളിവുഡിലെ ഒരു ക്യാമ്പിലും ഞാന്‍ പോയി പെട്ടിട്ടില്ല എന്നതാണ്. പഞ്ചാബി, മറാത്തി, യു.പി. അങ്ങനെ പല ലോബികളുണ്ട് ബോളിവുഡില്‍. അതില്‍ ഒന്നിലും പെടരുത് എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അതിനാല്‍ പൊതുവേ പാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നത് കുറവാണ്. അതുകൊണ്ട്  പൊതുസമ്മതി നേടാനും അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍,  അക്ഷയ്കുമാര്‍ തുടങ്ങി മുന്‍നിര നടന്മാരെയെല്ലാം കൂടെ സിനിമകളും പരസ്യങ്ങളും ചെയ്യാനും സാധിച്ചു. അവരൊന്നും ഒരിക്കലും എന്റെ കൂടെ വര്‍ക്ക് ചെയ്യാനാവില്ല എന്നു പറഞ്ഞിട്ടില്ല, അതെന്റെ ഭാഗ്യമായി കാണുന്നു. അതുപോലെ നല്ല കുറെ നിര്‍മാതാക്കള്‍ ഒന്നില്‍ക്കൂടുതല്‍ സിനിമകള്‍ എനിക്ക് തന്നു. ഹംഗാമയുടെ നിര്‍മാതാവുമൊത്തുള്ള അഞ്ചാമത്തെ സിനിമയാണിത്. അവരുദ്ദേശിച്ച ബജറ്റില്‍ സിനിമകള്‍ ചെയ്യാന്‍ സാധിക്കുന്നത് കൊണ്ടാകാം അങ്ങനെ വീണ്ടും അവസരങ്ങള്‍ തരുന്നത്.

എന്റെ സിനിമാ കരിയറിലെ ഏറ്റവും വലിയ നേട്ടമെന്താണെന്ന് ചോദിച്ചാല്‍ അത് പദ്മശ്രീയും ദേശീയ അവാര്‍ഡൊന്നും അല്ല. സല്‍മാന്‍ ഖാനെയും ഗോവിന്ദയെയും വെളുപ്പിന് അഞ്ചുമണിക്ക് കൊണ്ടുവന്ന് ഷൂട്ട് ചെയ്യാന്‍ പറ്റി എന്നതാണ്. അവരുടെ ജീവിതത്തില്‍ എന്റെ സിനിമയിലല്ലാതെ ഒരിക്കലും ആ നേരത്ത് വന്ന് ഷൂട്ട് ചെയ്തിട്ടില്ല. എങ്ങനെ അത് സാധിച്ചു എന്ന് എന്നോട് പലരും ചോദിച്ചിട്ടുണ്ട്. 'ക്യോം കീ' എന്ന പടം തീര്‍ന്നപ്പോള്‍ സല്‍മാന്‍ ഖാന്‍ എന്നോട് പറഞ്ഞിട്ടുണ്ട്: ''പ്രിയന്‍ ഗാരു, ഇനി ഒരു സിനിമ നമ്മളൊന്നിച്ച് ചെയ്യുകയാണെങ്കില്‍ ഞാന്‍ കൂടുതല്‍ ദിവസം തരാം, പക്ഷേ, അതിരാവിലെ ഷൂട്ടിങ്ങിന് ഞാന്‍ വരില്ല.'' അവര്‍ എന്നോട് അത്രമാത്രം സഹകരിച്ചു എന്നതൊരു ഭാഗ്യമായാണ് കാണുന്നത്.

താങ്കള്‍ ചെയ്ത ഭൂരിഭാഗം ബോളിവുഡ് ചിത്രങ്ങളും റീമേക്കുകളാണ്, ഹംഗാമ-2 ഉം മിന്നാരത്തിന്റെ അഡാപ്റ്റേഷനാണ്. എന്താണ് ബോളിവുഡില്‍ റീമേക്കുകളെ കൂടുതല്‍ ആശ്രയിക്കാന്‍ കാരണം..

അവയുടെ വിജയം തന്നെയാണ് അതിനുള്ള കാരണം. 'ബോയിങ് ബോയിങാ'ണ് 'ഗരംമസാല'യായത്, 'പൂച്ചയ്‌ക്കൊരു മൂക്കുത്തി'യാണ് 'ഹംഗാമ- 1' ആയത്. 'റാംജിറാവു സ്പീക്കിങ്' 'ഹേരാ ഫേരി'യും 'മണിചിത്രത്താഴ്' 'ബൂല്‍ ബുലയ്യ'യുമായി. റീമേക്ക് ചെയ്ത ഈ സിനിമകളെല്ലാംതന്നെ ബോളിവുഡില്‍ വലിയ വിജയങ്ങളായിരുന്നു. അതുകൊണ്ട് 30-ലധികം സിനിമകള്‍ എനിക്ക് ബോളിവുഡില്‍ സംവിധാനം ചെയ്യാന്‍ കഴിഞ്ഞു. ആക്രോശ്, കഭി ന കഭി, മാലാമാല്‍, വീക്കിലി തുടങ്ങി നാലു സിനിമകള്‍ മാത്രമേ ഞാന്‍ ബോളിവുഡില്‍ ഒറിജിനല്‍ സ്‌ക്രിപ്റ്റ് വെച്ച് ചെയ്തിട്ടുള്ളൂ. അവയെല്ലാം ബോക്‌സോഫീസില്‍ വലിയ ചലനമുണ്ടാക്കിയില്ല. അതിനുള്ള പ്രധാനകാരണമായി തോന്നിയിട്ടുള്ളത് മറ്റൊരാളെവെച്ച് ബോളിവുഡില്‍ ഞാന്‍ തിരക്കഥ എഴുതിയപ്പോഴെല്ലാം അവരുമായി കൃത്യമായി ധാരണയിലെത്താന്‍ എനിക്ക് സാധിച്ചിട്ടില്ല. അവരെല്ലാം മികച്ച തിരക്കഥാകൃത്തുകളായിരുന്നു. പക്ഷേ, എന്തോ സംവിധായകനും രചയിതാവും തമ്മിലുള്ള മിക്‌സ് ശരിയായില്ല. മനസ്സിലുള്ള സിനിമ മറ്റൊരാളെ പറഞ്ഞ് മനസ്സിലാക്കുമ്പോള്‍ കുറെ അബദ്ധങ്ങള്‍ സംഭവിച്ചേക്കാം. അതാകാം ആ നാലുസിനിമകള്‍ പരാജയപ്പെടാനുള്ള കാരണം. എന്നാല്‍, റീമേക്കുകളുടെ കാര്യം അങ്ങനെയല്ല. ഞാന്‍ മലയാളത്തില്‍ എടുത്ത ഹിറ്റ് സിനിമകളെല്ലാം മറ്റ് പ്രദേശങ്ങളില്‍ ജീവിക്കുന്ന വേറെ ഭാഷ സംസാരിക്കുന്ന മനുഷ്യര്‍ കണ്ടിട്ടില്ല. എനിക്ക് മുമ്പേതന്നെ മലയാളത്തില്‍നിന്ന് ഒരുപാട് സിനിമകളില്‍ അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. 'വാഴ്വേ മായം' എന്ന സിനിമ 'ആപ് കി കസം' എന്ന സിനിമയായപ്പോള്‍ ആരും സത്യന്‍ മാഷിനെയും രാജേഷ് ഖന്നയെയും താരതമ്യപ്പെടുത്തിയിട്ടില്ല. പൊതുവേ റീമേക്ക് സിനിമകള്‍ ഭൂരിഭാഗവും പരാജയപ്പെടുകയാണ് രീതി. അതിനുള്ളകാരണം സമാനരീതിയില്‍ റീമേക്ക് ചെയ്യുന്നതു കൊണ്ടാണ്. തമിഴ് സിനിമയോ തെലുങ്ക് സിനിമയോ അതേപോലെ ഹിന്ദിയില്‍ ആക്കിയാല്‍ ഭാഷ മാത്രം മാറുന്നു എന്നതല്ലാതെ മറ്റൊന്നുമില്ല. അപ്പോള്‍ ബോളിവുഡ് പ്രേക്ഷകര്‍ക്ക് ആ സിനിമ മനസ്സിലാകില്ല. അതിനാല്‍ റീമേക്കുകള്‍ പരാജയങ്ങളായി. ഇത് ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് മറ്റൊരുരീതി ഞാന്‍ സ്വീകരിച്ചു. ഏത് സിനിമയാണേ റീമേക്ക് ചെയ്യുന്നത് അതിനെ മാറ്റിയെഴുതി ബോളിവുഡ് പ്രേക്ഷകരുടെ സിനിമയാക്കി മാറ്റുക. അതുവഴി റീമേക്കില്‍ ഒരു കള്‍ച്ചറല്‍ ഷിഫ്റ്റ് നടത്തുക. ഉദാഹരണത്തിന് മണിചിത്രത്താഴിനെ ബൂല്‍ ബുലയ്യയാക്കിയപ്പോള്‍ അതിനെ ഒരുരാജസ്ഥാനി പശ്ചാത്തലത്തിലേക്ക് മാറ്റുകയാണ് ആദ്യംചെയ്തത്. അവിടത്തെ രാജകുടുംബങ്ങളില്‍ നടക്കുന്ന കഥയാക്കി മാറ്റി. പ്രേക്ഷകര്‍ക്ക് എളുപ്പത്തില്‍ അത്  കണക്ട് ചെയ്യാന്‍ സാധിച്ചു. സിനിമ വലിയ ഹിറ്റായി മാറി. 'തേവര്‍ മകന്‍' എന്ന സിനിമ 'വിരാസത്ത്' ആയപ്പോഴും അങ്ങനെയൊരു കള്‍ച്ചറല്‍ ഷിഫ്റ്റ് നടത്തിയിട്ടുണ്ട്. ഓരോ സിനിമയിലും ആയൊരു രീതി പിന്തുടരാറുണ്ട്.

വീണ്ടുമൊരു ബോളിവുഡ് സിനിമ, ഹംഗാമ-2. ചിത്രത്തിനെ മിന്നാരവുമായി താരതമ്യം ചെയ്ത് മലയാളി പ്രേക്ഷകര്‍ വിമര്‍ശിക്കുന്നുണ്ട്...

 ആറു വര്‍ഷത്തിന് ശേഷമാണ് ഞാനൊരു ബോളിവുഡ് സിനിമ സംവിധാനം ചെയ്യുന്നത്, ഹംഗാമ-2. മിന്നാരം എന്ന സിനിമയുടെ അഡാപ്റ്റേഷനാണത്. സിനിമ കണ്ട പലരും അഭിനേതാക്കളുടെ പ്രകടനം മിന്നാരത്തിലെ അത്രപോരാ എന്ന് പറഞ്ഞ് വിമര്‍ശനമുന്നയിക്കുന്നുണ്ട്. സത്യമാണത്. മലയാളത്തിലെ അഭിനേതാക്കള്‍ മാസ്റ്റര്‍ ആക്ടേഴ്‌സാണ്. മോഹന്‍ലാലും തിലകനും ജഗതിയും ശോഭനയുമെല്ലാം തരുന്ന അതേ ഔട്ട്പുട്ട് ബോളിവുഡില്‍ കിട്ടില്ല. അതിന്റെ 20 ശതമാനം കിട്ടിയാല്‍ തന്നെ പടം വിജയമാണ്. മലയാളിക്ക് ഒരിക്കലും റീമേക്കുകള്‍ ദഹിക്കില്ല. പക്ഷേ, അത് പ്രശ്‌നമല്ല. എന്റെ ഓരോ സിനിമയും ബോളിവുഡില്‍ ഹിറ്റായപ്പോഴും മലയാളികളില്‍നിന്ന് വിമര്‍ശങ്ങള്‍ കേള്‍ക്കാറുണ്ട്. അതുപോലെ ഹംഗാമ-2ന് നേരെയും വിമര്‍ശനങ്ങള്‍ വരുന്നുണ്ട്. പക്ഷേ, ഹംഗാമ-2 മലയാളികള്‍ക്കുവേണ്ടി എടുത്ത സിനിമയല്ല. അത് ഹിന്ദി സംസാരിക്കുന്ന രാജ്യത്തെ വലിയൊരു ഭൂപ്രദേശത്തെ ജനങ്ങള്‍ക്ക് ആസ്വദിക്കാനായി എടുത്ത സിനിമയാണ്. അവര്‍ക്കത് ഇഷ്ടപ്പെമായെങ്കില്‍ സിനിമ വിജയമാണ്

പിന്നെ മിന്നാരവുമായി ഹംഗാമ-2നെ താരതമ്യം ചെയ്യേണ്ടതില്ല. കാരണം ഒറിജിനല്‍ ഈസ് ഓള്‍വെയ്സ് ഒറിജിനല്‍ എന്നാണല്ലോ. പക്ഷേ, റീമേക്ക് ചെയ്യുമ്പോള്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ ഒരുപാട് മെച്ചങ്ങള്‍ എനിക്ക് തോന്നാറുണ്ട്. പ്രധാനം ഒറിജിനല്‍ സിനിമയെടുത്തതിനെക്കാള്‍ വലിയ കാന്‍വാസില്‍ കുറച്ചുകൂടി നന്നായി സിനിമകള്‍ ഷൂട്ട് ചെയ്യാന്‍ സാധിക്കുന്നു എന്നതാണ്. കാരണം,
മലയാളത്തിലെപ്പോലെ ബജറ്റിന്റെ പരിമിതികളൊന്നും അവിടെയില്ല. അതിനാല്‍ ടെക്‌നിക്കലിയും വിഷ്വലിയും സിനിമ കുറച്ചുകൂടി മികച്ചതാകും. എന്നാല്‍, അഭിനയത്തിന്റെ കാര്യത്തില്‍ കുറച്ച് താഴോട്ടുപോകും എന്നത് സത്യമാണ്. ഞാന്‍ ഒരുസിനിമ മലയാളത്തില്‍നിന്ന് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ ഒരിക്കലും അവിടെയുള്ള അഭിനേതാക്കളെ ഒറിജിനല്‍ മലയാളം സിനിമ കാണിച്ചുകൊടുക്കാറില്ല. കാരണം അത് കണ്ടാല്‍ ചിലപ്പോള്‍ അവര്‍ മോഹന്‍ലാലിന്റെയും മറ്റും അഭിനയം അനുകരിക്കാന്‍ നോക്കുകയും സ്വതസിദ്ധമായ അഭിനയം കാഴ്ച?െവക്കാനാകാതെ പരാജയപ്പെടുകയും ചെയ്യും. ആ തീരുമാനം നല്ലതാണെന്ന് അക്ഷയ് കുമാര്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി നൂറോളം സിനിമകള്‍ പ്രിയന്‍ സംവിധാനം ചെയ്തു. വ്യത്യസ്ത സ്വഭാവവും ശൈലികളുമുള്ള സിനിമകള്‍. ഇതെല്ലാം ചിലപ്പോള്‍ ഒരു സംവിധായകന്റെമാത്രം സൃഷ്ടികളെല്ലെന്ന് തോന്നിപ്പോവുന്നു. ദീര്‍ഘമായ ഈ സിനിമായാത്രയിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ എന്തുതോന്നുന്നു 

ഒരു കുഞ്ഞ് നിലത്ത് കിടന്നുകൊണ്ട് ലോകത്തെ കാണുന്നു. പിന്നെ പതുക്കെ എഴുന്നേറ്റ് നടക്കുന്നു. വീഴാന്‍ പോവുമ്പോള്‍ എവിടെയെങ്കിലും പിടിക്കുന്നു. അതുപൊലെയാണ് ഞാന്‍ സിനിമയിലും. സിനിമയെ നോക്കിക്കണ്ട് വീഴുമ്പോള്‍ ചിലയിടത്തൊക്കെ പിടിച്ച് മുന്നോട്ടുപോവുന്നു. ഒരുപാട് നല്ല സിനിമകള്‍ ഞാന്‍ കണ്ടു. അതില്‍നിന്നെല്ലാം പഠിച്ചെടുത്താണ് ഞാന്‍ സംവിധായകനായത്. ഞാന്‍ കണ്ട സിനിമകളുടെ സ്വാധീനം എനിക്കുണ്ടായിരുന്നു. ആദ്യകാലത്തെ എന്റെ സിനിമകള്‍ പലതും ഇങ്ങനെയുള്ള സ്വാധീനത്തില്‍ നിന്നുണ്ടായവയാണ്. പിന്നെ ചില സിനിമകളുടെ മൗലികമായ പുനഃസൃഷ്ടി നടത്തി. ടി ദാമോദരന്‍ മാഷുടെ നാടകത്തിന്റെ പുനഃസൃഷ്ടിയായാണ് ആര്യന്‍ വന്നത്. അതിനുശേഷം നമ്മുടെ അനുഭവങ്ങളില്‍നിന്നുള്ള കഥകളും സിനിമകളും വന്നു. പിന്നെ ചരിത്രത്തില്‍നിന്നുള്ള സംഭവങ്ങള്‍ എടുത്ത് കാലാപാനി പോലുള്ള സിനിമകള്‍ ചെയ്തു. ഇപ്പോഴിതാ എന്റെ ഏറ്റവും വലിയ സിനിമയെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന മരക്കാറും. ഭരതന്‍, ഭാരതിരാജ തുടങ്ങിയവരെല്ലാം എന്റെ ഗുരുക്കന്മാരാണ്. അവരുടെ സിനിമകള്‍ കണ്ടപ്പോള്‍ എന്റെ സിനിമയെന്താ ഇങ്ങനെയാവാത്തത് എന്ന് ഞാന്‍ സ്വയം ചോദിച്ചു. അവരില്‍നിന്ന് ചില കാര്യങ്ങള്‍ പഠിച്ചു. കാഞ്ചീവരം പോലുള്ള സിനിമകള്‍ എടുക്കാന്‍ കഴിഞ്ഞത് അതുകൊണ്ടാണ്. പിന്നെ എല്ലാതരം സിനിമകളും എടുക്കാന്‍ കഴിഞ്ഞത് എന്തുകൊണ്ട് എന്നുചോദിച്ചാല്‍ അതിനുള്ള മറുപടി എനിക്ക് എല്ലാതരം സിനിമകളും ഇഷ്ടമായതുകൊണ്ട് എന്നാണ്.

മുപ്പത് വര്‍ഷം മുമ്പൊക്കെ സിനിമകള്‍ ചെയ്യാന്‍ തുടങ്ങിയ മലയാളത്തിലെ സംവിധായകരില്‍ പ്രിയദര്‍ശനെയും സത്യന്‍ അന്തിക്കാടിനെയുംപോലെ അപൂര്‍വം ചിലരേ സജീവമായി രംഗത്ത് തുടരുന്നുള്ളൂ. പലരും ഇടയ്ക്കുവെച്ച് പിന്മാറുന്നതായി തോന്നിയിട്ടുണ്ടോ 

അങ്ങനെ പിന്മാറേണ്ടി വരുന്നുവെങ്കില്‍ അതിനു കാരണം പുതിയ സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടാന്‍ തയ്യാറാവാത്തതാണ്. പുതിയ കുട്ടികളുടെ രീതികളുമായി ടെക്‌നോളജിയുമായി നമ്മളുടെ അപ്‌ഡേഷന്‍ നടന്നേ തീരൂ. ഞാന്‍ വളരെ താത്പര്യത്തോടെ ബഹുമാനത്തോടെ കണ്ടിരുന്ന, എനിക്കുശേഷം വന്ന പല സംവിധായകരും ഇങ്ങനെ പിന്തള്ളിപ്പോവുന്നതു കണ്ട് സങ്കടം തോന്നിയിട്ടുണ്ട്. ടെക്‌നോളജി അപഡേറ്റ് ചെയ്യാനുള്ള മടി കാരണം സര്‍ഗാത്മകത പാഴായിപ്പോവുന്ന അവസ്ഥയാണത്. ചെന്നൈയിലുള്ള എന്റെ സ്റ്റുഡിയോയിലും തിയേറ്ററിലുമെല്ലാം നിരന്തരം ടെക്‌നോളജി അപ്‌ഡേറ്റ് ചെയ്യേണ്ടതു കൊണ്ടാവണം പുതിയ മാറ്റങ്ങള്‍ അറിയാനും മനസ്സിലാക്കാനും എനിക്കു കഴിയുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ സിനിമയുടെ സാങ്കേതികവിദ്യയില്‍ വന്നമാറ്റം അദ്ഭുതകരമാണ്. ഞാന്‍ സിനിമയില്‍ വന്ന കാലത്ത് മെക്കാനിക്കലായിരുന്നു എഡിറ്റിങ്. അനലോഗായിരുന്നു സൗണ്ട്. ഇപ്പോള്‍ എഡിറ്റിങ് ഇലക്ട്രോണിക്കായി, സൗണ്ട് ഡിജിറ്റലായി. ഇതൊന്നും മനസ്സിലാക്കാതെ, പഠിക്കാതെ സിനിമ ചെയ്യാനാവില്ല. ഇന്ന് ഒരു സംവിധായകന്‍ ആലോചിക്കുന്നത് സിനിമയില്‍ ചെയ്യാനാവും. അന്ന് ഒരു സംവിധായകന്‍ ആലോചിക്കുന്നതിനുതന്നെ പരിധി ഉണ്ടായിരുന്നു. ഓളവും തീരവും എന്ന സിനിമയുടെ എം.ടി. എഴുതിയ തിരക്കഥ വായിച്ചപ്പോഴാണ് ആദ്യമായി ഒരു സിനിമ ചെയ്യണമെന്ന് ഞാന്‍ തീരുമാനിച്ചത്. അത്രയ്ക്ക് നല്ല തിരക്കഥ. പക്ഷേ, അതിനെക്കുറിച്ച് ഏറെ ആലോചിച്ചശേഷം ഞാനാ സിനിമ കണ്ടു. ശരിക്കും നിരാശ തോന്നി. ഞാന്‍ മനസ്സില്‍ സങ്കല്പിച്ചതിന്റെ അടുത്തെത്തിയില്ല സിനിമ. പി.എന്‍. മേനോന്‍ സാര്‍ അന്ന് ചെയ്തത് അദ്ഭുതമാണ്. പക്ഷേ, സ്‌ക്രീനില്‍ അത്രയേ ചെയ്യാനാവൂ. ഇന്ന് എനിക്ക് ആ സിനിമ ചെയ്താല്‍ കൊള്ളാമെന്നുണ്ട്. അതൊരു മാസ്റ്റര്‍ സ്‌ക്രിപ്റ്റാണ്. അത് വായിക്കുമ്പോള്‍ ഓരോ രംഗവും മിഴിവോടെ നമ്മുടെ മുന്നില്‍ നില്‍ക്കും.  വാക്കുകള്‍ക്കിടയിലായിരുന്നു അതില്‍ അര്‍ഥം. എം.ടി.യെ ഞാന്‍ നമിച്ചുപോയത് അവിടെയാണ്.

Content Highlights: Priyadarshan Director Interview, Hungama 2 release, Shilpa Shetty. Paresh Rawal