കേരള രാഷ്ട്രീയം സന്ദേശം സിനിമ എടുത്ത കാലത്ത് നിന്നും ഒരിഞ്ച് മുന്നോട്ട് നീങ്ങിയിട്ടില്ലെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. അന്ന് ഇത്രയേറെ അഴിമതി കേരളത്തിൽ ഉണ്ടായിരുന്നില്ല, എന്നാൽ ഇന്ന് അഴിമതി വളരെ കൂടി, അധികാരം മാത്രം ലക്ഷ്യമിട്ടാണ് ഭൂരിഭാഗം രാഷ്ട്രീയക്കാരും പ്രവർത്തിക്കുന്നത്. ശ്രീനിവാസന് എഴുതാൻ പറ്റുന്ന സാഹചര്യം ഉണ്ടായാൽ സന്ദേശം സിനിമയ്ക്ക് രണ്ടാം ഭാഗം വരാനുള്ള സാധ്യത തള്ളിക്കളായാനാവില്ലെന്നും സത്യൻ അന്തിക്കാട്. മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

To advertise here,

ഇന്നും രാഷ്ട്രീയക്കാരെ ട്രോളാനും വിമർശിക്കാനുമെല്ലാം ഉപയോഗിക്കുന്നത് സന്ദേശം സിനിമയിലെ ഡയലോഗുകളാണ്. സന്ദേശം സിനിമ ഇറങ്ങിയ കാലത്തുനിന്നും കേരളരാഷ്ട്രീയം ഇപ്പോഴും മുന്നോട്ടുപോയിട്ടില്ലെന്നാണോ?

സന്ദേശം സിനിമ പുറത്തിറങ്ങിയിട്ട് 32 വർഷമായി. കേരള രാഷ്ട്രീയം അന്ന് നിന്നിടത്തുനിന്നും ഒരിഞ്ചും മുന്നോട്ടു പോയിട്ടില്ല. ഇന്നും ഒരു തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നമ്മുടെ പാർട്ടി എന്തുകൊണ്ട് തോറ്റു? എതിർ പാർട്ടികളിൽ രണ്ടുപേരുടെ അന്തർധാര സജീവമായിരുന്നു, തുടങ്ങിയ ഡയലോഗുകൾ പ്രത്യക്ഷപ്പെടും. ഇതൊക്കെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വരെ നമ്മൾ കേട്ടു. ഇനി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും നമ്മൾ അതുതന്നെ കേൾക്കും. ആ പാർട്ടിയിൽ കുറച്ച് ചെറുപ്പക്കാർ വന്നിട്ടുണ്ട്, അവരെ വല്ല പെണ്ണുകേസിലും കുടുക്കി നാറ്റിക്കാം എന്ന് ശങ്കരാടിയുടെ കഥാപാത്രം പറയുന്ന പല കാര്യങ്ങളും നമ്മൾ നിത്യവും കണ്ടുകൊണ്ടിരിക്കുകയാണ്. എന്തുകൊണ്ട് രാഷ്ട്രീയത്തിന് അതിൽ നിന്നും ഒരു മാറ്റവും വന്നില്ലെന്ന് ആലോചിച്ചു നോക്കുമ്പോൾ അത്ഭുതമാണ്.

അങ്ങനെയെങ്കിൽ സന്ദേശം സിനിമയുടെ ഒരു രണ്ടാം ഭാഗത്തിന് ഇപ്പോഴും പ്രസക്തി ഇല്ലേ? രണ്ടാം ഭാഗം ഉണ്ടാവുമോ?

വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന സമയത്ത് വരവേൽപ്പ് സിനിമയെ കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ഒരു പ്രസംഗം നടത്തിയിരുന്നു. കേരളത്തിൽ എന്തുകൊണ്ട് നല്ല വ്യവസായങ്ങൾ വരുന്നില്ല എന്നതിൽ വരവേൽപ്പ് സിനിമയെക്കുറിച്ച് പറഞ്ഞുകൊണ്ടൊരു പ്രസംഗം. അതിനുശേഷം മോഹൻലാലിനെ നായകനാക്കി കൊണ്ടുള്ള ഒരു പൊളിറ്റിക്കൽ സറ്റയർ കൂടി ചെയ്യാമെന്ന് ഞാനും ശ്രീനിവാസനും ആലോചിച്ചിരുന്നു. സന്ദേശം പോലെ പോലെ തന്നെ എന്നാൽ സന്ദേശം സിനിമയിൽ അധികം ഉൾപ്പെടുത്തിയിട്ടില്ലാത്ത സീക്വൻസുകളൊക്കെ ഉപയോഗിച്ച് ഒരു സിനിമ. സന്ദേശം സിനിമയിൽ ശരിക്ക് പറഞ്ഞാൽ അഴിമതി അധികം കാണിച്ചിട്ടില്ല, കാരണം ആ കാലത്ത് ഇത്രയേറെ അഴിമതി ഇല്ലായിരുന്നു. ഇപ്പോൾ നമ്മുടെ സമൂഹത്തിലും രാഷ്ട്രീയത്തിലുമൊക്കെ ഒരുപാട് അഴിമതികൾ ഉണ്ട്. അതുകൊണ്ട് സന്ദേശത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിക്കാൻ പറ്റായ്കയൊന്നുമില്ല. ആ കാര്യത്തിൽ എനിക്ക് ഏറ്റവും വലിയ ഒരു വെല്ലുവിളി എന്നു പറയുന്നത് ശ്രീനിവാസന്റെ ആരോഗ്യമാണ്. ശ്രീനിവാസനെ പോലെ ഒരു എഴുത്തുകാരനുണ്ടെങ്കിൽ മാത്രമേ അത്തരം ഒരു സിനിമ ചെയ്യാൻ എനിക്ക് ധൈര്യമുള്ളൂ. കാരണം രാഷ്ട്രീയ വിമർശനം പച്ചയായി പറഞ്ഞാൽ അതിന് ഒരു രസവും ഉണ്ടാവില്ല, നമ്മൾ ആരെ വിമർശിക്കുന്നുവോ അവർക്ക് കൂടി അത് ആസ്വദിക്കാൻ പറ്റണം അതിന് ഏറ്റവും പറ്റിയ എഴുത്തുകാരൻ ശ്രീനിവാസനാണ്. ശ്രീനിവാസന് എഴുതാവുന്ന ഒരു അവസ്ഥ എത്തിയാൽ അത് ചെയ്യാം എന്ന് ഞാൻ ആലോചിക്കാറുണ്ട്. അതുകൊണ്ട് സന്ദേശത്തിന് രണ്ടാം ഭാഗമെന്ന സാധ്യതയെ ഞാൻ തള്ളിക്കളയുന്നില്ല. രാഷ്ട്രീയക്കാരുടെ പരസ്പരമുള്ള ചെളി വാരിയെറിയലുകളും വിശദീകരണങ്ങളുമെല്ലാം കാണുമ്പോൾ നമുക്ക് തമാശ തോന്നും, അതിനെ വിമർശിക്കാനും ആക്ഷേപഹാസ്യമാക്കി കാണാനും തോന്നും എന്നാൽ ശ്രീനിവാസനെ പോലെ ഒരു കൂട്ടുകെട്ട് ഉണ്ടായാൽ മാത്രമേ എനിക്ക് അതിന് ധൈര്യമുള്ളൂ.

പിന്നെ മറ്റൊരു കാര്യമുള്ളത് സന്ദേശം സിനിമ ചെയ്ത സമയത്തെ അന്തരീക്ഷമല്ല ഇന്ന് കേരളത്തിൽ ഉള്ളത്. അന്ന് അതിനെ ഒരു ആക്ഷേപഹാസ്യമായി എല്ലാ പാർട്ടിക്കാരും കണ്ടിരുന്നു. വിമർശിക്കപ്പെടുന്ന രാഷ്ട്രീയപാർട്ടികൾ പോലും അത് ആസ്വദിച്ചിരുന്നു. ഇന്ന് പക്ഷേ അങ്ങനെയൊരു സിനിമ എടുത്താൽ അത് എല്ലാവരും ആസ്വദിക്കണമെന്നില്ല. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ അത്തരം സിനിമയെക്കുറിച്ച് ചിന്തിക്കുമ്പോൾ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കാരണം ഒരു തമാശ തമാശയാണെന്ന് മനസ്സിലാക്കാതെ റിയാക്ട് ചെയ്യുന്ന ആളുകൾ നമ്മുടെ സമൂഹത്തിൽ ഇന്ന് കൂടുതലായുണ്ട്.

കേരള രാഷ്ട്രീയത്തിൽ മാറ്റങ്ങളുണ്ടാവുന്നില്ലെന്ന് താങ്കൾ പറഞ്ഞു. മാറ്റമില്ലായ്മ നല്ല കാര്യമാണോ?

നമ്മുടെ രാഷ്ട്രീയ രംഗത്ത്കുറച്ചുനാളുകളായി ഒരു വലിയ അപചയം സംഭവിക്കുന്നുണ്ട്. അധികാരമാണ് രാഷ്ട്രീയപ്രവർത്തകർ ഇപ്പോൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. ഒരു നല്ല രാഷ്ട്രീയ നേതാവാകാൻ, ഒരുപാടാളുകൾ ഇഷ്ടപ്പെടുന്ന ഒരു നേതാവാകാൻ നല്ല രീതിയിൽ പ്രവർത്തിച്ചാൽ മതിയെന്നാണ് ഞാൻ വിചാരിക്കുന്നത്. ജനങ്ങൾക്ക് നന്മ ചെയ്യുകയും അവരോടൊപ്പം നിൽക്കുകയും ചെയ്യുന്ന ആളുകൾ ഉണ്ടായാൽ രാഷ്ട്രീയരംഗം കുറെയേറെ പോസിറ്റീവാകും. എന്നാൽ പലപ്പോഴും പല ഗ്രൂപ്പുകളും തർക്കങ്ങളുമൊക്കെയായി എല്ലാ പാർട്ടികളിലും അങ്ങനെയൊരു അപചയം സംഭവിക്കുന്നുണ്ട്. അധികാരത്തിന് വേണ്ടിയാണ് രാഷ്ട്രീയം എന്നുള്ളതാണ് ഇന്നത്തെ സ്ഥിതി, രാഷ്ട്രീയം ഒരു ജോലിയായി മാറുന്ന അവസ്ഥ പണ്ടത്തേക്കാൾ കൂടുതൽ ഉണ്ട്. അത് ശരിക്ക് പറഞ്ഞാൽ വേദനിപ്പിക്കുന്നതാണ്. ഇന്ത്യൻ പ്രണയകഥ എന്ന സിനിമയിൽ അതിന്റെ അവസാനത്തിൽ അയ്മനം സിദ്ധാർത്ഥൻ പറയുന്നുണ്ട്, രാഷ്ട്രീയം ഒരു തൊഴിലാക്കരുതെന്ന്.

രാഷ്ട്രീയ പ്രവർത്തനം ജനസേവനത്തിനാവണം എന്ന തിരിച്ചറിവ് ഇപ്പോഴത്തെ രാഷ്ട്രീയക്കാർക്കില്ലേ?

ആ തിരിച്ചറിവ് വരാത്തവരാണ് കൂടുതലുള്ളത്, അല്ലെങ്കിൽ അവരുടെ ഉയർച്ചയ്ക്ക് വേണ്ടി പലതും കണ്ടില്ലെന്ന് നടിക്കുകയായിരിക്കണം, അപൂർവ്വം ചിലരൊഴിച്ചാൽ. എല്ലാവരും നാളത്തെ ഭരണമാണ് പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത്. അതിനുവേണ്ടിയുള്ള എല്ലാ അവിശുദ്ധ കൂട്ടുകെട്ടുകളും അവർ നടത്തുന്നുണ്ട്. വോട്ടാണ് പ്രധാനം. ആ ഒരു അവസ്ഥയിലേക്ക് രാഷ്ട്രീയം എത്തുന്നത് നല്ല ഏർപ്പാടല്ല. പിന്നെ നമുക്കറിയാം പുതിയ തലമുറയിൽ പലർക്കും രാഷ്ട്രീയത്തോട് താല്പര്യമില്ല. ചെറുപ്പക്കാരിൽ ഒരു വലിയ വിഭാഗം രാഷ്ട്രീയം  താല്പര്യമില്ലാത്തവരായി. ശരിക്കും പറഞ്ഞാൽ ചെറുപ്പക്കാർക്ക് രാഷ്ട്രീയത്തോട് താല്പര്യമുണ്ടാവണം ചെറുപ്പക്കാർ വളരെ ആത്മാർത്ഥമായി തന്നെ രാഷ്ട്രീയ പ്രവർത്തനം ഏറ്റെടുക്കണം. എന്നാൽ ജീവിക്കാനുള്ള ഓട്ടത്തിനിടയിൽ നമ്മുടെ ചെറുപ്പക്കാരിൽ പലരും അതിലേക്ക് വരുന്നില്ല. മാത്രവുമല്ല രക്ഷിതാക്കൾ തന്നെ സമരവും രാഷ്ട്രീയവും ഒന്നുമില്ലാത്ത കോളേജുകളിൽ കുട്ടികളെ പഠിപ്പിച്ച് അവരെ പരിശുദ്ധരാക്കി മാറ്റുകയും ചെയ്തു.

സിനിമാ സംവിധായകൻ മാത്രമല്ല ഗാനരചയിതാവ് കൂടിയാണ്. നിരവധി ഹിറ്റ് പാട്ടുകൾ താങ്കളുടേതായുണ്ട്. എന്തുകൊണ്ടാണ് പിന്നീട് ഗാനരചനയിൽ നിന്നും പിൻവാങ്ങിയത്?

സ്‌കൂളിൽ പഠിക്കുന്ന കാലഘട്ടം മുതൽ എന്റെ ലക്ഷ്യം സിനിമാ സംവിധായകനാവുക എന്നതായിരുന്നു. സംവിധാനം പഠിക്കാനാണ് ഞാൻ ആദ്യമായി മദ്രാസിലേക്ക് പോകുന്നത് തന്നെ. അതിനിടയിൽ എനിക്ക് സാഹിത്യത്തോടും കവിതയോടും കഥയോടുമൊക്കെ താല്പര്യമുണ്ടായിരുന്നു. മാതൃഭൂമി ബാലപംക്തിയിലും മലയാളനാട്ടിലുമൊക്കെ ഞാൻ എഴുതുമായിരുന്നു. അന്നത്തെ കാലത്ത് ചന്ദ്രിക ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വന്ന വഴി അമ്പലത്തിന്റെ പാട്ട് എന്ന കവിത വായിച്ചിട്ടാണ് ഡോക്ടർ ബാലകൃഷ്ണൻ അടുത്ത സിനിമയിൽ പാട്ട് എഴുതണമെന്ന് പറഞ്ഞത്. ശരിക്കും ഞാനൊരു പാട്ടെഴുത്തുകാരനാവാൻ പോയ ആളല്ല. എന്നാൽ പാട്ടെഴുതുകയും പാട്ടുകൾ ഹിറ്റ് ആവുകയും ചെയ്തപ്പോൾ എനിക്ക് അതിനോട് ഒരു ഹരം തോന്നി. വൈകീട്ട് വീട്ടിൽ വരുന്ന സമയത്ത് റേഡിയോയിൽ ഗാനരചന സത്യൻ അന്തിക്കാട് എന്ന് പറയുന്നത് കേൾക്കുമ്പോൾ ഒരു സുഖമൊക്കെ ഉണ്ടായിരുന്നു. ടിപി ബാലഗോപാലൻ വരെ ഏതാണ്ട് എന്റെ എല്ലാ സിനിമകളിലും ഞാൻ തന്നെയാണ് പാട്ടെഴുതിയത്. അത് കഴിഞ്ഞപ്പോൾ എന്റെ സിനിമയുടെ കാര്യത്തിൽ ഞാൻ കുറച്ചു കൂടി സ്വാർത്ഥനായി എന്ന് വേണമെങ്കിൽ പറയാം, മറ്റുള്ള കലാകാരന്മാരുടെ എഴുത്തുകാരുടെ സംഭാവനകൾ കൂടി എന്റെ സിനിമയിൽ ഉണ്ടായാൽ എനിക്ക് നല്ലതല്ലേ എന്നു ഞാൻ ചിന്തിച്ചു തുടങ്ങി.

എഴുതാനുള്ള മടിയേക്കാളുപരിയായി ഒഎൻവി കുറുപ്പിനെയും കൈതപ്രത്തിനേയും ഗിരീഷ് പുത്തഞ്ചേരിയേയും ഇപ്പോൾ മനു മഞ്ജിത്തിനെയും പോലെയുള്ള എഴുത്തുകാരുടെ പാട്ടുകൾ കൂടി ഉപയോഗപ്പെടുത്തിയാൽ എന്റെ സിനിമ കുറച്ചുകൂടി നന്നാകുമല്ലോ എന്നതിനാൽ ഞാൻ പിന്നീട് ആ രീതിയിലേക്ക് മാറി. അതൊരു മടുപ്പല്ല മനപ്പൂർവമുള്ള ഒരു മാറിനിൽക്കൽ തന്നെയാണ്. കാരണം ഗാനരചനയിൽ എനിക്ക് കുറെ മൈൽസ്റ്റോൺസ് പറയാനുണ്ട്. രവീന്ദ്രൻ ആദ്യമായി സംഗീതം നൽകിയത് ഞാൻ എഴുതിയ പാട്ടിനാണ്, കെഎസ് ചിത്ര എന്ന ഇന്ത്യയുടെ വാനമ്പാടി ആദ്യമായി സിനിമയിൽ പാടിയത് ഞാൻ എഴുതിയ പാട്ടാണ്. ഞാൻ ഏകനാണ് എന്ന സിനിമയിലെ രജനി പറയൂ, പ്രണയ വസന്തം എന്നീ രണ്ടു പാട്ടുകൾ. ഇതൊക്കെ എനിക്ക് വലിയ സന്തോഷമുള്ള കാര്യങ്ങളാണ്. ഇതൊക്കെ എന്റെ ഭാഗ്യങ്ങളായാണ് ഞാൻ കാണുന്നത്. ഞാനെഴുതിയില്ലായിരുന്നെങ്കിലും വേറൊരാൾ എഴുതി രവീന്ദ്രൻ മ്യൂസിക് ഡയറക്ടറാവും ചിത്ര പാട്ടുകാരിയാവും. പക്ഷേ, അവരുടെ ആദ്യത്തെ പാട്ട് എഴുതാൻ സാധിച്ചു എന്നത് ഞാൻ എന്റെ ഭാഗ്യമായി കരുതുന്നു.

ടിപി ബാലഗോപാലനിലെ മോഹൻലാലിൽ തുടങ്ങി ഹൃദയപൂർവത്തിൽ മോഹൻലാലിൽ എത്തിക്കുന്നതാണ് സത്യൻ അന്തിക്കാട് സിനിമ, ഇങ്ങനെയൊരു സ്റ്റാർഡം എന്തുകൊണ്ടാണ്? എന്താണ് പുതുമുഖ നായകൻമാരെ വെച്ച് സിനിമ എടുക്കാത്തത്?

മോഹൻലാൽ ടിപി ബാലഗോപാലൻ എംഎക്ക് മുൻപേ തന്നെ എന്റെ സിനിമയിൽ മുഖം കാണിച്ചിട്ടുണ്ട്. കുറുക്കന്റെ കല്യാണത്തിലായിരുന്നു അത്. അപ്പുണ്ണി എന്ന സിനിമയിലും വളരെ പ്രധാനപ്പെട്ട ഒരു വേഷം മോഹൻലാൽ ചെയ്തു. മോഹൻലാലിന്റെ ഒരു ടാലന്റും സിനിമയോടുള്ള അഭിനിവേശവും കണ്ട് ഞാൻ ഇഷ്ടപ്പെട്ടു പോയതാണ്. ടിപി ബാലഗോപാലിന് ശേഷം ഞാൻ ആഗ്രഹിക്കുന്നതിനേക്കാൾ നന്നായി ക്യാരക്ടർ പ്രസന്റ് ചെയ്യാൻ മോഹൻലാലിനെ കഴിഞ്ഞു. അപ്പോൾ പിന്നെ ഞാൻ എന്തിനാണ് അത് ഒഴിവാക്കുന്നത്. മോഹൻലാലിനെ സ്ഥിരമായി കിട്ടാതായപ്പോൾ ഞാൻ പിന്നെ പോയത് ജയറാമിലേക്കാണ്. വളരെ ഫ്ളെക്​സിബിൾ ആയിട്ടുള്ള ഒരു ആക്ടറാണ് അദ്ദേഹം. അർത്ഥം, കളിക്കളം തുടങ്ങിയ സിനിമകളൊക്കെ മമ്മൂട്ടിയുടെ കഴിവുകൾ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള സിനിമകളായിരുന്നു. നാളെ ഒരു പുതുമുഖ നടനെ ഇൻട്രൊഡ്യൂസ് ചെയ്യാം എന്ന് ഞാൻ വിചാരിക്കാത്തത് എനിക്ക് കയ്യെത്തും ദൂരത്ത് മോഹൻലാലും ഫഹദ് ഫാസിലും ഒക്കെ ഉള്ളതുകൊണ്ടാണ്. അവരെ വച്ച് സിനിമ ചെയ്യുന്നതാണ് ഞാൻ ഏറ്റവും കൂടുതൽ എൻജോയ് ചെയ്യുന്നത്. ഇവരെയൊന്നും ഞാൻ യൂസ് ചെയ്ത് കഴിഞ്ഞിട്ടില്ല. നാളെ ഒരു കഥാപാത്രം ഉണ്ടാവുകയും ആ കഥാപാത്രം പുതിയൊരാൾ ചെയ്താലാണ് നന്നാവുന്നത് എന്ന് തോന്നുകയും ചെയ്താൽ ഞാൻ അതിനനുസരിച്ച് ചെയ്യും. പിന്നെ ഒരു നായകനെ ഇൻട്രൊഡ്യൂസ് ചെയ്തില്ലെങ്കിലും ഒരുപാട് ചെറുപ്പക്കാരായ ആളുകളെ ഞാൻ സിനിമയിൽ കൊണ്ടുവന്നിട്ടുണ്ട്.

തൊണ്ടയാർ പേട്ടിലെ ജനറൽ ആശുപത്രിയിൽ ചിക്കൻപോക്‌സ് വന്നു കിടന്ന സമയത്ത് വീട്ടിലേക്ക് തിരിച്ചുപോന്നിരുന്നെങ്കിൽ പിന്നീട് എന്ത് സംഭവിക്കുമായിരുന്നു?

അന്ന് തിരിച്ചു വീട്ടിൽ പോകുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടേയില്ല. കാരണം സിനിമയിൽ വരണം സംവിധായകനാകണമെന്നല്ലാതെ വേറെ ലക്ഷ്യങ്ങളൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. രേഖ സിനിമാസിൽ ഞാൻ ഡയറക്ഷൻ പഠിക്കാൻ പോയപ്പോൾ എന്നെപ്പോലെ ആറ് പേരാണ് അവിടെ ഉണ്ടായിരുന്നത്. ആ സിനിമ കഴിഞ്ഞപ്പോൾ ആറ് പേരിൽ അഞ്ച് പേരും പോവുകയും ഞാൻ മാത്രം ബാക്കിയാവുകയും ചെയ്തു. അസുഖം വന്നപ്പോൾ ഡോക്ടർ ബാലകൃഷ്ണൻ എന്നോട് വീട്ടിൽ പോകാനാണ് പറഞ്ഞത്. പക്ഷേ, ഞാൻ വീട്ടിൽ പോയാൽ അവരെന്നെ തിരിച്ചയക്കില്ല എന്നെനിക്കറിയാമായിരുന്നു, കാരണം ഞാൻ എന്റെ വീട്ടിൽ മക്കളിൽ അവസാനത്തെയാളാണ്. 19 വയസ്സിലാണ് ഞാൻ മദ്രാസിൽ എത്തുന്നത്. ആ സമയത്ത് അവിടെ ചെന്നിട്ട് അവിടുത്തെ കാലാവസ്ഥ പിടിച്ചില്ല, ഭക്ഷണം പിടിച്ചില്ല എന്ന് പറഞ്ഞാൽ വീട്ടുകാർ പറയും നീ ഇവിടെ വന്നാൽ മതി പഠനം തുടർന്ന് ഏതെങ്കിലും സർക്കാർ ജോലിയിൽ കയറിയാൽ മതിയെന്ന്. അതുകൊണ്ട് വീട്ടുകാരെ അറിയിക്കേണ്ടെന്ന് തീരുമാനിച്ചു. ആറുമാസം കഴിഞ്ഞ് വീട്ടിൽ ചെന്നപ്പോൾ മുഖത്തെ കല കണ്ട് അച്ഛൻ ചോദിച്ചപ്പോഴാണ് ഞാൻ അക്കാര്യം പറഞ്ഞത്. അന്ന് ഞാൻ നാട്ടിലേക്ക് പോയിരുന്നെങ്കിൽ തിരിച്ച് സിനിമയിലേക്ക് വരുമായിരുന്നില്ല. നാടോടിക്കാറ്റ്, സന്ദേശം ഇതൊന്നും ഉണ്ടാവുമായിരുന്നില്ല. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്നാണല്ലോ.

ഹൃദയപൂർവം ഉൾപ്പടെ താങ്കളുടെ സിനിമയിൽ മക്കളുടെ കോൺട്രിബ്യൂഷൻ ഉണ്ട്. മക്കളുടെ സിനിമകളിൽ താങ്കളുടെ കോൺട്രിബ്യൂഷൻ ഉണ്ടോ?

മക്കളുടെ സിനിമയിൽ എന്റെ യാതൊരു കോൺട്രിബ്യൂഷനുമില്ല. ഞങ്ങൾ സബ്ജക്ട് പരസ്പരം ഡിസ്‌കസ് ചെയ്യാറുണ്ട്. അതിനപ്പുറത്തേക്ക് ഒന്നുമില്ല. വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതിയശേഷം അനൂപ് എനിക്കത് വായിക്കാൻ തന്നു. ഞാനത് ഇന്റർവെൽ വരെ വായിച്ചിട്ട് കുറെ കറക്ഷൻസ് പറഞ്ഞു. അവനത് തിരുത്തിക്കൊണ്ടുവരാമെന്ന് പറഞ്ഞു കൊണ്ടുപോയിട്ട് ഒരു കറക്ഷനും വരുത്തിയില്ലെന്ന് മാത്രമല്ല അത് സിനിമയായ ശേഷമാണ് പിന്നെ ഞാൻ കാണുന്നത്. അവൻ അവന് ഇഷ്ടമുള്ള രീതിയിൽ സിനിമയെടുത്തു. അത് കണ്ടപ്പോൾ എനിക്കും തോന്നി ഞാൻ അതിൽ ഇടപെടേണ്ട കാര്യമില്ലെന്ന്. എന്നാൽ അഖിൽ അവന്റെ പാച്ചുവും അത്ഭുതവിളക്കും സിനിമയുടെ സ്‌ക്രിപ്റ്റ് എനിക്ക് വായിക്കാൻ തന്നു. അത് എന്റെ ഒരു സ്‌റ്റൈൽ ഓഫ് സിനിമയായിരുന്നു. അതുകൊണ്ട് അധികം അഭിപ്രായവ്യത്യാസങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നിൽ നിന്ന് അവർക്കൊരു സഹായം ആവശ്യം വന്നിട്ടില്ല, വേണ്ടിവന്നാൽ ചെയ്യാം. മറ്റ് സംവിധായകർക്ക് കിട്ടാത്ത ഒരു വലിയ സൗഭാഗ്യം എന്ന് പറയുന്നത് എനിക്കെന്റെ മക്കൾ തന്നെയാണ്. രണ്ടു യുവ സംവിധായകരാണ് എന്റെ വീട്ടിൽ ഉള്ളത്. ഹൃദയപൂർവ്വം ഒരു യൂത്ത് ഫുൾ സിനിമയാണെന്ന് പറയുമ്പോൾ എന്റെ ഏറ്റവും വലിയ സന്തോഷം ആ സിനിമയിൽ എന്റെ രണ്ടു മക്കളും എന്റെ കൂടെ ഉണ്ടായി എന്നുള്ളതാണ്.

വർഷങ്ങളായി സിനിമാരംഗത്തുണ്ട്. ഹിറ്റ് സിനിമകളുടെ സംവിധായകനാണ്. ഹൃദയപൂർവം നൂറ് കോടി നേടി. എന്നിട്ടും എന്തുകൊണ്ടാണ് ആഡംബരങ്ങളോട് നോ പറയുന്നത്?

വലിയ അതിമോഹങ്ങൾ ഒന്നുമില്ലാത്ത ഒരാളാണ് ഞാൻ. ഒരു പരിധിക്ക് അപ്പുറത്തേക്ക് എന്റെ ജീവിതനിലവാരം ഉയർത്താൻ ഞാൻ ശ്രമിച്ചിട്ടില്ല. ഈ 100 കോടി കിട്ടുന്നു എന്ന് പറയുന്നത് പ്രൊഡ്യൂസർക്കാണ്. അല്ലാതെ 100 കോടി എന്റെ വീട്ടിലേക്ക് കൊണ്ടുവരികയല്ലല്ലോ. ചില ആളുകളൊക്കെ കടം ചോദിക്കാൻ വേണ്ടി വിളിക്കാറുണ്ട്. പടം ഭയങ്കര ഹിറ്റല്ലേ, 100 കോടി ക്ലബ്ബിൽ കയറിയിരിക്കുകയല്ലേ എന്നൊക്കെ ചോദിക്കും. പടം ഹിറ്റാകുന്നു. അത് കളക്ട് ചെയ്യുന്നു എന്നൊക്കെ പറയുന്നത് നമുക്ക് അതൊക്കെ ഒരു സന്തോഷമാണ് അത്രമാത്രം.

എന്തു കൊണ്ട് ആഡംബരം ഇല്ല എന്നു ചോദിച്ചാൽ എന്റെ ഒരു ജീവിതശൈലി അങ്ങനെയാണ്. അന്തിക്കാട് ഒരു കാർഷിക ഗ്രാമമാണ്. അവിടെയാണ് ജനിച്ചുവളർന്നതും ജീവിക്കുന്നതും. പണം നമുക്ക് ജീവിക്കാൻ ആവശ്യമാണ്, സിനിമ എന്റെ ജീവിതോപാധിയുമാണ്. അതിനപ്പുറം ആഡംബരം വേണം എന്ന് എനിക്ക് തോന്നിയിട്ടില്ല. എനിക്കൊരു റേഞ്ച് റോവർ വാങ്ങണം എന്ന ആഗ്രഹം എനിക്ക് ഉണ്ടെങ്കിൽ ഞാൻ അത് ചെയ്യണം. പക്ഷേ, എനിക്ക് സഞ്ചരിക്കാൻ പറ്റുന്ന നല്ല വാഹനമുണ്ടായാൽ മതി എന്നേ ആഗ്രഹം ഉള്ളൂ. ഇതൊക്കെ മതി എന്ന് തീരുമാനിക്കാൻ സാധിച്ചാൽ നമ്മൾ രക്ഷപ്പെടും എന്നു കരുതുന്നയാളാണ് ഞാൻ. വലിയ ലക്ഷ്വറി ആഗ്രഹിച്ചിട്ട് അത് വേണ്ടെന്ന് ഞാൻ തീരുമാനിച്ചാൽ അത് ത്യാഗമാണ്. പക്ഷേ ഞാൻ ആഗ്രഹിക്കുന്ന ജീവിതത്തിലൂടെയാണ് ഞാൻ കടന്നു പോകുന്നത്. സമാധാനമാണ് പണം കൊടുത്താൽ കിട്ടാത്തത്. അതിനുവേണ്ടിയാണ് നമ്മളൊക്കെ ശ്രമിക്കുന്നത്.

താങ്കളുടെ സിനിമയിൽ അമിത രക്തച്ചൊരിച്ചിലോ സ്റ്റണ്ടോ അത്തരം കാര്യങ്ങൾ ഒന്നും ഇല്ല. ഒരു സിനിമ വിജയിക്കുന്നതിൽ കമേഷ്യൽ ഹിറ്റാവുന്നതിൽ ഇത്തരം ഘടകങ്ങളൊക്കെ അനിവാര്യവുമാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഇത്തരം ചേരുവകൾ വേണ്ടെന്നുവെക്കുന്നത്?

ഒരു സിനിമ ഈ എലമെന്റുകൾ ഇല്ലെങ്കിലും വിജയിക്കും എന്നതിന്റെ തെളിവാണ് എന്റെ സിനിമകൾ. 58 സിനിമകൾ ഞാൻ സംവിധാനം ചെയ്തു അതിൽ ഭൂരിഭാഗം സിനിമകളും സക്‌സസ് ആയിരിക്കുന്നത് ഈ ചേരുവകൾ ഇല്ലാതെ തന്നെയാണ്. മനപ്പൂർവം മനുഷ്യന്റെ മനസ്സിലേക്ക് വിഷം കുത്തിവെക്കേണ്ട കാര്യമില്ലെന്നാണ് ഞാൻ കരുതുന്നത്. എന്നുവച്ചാൽ അത്തരം പടങ്ങൾ കാണാൻ എനിക്കിഷ്ടമല്ല എന്നല്ല. കാണാൻ എനിക്ക് ഇഷ്ടമാണ്. ഫാമിലിയായി സിനിമ കാണാൻ പോകുന്നവർ പറയുന്നത് എന്റെ പടം വരുമ്പോൾ അല്ലെങ്കിൽ നിങ്ങളുടെ പേര് കാണുമ്പോൾ ആരോടും അഭിപ്രായം ചോദിക്കേണ്ടതില്ല എന്നാണ്. അത് പ്രേക്ഷകർക്ക് എന്നിലുളള ഒരു ആത്മവിശ്വാസമാണ് ഞാനെന്തിനാണ് ആ വിശ്വാസം തകർക്കുന്നത്. ഒരു സംവിധായകൻ എന്ന നിലയിൽ അതൊരു ലിമിറ്റേഷനാണ്. കാരണം, നമ്മൾക്ക് ആക്ഷൻ, ഹൊറർ എല്ലാം കൈകാര്യം ചെയ്യാനാവണം. ഇതൊക്കെ ചെയ്യുന്നതാണ് ഒരു സംവിധായകന്റെ ടാലന്റ് എന്ന് പറയുന്നത്. എന്നാൽ ഞാനെന്റെ ഏറ്റവും സേഫായിട്ടുള്ള വഴിയിലൂടെ മാത്രം സഞ്ചരിക്കുന്ന ആളാണ്. അത്തരം സിനിമകളും നമുക്ക് മലയാളത്തിൽ വേണമല്ലോ. ഇയാളുടെ സിനിമയിൽ വൃത്തികെട്ട ഒരു രംഗം ഉണ്ടാവില്ല, ഡബിൾ മീനിങ് ഡയലോഗ് ഉണ്ടാവില്ല, അമിതമായ രക്തച്ചൊരിച്ചിൽ ഉണ്ടാവില്ല, അതൊക്കെ ആളുകൾക്ക് ഒരു വിശ്വാസമാണ്. ആ വിശ്വാസം ഞാൻ മുഖവിലയ്ക്കെ​ടുക്കുന്നുണ്ട്.

ചലച്ചിത്ര അക്കാദമി ചെയർമാൻ പദവി ഏറ്റെടുക്കാനൊക്കെ പലരും നിർബന്ധിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് അത് വേണ്ടെന്നുവെച്ചത്?

ഒരു സ്ഥാനം ഏറ്റെടുത്താൽ പൂർണ ഉത്തരവാദിത്വത്തോട് കൂടി ചെയ്യാൻ പറ്റുന്ന ആളുകളല്ലേ അത് ഏറ്റെടുക്കേണ്ടത്. എനിക്ക് അങ്ങനെ ഒരു വിശ്വാസമില്ല, എന്റെ സംഘടനയായ ഫെഫ്ക പോലും ഭരണതലത്തിലേക്ക് എത്താൻ പലപ്പോഴും എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നെക്കാൾ നന്നായി അത് ചെയ്യാൻ കഴിയുന്നവരുണ്ട്, അവരത് ചെയ്താൽ മതി എന്നാണ് ഞാൻ പറയാറുള്ളത്. ഇത്തരം സ്ഥാനങ്ങളിലേക്ക് വരാൻ പലരും പലപ്പോഴും എന്നെ ക്ഷണിച്ചിട്ടുണ്ട്. പക്ഷേ, എന്റെ ലോകം എന്ന് പറയുന്നത് കുറച്ചു കൂടി വേറിട്ടതാണ്. അതല്ലാതെ ഒരു ഉത്തരവാദിത്വം ഏറ്റെടുത്ത് ചെയ്യുക എന്ന ബാധ്യത ഞാൻ ഇഷ്ടപ്പെടുന്നില്ല. അത് അർഹിക്കുന്ന ആളുകൾ ചെയ്യട്ടെ.