ജീവിതത്തെ വളരെ പ്രാക്റ്റിക്കലായി കാണുന്നവളാണ് ജാവ എന്ന ചലച്ചിത്രത്തിലെ നായിക അൽഫോൻസ. പ്രണയിച്ച പുരുഷനെ ഇഷ്ടമാണെങ്കിൽ കൂടി ജോലിയും ശമ്പളവും വേണമെന്ന് കരുതുന്ന പെൺകുട്ടി. അൽഫോൻസയെ വെള്ളിത്തിരയിൽ അവിസ്മരണയീമാക്കിയ പാലാ കിടങ്ങൂർ മഞ്ജിമയിൽ ഡോ. കെ. ബൈജുവിന്റെ മകൾ മമിതയും ജീവിതത്തെ വളരെയധികം യാഥാർഥ്യബോധത്തോടെ സമീപിക്കുന്ന ആളാണ്.

2020-ൽ പ്ലസ്ടുവിന് ശേഷം നീറ്റ് പരീക്ഷ എഴുതിയെങ്കിലും ആദ്യ ഫലം പ്രതീക്ഷയുണ്ടാക്കിയില്ല. അതോടെ മമിത ജീവിതത്തിന്റെ ട്രാക്കൊന്ന് മാറ്റിപിടിച്ചു. ‘ഖോ ഖോ’ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ. എങ്കിലും 'ഓപ്പറേഷൻ ജാവ’യിലെ പ്രകടനമാണ് മമിതയെ ശ്രദ്ധേയയാക്കിയത്.

പാലാക്കാരിയുടെ തുടക്കം സർവോപരി പാലാക്കാരനിലൂടെ

ഒൻപതിൽ പഠിക്കുമ്പോൾ 'സർവോപരി പാലാക്കാരനി'ലൂടെയാണ് സിനിമയിൽ എത്തുന്നത്. നൃത്തമത്സരത്തിനൊക്കെ പങ്കെടുത്തിട്ടുള്ള മമിതയുടെ ഒരു പടം പത്രത്തിൽകണ്ട പപ്പയുടെ സുഹൃത്ത് വഴിയാണ് ആദ്യ ക്ഷണം. അത്ര താത്പര്യമുണ്ടായിരുന്നില്ലെങ്കിലും അഭിനയിച്ചു. പിന്നീട് വരത്തൻ, ഹണി ബീ, വികൃതി ഉൾപ്പെടെ ഒരു പിടി ചിത്രങ്ങൾ.

'ഖോ ഖോ'യിൽ അഭിനയിച്ചുകഴിഞ്ഞപ്പോൾ ഇതിനു മുൻപ് വേറെ സിനിമ ചെയ്തിട്ടുണ്ടോ എന്നായി ചില സഹതാരങ്ങൾ.

'ഓപ്പറേഷൻ ജാവ'യിൽ അൽഫോൻസാ എന്ന കഥാപാത്രത്തിന്റെ കാര്യം പറഞ്ഞപ്പോൾ അവർക്ക് അതിശയം. അത് മമിതയെന്ന് വിശ്വസിക്കാനേ കഴിഞ്ഞില്ല ചിലർക്ക്. കുറച്ചുകൂടി പ്രായം തോന്നുന്ന കഥാപാത്രമല്ലേന്ന്് ഒരു സംശയം.

ഇനിയുമേറെ

സിനിമയിൽ തന്നെ തുടരണമെന്നാണ് മമിതയുടെ ആഗ്രഹം. ഓരോ സിനിമ കഴിയുമ്പോഴും സിനിമയെപ്പറ്റി കൂടുതൽ മനസ്സിലാകുന്നു, അതോടൊപ്പം സിനിമയോടുള്ള താത്പര്യവും. സിനിമ എല്ലാവർക്കും കിട്ടുന്ന ഒരു കാര്യമല്ലല്ലോയെന്നാണ് ഇപ്പോൾ ചിന്ത. കിട്ടുന്ന റോളുകൾ കൂടുതൽ നന്നാക്കണം എന്നാണ് ആഗ്രഹം. പഠനത്തോടൊപ്പം സിനിമ കൂടെ കൊണ്ടുപോകണം കോവിഡ് കാരണം റിലീസ് താമസിക്കുന്ന രണ്ടു ചിത്രങ്ങൾ കൂടിയുണ്ട്. ‘രണ്ട്’, ‘ഫോർ’എന്നീ സിനിമകൾ. ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന 'സൂപ്പർ ശരണ്യ 'എന്ന ചിത്രം പാതികൂടി ഷൂട്ടിങ് തീരാനുണ്ട്. എറണാകുളം അമൃതാ ആശുപത്രിയിൽ ഡോക്ടറായിരുന്ന അച്ഛൻ ബൈജു ഇപ്പോൾ വീടിനടുത്ത് സ്വന്തമായി ക്ലിനിക് നടത്തുന്നു. അമ്മ: മിനി. ചേട്ടൻ: മിഥുൻ.

അങ്ങനെ ഞാൻ മമിതയായി

നമിതയെന്നാണ് വീട്ടിലിട്ടപേര്. പക്ഷേ ജനനസർട്ടിഫിക്കറ്റിൽ പേര് തെറ്റി. സ്‌കൂളിൽ ചേർക്കാൻ ചെന്നപ്പോൾ ഇക്കാര്യം പറഞ്ഞു. പേര് മാറ്റാൻ കൊടുക്കുന്നുണ്ടെന്ന്. അപ്പോൾ ഹെഡ്മിസ്ട്രസ് പറഞ്ഞു. ഇപ്പോൾ തന്നെ അഞ്ചാറ് നമിതയുണ്ട്. ഇതാകുമ്പോൾ വേറിട്ട് നിൽക്കട്ടെ. മമിത.പേരുകൊണ്ടും അഭിനയ മികവ് കൊണ്ടും വേറിട്ടരീതിയിൽ സിനിമയിൽ മുന്നോട്ട് പോകാനാണ് മമിതയുടെ ഇഷ്‌ടം.''-മമിത പറയുന്നു.

Content Highlights: Mamitha Baiju actress interview, operation Java, Kho Kho Cinema