
ഒരാള്‍ സിനിമയിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ പ്രായമോ സമയമോ ഒന്നും ബാധകമല്ല. വ്യക്തികളില്‍ സ്വാധീനം ചെലുത്താന്‍ സിനിമയോളംപോന്ന മാധ്യമം വേറെയില്ല. ചന്ദ്രകാന്ത് മാധവനും അത്തരത്തിലൊരു വ്യക്തിയാണ്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ഫിലിം പ്രൊജക്ടര്‍ നിര്‍മിച്ചതില്‍ തുടങ്ങുന്നു ചന്ദ്രകാന്തിന് സിനിമയോടുള്ള അഭിനിവേശം. തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളേജില്‍ അപ്ലൈഡ് ഇലക്ട്രോണിക്സിന് ചേര്‍ന്നപ്പോഴും അതിന്റെ തീവ്രതയ്ക്ക് യാതൊരു കുറവും വന്നില്ല. ചന്ദ്രകാന്ത് നിര്‍മിച്ച നാനോ ജിബ് കോളേജിലെ ഒരു പ്രദര്‍ശനത്തില്‍ കയ്യടി നേടിയതോടെ സിനിമയിലേക്കുള്ള അയാളുടെ യാത്രയും ആരംഭിച്ചു. അഭിനേതാക്കളുടെ ശരീരത്തില്‍ തന്നെ ഘടിപ്പിക്കാവുന്ന ബോഡി ക്യാം 360, ഗ്രില്ലുകളിലോ ദണ്ഡുകളിലോ ഘടിപ്പിക്കാവുന്ന ക്യാമറ മൗണ്ട് ആയ സ്പൈഡി ക്യാം എന്നിവ വികസിപ്പിച്ചതോടെ ചന്ദ്രകാന്ത് മലയാള സിനിമയില്‍ മാത്രമല്ല, ഇന്ത്യന്‍ സിനിമയില്‍ തന്നെ അവിഭാജ്യ ഘടകമായി മാറി. ക്യാമറകളുടെ മൂവ്മെന്റിന് റിഗ്ഗുകളുടെ പ്രാധാന്യമാണ് ഇയാളെ സിനിമയിലെത്തിച്ചത്. റിഗ് നിര്മിക്കാനറിയുന്ന അധികമാരുമില്ലാത്തത് സിനിമയിലേക്കുള്ള ഇയാളുടെ വഴി തുറന്നു. റിഗ് നിര്‍മാണത്തിലൂടെ സിനിമാജീവിതം ആരംഭിച്ച ചന്ദ്രകാന്ത് ഇനി അണിയുന്നത് ഛായാഗ്രാഹകന്റെ വേഷമാണ്. ക്യാമറാമാനായ ആദ്യചിത്രം റിലീസാവുന്നതിന് മുന്നേ അടുത്ത ചിത്രവും തേടിയെത്തിയ സന്തോഷവും സിനിമായാത്രയും ചന്ദ്രകാന്ത് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുകയാണ്.
ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്വന്തമായി ഫിലിം പ്രൊജക്റ്ററുണ്ടാക്കി
തിരുവനന്തപുരത്തെ ഒരു സാധാരണ സ്കൂളിലായിരുന്നു പഠിച്ചത്. അവിടെ വര്‍ഷത്തിലൊരിക്കല്‍ പ്രൊജക്ടര്‍വെച്ച് സിനിമ കാണിക്കും. ഒരിക്കല്‍ പ്രൊജക്ടറിന് തൊട്ടടുത്ത് ഇരിക്കാന്‍ അവസരം ലഭിച്ചു. അന്ന് കൊണ്ടുവന്നിരുന്ന പ്രൊജക്ടറിന് എന്തോ പ്രശ്നമുണ്ടായിരുന്നതുകൊണ്ട് കൈകൊണ്ട് കറക്കേണ്ടിയിരുന്നു. പ്രൊജക്ടര്‍ ഓപ്പറേറ്റര്‍ എന്നെക്കൊണ്ട് കറക്കിച്ചു. സിനിമ കണ്ടതിനേക്കാള്‍ ആ ഉപകരണത്തിന്റെ പ്രവര്‍ത്തനരീതിയാണ് എന്നെ ആകര്‍ഷിച്ചത്. പ്രദര്‍ശനം കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ നല്ല സൗഹൃദത്തിലായി. പുള്ളിയോട് ഞാന്‍ കുറച്ച് ഫിലിം റോളുകള്‍ തരുമോ എന്ന് ചോദിച്ചു. സ്കൂളിന്റെ അടുത്തുതന്നെയായിരുന്നു അദ്ദേഹത്തിന്റെ വീട്. അങ്ങനെ ആ ഓപ്പറേറ്റര്‍ എനിക്ക് കിരീടം എന്ന സിനിമയുടെ കുറച്ച് റോളുകള്‍ തന്നു. അതുമായി വീട്ടിലെത്തി. പിന്നെയായിരുന്നു പ്രൊജക്റ്റര്‍ ഉണ്ടാക്കാന്‍ ശ്രമംതുടങ്ങിയത്. തല മസാജ് ചെയ്യുന്ന വൈബ്രേറ്ററിന്റെ മോട്ടോറും ചെറിയ മെറ്റല്‍ ടിന്നും ലെന്സുമൊക്കെ ഉപയോഗിച്ച് ഒരു തട്ടിക്കൂട്ട് പ്രൊജക്റ്റര്‍ ഉണ്ടാക്കി. ഉപയോഗിച്ചപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലൂപ്പ് പോലെ സജ്ജീകരിച്ചരിച്ചതിനാല് ഒരേ സീന്‍തന്നെ കറങ്ങിക്കറങ്ങി വരും.
കോളേജ് എക്സിബിഷനില്‍ സ്വന്തമായുണ്ടാക്കിയ ജിമ്മി ജിബ്
പ്രൊജക്റ്ററൊക്കെ എല്ലാവരും ഉണ്ടാക്കുന്നതാണ് എന്നായിരുന്നു അതുവരെ വിചാരിച്ചിരുന്നത്. പക്ഷേ അതിലൊരു വ്യത്യസ്തതയുണ്ടെന്ന് തിരിച്ചറിഞ്ഞത് കോളേജില്‍ എത്തിയ ശേഷമായിരുന്നു. കോളേജില്‍ പഠിക്കുമ്പോഴാണ് ഞാന്‍ തിരക്കഥ എന്ന സിനിമയുടെ ഷൂട്ടിങ് കാണാന്‍ പോയത്. അവിടെവെച്ചാണ് ആദ്യമായി ജിമ്മി ജിബ് കാണുന്നത്. ജിബ്ബില്‍ ക്യാമറ പിടിപ്പിച്ചിരിക്കുന്നതൊക്കെ കണ്ടപ്പോള്‍ കൊള്ളാമല്ലോ പരിപാടി എന്നുതോന്നി. തിരിച്ച് വീട്ടിലെത്തിയ ശേഷം ഉണ്ടായിരുന്ന ഒരു ട്രൈപോഡ് ഉപയോഗിച്ച് ജിബ് ഉണ്ടാക്കാനാവുമോ എന്ന് ശ്രമിച്ചുനോക്കി. ഇത് കോളേജില്‍നിന്ന് വന്ന സുഹൃത്തുക്കള്‍ കാണുകയും എക്സിബിഷനില്‍ വെച്ചാലോ എന്ന് ചോദിക്കുകയും ചെയ്തു. ഞാനങ്ങനെ അടുപ്പമുള്ള ഒരു അധ്യാപകനോട് അനുവാദം വാങ്ങി എക്സിബിഷനില്‍ വെച്ചു. പതിനഞ്ചടിയോളം നീളമുള്ള ആ ഉപകരണത്തില്‍ ഹാന്ഡിക്യാമാണ് ഘടിപ്പിച്ചിരുന്നത്. ദൃശ്യങ്ങള്‍ കാണിക്കാന്‍ വീട്ടില്‍നിന്ന് ടി.വിയും കൊണ്ടുപോയിരുന്നു. എന്തോ ഭാഗ്യത്തിന് അത് ശ്രദ്ധിക്കപ്പെട്ടു. ഇതിനേക്കുറിച്ച് ഒരു പത്രത്തില്‍ വാര്‍ത്ത വന്നതോടെ തൊട്ടടുത്തദിവസംമുതല് കൂടുതല്‍ പേര് ഇത് കാണാന്വരാന് തുടങ്ങി.
ആഗ്രഹം ഛായാഗ്രഹണം, തുടങ്ങിയത് റിഗ് നിര്‍മാണം
ക്യാമറാമാന് പറയുന്നതനുസരിച്ച് ക്യാമറ പലയിടത്തും നമുക്ക് സ്ഥാപിക്കേണ്ടിവരും. വാഹനങ്ങളിലുള്‍പ്പെടെ ക്യാമറ വെയ്ക്കേണ്ടിവരും. അതിന് സഹായിക്കുന്ന പുതിയൊരുതരം ഉപകരണമാണ് റിഗ്. ഛായാഗ്രഹണമായിരുന്നു പണ്ടേയുള്ള ആഗ്രഹം. പത്താം ക്ലാസ് നല്ല മാര്‍ക്കോടെ വിജയിച്ചപ്പോള്‍ വീട്ടുകാര്‍ ഒരു ഹാന്‍ഡിക്യാം വാങ്ങിത്തന്നിരുന്നു. ഒരിക്കല്‍ ഒരു ലൊക്കേഷന്‍ കാണാന്‍ പോയപ്പോള്‍ ശരീരത്തില്‍ ഘടിപ്പിക്കാവുന്ന ഉപകരണം വേണമെന്ന് ആ സിനിമയുടെ അസോസിയേറ്റ് ക്യാമറാമാന് പറഞ്ഞു. നമ്മളോട് സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ പറഞ്ഞതല്ലേ എന്നോര്‍ത്ത് വീട്ടില്‍പ്പോയി ഒരെണ്ണം ഉണ്ടാക്കിനോക്കി. അതിന് ആ സിനിമയുടെ ആളുകള്‍ അഭിനന്ദിച്ചു. ഇതിനുശേഷം ഒരു സിനിമ കിട്ടിയില്ലെങ്കിലും റിഗ് ഉണ്ടാക്കാന്‍ പറ്റുമെന്ന് മനസിലായി. ആ സമയത്താണ് ഷോര്‍ട്ട് ഫിലിമുകള്‍ കൂടുതല്‍ ഇറങ്ങാന്‍ തുടങ്ങിയത്. ചെറിയ ക്യാമറകളിലാണ് ഇത് ഷൂട്ട് ചെയ്തിരുന്നത് എന്നതിനാല്‍ എനിക്ക് അതൊരു സാധ്യതയായി. തിരക്കഥ സിനിമയുടെ ഷൂട്ടിങ് കാണിക്കാന്‍ കൊണ്ടുപോയ ചേട്ടന് വഴി എനിക്കൊരു ഷോര്‍ട്ട് ഫിലിമില്‍ അവസരം ലഭിച്ചു. കാര്‍ത്തിക് എന്നയാളായിരുന്നു സംവിധായകന്. അവര്‍ക്കുവേണ്ടി റിഗ്ഗും ചെറിയ ക്രെയിനും ഉണ്ടാക്കിനല്‍കി. ഫെയ്സ്ബുക്ക് പ്രചാരത്തില്‍ വന്ന സമയമായിരുന്നു അത്. അതില്‍ എന്റെ ഫോട്ടോ കണ്ട് ഷെഹ്നാദ് ജലാല്‍ എന്ന ഛായാഗ്രാഹകന്‍ എന്നെ വിളിച്ചു. ഭ്രമയുഗം ഒക്കെ ചെയ്തത് അദ്ദേഹമാണ്. കാര്‍ത്തിക്കേട്ടന്റെ സുഹൃത്തായിരുന്നു അദ്ദേഹം. അങ്ങനെയാണ് ഞാന്‍ ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയത്. ആ സിനിമയ്ക്ക് ശേഷം റിഗ് നിര്‍മിക്കാനായി കൂടുതല്‍ അവസരങ്ങള്‍ തേടിയെത്താന്‍ തുടങ്ങി.
റിഗ് നിര്‍മാണത്തില്‍ ബ്രേക്ക് നല്കിയ 'വീരപ്പന്'
രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത വീരപ്പന് ആയിരുന്നു ബ്രേക്ക് കിട്ടിയ ഒരു ചിത്രം. വീരപ്പന്റെ ഇന്‍ട്രോ ഷോട്ട് ആയിരുന്നു ചെയ്തത്. ഭീകരത തോന്നിക്കുന്ന രംഗമായിരുന്നു അത്. ഈ ചിത്രത്തിന്റെ തെലുങ്ക്-ഹിന്ദി പതിപ്പുകളില്‍ ഞാനുണ്ടായിരുന്നു. സഞ്ജീവ് ശിവന് സാര്‍ ചെയ്ത ഒരു ഹ്രസ്വചിത്രത്തില്‍ ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. അതിന്റെ ഛായാഗ്രാഹകന്വഴിയാണ് ആ അവസരം ലഭിച്ചത്. ഒന്ന് രണ്ട് അഭിമുഖങ്ങളില്‍ രാം ഗോപാല്‍ വര്‍മ സാര്‍ എന്റെ പേര് പറയുകയും ചെയ്തിരുന്നു. അതിനുശേഷമാണ് രാജീവ് രവി, സന്തോഷ് ശിവന് തുടങ്ങിയ പ്രഗത്ഭരെ പരിചയപ്പെടുന്നത്. മാതൃഭൂമിയില്‍ എന്റെ അഭിമുഖം കണ്ട എഡിറ്റര്‍ ബി. അജിത്കുമാറാണ് എന്നെ രാജീവേട്ടന്റെ അടുത്തെത്തിച്ചത്.

രാജീവേട്ടനാണ് ആദ്യമായി എന്നെ അസോസിയേറ്റായി കൂടെക്കൂട്ടിയത്. അദ്ദേഹം സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളില്‍ റിഗ് ചെയ്തു. അസിസ്റ്റ് ചെയ്യാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞപ്പോള്‍ ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രം വരുന്നുണ്ട് അതില്‍ റിഗ് ചെയ്യുന്നതിന്റെ കൂടെ അസിസ്റ്റ് ചെയ്തോളാന്‍ പറഞ്ഞു. രണ്ട് ദിവസം റിഗ് ചെയ്തപ്പോളേക്കും അവര്‍ പിന്നെ സിനിമാട്ടോഗ്രഫി ടീമിന്റെ കൂടെച്ചേര്‍ത്തു. രാജീവേട്ടനൊപ്പം തൊണ്ടിമുതലും ദൃക്സാക്ഷിയും, വൈറസ്, മൂത്തോന്, തുറമുഖം, എന്നീ ചിത്രങ്ങളില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. അദ്ദേഹത്തിനൊപ്പം ഒടുവില്‍ പ്രവര്‍ത്തിച്ചത് പാരഡൈസ് എന്ന ശ്രീലങ്കന്‍ ചിത്രത്തിലാണ്.
റിഗ് നിര്‍മാണവുമായി ബന്ധപ്പെട്ടാണ് സന്തോഷ് ശിവന് സാറിനെ കാണുന്നത്. അദ്ദേഹത്തിനൊപ്പം ബറോസ് എന്ന ചിത്രത്തില്‍ പ്രവര്‍ത്തിച്ചു. കോവിഡ് ലോക്ഡൗൺ വന്ന് ബറോസിന്റെ ഷൂട്ട് നിന്നപ്പോള്‍ ഡോക്യുമെന്ററികളും മറ്റും സന്തോഷ് സാര്‍ ചെയ്തിരുന്നു. അതിലെല്ലാം പ്രവര്‍ത്തിക്കാന്‍ ഭാഗ്യംലഭിച്ചു.
റിഗ് ഡിസൈനിങ്ങും സ്ഥാപിക്കാനുള്ള തയ്യാറെടുപ്പുകളും
ക്യാമറ ഏതെങ്കിലും ഉപകരണത്തില്വെച്ച് ഷോട്ടെടുക്കാന്‍ സാധിക്കുമോ എന്ന് ആദ്യം നോക്കും. ഇല്ലെങ്കിലാണ് റിഗ്ഗിലേക്ക് വരുന്നത്. കമ്മട്ടിപ്പാടം എന്ന ചിത്രത്തില്‍ സ്ലൈഡര്‍ ഉപയോഗിച്ചിരുന്നു. ഇന്ന് അത് സാധാരണയായി. ക്യാമറാമാന് പറയുന്നതനുസരിച്ചാണ് റിഗ് ഡിസൈന്‍ ചെയ്യുക. എഡിറ്റര്‍ സൈജു ശ്രീധരന് സംവിധാനം ചെയ്യുന്ന ഫൂട്ടേജ് എന്ന സിനിമ വരുന്നുണ്ട്. മൊബൈലില്‍ വ്ളോഗ് ചെയ്യുന്ന പോലൊരു ആശയമാണ് ആ സിനിമയുടേത്. ക്യാമറയിലാണ് ചിത്രീകരിക്കുന്നതെങ്കിലും മൊബൈലില്‍ ഷൂട്ട് ചെയ്യുന്നപോലെയായിരിക്കണം. മൊബൈലിന്റെ ഭാരമല്ലല്ലോ ക്യാമറയ്ക്ക്. അപ്പോള്‍ അതിനുവേണ്ടി ശരീരത്തില്‍ ഘടിപ്പിക്കാവുന്ന തരം റിഗ് നിര്‍മിച്ചു. സംവിധായകന്റെയും ഛായാഗ്രാഹകന്റേയും ആവശ്യമനുസരിച്ചാണ് അതെല്ലാം ചെയ്തുകൊടുക്കുന്നത്.

ബറോസിലൊക്കെ സെറ്റില്‍ ധാരാളം ജോലികളുണ്ടായിരുന്നു. ബറോസിന് പല ഷെഡ്യൂളുകളിലായി പലതരം ഷോട്ടുകളുമുണ്ടായിരുന്നു. തല്ലുമാല എന്ന ചിത്രത്തിലെ തീയേറ്റര്‍ ഫൈറ്റില്‍ എഴുപതോളം അളുകള്‍ക്കിടയില്‍ 360 ഡിഗ്രി മൂവ്മെന്റ് വരത്തക്കവിധമാണ് ക്യാമറ സെറ്റ് ചെയ്തത്. ഓട്ടര്‍ഷ എന്ന ചിത്രത്തില്‍ പലരംഗങ്ങളും റിഗ് ഉപയോഗിച്ചാണ് ചിത്രീകരിച്ചത്. ഭീഷ്മപര്‍വത്തിലും കണ്ണൂര്‍ സ്ക്വാഡിലെ ഒരു ടൈംലാപ്സ് രംഗത്തിലുമെല്ലാം റിഗ് ഉപയോഗിച്ചിട്ടുണ്ട്. കണ്ണൂര്‍ സ്ക്വാഡിലെ ആ രംഗം 12 മിനിറ്റുകൊണ്ടാണ് ട്രാക്ക് ആന്‍ഡ് ട്രോളിയില്‍ ചിത്രീകരിക്കേണ്ടത്. ഇതേ സ്റ്റൈലില്‍ ബറോസിലും ഒരു രംഗമുണ്ട്. അതിന്റെ പ്രോ വേര്‍ഷനായിരുന്നു കണ്ണൂര്‍ സ്ക്വാഡില്‍ ചെയ്തത്.
'ഗു'വിലൂടെ ഛായാഗ്രാഹകനാവുന്നു
ഗു എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനാവുന്നതും ഒരു ഇന്റര്‍വ്യൂ വഴിയാണ്. സംവിധായകന് ബി. ഉണ്ണിക്കൃഷ്ണന്റെ അസോസിയേറ്റ് ആയ മനു രാധാകൃഷ്ണന് മുമ്പൊരു യൂട്യൂബ് ചാനലുണ്ടായിരുന്നു. സിനിമകള്‍ക്കായി പുതിയ ഉപകരണങ്ങള്‍ ഉണ്ടാക്കുന്നയാള് എന്ന നിലയില്‍ എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ മനു വന്നിട്ടുണ്ടായിരുന്നു. പക്ഷേ ഗു ഷൂട്ട് ചെയ്യുമ്പോഴാണ് മനു പറഞ്ഞത് അന്ന് ഇന്റര്‍വ്യൂവിന് വന്നത് യഥാര്‍ഥത്തില്‍ എന്നെ ഛായാഗ്രാഹകന്‍ എന്ന രീതിയില്‍ ടെസ്റ്റ് ചെയ്യാന്കൂടിയാണെന്ന്. ഗു വിലേക്ക് എന്നെ വിളിക്കാന്‍ നിര്‍മാതാവ് മണിയന്‍പിള്ള രാജു സാറും മനുവിന് പിന്തുണ നല്കി.
റിഗ് നിര്‍മാണം സിനിമാട്ടോഗ്രഫിയില്‍ വളരെയധികം സഹായിച്ചു
സിനിമാട്ടോഗ്രഫിയില്‍ ഞാന്‍ എന്തെങ്കിലും പഠിച്ചിട്ടുണ്ടെങ്കില്‍ അതിനുകാരണം റിഗ് നിര്‍മാണം ആണ്. ഒരു വ്യക്തി അസിസ്റ്റ് മാത്രമേ ചെയ്യുന്നുള്ളുവെങ്കില്‍ അയാള്‍ ഏതെങ്കിലും ഒരു ഛായാഗ്രാഹകന്റെ കൂടെയായിരിക്കും. വളരെ ചുരുക്കം പേര്‍ക്കൊപ്പം മാത്രമേ അസിസ്റ്റ് ചെയ്യാന്പറ്റൂ. ചിലപ്പോള്‍ ആ ഛായാഗ്രാഹകന്റെ ശൈലി മാത്രമേ നമുക്ക് കിട്ടൂ. പക്ഷേ എനിക്ക് ഒരുപാട് ഛായാഗ്രാഹകര്‍ക്കൊപ്പം ജോലി ചെയ്യാന്‍ പറ്റി. വിജയ് ഉലകനാഥ്, രവി വര്മന് സാര്‍ എന്നിവര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിക്കാനായിട്ടുണ്ട്. അതുകൊണ്ട് അവരുടെയെല്ലാം ശൈലി മനസിലാക്കാന്പറ്റി. ഗു ഇറങ്ങുമ്പോള്‍ ഇപ്പറഞ്ഞത് കൂടുതല്‍ മനസിലാക്കാന്‍ സാധിക്കും. പിന്നെ നല്ല അച്ചടക്കവും പ്ലാനിങ്ങും പഠിക്കാന്പറ്റി. അതുകൊണ്ടാണ് ഗു സിനിമയുടെ ഷൂട്ടിങ് പെട്ടന്ന് തീര്‍ന്നത്. ആദ്യമായിട്ടായിരിക്കും ഒരു ഹൊറര്‍-ഫാന്റസി സിനിമ 26 ദിവസംകൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഹൊറര്‍-ഫാന്റസി ചിത്രമായതിനാല്‍ സാധാരണയ്ക്കപ്പുറമുള്ള വ്യത്യസ്തമായ ഷോട്ടുകളും ക്യാമറയുടെ ചലനങ്ങളും വേണ്ടിവരും. റിഗ് നിര്‍മാണം അറിയാമെന്നത് ഛായാഗ്രഹണത്തില്‍ ഒരുപാട് ഉപകാരപ്പെട്ടു. ട്രാക്ക് ആന്‍ഡ് ട്രോളിയോ ഒന്നും ഉണ്ടായിരുന്നില്ല. എല്ലാം ഞാന്‍തന്നെ ഉണ്ടാക്കിയെടുത്ത റിഗ്ഗുകള്‍ ആയിരുന്നു ഉപയോഗിച്ചത്. പിന്നെ അതെല്ലാം ട്രാക്ക് ആന്‍ഡ് ട്രോളി ഉപയോഗിച്ചാല്‍ കിട്ടാത്ത ഷോട്ടുകളുമായിരുന്നു.
ഛായാഗ്രാഹകനായുള്ള ആദ്യസിനിമ റിലീസാവുന്നതിനുമുമ്പ് രണ്ടാം സിനിമയും
ക്യാമറ ചെയ്തതില്‍ ഇനി വരാനുള്ളത് വിഷ്ണു വിനയ് സംവിധാനംചെയ്യുന്ന ആനന്ദ് ശ്രീബാലയാണ്. അഭിലാഷ് പിള്ളയാണ് തിരക്കഥ. ഗു സിനിമയില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നത് മാളികപ്പുറം എന്ന സിനിമയിലെ ദേവനന്ദയാണ്. ദേവനന്ദയുടെ അച്ഛനും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും നല്ല സുഹൃത്തുക്കളാണ്. അദ്ദേഹമാണ് ആനന്ദ് ശ്രീബാല സിനിമയുടെ ഛായാഗ്രാഹകന്‍ എന്ന നിലയില്‍ എന്നെ ശുപാര്‍ശ ചെയ്യുന്നത്. നിര്‍മാതാവ് ആന്റോ സാര്‍ ഉടന്‍ മണിയന്‍പിള്ള രാജു സാറിനെ വിളിച്ച് എന്നെക്കുറിച്ച് അന്വേഷിച്ചു. അങ്ങനെയാണ് ഞാന്‍ ആനന്ദ് ശ്രീബാലയിലേക്ക് വരുന്നത്. സാധാരണ ഒരു ക്യാമറാമാന് ചെയ്ത സിനിമ പുറത്തുവരുമ്പോഴാണല്ലോ അടുത്ത സിനിമ കിട്ടുക. എന്തോ ഭാഗ്യത്തിന് രണ്ടാമത്തെ സിനിമയും പിന്നാലെ വന്നു.
റിഗ് ചെയ്തവയില് കൂടുതല്‍ ചിത്രങ്ങള്‍ വരാനിരിക്കുന്നു
റിഗ് ചെയ്തതില്‍ കങ്കുവാ, കത്തനാര് എന്നിവയാണ് വരാനുള്ളത്. ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്സും റിലീസായിക്കഴിഞ്ഞു. ഇതില്‍ തല്ലുമാലയിലെ തീയേറ്റര്‍ ഫൈറ്റ് പോലൊരെണ്ണം കങ്കുവായിലുമുണ്ട്. തല്ലുമാല ഇന്‍ഡോര്‍ ആയിരുന്നെങ്കില്‍ കങ്കുവാ ഔട്ട്ഡോറാണ്. കാട്ടിലായിരുന്നു ചിത്രീകരണമെന്നതിനാല് കുറച്ച് ബുദ്ധിമുട്ടി. തല്ലുമാലയുടെ ഫൈറ്റ് മാസ്റ്റര്‍ സുപ്രീം സുന്ദര്‍ ആയിരുന്നു. ആ പടം കഴിഞ്ഞപ്പോള്‍ നമുക്ക് ഇനിയും ഒരുമിച്ച് വര്‍ക്ക് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അങ്ങനെയാണ് തുനിവ് എന്ന തമിഴ്ചിത്രം കിട്ടിയത്. അതിലെ ആക്ഷന്‍ സീനുകളില്‍ റിഗ് ഉപയോഗിച്ചിരുന്നു. ബറോസ് സിനിമ ചെയ്യുന്നതിനിടയ്ക്കാണ് അത് സെറ്റ് ചെയ്തുകൊടുത്തത്.
ഓഫീസ് ജോലിയോടൊന്നും താത്പര്യമില്ലായിരുന്നു
കോളേജില്‍ പഠിക്കുമ്പോള്‍ ജോലി കിട്ടുമോ എന്നൊന്നും അറിയില്ലായിരുന്നു. ഓഫീസ് ജോലിയോടൊന്നും താത്പര്യമില്ലായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ ഞാനായിട്ട് ഉണ്ടാക്കിയ ജോലിയായിട്ടാണ് റിഗ് നിര്‍മാണമെന്നാണ് തോന്നുന്നത്. അങ്ങനെയൊരു ജോലി ഇല്ല. പുറത്തൊക്കെയുള്ള സിനിമാ മേഖലയില്‍ ഇതുപോലെ എന്തെങ്കിലും ആവശ്യംവന്നാല്‍ ഏതെങ്കിലും കമ്പനിയെ ഏല്പിക്കും. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം അങ്ങനെ ആശ്രയിക്കാവുന്ന ഒരു കമ്പനിയില്ല. ഇപ്പോള്‍ ഛായാഗ്രാഹകനായ സിനു സിദ്ധാര്‍ത്ഥ് ചേട്ടന് ചില ഉപകരണങ്ങളൊക്കെ ഉണ്ടാക്കാറുണ്ട്. പക്ഷേ പുള്ളി ആദ്യമേ ക്യാമറാമാനായി സിനിമയില്‍ വന്നയാളാണ്. റിഗ് നിര്‍മാണം തുടങ്ങി, അങ്ങനെയൊരു മേഖലയുണ്ടാക്കിയത് ഞാനാണെന്നാണ് തോന്നുന്നത്. വേറെയാരെങ്കിലും ഉണ്ടോ എന്നറിയില്ല. റിഗ് ചെയ്ത ഒരാള്‍ ക്യാമറാമാനാവുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നതാണ് മനസിലാക്കിയ പ്രധാന കാര്യം.
Content Highlights: gu movie cinematographer chandrakanth interview
Published: 23 Feb 2024, 04:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented