വ്യത്യസ്തമായ സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്ന ആകാശിന്റെ മോഹം സംവിധാനമാണ്. ആകാശ് ദേവ് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.

മലയാളത്തിൽ ഒരു പുതിയ തിരക്കഥാകൃത്തുകൂടി വരവറിയിക്കുന്നു. നാദിർഷ സംവിധാനം ചെയ്യുന്ന മാജിക് മഷ്‌റൂംസ് എന്ന ചിത്രത്തിലൂടെ. ഇടുക്കിക്കാരൻ ആകാശ് ദേവ് ആണ് ആ യുവ തിരക്കഥാകൃത്ത്. ശ്രദ്ധേയമായ ഒരുപിടി ചിത്രങ്ങളിൽ വേഷമിട്ടശേഷമാണ് ആകാശ് തിരക്കഥാകൃത്തിന്റെ കുപ്പായം അണിയുന്നത്. വ്യത്യസ്തമായ സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്ന ആകാശിന്റെ മോഹം സംവിധാനമാണ്. ആകാശ് ദേവ് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.
തിരക്കഥയെഴുതി ബിഗ്സ്ക്രീനിൽ വരുന്ന ആദ്യചിത്രമല്ലേ?
അതെ. ചെറുപ്പം മുതലേയുള്ള ആഗ്രഹമാണ്. അത് എങ്ങനെ വന്നു എന്നറിയില്ല. ഇടുക്കിയിലെ കഞ്ഞിക്കുഴി എന്ന ചെറുഗ്രാമത്തിലാണ് വീട്. സിനിമകൾ കണ്ട്, ഇതിൽ എങ്ങനെയെങ്കിലും എത്തിപ്പെടണം, ഇതിന്റെ ഒരു ഭാഗമാവണം എന്നുള്ള ആഗ്രഹം കുട്ടിക്കാലം മുതലേ ഉണ്ടായിരുന്നു. സ്‌കൂളിൽ നാടകങ്ങളിൽ സജീവമായിരുന്നു. പ്ലസ് ടു പഠിക്കുമ്പോൾ ജില്ലാതലത്തിൽ നാടകത്തിന് ബെസ്റ്റ് ആക്ടർ അവാർഡ് കിട്ടിയിരുന്നു. കഴിവുണ്ടെന്നുള്ള ഒരു തിരിച്ചറിവ് ആ സമയത്താണ് ഉണ്ടാകുന്നത്. അവിടുന്ന് പിന്നെ തൃശ്ശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ ആണ് പഠിച്ചത്. അവിടെ ആക്ടിംഗ് സ്റ്റുഡന്റ് ആയിരുന്നു. അവിടെ വെച്ചിട്ടാണ് ആദ്യത്തെ ഒരു സിനിമയുടെ ഓഡിഷനിൽ പങ്കെടുക്കുന്നത്. അങ്കമാലി ഡയറീസ് ആയിരുന്നു ആ സിനിമ. ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ ആയിരുന്നു ഇത്.
ആദ്യ ഓഡിഷൻ അനുഭവം എങ്ങനെയായിരുന്നു?
ഞാൻ പത്തിൽ പഠിക്കുമ്പോഴാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ എന്ന ചിത്രം വരുന്നത്. അന്നേ അദ്ദേഹം മനസിൽ കയറിയതാണ്. അങ്കമാലി ഡയറീസിന്റെ ഓഡിഷൻ നടക്കുന്ന കാര്യം തലേദിവസം കോളേജിന്റെ നോട്ടീസ് ബോർഡിലുണ്ടായിരുന്നു. ലിജോ സാറിനെ കാണുക എന്നത് മാത്രമായിരുന്നു ആഗ്രഹം. അദ്ദേഹം വരും, ഒന്ന് പോയി കാണണം, ഒന്ന് സംസാരിക്കണം എന്നുള്ള ആഗ്രഹം കൊണ്ട് കോളേജിന്റെ മറ്റൊരു ഭാഗത്ത് ഓഡിഷൻ നടക്കുന്ന സമയത്ത് അങ്ങോട്ട് എത്തി. അപ്പോ അദ്ദേഹം ഇല്ലായിരുന്നു. അസോസിയേറ്റും ഒക്കെ ആയിരുന്നു ഓഡിഷൻ നടത്തിയിരുന്നത്. കോളേജിലെ മറ്റു സീനീയേഴ്‌സ് ഓരോ രംഗങ്ങൾ അവതരിപ്പിച്ചുകാണിക്കുമ്പോൾ ഇതെങ്ങനെയായിരിക്കും ഞാൻ ചെയ്യുക എന്നാണ് പിറകിൽ ഒരിടത്തിരുന്ന് ഞാൻ ആലോചിച്ചിരുന്നത്. പ്രോഗ്രാം കോർഡിനേറ്റ് ചെയ്യുന്ന അജിത്ത് എന്ന് പറഞ്ഞ ഒരു ചേട്ടൻ ഞാൻ അവിടെ ചുമ്മാ ഇരിക്കുന്നത് കണ്ടപ്പോൾ എന്റെ പേരും അവിടെ എഴുതയിട്ടു. എന്റെ പേര് വിളിച്ചപ്പോൾ ഞാനോ എന്നുള്ള ഒരു രീതിയിൽ അവിടെ ചെന്ന് പെർഫോമൻസ് ചെയ്തു. അപ്പോൾ തന്നെ അവർക്കൊക്കെ ഇഷ്ടപ്പെട്ടു. അങ്ങനെ അങ്കമാലി ഡയറീസിലേക്ക് അവസരം ലഭിച്ചു.
തിരക്കഥയെഴുതാം എന്ന ചിന്ത എങ്ങനെ വന്നു?
അങ്കമാലി ഡയറീസിനുശേഷം ലിജോ സാറിന്റെതന്നെ ഈ.മ.യൗ, ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. എങ്കിലും തിരക്കഥാകൃത്ത്, സംവിധായകൻ ആവുക എന്നുള്ളത് തന്നെയായിരുന്നു ലക്ഷ്യം. പഠനം കഴിഞ്ഞിരിക്കുന്ന സമയത്താണ് സിനിമയെക്കുറിച്ച് കൂടുതൽ അറിയണമെന്നും പഠിക്കണമെന്നും വെറുതേ ഒരു സിനിമ ചെയ്താൽ പോര എന്നും തോന്നിയത്. അങ്ങനെ അഭിനയത്തിന് ബ്രേക്ക് നൽകിക്കൊണ്ട് സിനിമാ പഠിക്കുകയായിരുന്നു. പുസ്തകങ്ങളായാലും കിട്ടുന്ന എല്ലാ സോഴ്‌സുകളും അതിനായി ഉപയോഗിച്ചു. ജിത്തുതോമസ് എന്ന എന്റെ വളരെയടുത്ത ഒരു സുഹൃത്തുണ്ട്. ജിത്തുവിന്റെ കൊച്ചെറക്കൻ എന്നൊരു ചെറുകഥയുണ്ട്. എന്നെ ഏറെ സ്വാധിനിച്ച ഒരു കഥയാണത്. ഇത് എന്നെങ്കിലും ഞാൻ വിഷ്വലൈസ് ചെയ്യുമെന്ന് ഞാൻ അവനോട് പറഞ്ഞിരുന്നു. ഈ കഥ മാജിക് മഷ്‌റൂംസ് എന്ന സിനിമയ്ക്ക് പ്രചോദനമായിട്ടുണ്ട്. എനിക്ക് സംവിധാനം ചെയ്യണം എന്നുള്ള ആഗ്രഹംകൊണ്ട് തിരക്കഥ എഴുതാൻ തുടങ്ങി. അങ്ങനെ എഴുതിയ ഒരു തിരക്കഥയാണ് ഇപ്പോൾ സംഭവിച്ച മാജിക് മഷ്‌റൂംസ്.
നാദിർഷ എന്ന സംവിധായകനിലേക്ക് എങ്ങനെയാണ് എത്തിയത്?
ഞാൻ തന്നെ സംവിധാനം ചെയ്യാമെന്നായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. അങ്ങനെ വിഷ്ണു ഉണ്ണിക്കൃഷ്ണനോട് സിനിമയെക്കുറിച്ച് സംസാരിച്ചു. അദ്ദേഹമാണ് നാദിർഷ പുതിയ കഥകൾ കേൾക്കുന്നുണ്ടെന്നും പോയി കാണാമെന്നും പറഞ്ഞത്. ഒരു ദിവസം വിഷ്ണു തന്നെ നാദിർഷയുടെ അടുത്തുകൊണ്ടുപോയി. കഥകേട്ടതും അദ്ദേഹം ചെയ്യാമെന്ന് പറയുകയായിരുന്നു. ഇക്കയുടെ അടുത്ത് ഷോട്ട് തിരിച്ചു തന്നെയാണ് കഥ പറഞ്ഞത്. നമുക്ക് അതിൽ അത്രത്തോളം വ്യക്തത ഉണ്ട്. അത്രയും ഡീറ്റെയിൽ ആയാണ് കഥ പറഞ്ഞത്. പിന്നെ എന്റെ കൂടെ ഇടുക്കിയിലും കോട്ടയത്തുമുള്ള ഒരുപറ്റം സുഹൃത്തുക്കളുണ്ട്. എല്ലാവരും സിനിമ ചെയ്യാൻ ആഗ്രഹമുള്ളവരാണ്. ഞങ്ങൾ ഏകദേശം എല്ലാം ഒരേ പ്രായക്കാരാണ്. കഴിഞ്ഞ ഏഴുവർഷത്തോളമായി അവർ എന്റെ കൂടെയുണ്ട്. അവരും പല ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നും പഠിച്ചിറങ്ങിയവരാണ്. ഇവർതന്നെയാണ് ഈ ചിത്രത്തിൽ ഇക്കയുടെ സഹായികളായി പ്രവർത്തിച്ചിട്ടുള്ളത്.
മാജിക് മഷ്‌റൂം എന്ന പേര് കൊടുക്കാൻ കാരണം?
അത് അത്ര വ്യക്തമായിട്ട് ഇപ്പോൾ സംസാരിക്കാൻ പറ്റില്ലെങ്കിലും കൂണുകളും ഈ സിനിമയുടെ പ്രധാനപ്പെട്ട കഥാപാത്രങ്ങളും തമ്മിൽ ഒരു കണക്ഷൻ ഉണ്ട്. ഈ കൂൺ എങ്ങനെയാണ് ഉണ്ടാവുക എന്നുള്ള ഒരു കാര്യം ഉണ്ടല്ലോ.പ്രണയവും അതുപോലെയാണ്. നമുക്ക് അത് കണ്ണുകൊണ്ട് കാണാൻ പറ്റില്ലെങ്കിലും ഒരു പ്രത്യേക പ്രോസസ്സിലൂടെ അത് സംഭവിക്കും. ഞാൻ ഈ സ്‌ക്രിപ്റ്റ് ചെയ്തിരിക്കുന്നത് മാജിക്കൽ റിയലിസം എന്ന കൺസെപ്റ്റിലാണ്. അപ്പോ എങ്ങനെ റിയലിസ്റ്റിക് ആയിട്ടുള്ള ഒരു കഥ പറയുന്ന ഒരു ഫ്രെയിമിൽ എങ്ങനെ ഈ മാജിക്കൽ എലമെന്റ് നമുക്ക് വർക്ക് ചെയ്യാം എന്നുള്ള ഒരു ചിന്തയിലാണ് തിരക്കഥ എഴുതിയിരിക്കുന്നത്. അങ്ങനെ മാജിക്കൽ റിയലിസവും മഷ്‌റൂമും ചേർത്തുവെച്ചാണ് ഇങ്ങനെയൊരു പേരിട്ടത്.
നാദിർഷ എന്ന സംവിധായകനെ എങ്ങനെ വിലയിരുത്തുന്നു?
ഓഡിയൻസിന്റെ പൾസ് അറിയുന്ന കാര്യത്തിൽവ്യക്തതയുള്ളയാളാണ് നാദിർഷ. ഞങ്ങൾ തമ്മിലുള്ള പ്രായവ്യത്യാസം സിനിമയെ ബാധിച്ചിട്ടേയില്ല. നമ്മൾ പറയുന്നത് നന്നായി മനസിലാക്കും. ഞങ്ങൾ പുതിയ ആളുകളാണ്, വേറെ ആരുടേയും കൂടെ പ്രവർത്തിച്ചിട്ടില്ല. എന്നാൽ അദ്ദേഹം ഞങ്ങളെ അത്രമേൽ വിശ്വസിച്ചു. ഷൂട്ടിങ് സമയത്ത് യാതൊരു പ്രശ്‌നവും ഉണ്ടാവാതെ പെർഫെക്റ്റായാണ് ഇക്ക ഓരോ കാര്യവും ചെയ്തത്.
വിഷ്ണു ഉണ്ണിക്കൃഷ്ണനെ തന്നെയാണോ നായകനായി ആദ്യമേ മനസ്സിൽക്കണ്ടത്?
അതെ. ഒരു നാടും അവിടെയുള്ള ആളുകളെയും മനസിൽക്കാണുകയും അതിലേക്ക് ഒരു സബ്‌ജെക്ട് കൂട്ടിച്ചേർക്കുന്നതുമാണ് എന്റെ എഴുത്തുരീതി. ഡയലോഗുകളും കഥാപാത്രങ്ങളും ഉൾപ്പെടെ മുഴുവൻ തിരക്കഥ മനസിൽവെച്ച് എനിക്ക് പറയാൻ പറ്റുന്ന രീതിയിൽ ആയതിനുശേഷമേ ഞാൻ അത് പേപ്പറിലേക്ക് പകർത്താറുള്ളൂ. ഈ സിനിമയുമായി ബന്ധപ്പെട്ട് അങ്ങനെ വന്ന ആദ്യ തോന്നൽ വിഷ്ണു ചേട്ടനായിരുന്നു. ഇക്കാര്യം നമ്മുടെ ടീമുമായി സംസാരിച്ചപ്പോൾ അവർക്കും ഓകെയായി. തിരക്കഥ എഴുതുമ്പോൾ ആദ്യം മനസിൽ വന്ന താരങ്ങൾ തന്നെയാണ് സിനിമയിൽ ഭൂരിഭാഗവും. വളരെക്കുറച്ച് പേരേ അങ്ങനെയല്ലാതെയുള്ളൂ. ജാഫർ ഇടുക്കി, ശാന്തിവിള ദിനേശ് ഒക്കെ അങ്ങനെയുള്ളവരാണ്. ജാഫറിക്കയുടെ പല ഡയലോഗും അദ്ദേഹത്തിന്റെ സംഭാഷണശൈലി മനസിൽക്കണ്ടാണ് എഴുതിയത്. നല്ല ലൈവ് പെർഫോർമൻസായിരുന്നു പുള്ളിയുടേത്. ശാന്തിവിള ദിനേശ് എത്തിയത് നാദിർഷ വിളിച്ചതുകൊണ്ടാണ്. കൂടാതെ നാദിർഷയുടെ ഇതുവരെ വന്ന സിനിമകളിൽ നിന്നൊക്കെ വ്യത്യസ്തമാണ് മാജിക് മഷ്‌റൂംസിലെ താരനിര.
നാദിർഷതന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധായകനും. പാട്ടുകൾ ഇപ്പോഴേ ഹിറ്റുകളാണല്ലോ?
രസകരമാണ് പാട്ടുകൾ ചിട്ടപ്പെടുത്തിയ അനുഭവം. അദ്ദേഹം സ്റ്റുഡിയോയിലേക്ക് എന്നെയും കൂട്ടും. ഏത് രംഗത്തിലാണ് പാട്ടു വരേണ്ടതെന്ന് ഇക്കയ്ക്ക് അതിനോടകം അറിയാം. എങ്കിലും സീൻ വിവരിക്കാൻ എന്നോടുപറയും. അതിനനുസരിച്ച് പുള്ളി ട്യൂൺ ഉണ്ടാക്കും. സ്റ്റുഡിയോയിൽ ഇരുത്തി എന്നെക്കൊണ്ട് തുടർച്ചയായി സീൻ വിശദീകരിക്കാൻ ആവശ്യപ്പെടും. പാട്ടിന്റെ വിഷ്വൽസ്, ഇമോഷൻ അങ്ങനെ എല്ലാം വിശദീകരിച്ചുകൊടുക്കും. അദ്ദേഹം കണ്ണടച്ച് ഇരുന്ന് ഓരോ ട്യൂണും മൂളിക്കൊണ്ടിരിക്കും. നാലുപാട്ടുകളാണ് ഒറ്റദിവസം കൊണ്ട് ഉണ്ടാക്കിയത്. പിറ്റേദിവസം വേറൊരു പാട്ടും ചെയ്തു. എനിക്കും അതൊരു പുതിയ കാര്യമായിരുന്നു. പാട്ടുകൾ ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടു. അവ പ്രേക്ഷകർ സ്വീകരിക്കും എന്ന് ഉറപ്പുണ്ടായിരുന്നു.
നാദിർഷയുടെ മിമിക്രി-പാരഡി കാസ്റ്റുകൾ കേട്ടിട്ടുണ്ടോ?
പറയുന്ന വിഷയത്തിൽ ആത്മവിശ്വാസമുണ്ടായിരുന്നതുകൊണ്ട് അദ്ദേഹത്തിനടുത്ത് കഥ പറയാൻ പോകുമ്പോൾ പേടി തോന്നിയിരുന്നില്ല. പിന്നെ എന്റെ അച്ഛനൊക്കെ അദ്ദേഹത്തിന്റെ മിമിക്രിയുടേയും പാരഡി കാസറ്റുകളുടേയും വലിയ ആരാധകനാണ്. അദ്ദേഹം ചെയ്ത കാസറ്റുകളൊക്കെ കുട്ടിക്കാലം മുതലേ വീണ്ടും വീണ്ടും കേൾക്കുന്നതാണ്. സ്വന്തമായി വീട്ടിൽ വാങ്ങിയ സിഡി, ഡിവിഡികളുടെ കൂട്ടത്തിൽ ഇക്ക ചെയ്തവയുമുണ്ട്. വേറെ ടിവി ചാനലൊന്നും കാണാനില്ലാതിരുന്നതുകൊണ്ട് അവ തന്നെ വീണ്ടും കാണും. അങ്ങനെ നോക്കുകയാണെങ്കിൽ ചെറുപ്പം മുതലേ നമുക്കൊപ്പമുള്ള ഒരാൾക്കൊപ്പമാണ് ആദ്യ സിനിമ എന്നും പറയാം. ഇതെങ്ങനെ സംഭവിച്ചു എന്ന് എപ്പോഴും ആലോചിക്കാറുണ്ട്.
ഏത് തരത്തിലുള്ള സിനിമകൾ ചെയ്യാനാണ് ആഗ്രഹം?
എല്ലാ ജോണറുകളും പരീക്ഷിക്കണം എന്ന് ആഗ്രഹമുള്ളയാളാണ് ഞാൻ. മാജിക് മഷ്‌റൂംസ് പോലെ ഇനിയൊരു സിനിമ എഴുതാൻ പറ്റുമോ എന്നറിയില്ല. ഞാനെഴുതിയ നാലാമത്തെ തിരക്കഥയാണ് മാജിക് മഷ്‌റൂംസ്. ബാക്കി മൂന്നെണ്ണവും സിനിമയായി കാണാൻ ആഗ്രഹമുണ്ട്. അടുത്ത സിനിമ എന്തായാലും ഇതിൽനിന്നെല്ലാം വ്യത്യസ്തമായിരിക്കും.
Content Highlights: Meet Akash Dev, the talented young screenwriter behind Nadirsha`s upcoming film `Magic Mushrooms`. Discover his journey from acting to crafting compelling Malayalam cinema narratives.
Published: 20 Jan 2026, 01:22 pm IST
ABOUT THE AUTHOR

അഞ്ജയ് ദാസ്. എന്.ടി
anjaydas@mpp.co.inGet Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented