“ആ സിനിമ കണ്ടിട്ട് ഉറക്കം വരുന്നുണ്ടായിരുന്നില്ല. വക്കീലാകാനുള്ള പ്രചോദനം സന്ദേശമാണ്.”

താൻ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാൻ കാരണമായത് സന്ദേശം എന്ന ചിത്രമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അന്തരിച്ച നിർമാതാവ് പി.വി. ഗംഗാധരന്റെ വസതിയിൽ സന്ദർശനം നടത്തവേ സംവിധായകൻ സത്യൻ അന്തിക്കാടിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആ സിനിമ കണ്ടശേഷം ഉറക്കം നഷ്ടപ്പെട്ടു. ഓഫീസിലേക്ക് പോകാനുള്ള മടി മാറിയത് അതിനുശേഷമാണ്. പിന്നീട് ഒൻപതുവർഷം അഭിഭാഷകനായി ജോലിചെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞു. സന്ദേശം എന്ന ചിത്രത്തിലെ ശങ്കരാടിയുടെ കഥാപാത്രം കാണുമ്പോൾ തനിക്ക് ഇഎംഎസ് നമ്പൂതിരിപ്പാടിനെ ഓർമവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"സന്ദേശം സിനിമ സെക്കൻഡ് ഷോയ്ക്കാണ് കാണുന്നത്. വക്കീലോഫീസൊക്കെ ഉണ്ടെങ്കിലും പോവില്ല. പിറ്റേന്ന് വൈകീട്ട് ഓഫിസിലെത്തി ജോയിൻ ചെയ്തു. ആ സിനിമ കണ്ടിട്ട് ഉറക്കം വരുന്നുണ്ടായിരുന്നില്ല. വക്കീലാകാനുള്ള പ്രചോദനം സന്ദേശമാണ്. ആ സിനിമ കണ്ടതിന്റെ പിറ്റേന്നുമുതൽ ഞാൻ മര്യാദക്കാരനായി. പിന്നെ ഒൻപതുവർഷം അഡ്വക്കറ്റായി പ്രാക്ടീസ് ചെയ്തു. ആ പ്രാക്ടീസാണ് ഒരു നല്ല പാർലമെന്റേറിയനാകാനുള്ള അനുഭവം തന്നത്. വർഷങ്ങൾക്കുശേഷം സത്യൻ അന്തിക്കാടിന് സ്വീകരണം കൊടുക്കുന്ന ചടങ്ങിൽ ഞാനിക്കാര്യം പറഞ്ഞിട്ടുണ്ട്.
സന്ദേശത്തിലെ ഓരോ സംഭാഷണവും കാലാതിവർത്തിയാണ്. എന്തൊരു അവതരണമാണ്. ശങ്കരാടിയുടെ കഥാപാത്രത്തെ കാണുമ്പോൾ ഇഎംഎസാണെന്ന് തോന്നിയിട്ടുണ്ട്. ആ രീതിയിലാണ് അദ്ദേഹം ഡയലോഗ് അവതരിപ്പിക്കുന്നത്. നിലമ്പൂർ തിരഞ്ഞെടുപ്പിൽ പരാജയം നേരിട്ടപ്പോൾ സിപിഎം ഒരു വിശദീകരണം നടത്തിയിരുന്നു. അതേക്കുറിച്ച് ഈ സിനിമയെ അടിസ്ഥാനമാക്കി ഞാനൊരു കാര്യം പറഞ്ഞിരുന്നു. സിപിഎമ്മിനെ തോൽപിക്കാൻ പറ്റും. പക്ഷേ തോറ്റു എന്ന് അവരെക്കൊണ്ട് സമ്മതിപ്പിക്കാനാണ് പ്രയാസമെന്ന്." വി.ഡി. സതീശന്റെ വാക്കുകൾ.
ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനംചെയ്ത് 1991-ൽ പുറത്തിറങ്ങിയ ചിത്രമാണ് സന്ദേശം. ജയറാം, ശ്രീനിവാസൻ, തിലകൻ, സിദ്ദിഖ്, ശങ്കരാടി, കവിയൂർ പൊന്നമ്മ, ഒടുവിൽ ഉണ്ണിക്കൃഷ്ണൻ എന്നിവരായിരുന്നു മുഖ്യവേഷങ്ങളിൽ. മലയാളസിനിമയിലെ ഏറ്റവും മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രങ്ങളിൽ മുൻപന്തിയിലാണ് ഇന്നും സന്ദേശത്തിന്റെ സ്ഥാനം.
Content Highlights: In a candid and nostalgic friendly conversation with legendary filmmaker Sathyan Anthikad, Kerala Chief Minister V.D. Satheesan made a fascinating revelation. He shared that the timeless 1991 political satire film Sandhesam was the primary reason he shook off his early professional laziness and began actively practicing as a lawyer.
Published: 29 May 2026, 12:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented