കോടമഞ്ഞ് പൊതിയുന്ന വയനാടിന്റെ നാട്ടുഞരമ്പുകളിലൂടെ നടക്കുമ്പോൾ കൊച്ചു അനുവിന്റെ മനസ്സിൽ സിനിമയുണ്ടായിരുന്നില്ല. കാരണം, അന്നവൾക്ക് സിനിമ സ്വപ്നംകാണാൻപോലും പറ്റാത്ത ദൂരത്തിലായിരുന്നു. കാലിൽ ചിലങ്കയണിഞ്ഞ് പിന്നീട് അനു സിതാര കീഴടക്കിയ വേദികൾക്കപ്പുറം അവളെത്തേടി സിനിമയുമെത്തി. രാമന്റെ ഏദൻത്തോട്ടത്തിലെ മാലിനി, ക്യാപ്റ്റനിലെ അനിത, നീയും ഞാനിലെ ഹാഷ്മി, ട്വൽത്ത് മാനിലെ മെറിൻ, മോമോ ഇൻ ദുബായിലെ ഖദീജ തുടങ്ങി ഒരുപിടി മികച്ച കഥാപാത്രങ്ങളുമായി അവൾ മലയാളിയുടെ മനസ്സ് കീഴടക്കി. അഭിനയവഴിയിൽ ദശാബ്ദം പിന്നിടുമ്പോൾ മലയാളിയുടെ പ്രിയനായിക വാതിൽ എന്ന സിനിമയുമായാണ് ഇക്കുറി പ്രേക്ഷകരിലേക്ക് എത്തുന്നത്. അഭിനയവഴിയിലെ കടന്നുപോയ കാലത്തെക്കുറിച്ചും പുതിയ സിനിമാവിശേഷങ്ങളെക്കുറിച്ചും അനു സിതാര സംസാരിക്കുന്നു...

To advertise here,

‘വാതിൽ’ എന്ന സിനിമയിലേക്ക് ആകർഷിച്ച ഘടകം, കഥാപാത്രത്തെപ്പറ്റി...

കഥകേട്ടപ്പോൾ തോന്നിയ കൗതുകംതന്നെയാണ് ഈ സിനിമയിലേക്ക് എന്നെ ആകർഷിച്ചത്. എനിക്ക് ചെയ്യാൻപറ്റുന്ന നല്ലൊരുകഥാപാത്രമായിരിക്കും ഇതെന്നുതോന്നി. ഫാമിലി ത്രില്ലർ ഴോണറിൽപ്പെടുന്ന സിനിമയാണ് വാതിൽ. ഒരുപാട് കഥാപാത്രങ്ങളോ ലൊക്കേഷനുകളോ ഒന്നുംതന്നെയില്ല. മറിച്ച് കഥയാണ് ഈ സിനിമയിലെ ഹീറോ. കോവിഡ് ലോക് ഡൗൺ സമയത്താണ് ഈ സിനിമ ചിത്രീകരിച്ചത്. ഞാനും വിനയ് ഫോർട്ടും അവതരിപ്പിക്കുന്ന കേന്ദ്രകഥാപാത്രങ്ങളുടെ ജീവിതത്തെ ആധാരമാക്കിയാണ് സിനിമയുടെ കഥ മുന്നോട്ടുപോകുന്നത്. ‘തനി’ എന്നാണ് ഞാനവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. വർക്കിങ് വിമനാണ് തനി. എല്ലാവരും ഇഷ്ടപ്പെടുന്ന ത്രില്ലറായി ചിത്രം മാറുമെന്നാണ് പ്രതീക്ഷ.

placeholder
ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിൽ അനു സിതാരയും സിജു വിൽസണും

സിനിമയിൽ പത്തുവർഷം പിന്നിടുന്നു, സന്തോഷവതിയാണോ..? ചെയ്തവയിൽ ഏറ്റവും ഇഷ്ടകഥാപാത്രം

സിനിമയിൽ പത്തുവർഷം പിന്നിടുമ്പോൾ പൂർണമായും സന്തോഷവതിയാണ്. കാരണം ചെറുപ്പത്തിലേ, സിനിമകൾ കാണാനും അഭിനയിക്കാനും ഇഷ്ടമുള്ള ഒരാളായിരുന്നു ഞാൻ. പക്ഷേ, ഒരിക്കൽപ്പോലും ഭാവിയിൽ സിനിമാനടിയായി മാറുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. കുട്ടിക്കാലത്ത് ഭാവിയിൽ എന്താകണമെന്ന് അധ്യാപകരും മാതാപിതാക്കളുമൊക്കെ ചോദിക്കുമ്പോൾ ടീച്ചറാകണം എന്നുപറയുന്നൊരാളായിരുന്നു ഞാൻ. അന്ന് സിനിമയിലേക്ക് എങ്ങനെയാണ് വരുക എന്നോ എങ്ങനെ സിനിമാനടിയാകണമെന്നൊന്നും അറിയില്ലായിരുന്നു. കാരണം, സിനിമയിൽ എനിക്ക് പരിചയക്കാരൊന്നുമുണ്ടായിരുന്നില്ല. അകലെയായിരുന്നു സിനിമ എന്നുപറയാം. എന്നാൽ, കാലം എനിക്ക് അത്തരമൊരു ഭാഗ്യം കാത്തുവെച്ചു. ഒരുപാട് നല്ലസിനിമകളുടെ ഭാഗമാകാൻ സാധിച്ചു. മികച്ചകഥാപാത്രങ്ങൾ അവതരിപ്പിക്കാനായി. കുട്ടിക്കാലത്ത് ഞാൻ ആരാധിച്ചിരുന്ന മമ്മൂക്കയും ലാലേട്ടനും പോലെ ഒരുപാടുപേരുടെ കൂടെ അഭിനയിക്കാൻ സാധിച്ചു. നല്ല കുറെ സൗഹൃദങ്ങളുണ്ടായി. അങ്ങനെ ഇതുവരെ സംഭവിച്ചതെല്ലാം സന്തോഷംനൽകുന്ന കാര്യങ്ങളാണ്. ചെയ്ത കഥാപാത്രങ്ങളിൽ ഏറെ ഇഷ്ടപ്പെട്ടത് രാമന്റെ ഏദൻത്തോട്ടത്തിലെ മാലിനിഎന്ന കഥാപാത്രമാണ്. നായികാപ്രാധാന്യമുള്ള, നല്ലരീതിയിൽ പെർഫോം ചെയ്യാൻ കഴിഞ്ഞ, സിനിമയായിരുന്നു അത്. സിനിമ ഇറങ്ങി ഇപ്പോൾ ആറുവർഷം കഴിഞ്ഞു. ഇന്നും എവിടെപ്പോയാലും ഒരുപാട് പേർ ആ സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും സംസാരിക്കാറുണ്ട്. അതുകൊണ്ട് മാലിനിയോട് എനിക്ക് പ്രത്യേക ഇഷ്ടമുണ്ട്. അതുപോലെ ക്യാപ്റ്റൻ, നീയും ഞാനും, സന്തോഷം, മോമോ ഇൻ ദുബായ്... അങ്ങനെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന കഥാപാത്രങ്ങളുള്ള വേറെയും സിനിമകളുണ്ട്. എനിക്ക് ചെയ്യാൻപറ്റുമെന്നുതോന്നുന്ന സിനിമകളിലാണ് ഞാൻ അഭിനയിക്കുന്നത്. അതിനാലാണ് ആസ്വദിച്ച് അഭിനയിക്കാനാകുന്നത്.

placeholder
കുഞ്ചാക്കോ ബോബനും അനു സിതാരയും. രാമന്റെ ഏദൻതോട്ടം എന്ന ചിത്രത്തിൽ നിന്നൊരു രം​ഗം

നല്ല കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുമ്പോൾ സങ്കടം തോന്നാറുണ്ടോ ? നൃത്തം, അഭിനയം ഏതിനോടാണ് കൂടുതൽ ഇഷ്ടം

തീർച്ചയായും സങ്കടം തോന്നാറുണ്ട്. നമ്മൾ ഒരു സിനിമ ചെയ്യുമ്പോൾ ഒരുപാട് പ്രതീക്ഷകളുണ്ടാകും. അത് എല്ലാവരും കാണും ഇഷ്ടപ്പെടുമെന്നുമെല്ലാം. അങ്ങനെ കാണാതെ, ആരും ശ്രദ്ധിക്കാതെ പോകുമ്പോൾ നിരാശ തോന്നും. അത് എല്ലാ സിനിമക്കാർക്കും ഉണ്ടാവുമെന്നാണ് ഞാൻ കരുതുന്നത്. സിനിമയും നൃത്തവും രണ്ടും ഒരുപോലെ പ്രിയപ്പെട്ട കാര്യങ്ങളാണ്. അതിലേതിനോടാണ് കൂടുതൽ താത്പര്യമെന്ന് ചോദിച്ചാൽ ഉത്തരം പറയാനറിയില്ല. രണ്ടും ജീവിതകാലം മുഴുവൻ എന്റെ കൂടെയുണ്ടാവണമെന്നാണ് ആഗ്രഹം.

സിനിമ നമ്മുടെ കൂടെ എത്രകാലമുണ്ടാകും എന്നുപറയാനാകില്ല. അത് നമുക്ക് അവസരങ്ങൾ ലഭിക്കുന്നതിനനുസരിച്ചാണ്. സിനിമയിൽ നാളെ എന്താണ് ഭാവിയെന്ന് ആർക്കും പ്രവചിക്കാനാവില്ല. പക്ഷേ, നൃത്തത്തിന്റെ കാര്യം അങ്ങനെയല്ല. നമ്മൾ വേണ്ടാ എന്നുവെക്കുന്നകാലംവരെ നൃത്തം നമ്മുടെ കൂടെത്തന്നെയുണ്ടാകും. എപ്പോൾവേണമെന്ന് തോന്നിയാലും എനിക്ക് നൃത്തം ചെയ്യാനാകും.