
സിനിമയില്‍ ബാക്ഗ്രൗണ്ട് സ്‌കോര്‍ ചെയ്ത് തുടക്കം. പിന്നീടങ്ങോട്ട് മനസ്സില്‍ പതിയുന്ന ഈണങ്ങള്‍. ചെറുപ്പം മുതലേ പാട്ട് എന്ന ഒറ്റ ലക്ഷ്യത്തോടെ ജീവിച്ച കലാകാരന്‍. ഡോണ്‍ വിന്‍സെന്റ്. മണ്‍റോത്തുരുത്ത് എന്ന സിനിമയില്‍ ബാഗ്രൗണ്ട് സ്‌കോര്‍ കൊടുത്താണ് സിനിമയിലേക്കുള്ള വരവറിയിച്ചത്. പിന്നീട് കള സിനിമയിലെ സൗണ്ട് ട്രാക്കുകളും ന്നാ താന്‍ കേസ് കൊട് സിനിമയിലെ ആടലോടകം ആടി നിക്കണ് എന്ന പാട്ടും ആസ്വാദകരുടെ മനസില്‍ ഇടം പിടിച്ചു. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥയിലെ പാട്ടുകള്‍ സിനിമയിറങ്ങുന്നതിന് മുമ്പുതന്നെ ആളുകള്‍ നെഞ്ചേറ്റിയതാണ്. പാട്ടും വിശേഷങ്ങളുമായി ഡോണ്‍ വിന്‍സെന്റ് മാതൃഭൂമി ഡോട്ട്‌കോമിനൊപ്പം ചേരുന്നു.
സിനിമയുടെ പേര് പോലെ പാട്ടുകളുടെ ലിസ്റ്റും നീണ്ടതാണ്
സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ സിനിമയില്‍ ആകെ ഒമ്പതര പാട്ടുകളാണുള്ളത്. ആറ് പാട്ടുകള്‍ എന്റെ ഒറിജിനലുകളാണ്. രണ്ട് പാട്ടുകള്‍ മലയാളികള്‍ പാടിപ്പതിഞ്ഞ ആയിരം കണ്ണുമായും ബലികൂടീരങ്ങളെയുമാണ്. പിന്നെ ബാക്ഗ്രൗണ്ട് മ്യൂസിക്കുകളാണുള്ളത്. കഥാപാത്രങ്ങളുടെ ഡയലോഗുകള്‍ ഉപയോഗിച്ചും പാട്ട് ചെയ്തിട്ടുണ്ട്. ന്നാ താന്‍ കേസ് കൊട് സിനിമയുടെ സ്പിന്‍ ഓഫ് ആയതുകൊണ്ടുതന്നെ അതില്‍ സുരേശനും സുമലതയും പാടിയ ആയിരം കണ്ണുമായി പാട്ടിന്റെ രണ്ട് പതിപ്പുകള്‍ ഈ സിനിമയില്‍ കൊണ്ടുവന്നിട്ടുണ്ട്. ആകെ മൂന്ന് പാട്ടുകള്‍ മതിയെന്ന് പറഞ്ഞ് തുടങ്ങിയ സിനിമയാണ്. സീനുകള്‍ക്കനുസരിച്ച് പാട്ടിന്റെ എണ്ണവും കൂടി.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ കൂടെ മൂന്നാം തവണ
രതീഷേട്ടന്റെ കൂടെ പണിയെടുക്കാന്‍ രസമാണ്. വ്യത്യസ്തമായ ടെംപ്ലേറ്റുകള്‍ കൊണ്ടുവരാനാണ് രതീഷേട്ടന്‍ എപ്പോഴും ശ്രമിക്കാറ്. പാട്ടിന്റെ കാര്യത്തില്‍ നിര്‍ബന്ധമൊന്നും കാണിച്ചിട്ടില്ല. പാട്ട് സീനിന് വര്‍ക്കാവില്ലാന്ന് തോന്നുകയാണെങ്കില്‍ അത് തുറന്നുപറയും. പാട്ടിനെ കുറിച്ച് നല്ല ബോധമുള്ളയാളാണ് രതീഷേട്ടന്‍. സ്‌ക്രിപ്റ്റിലെ ഓരോ സീനും വ്യക്തമായി പറഞ്ഞുതരുന്നതുകൊണ്ട് പാട്ടുകള്‍ക്ക് ഈണം നല്‍കാനും എളുപ്പമായിരുന്നു.
പ്രേമലോലയും സുഷിന്‍ ശ്യാമും
സുഷിന്റെ ശബ്ദത്തില്‍ ഒരു മെലഡി പാട്ട് കേള്‍ക്കണമെന്നുണ്ടായിരുന്നു. ഇതുവരെ പാടിയതൊക്കെ മെലഡി സ്വഭാവമുള്ള പാട്ടുകളല്ല. പാടാമോ എന്ന് ചോദിച്ചപ്പോള്‍ തന്നെ ഓക്കെ പറഞ്ഞു. പിന്നെ പ്രേമലോല ഒരു ഒഴുക്കുള്ള പാട്ടാണ്. പാട്ടിന് ഒരു അവസാനമില്ലാത്തപ്പോലെ കേള്‍ക്കുന്നവര്‍ക്ക് തോന്നും. അങ്ങനെയൊരു ഒഴുക്കിന് സുഷിന്റെ ശബ്ദം തന്നെയാണ് അനുയോജ്യമെന്ന് തോന്നി.
KPACയുടേയും ബാബുക്കയുടേയും പാട്ടുകള്‍ കേട്ടു
നാടക പശ്ചാത്തലമുള്ള സിനിമയായതുകൊണ്ട് പാട്ടുകള്‍ക്കും നാടക സ്വഭാവമുണ്ട്. പക്ഷേ, ഈണത്തിനപ്പുറം വരികളാണ് നാടകഗാനത്തെ അതിന്റെ ശൈലിയിലെത്തിക്കുന്നത്. വൈശാഖ് സുഗുണന്റെ വരികളാണ് ഇതിലെ പാട്ടുകളെ നാടകസ്വഭാവമുള്ളവയാക്കിയത്. വൈശാഖ് വരികള്‍ എഴുതിയതിന് ശേഷമാണ് ഞാന്‍ ഈണം നല്‍കിയത്. പാട്ട് ചെയ്യുന്ന സമയത്ത് KPACയുടേയും സി.ഒ.ആന്റോയുടേയും നാടകഗാനങ്ങളും എം.എസ്.ബാബുരാജിന്റെ പാട്ടുകളും കേട്ടിരുന്നു. സിനിമയില്‍ കാലഗതിയുടെ ചക്രം, കൊന്നുകൊലവിളിക്കാന്‍ തുടങ്ങിയ രണ്ട് നാടകസ്വഭാവമുള്ള പാട്ടുകള്‍ കൂടിയുണ്ട്. കൊന്നുകൊലവിളിക്കാന്‍ എന്ന പാട്ടില്‍ കുറച്ച് രാഷ്ട്രീയം കൂടി പറയുന്നുണ്ട്.
പാട്ടും സമ്മര്‍ദവും ഒത്തുപോകില്ല
പാട്ടുകള്‍ ചെയ്യുമ്പോള്‍ ഒരിക്കലും സമ്മര്‍ദ്ദം അനുഭവിച്ചിട്ടില്ല. സിനിമയില്‍ പാട്ടുകള്‍ ചെയ്യുമ്പോള്‍ സംവിധായകന്റെ സമീപനവും സീനുകളും വലിയ ഘടകങ്ങളാണ്. രതീഷേട്ടന്‍ സ്‌ക്രിപ്റ്റിനെ കുറിച്ച് എനിക്ക് നല്ല ധാരണയുണ്ടാക്കിത്തന്നിരുന്നു. അതുകൊണ്ട് സമ്മര്‍ദ്ദമൊന്നും ഉണ്ടായിട്ടില്ല. അതുമാത്രമല്ല, ഈ പാട്ടുകള്‍ ചെയ്യുമ്പോള്‍ എന്‌റെ രണ്ട് സുഹൃത്തുക്കള്‍ കൂടെത്തന്നെയുണ്ടായിരുന്നു. സുബ്രുവും (സുബ്രഹ്‌മണ്യന്‍) അശോകും. ഞങ്ങള്‍ മൂന്നുപേരും ഒരുമിച്ചിരുന്നാണ് പാട്ടുകള്‍ ചെയ്തത്. ഞാന്‍ ഈണം നല്‍കുമ്പോള്‍ അവര്‍ അതിനെ വിശകലനം ചെയ്യും. സമ്മര്‍ദത്തിന് അവിടെ സ്‌പേസ് ഉണ്ടായിരുന്നില്ല.
ട്രാഫിക്കില്‍പ്പെട്ടാലും പാട്ട് വരും
എനിക്ക് ഒറ്റയ്ക്ക് ഒരു മുറിയില്‍ അടച്ചിരുന്ന് പാട്ടുകള്‍ ഉണ്ടാക്കണമെന്ന നിര്‍ബന്ധമൊന്നുമില്ല. ചിലപ്പോള്‍ ട്രാഫിക്ക് ബ്ലോക്കില്‍പ്പെടുമ്പോഴായിരിക്കും ഒരു ഈണം മനസിലേക്ക് വരുക. ആ ഈണത്തെ പിന്നെ പാട്ടാക്കും. വരികള്‍ കിട്ടിയതിന് ശേഷവും ഞാന്‍ ഈണം കൊടുക്കും. രണ്ടും ഞാന്‍ ആസ്വദിച്ച് ചെയ്യുന്ന പ്രക്രിയകളാണ്.
പാട്ട് മാത്രമായിരുന്നു ലക്ഷ്യം
ചെറുപ്പം മുതലേ സൗണ്ട് എഞ്ചിനീയറിങ്ങിനോട് താത്പര്യമുണ്ടായിരുന്നു. ബിടെക്ക് ഇലക്ട്രോണിക്‌സ് ആന്‍ഡ് മീഡിയ ആണ് പഠിച്ചത്. അതിനു ശേഷം പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി സൗണ്ട് ഡിസൈനിങ്ങും പഠിച്ചു. ഡോക്യുമെന്ററികള്‍ക്കൊക്കെ സൗണ്ട് സ്‌കോര്‍ ചെയ്യുമായിരുന്നു. പുണെയില്‍ പഠിക്കുമ്പോഴാണ് സിനിമയിലേക്ക് വരുന്നത്. മണ്‍റോത്തുരുത്ത് എന്ന സിനിമയിലാണ് ആദ്യമായി ബാഗ്രൗണ്ട് സ്‌കോര്‍ ചെയ്യുന്നത്. ആദ്യമായി പാട്ടിന് ഈണം നല്‍കുന്നത് അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനിലാണ്.

റഹ്‌മാനെന്ന ഇന്‍സ്പിരേഷണല്‍ ഫിഗര്‍
കരിയറില്‍ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് അച്ഛനും അമ്മയുമാണ്. ഇന്‍സ്പിരേഷണല്‍ ഫിഗര്‍ ആരാണെന്ന് ചോദിച്ചാല്‍ എ.ആര്‍.റഹ്‌മാന്റെ പേര് പറയും. ചെറുപ്പം മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്. അദ്ദേഹം പാട്ടില്‍ ഉപയോഗിക്കുന്ന ടെക്‌നിക്കുകളൊക്കെ ശ്രദ്ധിക്കാറുണ്ട്.
പുറത്തിറക്കാത്ത ട്രാക്കുകളുമുണ്ട്
പാട്ടില്‍ പുതുമ കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. എന്റേതായ കയ്യൊപ്പ് പാട്ടില്‍ കൊണ്ടുവരണം എന്നൊന്നുമില്ല. പുതിയ ടെക്‌നിക്കുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കാറുണ്ട്. ഞാന്‍ ഉദ്ദേശിച്ചത് വന്നില്ലെങ്കില്‍ അത് ആരെയും കേള്‍പ്പിക്കാതിരിക്കാനും ശ്രദ്ധിക്കാറുണ്ട്. ഈ സിനിമയിലെ ട്രെയിലര്‍ തന്നെ എട്ടോളം ട്രാക്കുകള്‍ മാറ്റി പരീക്ഷിച്ചിരുന്നു. ഇപ്പോള്‍ ഇറങ്ങിയ ട്രെയിലര്‍ എട്ടാമത്തെ ട്രാക്കാണ്. പുതിയതായി എന്ത് ടെക്‌നിക്ക് ഉപയോഗിക്കുന്നു എന്നതല്ല, നിലവിലുള്ള ഉപകരണത്തെയോ ശബ്ദങ്ങളെയോ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. പ്രേമലോല എന്ന പാട്ട് ബാഞ്ചോ എന്ന ഉപകരണം വ്യത്യസ്തമായ രീതിയില്‍ ഉപയോഗിച്ചാണ് ചെയ്തത്.
Content Highlights: Music composer Don Vincent interview, sureshanteyum sumalathayudeyum hridayahariyaya pranayakadha
Published: 16 May 2024, 04:47 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented