“എത്ര വേഷം ചെയ്തെന്നുപറഞ്ഞാലും ക്യാമറയ്ക്ക് മുന്നിൽ ആദ്യ ഷോട്ടിന് നിൽക്കുമ്പോൾ ഒരു ഭയം ഉണ്ടാകും. എന്നെ സംബന്ധിച്ചിടത്തോളം സംവിധായകനാണ് രാജാവ്. അവരുടെ മനസിലാണ് ഒരു സിനിമയെക്കുറിച്ച് കൃത്യമായ ധാരണയുള്ളത്.”

ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും മധുബാല എന്ന നടി മലയാള സിനിമാ പ്രേമികളുടെ മനസിൽ നിറഞ്ഞുനിൽക്കുന്നത് റോജ, യോദ്ധ എന്നീ ചിത്രങ്ങളിലൂടെയാണ്. നീണ്ട ഇടവേളയ്ക്കുശേഷം ചിന്ന ചിന്ന ആസൈ എന്ന ചിത്രത്തിലെ മുഴുനീള നായികാവേഷത്തിലൂടെ മലയാളത്തിൽ തിരികെ എത്തിയിരിക്കുകയാണ് അവർ. സിനിമാ നിർമാണ ശൈലിതന്നെ മാറിപ്പോയെന്ന് പറയുകയാണ് അവർ. ചിന്ന ചിന്ന ആസൈയിലെ ലീല എന്ന കഥാപാത്രം ഏറെ പ്രിയപ്പെട്ടതാണെന്നും ഇന്ദ്രൻസിനെപ്പോലൊരു നടനൊപ്പം പ്രവർത്തിക്കാനായതിൽ സന്തോഷമുണ്ടെന്നും അവർ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
ചിന്ന ചിന്ന ആസൈയിലെ കഥാപാത്രത്തെക്കുറിച്ച്?
ഇന്ദ്രൻസ് സാർ അവതരിപ്പിക്കുന്ന മാഷിന്റെ കഥാപാത്രം വാരാണസിയിൽവെച്ച് കണ്ടുമുട്ടുന്നയാളാണ് ഞാൻ അവതരിപ്പിക്കുന്ന ലീല. എന്റെ കഥാപാത്രത്തിന് ഒരു ഭൂതകാലമുണ്ട്. തഞ്ചാവൂർ സ്വദേശിയാണ് ലീല. ഇവർ എങ്ങനെ ബനാറസിലെത്തുന്നു എന്നതിനുപിന്നിൽ ഒരു കഥയുണ്ട്. മാധവൻ മാഷും ലീലയും രണ്ട് അപരിചിതരാണ്. ഒരാൾ തികച്ചും അപരിചിതയായ മറ്റൊരാൾക്ക് എങ്ങനെ സഹായിക്കുന്നുവെന്നും അതുവഴി അവർക്കിടയിൽ രൂപപ്പെടുന്ന ബന്ധത്തേക്കുറിച്ചുമാണ് സിനിമ സംസാരിക്കുന്നത്. മനുഷ്യർക്കിടയിൽ നടക്കുന്ന ഒന്നാണ് ഹൃദയബന്ധം. ഈ സിനിമ ഒരു കഥയല്ല, കവിതയാണ്. ആ കവിതയിലെ കഥാപാത്രങ്ങളാണ് ഞാനുൾപ്പെടെയുള്ളവർ.
ഇന്ദ്രൻസ് എന്ന നടനെ എങ്ങനെ വിലയിരുത്തുന്നു?
വലിയ നടനാണ് അദ്ദേഹം. ഇത്രയും വിജയങ്ങൾ കരസ്ഥമാക്കിയിട്ടും വിനയാന്വിതനായിരിക്കുകയാണ് അദ്ദേഹം. അതുതന്നെയാണ് അദ്ദേഹത്തിൽനിന്ന് പഠിക്കേണ്ട പാഠം. മാൻ ഓഫ് ഫ്യൂ വേഡ്സ് (Man of few words) എന്നാണ് വിശേഷിപ്പിക്കാൻ തോന്നുന്നത്. അഭിനയത്തിൽപ്പോലും അമിതമായി ഒന്നും ചെയ്യാറില്ല. അതെനിക്കൊരു പാഠമായിരുന്നു. ലീല എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ എനിക്ക് ധാരാളം പേരുടെ പിന്തുണ ഉണ്ടായിരുന്നു. അതിലൊരാൾ ഇന്ദ്രൻസ് ആയിരുന്നു. അദ്ദേഹം മാധവൻ മാഷായി അഭിനയിക്കുകയല്ലായിരുന്നു.
സിനിമയിൽ വന്നിട്ട് 35 വർഷമായി. തിരിഞ്ഞുനോക്കുമ്പോൾ എന്തുതോന്നുന്നു?
എല്ലാം സ്വപ്നംപോലെയാണ് തോന്നുന്നത്. സിനിമയിൽ വന്നിട്ട് 35 വർഷമായി എന്നത് എനിക്കുതന്നെ വിശ്വസിക്കാനാവുന്നില്ല. ഇത്രയും വർഷം സിനിമയിൽ നിലനിന്നു എന്നതിനെ മനോഹരമായ അനുഭവമെന്നേ പറയാനാകൂ. ഞാൻ തുടങ്ങിയ കാലവും ഇപ്പോഴത്തെ കാലവും തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ വന്നിരിക്കുന്നു. അത് ഇന്ദ്രൻസ് സാറിന് മനസിലാകും. അന്നത്തേതിൽ നിന്നൊക്കെ സിനിമ ഒരുപാട് മാറി. കുറച്ചധികം കാലം ഇടവേളയെടുത്ത് വന്നതിനാൽ ആ വ്യത്യാസം എനിക്ക് വളരെ വലുതായാണ് അനുഭവപ്പെട്ടത്. 1999 മുതൽ ഒരു 2010 വരെയൊക്കെ ഞാൻ ഇടവേളയെടുത്തിട്ടുണ്ട്. തിരിച്ചുവന്നപ്പോൾ അഭിനയിക്കുന്ന ശൈലി പോലും മാറിയിരിക്കുന്നു. ഞാൻ നാച്ചുറൽ ആക്ടർ ആണെന്ന് കരുതിയ കാലമുണ്ടായിരുന്നു. പക്ഷേ ഇപ്പോഴത്തെ എന്റെ അഭിനയം കണ്ട് നിങ്ങൾ ഓൾഡ് ഫാഷൻ ആണെന്ന് എന്റെ മകൾ പോലും പറഞ്ഞിട്ടുണ്ട്. ഒരു പുതിയ അനുഭവത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്.
ഒരു കഥാപാത്രമാകുന്നതിന് എത്രത്തോളം തയ്യാറെടുപ്പുകൾ നടത്താറുണ്ട്?
എത്ര വേഷം ചെയ്തെന്നുപറഞ്ഞാലും ക്യാമറയ്ക്ക് മുന്നിൽ ആദ്യ ഷോട്ടിന് നിൽക്കുമ്പോൾ ഒരു ഭയം ഉണ്ടാകും. എന്നെ സംബന്ധിച്ചിടത്തോളം സംവിധായകനാണ് രാജാവ്. അവരുടെ മനസിലാണ് ഒരു സിനിമയെക്കുറിച്ച് കൃത്യമായ ധാരണയുള്ളത്. ആദ്യത്തെ രണ്ടുമൂന്നുദിവസം സംവിധായകൻ ഉദ്ദേശിച്ച രീതിയിൽത്തന്നെയാണോ ഞാൻ ചെയ്യുന്നതെന്ന തോന്നൽ ഉണ്ടാകാറുണ്ട്. ചില നടന്മാർക്ക് അവരുടെ കഥാപാത്രം ഏത് മീറ്ററിലാണ് ചെയ്യേണ്ടതെന്ന് പെട്ടന്ന് മനസിലാകും. മറ്റുചിലർ കുറച്ച് സമയമെടുത്തേ കഥാപാത്രമായി മാറാറുള്ളു. ഈ രണ്ടാമത് പറഞ്ഞ വിഭാഗത്തിൽപ്പെട്ടവരാണ് എനിക്ക് വ്യക്തിപരമായി കംഫർട്ടായി തോന്നാറുള്ളത്. എതിരെ നിൽക്കുന്ന അഭിനേതാവ് പെട്ടന്ന് കഥാപാത്രമായി മാറിക്കഴിഞ്ഞാൽ ഞാൻ ചെയ്യുന്നത് ശരിയാണോ എന്നൊരു തോന്നൽ വരാറുണ്ട്.
അഴകനിൽ മമ്മൂട്ടിക്കും ഭാനുപ്രിയയ്ക്കും കെ. ബാലചന്ദറിനും ഒപ്പമുള്ള അനുഭവങ്ങൾ
ഹിന്ദിയിൽ ഫൂൽ ഓർ കാണ്ടേയാണ് ആദ്യം ഷൂട്ട് തുടങ്ങിയതെങ്കിലും റിലീസായത് തമിഴ് ചിത്രമായ അഴകൻ ആയിരുന്നു. മമ്മൂട്ടി സാർ ആയിരുന്നു നായകൻ. അഴകന്റെ ഷൂട്ടിങ്ങിന്റെ ആദ്യദിവസം എന്നെ കണ്ടതും അദ്ദേഹം ബാലചന്ദർ സാറിനോട് പോയി ചോദിച്ചു, 15 വയസുള്ള കുട്ടിയെയാണോ നായികയാക്കിയിരിക്കുന്നതെന്ന് ചോദിച്ചു. അതുകേട്ട ഞാൻ പറഞ്ഞു എനിക്ക് 21 വയസായെന്ന്. അതിനുശേഷം രണ്ട് സീൻ തുടർച്ചയായി ചിത്രീകരിച്ചു. അതിലൊരെണ്ണം ഇമോഷണൽ സീനും മറ്റേത് തുടിക്കിറുതേ നെഞ്ചം എന്ന പാട്ടുമായിരുന്നു. എങ്ങനെ നടക്കണം, എപ്പോൾ കരയണം എന്നെല്ലാം ബാലചന്ദർ സാർ പഠിപ്പിച്ചുതന്നു. എല്ലാം അതുപോലെ ചെയ്തു. ആ സെറ്റിൽ ഭാനുപ്രിയ മാഡം ഉണ്ടായിരുന്നു. അവർ പറഞ്ഞവാക്കുകളാണ് എനിക്ക് ജീവിതത്തിൽ ലഭിച്ച ആദ്യ അഭിനന്ദനം.
മോഹൻലാലിനും ജഗതി ശ്രീകുമാറിനും ഒപ്പമുള്ള യോദ്ധാ ഓർമകൾ?
യോദ്ധയുമായി ബന്ധപ്പെട്ട് വിശദമായുള്ള ഓർമകൾ ഇപ്പോഴില്ല. പക്ഷേ ഒരു കാര്യം ഓർത്തുവെച്ചിരിക്കുന്നത് എന്താണെന്നുവെച്ചാൽ നേപ്പാളിൽ ഒരുമാസം ഉണ്ടായിരുന്നു. തികച്ചും വ്യത്യസ്തമായ ഒരു രാജ്യം. എല്ലാവരും എന്നെ നന്നായി നോക്കി. ലാൽ സാറും ജഗതി സാറും സെറ്റിൽ എപ്പോഴും ചിരിയായിരുന്നു. എന്നാൽ ഇവരെന്താണ് സംസാരിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നേ ഉണ്ടായിരുന്നില്ല. അത് കണ്ട് ഒന്നും മനസിലാകാത്തപോലെ ഞാനും ചിരിക്കും. ഇപ്പോഴാണ് മലയാളം കേൾക്കുമ്പോൾ മനസിലാകുന്നത്.
റോജ കണ്ടിട്ട് ഹേമ മാലിനി അഭിനന്ദിച്ചിരുന്നോ?
ഫൂൽ ഓർ കാണ്ടേ കണ്ടിട്ട് ഹേമ മാലിനി അഭിനന്ദിച്ചിരുന്നു. എന്നാൽ റോജ കണ്ടിട്ട് ഒരു കത്താണ് അവർ തന്നത്. അതൊരു വലിയ കാര്യമാണ്. കാരണം എന്റെ കുടുംബത്തിൽ ഒരു വലിയ നടി എന്നുപറയുന്നത് ഹേമ മാലിനിയാണ്. അവരെ കണ്ടാകാം എന്നെയും ഒരു നടിയാക്കണമെന്ന് അമ്മ ആഗ്രഹിച്ചിരിക്കുക. ഹേമ മാലിനി തന്ന കത്ത് കയ്യിലില്ല. കാരണം ഭൂതകാലത്തെക്കുറിച്ച് അധികം ചിന്തിച്ചിരിക്കാത്ത ഒരാളാണ് ഞാൻ. മുന്നോട്ടുള്ള കാര്യങ്ങളെക്കുറിച്ച് മാത്രമാണ് ശ്രദ്ധ.
മണിരത്നവുമായി ഇപ്പോഴും കോണ്ടാക്റ്റ് ഉണ്ടോ?
തീർച്ചയായും. അദ്ദേഹത്തിന്റെ ദിൽ സേ എന്റെ പ്രിയപ്പെട്ട ചിത്രമാണ്. തിയേറ്ററിൽ ആ സിനിമ കണ്ടിട്ടുണ്ട്. പക്ഷേ വർഷങ്ങൾക്കുശേഷം ഈ സിനിമ ടിവിയിൽ കണ്ടിട്ട് ഞാൻ വളരെ ഇമോഷണലായി. ഞാനദ്ദേഹത്തിന് മെസേജയച്ചു, ഇതാണ് നിങ്ങളുടെ ഏറ്റവും മികച്ച സിനിമയെന്ന്. അതേയോ എന്നുമാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അഗ്നിനക്ഷത്രവും ഏറെ ഇഷ്ടമാണ്. അടുത്തിടെ തഗ് ലൈഫ് എന്ന ചിത്രത്തിലെ ഒരു നൃത്തരംഗത്തിലേക്ക് അദ്ദേഹം എന്നെ ക്ഷണിച്ചിരുന്നു. അരവിന്ദ് സ്വാമിയുമായും ഇപ്പോഴും സൗഹൃദമുണ്ട്. തലൈവി എന്ന ചിത്രത്തിൽ ഞങ്ങൾ വീണ്ടും ഒന്നിച്ചഭിനയിച്ചിരുന്നു.
ബാസിഗറിലെ വേഷം ഉപേക്ഷിച്ചതിൽ നിരാശയുണ്ടോ?
സീമ എന്ന വേഷമായിരുന്നു അത്. ധാരാളം സിനിമകൾ ചെയ്തുകൊണ്ടിരുന്ന സമയമായിരുന്നു അത്. ഒരുപാട് ഓഫറുകൾ വന്നതിൽ ഒരെണ്ണമായിരുന്നു ബാസിഗർ. കഥ കേട്ടപ്പോൾ നായികയല്ലെന്ന് തോന്നി. അന്നത്തെ ഒരു തോന്നലിൽ നായികയല്ലാത്തതുകൊണ്ട് വേണ്ടെന്നുവെച്ചു. ശില്പാ ഷെട്ടിയാണ് ആ വേഷം പിന്നീട് ചെയ്തത്. അവരത് നന്നായി ചെയ്തു. ആ വേഷം വേണ്ടെന്നുവെച്ചതിൽ ഒരിക്കലും കുറ്റബോധം തോന്നിയിട്ടില്ല. അതൊക്കെ ഒരു അഭിനേതാവിന്റെ കരിയറിൽ നടക്കുന്ന കാര്യങ്ങളാണ്. ചിലത് നന്നാവും, ചിലത് അത്ര നന്നാവുകയുമില്ല.
Content Highlights: Veteran actress Madhoo, currently making her full-length Malayalam cinema comeback with Chinna Chinna Aasai, opened up about the massive evolutionary shift in filmmaking styles, her experiences with industry stalwarts like Mammootty and Mohanlal, and why she has no regrets about turning down Shah Rukh Khan's Baazigar.
Published: 20 Jun 2026, 05:13 pm IST
ABOUT THE AUTHOR

അഞ്ജയ് ദാസ്. എന്.ടി
anjaydas@mpp.co.inRelated Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented