
മലയാളികളുടെ പ്രിയ ചലച്ചിത്രകാരനും എഴുത്തുകാരനുമായ പദ്മരാജന്റെ ഒരു കഥ കൂടി വെള്ളിത്തിരയിലെത്തുകയാണ്. നവാസ് അലി രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'പ്രാവ്' ആണ് ആ ചിത്രം. പി. പദ്മരാജന്റെ അമൃതേത്ത് എന്ന കഥയാണ് ചിത്രത്തിന് ആധാരം. നടന്‍ കൂടിയായ തകഴി രാജശേഖരനാണ് പ്രാവിന്റെ നിര്‍മാണം. ആദ്യ നിര്‍മാണ സംരംഭത്തേക്കുറിച്ച് തികഞ്ഞ വിജയപ്രതീക്ഷയാണ് അദ്ദേഹത്തിനുള്ളത്. നടന്‍ മമ്മൂട്ടിയുമായുള്ള സൗഹൃദവും അദ്ദേഹത്തില്‍നിന്ന് ലഭിച്ച കരുതലുമാണ് തനിക്ക് സിനിമയെടുക്കാന്‍ പ്രചോദനമായതെന്ന് പറയുകയാണ് തകഴി രാജശേഖരന്‍. മാതൃഭൂമി ഡോട്ട് കോമിനോട് തന്റെ ചലച്ചിത്രയാത്രയേക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
അഭിനയത്തിലൂടെ നിര്‍മാണരംഗത്തേക്ക്
അവിചാരിതമായാണ് നിര്‍മാണരംഗത്തേക്കുവന്നത്. അഞ്ചാം ക്ലാസു മുതല്‍ നാടകത്തില്‍ വളരെ സജീവമായിരുന്നു. എഴുതുകയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയുമൊക്കെ ചെയ്തിരുന്നു. തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് കോളേജില്‍ വന്നപ്പോള്‍ അവിടെയൊരു നാടക ക്ലബ് ഉണ്ടാക്കിയിരുന്നു. അതുവഴി തിരുവനന്തപുരത്തെ സിനിമ-നാടക വ്യക്തിത്വങ്ങളുമായി ബന്ധം സ്ഥാപിക്കാനായി. സിനിമയോടുള്ള ആഗ്രഹം വരുന്നതും അങ്ങനെയാണ്. പഠനം കഴിഞ്ഞിറങ്ങിയപ്പോള്‍ പിന്നെ ജീവിതം നേരെയാക്കാനുള്ള പോക്കായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു യാത്രയ്ക്കിടെ നടന്‍ മമ്മൂട്ടിയെ പരിചയപ്പെടാനിടയായി. പിന്നീട് നാട്ടിലെ അദ്ദേഹത്തിന്റെ സിനിമാ സെറ്റുകളില്‍ പോകും. ആദ്യമായി ഒരു സിനിമയില്‍ അഭിനയിക്കാന്‍ വേഷം തന്നത് മമ്മൂക്കയാണ്. 'സ്ട്രീറ്റ്‌ലൈറ്റ്‌സ്' ആയിരുന്നു ആ ചിത്രം. അദ്ദേഹത്തിന്റെ തന്നെ കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിലും ചെറിയ വേഷം ലഭിച്ചു. ഇതെല്ലാം ചെയ്തത് സിനിമയേക്കുറിച്ച് അടുത്തുനിന്ന് പഠിക്കാനായിരുന്നു.

റോഡ് ട്രിപ്പിനിടെ വന്ന പ്രൊഡക്ഷന്‍ കമ്പനി എന്ന ആശയം
2016-ല്‍ ഞങ്ങളുടെ എഞ്ചിനീയറിംഗ് ബാച്ചിലെ ചില സുഹൃത്തുക്കള്‍ ഒരു യാത്രപോയിരുന്നു. ദക്ഷിണേന്ത്യന്‍ റോഡ് ട്രിപ്പായിരുന്നു അത്. എല്ലാവരും സിനിമാഭ്രാന്തന്മാരാണ്. അതിനിടയില്‍ തമിഴ്‌നാട്ടിലെവിടെയോ വെച്ചാണ് കൂട്ടത്തിലൊരു സുഹൃത്ത് സിനിമാ നിര്‍മിച്ചാലോ എന്ന് ചോദിച്ചത്. അങ്ങനെയാണ് ഈ പ്രൊഡക്ഷന്‍ കമ്പനിയുണ്ടായത്. സിനിമയിലേക്ക് കയറുമ്പോഴാണ് നമുക്ക് മനസിലാവുന്നത് കാര്യങ്ങള്‍ എങ്ങനെയാണ് കിടക്കുന്നതെന്ന്. ഒരു പ്രത്യേക ഫീല്‍ഡാണല്ലോ സിനിമ. പാതിവഴിയില്‍ പലരും പിരിഞ്ഞുപോയി. പക്ഷേ, എല്ലാവരും ഇപ്പോഴും നന്നായി പിന്തുണയ്ക്കുന്നുണ്ട്. അവസാനം ഞാന്‍ മാത്രമായി. അങ്ങനെ ഞാനും എന്റെ ഭാര്യയും ചേര്‍ന്ന് സിനിമ നിര്‍മിക്കാം എന്ന തീരുമാനത്തിലെത്തി. ഭാര്യ മഞ്ജു കോഴിക്കോട് ആര്‍.ഇ.സിയില്‍ പഠിക്കുമ്പോള്‍ നാടകത്തിലൊക്കെ അഭിനയിച്ചിട്ടുണ്ട്. മുന്നോട്ടുവെച്ച കാല്‍ പിന്നോട്ടില്ലെന്ന് തീരുമാനിച്ചാണ് ഞങ്ങള്‍ ഇരുവരും ഇറങ്ങിത്തിരിച്ചത്. കുളത്തൂര്‍ ഭാസ്‌കരന്‍ നായരുടെ ചിത്രപുരം എന്നൊരു സ്ഥാപനമുണ്ട്. അവിടെനിന്നാണ് കുറേയൊക്കെ സിനിമകളേക്കുറിച്ച് പഠിച്ചത്. ഷാജി എന്‍ കരുണ്‍, കരമന ജനാര്‍ദനന്‍നായര്‍, നരേന്ദ്ര പ്രസാദ് സാര്‍, ശങ്കരപ്പിള്ള സാര്‍, മധു സാര്‍, ഭരത് ഗോപി സാര്‍ എന്നിവരെയൊക്കെ ആ സമയത്താണ് പരിചയപ്പെട്ടത്. അവരൊക്കെയാണ് സിനിമയിലേക്ക് വരാന്‍ പ്രചോദനമായത്.
ആദ്യം ചെയ്യേണ്ടിയിരുന്ന സിനിമ തുടക്കത്തിലേ നിന്നു
ആദ്യം ചെയ്യാനിരുന്ന സിനിമ ചില കാരണങ്ങള്‍കൊണ്ട് നിന്നുപോയി. ഇടയ്ക്ക് തിരക്കഥകളും കേള്‍ക്കുമായിരുന്നു. അങ്ങനെയിരിക്കേയാണ് ഞങ്ങളുടെ സുഹൃത്ത് രാധിക സുരേഷ്, അവര്‍ പി. പദ്മരാജന്റെ അനന്തവരളാണ്, വിളിക്കുന്നത്. ഞങ്ങള്‍ സിംഗപ്പൂര്‍ ആയിരുന്ന കാലംമുതലേ അവരെ അറിയാം. ഒരു കഥയുണ്ടെന്ന് അറിഞ്ഞ് ഞങ്ങള്‍ അവരെ വിളിക്കുകയായിരുന്നു. അങ്ങനെയാണ് പദ്മരാജന്‍ കുടുംബത്തിലേക്കും ഈ സിനിമയിലേക്കും എത്തുന്നത്. 2020 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് 'പ്രാവി'ന്റെ ആലോചനകള്‍ തുടങ്ങുന്നത്. ഈ സമയത്ത് രണ്ട് പ്രോജക്റ്റ് ഞങ്ങളുടെ കയ്യിലുണ്ടായിരുന്നു. പിന്നെ സിനിമയുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ ചോദിക്കാനും സിനിമ നിര്‍മിക്കാന്‍ പോകുമ്പോള്‍ കാര്യങ്ങള്‍ പറഞ്ഞുതരാനും മമ്മൂക്ക എപ്പോഴുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും നല്ല കരുതല്‍ തന്നിരുന്നു. വരിക്കാശ്ശേരി മനയില്‍ 'ഭ്രമയുഗ'ത്തിന്റെ സെറ്റില്‍പ്പോയി അദ്ദേഹത്തെ കണ്ടിരുന്നു.

പ്രാവ് എന്ന സിനിമ ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍
പദ്മരാജന്‍ സാറിന്റെ കഥകളില്‍ വളരെ പ്രശസ്തമായ ഒന്നാണ് ഈ സിനിമയ്ക്ക് ആധാരം. അമൃതേത്ത് എന്ന ആ കഥയാണ് ഈ സിനിമയുടെ ആദ്യപകുതി. അദ്ദേഹമെഴുതിയ കഥയെ ഇന്നത്തെ കാലത്തിന് ഇണങ്ങുന്ന രീതിയില്‍ മാറ്റിയിട്ടുണ്ട്. എന്നാല്‍, ചിത്രത്തിന്റെ രണ്ടാം പകുതി നമ്മുടെ ടീം എഴുതിയുണ്ടാക്കിയതാണ്. സ്ത്രീപക്ഷ സിനിമയാണ് 'പ്രാവ്'. വളരെ പോസിറ്റീവായ സന്ദേശം നല്‍കുന്ന കഥയാണ്. എത്ര തകര്‍ന്നടിഞ്ഞാലും മനസ്സാന്നിധ്യമുണ്ടെങ്കില്‍ തിരിച്ചുവരാന്‍ പറ്റും എന്ന രീതിയിലുള്ള സ്ത്രീപക്ഷ സിനിമയായാണ് ഞാനിതിനെ കാണുന്നത്.
പദ്മരാജന്‍ എന്ന പാഠപുസ്തകം
പദ്മരാജന്‍ ആരാധകനായതുകൊണ്ടാണ് ഇങ്ങനെയൊരു കഥയുണ്ടെന്ന് കേട്ടപ്പോള്‍ കയ്യിലുണ്ടായിരുന്ന മറ്റു രണ്ട് പ്രോജക്റ്റുകള്‍ മാറ്റിവെച്ചത്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ എന്നും നമുക്കൊരു പാഠപുസ്തകമാണ്. ഇപ്പോള്‍ കണ്ടാലും പുതിയ അര്‍ത്ഥങ്ങള്‍ മനസിലാക്കാനാവും. മുമ്പ് കണ്ട സിനിമകള്‍ പിന്നീട് കണ്ടപ്പോള്‍ കൂടുതല്‍ മനസിലായിട്ടുണ്ട്. കാലത്തിനു മുമ്പേ കഥയെഴുതുകയും സിനിമി പിടിക്കുകയും ചെയ്ത വലിയ കലാകാരനാണ് പി. പദ്മരാജന്‍. അദ്ദേഹത്തോടുള്ള ആരാധനകൊണ്ടാണ് വലിയ ആവേശത്തോടെ പ്രാവ് എന്ന ചിത്രം ഏറ്റെടുത്തത്. പദ്മരാജന്റെ സിനിമകളേക്കുറിച്ചാണല്ലോ നമ്മള്‍ ഇപ്പോള്‍ കൂടുതല്‍ പറയുന്നത്. സിനിമകളായാലും എഴുതിയവയായാലും ക്ലാസിക്കുകളാണ്. ഏറ്റവും റിയലിസ്റ്റിക്കായാണ് അദ്ദേഹം അന്നും എഴുതിയിരുന്നത്, അതിന് ഇന്നും പ്രസക്തിയുണ്ട്. കാലത്തിനതീതമായുള്ള വിഷയങ്ങള്‍ എഴുതി ഫലിപ്പിച്ച എഴുത്തുകാരനാണ് അദ്ദേഹം. അതിനുദാഹരണം തന്നെയാണ് 'പ്രാവി'ന്റെ കഥ. ദേശാടനക്കിളി കരയാറില്ല എന്ന ചിത്രവും കഥയും ഇന്ന് ആളുകള്‍ക്ക് കൂടുതല്‍ മനസിലാവുന്നുണ്ടാവും. 'നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളും' അങ്ങനെതന്നെ. എത്ര വിപ്ലവകാരികളായ കഥാപാത്രങ്ങളെയാണ് പദ്മരാജന്‍ സൃഷ്ടിച്ചിരിക്കുന്നത്.

താരങ്ങളാണോ പ്രമേയമാണോ ബജറ്റാണോ നിര്‍മാതാവിന് പ്രധാനം?
എന്റെ അഭിപ്രായത്തില്‍ ഇത് മൂന്നിനും പ്രാധാന്യമുണ്ട്. ഒരു പ്രമേയത്തിലാണല്ലോ നമ്മള്‍ ആകൃഷ്ടരാകുന്നത്. അതിലൂടെ പോകുമ്പോള്‍ അത് നിര്‍മിച്ച് ഫലിപ്പിക്കുന്ന തരത്തില്‍ ഒരു താരനിര അതിനുണ്ടാവണം. നമ്മുടെ സമൂഹം എപ്പോഴും താരങ്ങളെ ആരാധിക്കാറുണ്ട്. നല്ല താരങ്ങളില്ലെങ്കില്‍ ആളുകള്‍ സിനിമ കാണില്ല. ഇപ്പോഴത്തെ മാറിയ സാഹചര്യമനുസരിച്ച് ചെറിയ പടങ്ങളെയൊന്നും ആളുകള്‍ ഗൗനിക്കുന്നില്ല. അഞ്ച് പടങ്ങള്‍ ഇറങ്ങിയാല്‍, അക്കൂട്ടത്തില്‍ ഒരു സൂപ്പര്‍താര ചിത്രമുണ്ടെങ്കില്‍ ആളുകള്‍ ആദ്യം കാണുന്നത് അതായിരിക്കും. ആസ്വാദകരാണ് ഇന്‍ഡസ്ട്രിയെ നിയന്ത്രിക്കുന്നത്. വലിപ്പച്ചെറുപ്പമോ താരനിരയോ നോക്കാതെ വിഷയം മാത്രം വെച്ച് തിയേറ്ററില്‍ സിനിമ കാണുന്ന സമയമുണ്ടാവുമ്പോള്‍ പ്രമേയം തന്നെയായിരിക്കും നിര്‍മാതാവിന് ഏറ്റവും പ്രധാനം. നല്ല പ്രമേയത്തെ അധികമാരും അറിയാത്ത താരങ്ങളെ വെച്ച് സിനിമ ചെയ്താല്‍ ആരും അറിയില്ല. അപ്പോള്‍ ആദ്യം പ്രമേയം, അതിലൂടെയാണ് ഒരു പ്രോജക്റ്റ് തുടങ്ങുന്നത്. അത് ശരിയായി വരണമെങ്കില്‍ പിന്നെ നല്ല താരനിര വേണം. എല്ലാംകൂടി ചേര്‍ന്നുവരുമ്പോഴാണ് ബജറ്റ് ആവുന്നത്. നല്ല വിഷയം നമുക്ക് രണ്ട് കോടിക്കും 20 കോടിക്കും എടുക്കാം. ചിലപ്പോള്‍ 20 കോടിയുടെ പടമായിരിക്കും വിജയിക്കുന്നത്. ജനങ്ങളെ സംബന്ധിച്ചിടത്തോളം സിനിമ കണ്ടതിനു ശേഷമായിരിക്കും അവര്‍ പ്രമേയത്തിലേക്ക് ആഴ്ന്നിറങ്ങുന്നത്. ആ സിനിമ കാണാന്‍ അവരെ പ്രേരിപ്പിക്കുന്നത് താരനിരയാണ്.
കുറഞ്ഞ ബജറ്റില്‍ മേന്മയേറിയ ചിത്രങ്ങളാണോ മനസില്‍?
കയ്യിലൊതുങ്ങുന്ന ബജറ്റില്‍ മോശമല്ലാത്ത താരങ്ങളെവെച്ച് നല്ല സിനിമ ചെയ്യുകയെന്നതാണ് മനസില്‍. മുന്‍നിരയിലെ പ്രധാന നടന്മാര്‍ ആരെങ്കിലും ഡേറ്റ് തന്നാല്‍ അങ്ങനെയൊരു ചിത്രം പ്ലാന്‍ ചെയ്യും.

നിലത്തിറങ്ങിക്കളിച്ച നിര്‍മാതാവാണ് ഞാന്‍
സിനിമാ നിര്‍മാണത്തിന്റെ പ്രോസസ് മനസിലാക്കുക എന്നതാണ് ആദ്യമായി ഈ രംഗത്തേക്ക് വരുന്ന നിര്‍മാതാവിന്റെ ഏറ്റവും വലിയ വെല്ലുവിളി. നിലത്തിറങ്ങിക്കളിച്ച നിര്‍മാതാവാണ് ഞാന്‍. എന്റെ ഭാര്യ മഞ്ജുമോള്‍ ആണ് 'പ്രാവി'ന്റെ സഹനിര്‍മാതാവ്. ഷൂട്ടിങ് ഫ്‌ളോറില്‍ ഞങ്ങള്‍ രണ്ടുപേരും സജീവമായിരുന്നു. സെറ്റില്‍ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം തന്നെയുണ്ടായിരുന്നു. അവര്‍ക്കു വേണ്ട സഹായ സഹകരണങ്ങള്‍ ചെയ്യാനായിരുന്നു അത്. അവര്‍ക്കൊപ്പം ഏറ്റവും ഇഴുകിച്ചേര്‍ന്ന് നിന്നിരുന്നു. വേറൊരു മേഖല തന്നെയാണ് സിനിമ. കാരണം ഇവിടെ ജോലി ചെയ്യുന്ന മിക്കവാറും പേര്‍ക്ക് സിനിമ മാത്രമേ അറിയൂ. അവര്‍ക്ക് സിനിമയാണ് എല്ലാം. അവരെ മനസിലാക്കാനും അവര്‍ക്കുള്ളിലെ മികച്ചത് കൊണ്ടുവരാനുമുള്ള പീപ്പിള്‍ മാനേജ്‌മെന്റ് വളരെ പ്രധാനപ്പെട്ടതാണ്. ഞാന്‍ വര്‍ക്ക് ചെയ്യുന്ന പ്രോജക്റ്റില്‍ 100-110 പേര്‍ ഉണ്ടായിരുന്നെങ്കില്‍ അത്രയും പേര്‍ ഈ പ്രോജക്റ്റിനുവേണ്ടി മാത്രമേ എന്റെ കൂടെയുണ്ടാവൂ. അടുത്ത ഒരു പടം ചെയ്യുമ്പോള്‍ ഇതേ 110 പേര്‍ അപ്പാടെ വരികയല്ല. ഒരു നിര്‍മാതാവിന്റെ അധികാരമെടുത്ത് ഇവരെ സ്വാധീനിക്കാന്‍ പറ്റില്ല. പീപ്പിള്‍ മാനേജ്‌മെന്റ് കൊണ്ടുമാത്രമേ നമുക്കവരെ സ്വാധീനിക്കാന്‍ പറ്റൂ. അവരെ എല്ലാവരേയും നമ്മള്‍ ബഹുമാനിക്കണം. സിനിമ മാത്രം മനസിലുള്ള ഒരു കൂട്ടമാളുകളെ നമ്മള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളത് വളരെ പ്രധാനമാണ്. അതില്‍ തെറ്റു പറ്റിക്കഴിഞ്ഞാല്‍ ധാരാളം പ്രശ്‌നങ്ങളുണ്ടാവും. നന്നായി പ്ലാന്‍ ചെയ്തു വേണം കാര്യങ്ങള്‍ ചെയ്യാന്‍. ക്രിയേറ്റീവ് ആയ ആളുകള്‍ക്ക് എല്ലാം പ്ലാന്‍ ചെയ്ത് ചെയ്യുന്നത് ചിലപ്പോള്‍ അത്ര കംഫര്‍ട്ടബിള്‍ ആയിക്കൊള്ളണമെന്നില്ല. ഞാന്‍ ബിസിനസ് പശ്ചാത്തലത്തില്‍ നിന്നാണ് വരുന്നത്. ക്രിയേറ്റിവിറ്റിയെ ബാധിക്കാത്ത രീതിയിലുള്ള പ്ലാനിങ്ങായിരുന്നു ഞങ്ങള്‍ നടത്തിയത്. പ്രാവ് എന്ന ചിത്രം 37 ദിവസത്തെ ചിത്രീകരണമായിരുന്നു പദ്ധതിയിട്ടത്. അത് വീണ്ടും പ്ലാന്‍ ചെയ്ത് 32 ദിവസത്തേക്കാക്കി. പക്ഷേ, 29 ദിവസങ്ങള്‍കൊണ്ട് ഷൂട്ട് തീര്‍ന്നു. അതൊരു നല്ല ഗുണപാഠമായിരുന്നു.
സംവിധായകന്‍ നവാസാണ് 'പ്രാവിന്റെ' ജീവന്‍
പുതിയ ആളല്ല ഈ ചിത്രത്തിന്റെ സംവിധായകന്‍ നവാസ് അലി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സുഹൃത്താണ് അദ്ദേഹം. ലിജോക്കൊപ്പം കുറച്ചു പടങ്ങളില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മിയ കുള്‍പ്പ എന്നൊരു കൊച്ചുസിനിമ കോവിഡ് കാലത്ത് നവാസ് ചെയ്തിരുന്നു. ആ പടം റിലീസിനു മുന്നേ ഞാന്‍ കണ്ടിരുന്നു. അങ്ങനെയാണ് നവാസിനെ എന്റെ സിനിമയിലേക്ക് ഞാന്‍ നിശ്ചയിക്കുന്നത്. സിനിമ വളരെയേറെ മനസില്‍ കൊണ്ടുനടക്കുന്നയാളാണ് നവാസ്. എപ്പോഴും സ്വയം മെച്ചപ്പെടുത്തണമെന്ന് കരുതുന്നയാളാണ് അദ്ദേഹം. നവാസാണ് ശരിക്കും പ്രാവ് എന്ന ചിത്രത്തിന്റെ ജീവന്‍. അദ്ദേഹം വന്നതില്‍പ്പിന്നെയാണ് ഈ സിനിമ ശരിക്കും നടക്കുമെന്ന് ഞങ്ങള്‍ക്കുതന്നെ വിശ്വാസം വന്നത്. ചിട്ടയും വ്യക്തതയുമുള്ള സംവിധായകനാണ് അദ്ദേഹം.

മമ്മൂക്കയിലൂടെ വേഫേറര്‍ ഫിലിംസിലേക്ക്
മമ്മൂക്കയുമായുള്ള സുഹൃദ്ബന്ധം കാരണമാണ് ഈ ചിത്രത്തിലേക്ക് വിതരണക്കാരായി ദുല്‍ഖര്‍ സല്‍മാന്റെ വേഫേറര്‍ ഫിലിംസ് എത്തിയത്. ദുല്‍ഖറിനെ വര്‍ഷങ്ങളായി അറിയാം. പടം റിലീസ് ചെയ്യിച്ചുതരാമോ എന്ന് മമ്മൂക്കയോട് ചോദിച്ചിരുന്നു. അദ്ദേഹം അതിന് ഓകെ പറഞ്ഞതോടെയാണ് വേഫേറര്‍ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തത്. അതൊരു ഭാഗ്യമാണ്. കാരണം നല്ലൊരു ബ്രാന്‍ഡും കമ്പനിയുമെല്ലാമാണ് അവര്‍. പിന്നെ ഈ ചിത്രത്തില്‍ ആദര്‍ശ് രാജ എന്ന എന്റെ മകന്‍ ഒരു വേഷവും ചെയ്യുന്നുണ്ട്. എല്ലാംകൊണ്ടും നല്ല ആത്മവിശ്വാസത്തിലാണ് ഞാന്‍.
Content Highlights: pravu malayalam movie, producer thakazhi rajasekharan interview
Published: 14 Sept 2023, 10:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented