രു സുന്ദരിക്കുട്ടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഈയിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ എവിടെയോ കണ്ട് പരിചയമുള്ള മുഖമെന്ന് പറഞ്ഞു പ്രേക്ഷകരും. ആ അന്വേഷണം ചെന്നെത്തിയത് ഈവ സൂരജ് ക്രിസ്റ്റഫർ എന്ന ആലുവക്കാരി പെൺകുട്ടിയിലേക്കാണ്. മെമ്മറീസ്, രാജാധിരാജ, ഈ അടുത്ത കാലത്ത് എന്നീ ചിത്രങ്ങളിൽ നമ്മൾ കണ്ട അതേ കുസൃതിക്കാരി പെൺകുട്ടി ഇന്ന് പത്താം ക്ലാസുകാരിയാണ്. പഠനത്തിന്റെ തിരക്കിനിടയിലും സിനിമയെന്ന മോഹം വിട്ടുകളയാനില്ലെന്ന നിലപാടാണ് ഈവയ്ക്കുള്ളത്. പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുന്നതിനിടയിൽ ഈവ മാതൃഭൂമി ഡോട് കോമിനോട് സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. 

സിനിമയിലേക്ക്

മൂന്നര നാല് വയസിലാണ് ആദ്യമായി ഓഡിഷനിൽ പങ്കെടുക്കുന്നത്... ബൈജു കൊട്ടാരക്കര അങ്കിൾ ഒരുക്കുന്ന കിന്റർ‌​ഗാർട്ടൻ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അത്. പൂജയൊക്കെ കഴിഞ്ഞെങ്കിലും ചിത്രം നടന്നില്ല. പിന്നീട് 2011 ൽ ടി.വി ചന്ദ്രൻ സാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ശങ്കരനും മോഹനനും എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്,. ആ ചിത്രത്തിലേക്ക് എന്നെ നിർദ്ദേശിച്ചതും ബൈജു അങ്കിളാണ്. അതിൽ ജയസൂര്യ അങ്കിളിന്റെ മകളുടെ വേഷമായിരുന്നു. അതിന് ശേഷം ഈയടുത്ത കാലത്ത് എന്ന ചിത്രത്തിൽ ഇന്ദ്രജിത്ത് അങ്കിളിന്റെ മകളായി വേഷമിട്ടു. മാറ്റിനി, ഹൗസ്ഫുൾ, രാജാധിരാജ, മെമ്മറീസ് എന്നിങ്ങനെ പത്തോളം ചിത്രങ്ങളിൽ അഭിനയിച്ചു. എങ്കിലും ഏറ്റവുമധികം ആളുകൾ എന്നെ തിരിച്ചറിയപ്പെടുന്നത് രാജാധിരാജ, മെമ്മറീസ് എന്നീ ചിത്രങ്ങളുടെ പേരിലാണ്. മെമ്മറീസിൽ അവസാന സീനിൽ മാത്രമേ ഞാൻ വരുന്നുള്ളൂ പക്ഷേ മീമുകളിലും മറ്റുമായി ആ സീൻ ഇടക്കിടെ കാണിക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു ആളുകൾ ഇന്നും ഓർത്തിരിക്കുന്നത്. 

Eva

മമ്മൂക്ക എന്ന അങ്കിളിക്ക

രാജാധിരാജയിൽ അഭിനയിക്കുമ്പോൾ‌ ഞാൻ നാലാം ക്ലാസിൽ പഠിക്കുകയാണ്. ഒന്നുമറിയാത്ത ഒരു സമയമല്ലേ, വേറേതോ ലോകത്ത് ചെന്നു പെട്ടപോലുള്ള അനുഭവമായിരുന്നു. പക്ഷേ എനിക്ക് ആ സെറ്റ് ഭയങ്കര കൂളായാണ് അനുഭവപ്പെട്ടത്. മമ്മൂട്ടിയങ്കിളിനോട് സംസാരിക്കാൻ പേടിച്ച് ഞാൻ മാറി നിന്നപ്പോൾ പോലും എന്നോട് ഇങ്ങോട്ട് വന്ന് വിശേഷങ്ങളൊക്കെ ചോദിച്ചു അങ്കിൾ.  സത്യത്തിൽ ഞാൻ അങ്കിളിക്ക എന്നാണ് അദ്ദേ​ഹത്ത വിളിക്കുന്നത്. അങ്കിൾ എന്ന് വിളിക്കണോ ഇക്ക എന്ന് വിളിക്കണോ എന്ന ആശയക്കുഴപ്പത്തിൽ നിന്നാണ് അങ്കിളിക്ക എന്ന പേര് ഉറപ്പിക്കുന്നത്.  സെറ്റിൽ എല്ലാവരും അങ്ങനെ തന്നെയായിരുന്നു. അത് ഇതുവരെ അഭിനയിച്ച എല്ലാ സിനിമകളിലും അങ്ങനെ തന്നെയായിരുന്നു.

അനൂപ് മേനോന്റെ മകളാവണം

എനിക്ക് ഏറ്റവും പ്രിയപ്പെട്ട നടൻ എന്ന് പറയുന്നത് അനൂപ് മേനോനാണ്. ഭയങ്കര ഇഷ്ടാണ് അനൂപ് അങ്കിളിനെ. അദ്ദേഹത്തിന്റെ സിനിമയാണെന്ന് അറിഞ്ഞപ്പോൾ ഭയങ്കര ആകാംക്ഷയിലാണ് ഞാൻ ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിന്റെ സെറ്റിലേക്ക് പോകുന്നത്. പക്ഷേ അതിനകത്ത് അനൂപ് അങ്കിളുമായി ഒരൊറ്റ കോമ്പിനേഷൻ സീൻ പോലുമുണ്ടായിരുന്നില്ല. എത്ര വലിയ താരങ്ങൾക്കൊപ്പം അഭിനയിച്ചു എന്ന് പറഞ്ഞാലും അനൂപ് അങ്കിളിന്റെ മകളായി ഒരു സിനിമയിലെങ്കിലും അഭിനയിക്കണം എന്നുള്ളതാണ് എന്റെ പണ്ടു തൊട്ടേയുള്ള ആ​ഗ്രഹം. അത് ഇതുവരെ നടന്നിട്ടില്ല. ഫോൺ ചെയ്യുമ്പോഴൊക്കെ അങ്കിളിനോട് ഞാൻ ഇത് പറയാറുമുണ്ട്. 

സിനിമയിലെ സൗഹൃദം

‌ജയസൂര്യ അങ്കിളുമായി  അടുത്തിടെ സംസാരിച്ചിരുന്നു. പുതിയ ഫോട്ടോകളൊക്കെ നന്നായെന്ന് പറഞ്ഞു. പിന്നെ സിദ്ധിഖ് അങ്കിളുമായി അദ്ദേഹത്തിന്റെ ജന്മദിനത്തിൽ സംസാരിച്ചിരുന്നു. അങ്കിളും പറഞ്ഞു വലിയ കുട്ടിയായി,നല്ല മാറ്റമുണ്ട്, പുതിയ ഫോട്ടോ തരൂ കാണട്ടെ എന്നൊക്കെ പറഞ്ഞ് കുറേ സംസാരിച്ചു. പിന്നെ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ അങ്കിളും ഫോട്ടോ കണ്ടിട്ട് പറഞ്ഞു നന്നായിട്ടുണ്ട്, നല്ല സിനിമകൾ വന്നാൽ ചെയ്യണം എന്നെല്ലാം. അങ്ങനെ ചിലരുമായി ഇപ്പോഴും ബന്ധമുണ്ട്. എങ്കിലും സിനിമയിലെ എന്റെ ഏറ്റവും അടുത്ത കൂട്ടുകാർ എന്ന് പറയുന്നത് ഹൗസ്ഫുള്ളിലെ എന്റെ സഹതാരങ്ങളുമായാണ്. അതിൽ ഞാനുൾപ്പടെ ഏതാണ്ട് സമപ്രായക്കാരായ നാല് കുട്ടികളാണ് ഉള്ളത്. പ്രിയദർശൻ, കൃതിക, അഞ്ജന എന്നാണ് അവരുടെ പേര്.  ആ സെറ്റിൽ ആഘോഷിച്ച പോലെ ഒരു സമയം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. അത്രയേറെ സന്തോഷമുണ്ടായ സമയമാണത്. പ്രിയദർശനുമായാണ് ഏറ്റവുമടുത്ത സൗഹൃദം. അതുകൂടാതെ പല ഷോകളുടെ ഭാ​ഗമായി കണ്ടുമുട്ടിയ ആന്റണി, ആകാശ് എന്നിവരും അടുത്ത സുഹൃത്തുക്കളാണ്.

Eva
ഈവ ജയസൂര്യയ്ക്കൊപ്പം

നായികയല്ല, നല്ല നടിയാവണം

ഒരു മുഴുനീള വേഷം ചെയ്ത അവസാന ചിത്രം രാജാധിരാജയാണ്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ. ഇപ്പോൾ ഞാൻ പത്തിലാണ്. ഓൺലൈൻ ക്ലാസുകൾ നടക്കുന്നു. സിനിമയിലെ ഈ ​ഗ്യാപ് മനപൂർവം എടുത്തതൊന്നുമല്ല. പ്രധാന കാരണം എന്തെന്ന് പറഞ്ഞാൽ എന്നെ ഈ സിനിമാ ഷൂട്ടിനും മറ്റും കൊണ്ടു പോയിരുന്നത് എന്റെ അമ്മച്ചിയാണ്. ഞാൻ അഞ്ചിൽ പഠിക്കുമ്പോഴാണ് അമ്മച്ചി മരിക്കുന്നത്. പിന്നെ അതിനുശേഷം അങ്ങനെ കൊണ്ടുപോകാൻ ആളില്ലാതായി. അച്ഛനും അമ്മയും ജോലിക്കാരാണ്. സിനിമ ചെയ്യുന്നുണ്ടായിരുന്നില്ല എന്നേയുള്ളൂ, പരസ്യങ്ങളൊക്കെ ചെയ്തിരുന്നു,. പിന്നെ ഫോട്ടോഷൂട്ടുകൾ ചെയ്ത് തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം.

സിനിമ, മോഡലിങ്ങ് ഒക്കെ തന്നെയാണ് പണ്ട് മുതലേ താത്പര്യം. എങ്കിലും ഇപ്പോൾ പത്തിൽ അല്ലേ, അതുകൊണ്ട് പഠിത്തത്തിനും  പ്രാധാന്യം കൊടുക്കണം. പിന്നെ ഇന്നത് ചെയ്യണം എന്നൊന്നും തീരുമാനിച്ചിട്ടില്ല. എങ്കിലും ജേണലിസം ചെയ്യണമെന്ന് ആ​ഗ്രഹമുണ്ട്. ആലുവ ജ്യോതി നിവാസ്  പബ്ലിക് സ്കൂളിലാണ് ഞാൻ പഠിക്കുന്നത്. കെ.ജി മുതൽ ഇവിടെ തന്നെയാണ് പഠിച്ചിരുന്നത്. ഭയങ്കര പിന്തുണയാണ് സ്കൂളിൽ നിന്ന് ലഭിക്കുന്നത്. ടീച്ചർമാരുടെ ഭാ​ഗത്ത് നിന്നായാലും വിദ്യാർഥികളുടെ ഭാ​​ഗത്ത് നിന്നായാലും അതേ. അത് സത്യത്തിൽ വലിയ ഭാ​ഗ്യമാണ്. 

നായികയായി സിനിമയിലേക്ക് തിരിച്ചുവരണം എന്നൊന്നും എനിക്കില്ല. നല്ല കഥാപാത്രങ്ങൾ ചെയ്യണം എന്നാണ് ആ​ഗ്രഹം. ആളുകൾ തിരിച്ചറിയുന്ന, അഭിനന്ദിക്കുന്ന തരത്തിലുള്ള നല്ല കഥാപാത്രങ്ങൾ. അങ്ങനെയുള്ള ചിത്രങ്ങൾ വന്നാൽ തീർച്ചയായും തിരഞ്ഞെടുക്കും. കാരണം ഇതൊക്കെ ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഭാ​ഗ്യങ്ങളാണ്. അത് വിട്ടുകളയേണ്ടതില്ലല്ലേ. എല്ലാവരും അത് തന്നെയാണ് പറയുന്നതും. 

Content Highlights : Actress Eva Sooraj interview Child artixt Memories Rajadhiraja Ee Adutha Kalathu Mammootty Anoop Menon