കൊച്ചി: നമ്പര്‍ 319...സിഗ്‌നേച്ചര്‍ ഓള്‍ഡ് ഏജ് ഹോമിലെ രജിസ്റ്ററില്‍ മരണത്തിന്റെ ചുവന്ന മഷിയില്‍ എഴുതപ്പെട്ട അക്കങ്ങള്‍ക്കു നേരേ ആ പേര് തെളിഞ്ഞു, കെ.ജി. ജോര്‍ജ്. വാര്‍ധക്യം ബാധിച്ച് ഓര്‍മകള്‍ നഷ്ടമായി കഴിഞ്ഞിരുന്ന സ്‌നേഹാലയത്തില്‍പ്പോലും പക്ഷേ, ജോര്‍ജിനെ സിനിമ മൂടല്‍മഞ്ഞുപോലെ പൊതിഞ്ഞിരുന്നു. എത്രയൊക്കെ ഓര്‍മകള്‍ മാഞ്ഞുപോയാലും അടരുവാന്‍ വയ്യാത്ത വിധം ഹൃദയത്തില്‍ കൊരുത്ത സിനിമയുടെ ഓര്‍മകള്‍. മരണത്തിലേക്ക് യാത്രയാവുന്ന നിമിഷംവരെ സിനിമയെന്ന ജീവശ്വാസം പൊതിഞ്ഞുനിന്ന മനുഷ്യനായിരുന്നു ജോര്‍ജ് എന്നാണ് സിഗ്‌നേച്ചര്‍ ഓള്‍ഡ് ഏജ് ഹോമിലെ പലരും സാക്ഷ്യപ്പെടുത്തുന്നത്. പ്രതിഭയുടെ സ്വപ്നാടകനായി മലയാളത്തെ വിസ്മയിപ്പിച്ച അതുല്യ സംവിധായകന്‍ കെ.ജി. ജോര്‍ജ് ജീവിതത്തിന്റെ സായന്തനത്തിലും അനുഭവിപ്പിച്ചത് സിനിമ പോലെ ഹൃദ്യമായ വിശേഷങ്ങളായിരുന്നു. 

To advertise here,

ടി.വി. ഓണ്‍ ആയ മുറി 

സിഗ്‌നേച്ചര്‍ ഹോമിലെ ജോര്‍ജിന്റെ മുറി കണ്ടുപിടിക്കാന്‍ ഒരു പ്രയാസവുമില്ല, കാരണം ആ മുറിയില്‍ ടി.വി. എപ്പോഴും ഓണ്‍ ആയിരിക്കും. ഓള്‍ഡ് ഏജ് ഹോമിലെ മാനേജിങ് ട്രസ്റ്റിയായ ജോസഫ് അലക്‌സ് അടക്കം എല്ലാവരും ഒരുപോലെ പറയുന്ന കാര്യം അതായിരുന്നു. ''ജോര്‍ജപ്പച്ചന്റെ മുറിയിലെ ടി.വി. ഒരിക്കലും ഓഫ് ആക്കാന്‍ സമ്മതിക്കില്ല. എപ്പോള്‍ നോക്കിയാലും അതില്‍ ഏതെങ്കിലും സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ടാകും. ഒരു ദിവസം ഞാന്‍ മുറിയിലേക്ക് ചെല്ലുമ്പോള്‍ അപ്പച്ചന്‍ എന്നെ അടുത്ത് പിടിച്ചിരുത്തി. 'എടാ ദേ നോക്കിയേ, ഇത് എന്റെ സിനിമയാടാ. നീ ഇരുന്ന് ഇതൊന്നു കണ്ടു നോക്കിയേ...' അപ്പച്ചന്‍ പറഞ്ഞതു കേട്ട് ടി.വി.യിലേക്ക് നോക്കുമ്പോള്‍ 'പഞ്ചവടിപ്പാലം' സിനിമയാണ് അതിലുള്ളത്. ഓര്‍മകള്‍ മാഞ്ഞു തുടങ്ങുന്ന നേരത്തും ആ മനുഷ്യന് സിനിമ എത്രമേല്‍ തീവ്രമായ വികാരമാണെന്ന് എനിക്കപ്പോള്‍ മനസ്സിലായി. സിനിമയിലെ രംഗങ്ങളെല്ലാം ആദ്യമായി കാണുന്നതുപോലെ അപ്പച്ചന്‍ അതിലേക്ക് നോക്കിയിരിക്കുന്നത് കണ്ടപ്പോള്‍ വലിയ കൗതുകം തോന്നി. സിനിമയില്ലാതെ ആ മനുഷ്യന് ജീവിതമില്ലെന്നു മനസ്സിലാക്കിയ ഒരുപാട് അനുഭവങ്ങള്‍ വേറെയുമുണ്ട്'' - ജോസഫ് അലക്‌സ് പറയുന്നു.

മമ്മൂട്ടി എന്റെ ഫ്രന്‍ഡാണ്

ഓര്‍മകള്‍ മാഞ്ഞുതുടങ്ങുന്ന നേരത്തും സിനിമ പോലെ സിനിമക്കാരുടെ വിശേഷങ്ങളും ആഘോഷിച്ചിരുന്ന ജോര്‍ജിനെയും സിഗ്‌നേച്ചര്‍ ഹോമിലുള്ളവര്‍ക്ക് മറക്കാനാകില്ല. ''മമ്മൂട്ടിയുടെ പിറന്നാളിന് ആശംസ നേരാന്‍ ജോര്‍ജപ്പച്ചന്‍ ഇവിടത്തെ അന്തേവാസികളുമായി ചേര്‍ന്ന് ഒരു വീഡിയോ ഉണ്ടാക്കിയിരുന്നു. 'മമ്മൂട്ടി മികച്ച നടനാണ്, മമ്മൂട്ടി എന്റെ ഫ്രന്‍ഡാണ്' എന്ന ഡയലോഗുമായാണ് ജോര്‍ജപ്പച്ചന്റെ വീഡിയോ തുടങ്ങുന്നത്. അതിനുശേഷം അന്തേവാസികളുമായി ചേര്‍ന്ന് മമ്മൂട്ടിക്ക് ഹാപ്പി ബെര്‍ത്ത് ഡേ പറഞ്ഞ് ജോര്‍ജപ്പച്ചന്‍ പാടുന്നുമുണ്ട്. ആ സമയത്തൊക്കെ അദ്ദേഹം അനുഭവിച്ച സന്തോഷവും ഉത്സാഹവുമൊക്കെ പറഞ്ഞറിയിക്കാന്‍ പറ്റുന്നതിനെക്കാള്‍ അപ്പുറമായിരുന്നു. സ്വന്തം ജന്മദിനത്തിന് അന്തേവാസികള്‍ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കാനും ജോര്‍ജപ്പച്ചന് വലിയ ഉത്സാഹമായിരുന്നു. ജോര്‍ജപ്പച്ചനെ കാണാന്‍ ഏതാനും സിനിമക്കാരും ചിലപ്പോഴൊക്കെ അവിടെ വരുമായിരുന്നു'' - ജോസഫ് അലക്‌സ് പറയുന്നു.

ബുള്‍ഗാന്‍ കളയല്ലേ !

ഓര്‍മകള്‍ മാഞ്ഞ് വാര്‍ധക്യ രോഗങ്ങളുടെ വേദനകളിലേക്ക് പോകുമ്പോഴും തന്റെ മുഖമുദ്രയായിരുന്ന ബുള്‍ഗാന്‍ താടി നിലനിര്‍ത്തുന്നതിന്റെ സന്തോഷവും ജോര്‍ജിനുണ്ടായിരുന്നു. ''ഇവിടെ എല്ലാവര്‍ക്കും ഫുള്‍ ഷേവാണ് ചെയ്യാറുള്ളത്. എന്നാല്‍, ജോര്‍ജപ്പച്ചന്റെ ബുള്‍ഗാന്‍ താടി അതുപോലെ നിലനിര്‍ത്തണമെന്ന് ഞാന്‍ എല്ലാവരോടും പറയുമായിരുന്നു. അദ്ദേഹത്തിനും അത് വലിയ ഇഷ്ടമായിരുന്നെന്ന് മനസ്സിലാക്കിയാണ് ഞാന്‍ അങ്ങനെ പറഞ്ഞത്. ഇടയ്ക്ക് ഒരു പയ്യന്‍ മാറി വന്ന സമയത്ത് അറിയാതെ ഫുള്‍ ഷേവ് ചെയ്തിരുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ തനതായ മുഖം പൂര്‍ണമായി മാറിപ്പോയതുപോലെ തോന്നി. അതിനുശേഷം ബുള്‍ഗാന്‍ താടി നിലനിര്‍ത്തിയാണ് പിന്നീടൊക്കെ ഷേവ് ചെയ്തത്. കെ.ജി. ജോര്‍ജ് എന്ന മനുഷ്യനെ അടയാളപ്പെടുത്തുന്നതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ബുള്‍ഗാന്‍ താടി. മരണമെത്തുന്ന നേരം വരെ അത് അങ്ങനെ തന്നെയായിരിക്കണമെന്ന ആഗ്രഹവും സഫലമാക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ട്'' - ജോസഫ് അലക്‌സ് പറയുമ്പോള്‍ ഓര്‍മകളിലെ ചിത്രങ്ങളില്‍ ജോര്‍ജിന്റെ മുഖം പുഞ്ചിരിച്ചു.