രാജേഷ് മാധവൻ, ചിത്ര എസ് നായർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ചിത്രമാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ. വ്യാഴാഴ്ച തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് എങ്ങുനിന്നും. സിനിമയെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ആയിഷ എന്ന ചിത്രമൊരുക്കിയ സംവിധായകൻ ആമിർ പള്ളിക്കൽ.

To advertise here,

മലയാളത്തിൽ മുമ്പ്‌ സംഭവിച്ചിട്ടില്ലാത്തതും ഇനി സംഭവിക്കാൻ സാധ്യതയില്ലാത്തതുമായ സിനിമ മാജിക്ക്‌ ആണ്‌ 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യെന്ന് ആമിർ പള്ളിക്കൽ ഫെയ്സ്ബുക്കിലെഴുതി. ഒരു സിനിമ വിദ്യാർത്ഥി എന്ന നിലക്ക്‌ ഈ ചിത്രം തന്ന സംതൃപ്തി പറഞ്ഞറിയിക്കാൻ കഴിയുന്നതിലുമപ്പുറമാണ്‌. വെറുതെ രസിച്ചിരുന്ന് കണ്ടേക്കാം എന്ന നിലക്കല്ലാതെ സിനിമയുടെ തുടക്കത്തിൽ ഒരൽപ്പം കൂടി ശ്രദ്ധയർഹിക്കുന്ന സിനിമയാണിതെന്നും ആമിർ കുറിച്ചു. 

"കണ്ട്‌ തുടങ്ങി നമ്മൾ സുരേശന്റെയും സുമലതയുടെയും ലോകത്ത്‌ ഒരിക്കലെത്തിയാൽ, പിന്നെ നമ്മൾ കാണുന്നത്‌ മലയാളത്തിലെ ഒരു മാസ്റ്റർപീസ്‌ ആയിരിക്കും!. രാജേഷ്‌ മാധവൻ എന്ന നടന്റെ അസാധ്യ പ്രകടനം. കട്ടക്ക്‌ കൂടെ നിന്ന് ചിത്രയും, ഒപ്പം ഒരുകൂട്ടം കലാകാരന്മാരുടെ മികച്ച പെർഫോമൻസും. സിനിമയിലെ രാഷ്ട്രീയം വായിച്ചെടുക്കുന്നതിൽ വ്യത്യസ്ത അഭിപ്രായം ഉണ്ടായേക്കാം. പക്ഷെ സിനിമ എന്നർത്ഥത്തിൽ സമീപകാലത്ത്‌ ഇത്രയ്ക്കും തൃപ്തി നൽകിയ ഒരു സിനിമയില്ല!" ആമിറിന്റെ വാക്കുകൾ.
 
ഇത്രയും ധീരമായ്‌ ഒരു സിനിമ ഒരുക്കുക എന്നതിന്‌ അസാധരണമായ ധൈര്യം വേണമെന്നും എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ് ഹൃദയഹാരിയായ പ്രണയകഥയെന്നും പറഞ്ഞുകൊണ്ടാണ് ആമിർ ഫെയ്സ്ബുക്ക് കുറിപ്പ് നിർത്തുന്നത്.

രതീഷ് ബാലകൃഷ്ണൻ പൊതുവാൾതന്നെ സംവിധാനംചെയ്ത 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന്റെ സ്പിൻ ഓഫ് ആയാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ഒരുക്കിയിരിക്കുന്നത്. 'ന്നാ താൻ കേസ് കൊട്' -ലെ കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബനും അതിഥിവേഷത്തിൽ ചിത്രത്തിലുണ്ട്.