
സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്ന അച്ഛന്റെ ക്യാമറയ്ക്ക് മുന്നിലായിരുന്നു ആ ചെറുപ്പക്കാരന്റെ ബാല്യം. സിനിമയില്‍ ഛായാഗ്രാഹകനാക്കണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. എന്നാല്‍, നടനാവണം എന്നുറപ്പിച്ചായിരുന്നു സാഗര്‍ എന്ന ഓച്ചിറ വള്ളിക്കാവ് സ്വദേശി തന്റെ ജീവിതത്തിലെ ഓരോ ചുവടുംവെച്ചത്. അതില്‍ പലതും പാളി. ഇടയ്ക്ക് അനിമേറ്ററായും അസിസ്റ്റന്റ് ഡയറക്ടറായും ജോലി ചെയ്തു. അഭിനയിച്ച ചിത്രങ്ങള്‍ പാതിവഴിയില്‍ നിലയ്ക്കുകയോ തുടക്കത്തിലേ നിര്‍മാണം നിലയ്ക്കുകയോ ചെയ്തു. ഇടയ്ക്ക് താന്‍ പ്രധാനവേഷത്തില്‍ അഭിനയിച്ച ഹ്രസ്വചിത്രം പാതിവഴിയില്‍ മുടങ്ങാതെ സഹനിര്‍മാതാവിന്റെ വേഷവുമണിയേണ്ടിവന്നു സാഗറിന്. ഇപ്പോള്‍ മുഴുനീള വേഷവുമായി. അതും നിര്‍മാതാവിന്റെയും അഭിനേതാവിന്റെയും ജോലിയേറ്റെടുത്ത് ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962 എന്ന ചിത്രവുമായി എത്തുകയാണ് സാഗര്‍. 15 വര്‍ഷം നീണ്ട ചലച്ചിത്രയാത്രയിലെ ഉയര്‍ച്ച താഴ്ചകള്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുകയാണ് ഈ യുവകലാകാരന്‍.
സിനിമയേക്കുറിച്ച് അച്ഛന്‍ പറഞ്ഞുതന്ന പാഠങ്ങള്‍
അച്ഛന്‍ രാജനില്‍നിന്നാണ് സിനിമയെക്കുറിച്ച് അറിയുന്നത്. സിനിമയില്‍ അസിസ്റ്റന്റ് സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്നു അച്ഛന്‍. സിനിമയേക്കുറിച്ച് കുട്ടിക്കാലം മുതലേ കേള്‍ക്കുന്നതാണ്. ഓര്‍മവെച്ച നാള്‍മുതലേ അച്ഛന്റെ ക്യാമറയ്ക്ക് മുന്നില്‍ ഞാനുണ്ട്. പിന്നെ പഠിച്ചതൊക്കെ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു. അനിമേഷനായിരുന്നു പഠിച്ചതില്‍ പ്രധാനം. പിന്നെ ലാലേട്ടന്‍ നായകനായ ഭഗവാന്‍ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്തു. അതായിരുന്നു അഭിനയത്തിലെ തുടക്കം. 'ജലധാര പമ്പ്‌സെറ്റി'ന്റെ സംവിധായകന്‍ ആശിഷും ഞാനും ഒരുമിച്ച് പഠിച്ചതാണ്. സിനിമാ പഠനത്തിനുശേഷം ഞാന്‍ ചെന്നൈയ്ക്ക് പോയി. അതിനുശേഷം 2009-ല്‍ മകരമഞ്ഞ് എന്ന ചിത്രത്തിലൂടെ ലെനിന്‍ രാജേന്ദ്രന്‍ സാറിന്റെ അസിസ്റ്റന്റ് ഡയറക്ടറായി. സിനിമ എന്ന സ്വപ്നത്തിലേക്കുള്ള ചുവടുവെപ്പുകളായിരുന്നു ഇതെല്ലാം. സിനിമയിലേക്കെത്താന്‍ ഒരുപാട് കടമ്പകളുണ്ടല്ലോ.
സനു കെ. ചന്ദ്രനെ പരിചയപ്പെടുന്നു
റെയ്‌സ് എന്ന ചിത്രത്തില്‍ കുക്കു സുരേന്ദ്രന്‍ സാറിന്റെ അസിസ്റ്റന്റായി പിന്നീട്. ഇതിന് ശേഷം സ്വര്‍ഗം 9 കിലോമീറ്റേഴ്‌സ് എന്ന സിനിമയില്‍ വേഷമിട്ടിരുന്നു. ഇതിന്റെ ജോലിക്കിടെയാണ് 'ജലധാര പമ്പ്‌സെറ്റി'ന്റെ കഥയെഴുതിയ സനു കെ. ചന്ദ്രനെ പരിചയപ്പെടുന്നത്. കൊത്ത് എന്ന സിനിമയുടെ തിരക്കഥാകൃത്തായ ഹേമന്ദിന്റെ ആദ്യ സിനിമകൂടിയായിരുന്നു ഇത്. ഒരു വാണിജ്യ സിനിമയൊന്നും ആയിരുന്നില്ല അത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത സിനിമയായിരുന്നു 'സ്വര്‍ഗം'. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ആലോചിച്ചത് എന്നുള്ള രീതിയില്‍ 2019-ലാണ് ഈ കഥ എന്നോട് സനു പറഞ്ഞത്. സിനിമയില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചുതുടങ്ങിയിരുന്നെങ്കിലും ലെനിന്‍ സാറിനൊപ്പം അസിസ്റ്റന്റായി തുടര്‍ന്നുപോന്നു.
ഛായാഗ്രാഹകനാക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം
നടനാവണം എന്നുതന്നെയായിരുന്നു ആഗ്രഹം. കോളേജിലൊക്കെ പഠിക്കുമ്പോള്‍ സിനിമയിലഭിനയിക്കണം എന്ന ആഗ്രഹംകൊണ്ട് ഒറ്റപ്പാലത്ത് ഷൂട്ടിങ് നടക്കുന്ന സ്ഥലത്തൊക്കെ പോയിട്ടുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ വിതരണം ചെയ്യുന്ന ഇടത്തിലാണ് അന്ന് ചെന്നുപെട്ടത്. ഒരു സുഹൃത്തു വഴിയാണ് അവിടെ എത്തിപ്പെട്ടത്. അവിടെ എത്തിയപ്പോഴാണ് ഇങ്ങനെയല്ല സിനിമയില്‍ കയറേണ്ടതെന്ന് മനസിലായത്. എന്നെ ഛായാഗ്രാഹകനാക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. പക്ഷേ, നടനാവണം എന്നുതന്നെയായിരുന്നു ആഗ്രഹം എന്നുള്ളതുകൊണ്ട് ആ വഴി തിരഞ്ഞെടുക്കാനായിരുന്നു എന്റെ പദ്ധതി. സിനിമാ പ്രസിദ്ധീകരണങ്ങളില്‍ വായിക്കുന്നതിനപ്പുറത്തേക്ക് സിനിമയെക്കുറിച്ച് ഒന്നുമറിയില്ല. പിന്നെ പപ്പ പണ്ടുപറയുന്ന കുറേ കഥകളും കാര്യങ്ങളുമുണ്ടായിരുന്നു. അതുകൊണ്ട് സിനിമ എന്നുപറഞ്ഞാല്‍ ചെന്നൈ ആണ് മനസിലേക്ക് വരിക.
ലെനിന്‍ രാജേന്ദ്രന്‍, ഹരികൃഷ്ണൻ, ലോഹിതദാസ് എന്നീ നിമിത്തങ്ങള്‍
പെരുവഴിയമ്പലം, യുദ്ധകാണ്ഡം തുടങ്ങിയ ചിത്രങ്ങളിലാണ് അച്ഛന്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ളത്. ഈ രണ്ട് സിനിമകളുടെ പേരു മാത്രമേ ഇപ്പോള്‍ ഓര്‍മയിലുള്ളൂ. കുട്ടിക്കാലം മുതലേ അച്ഛന്റെ ക്യാമറയ്ക്ക് മുന്നിലുണ്ടായിരുന്നതാവാം എന്നില്‍ നടനാവാനുള്ള ആഗ്രഹം വളര്‍ത്തിയത്. അച്ഛന്‍ സ്ഥിരമായി സിനിമയെക്കുറിച്ച് സംസാരിക്കുമായിരുന്നു. അദ്ദേഹത്തിന് ക്യാമറാമാനായി മുന്നോട്ടു പോകാന്‍ പറ്റിയില്ല. അതിന്റെയൊരു വിഷമം അദ്ദേഹത്തിനുണ്ടായിരുന്നു. അച്ഛന് ഫോട്ടോഗ്രഫിയില്‍ സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. ലെനിന്‍ രാജേന്ദ്രന്‍ സാറായിരുന്നു ചടങ്ങിനെത്തേണ്ടിയിരുന്നത്. പക്ഷേ, എന്തോ ചില കാരണങ്ങള്‍കൊണ്ട് അദ്ദേഹത്തിന് എത്താനും പറ്റിയില്ല, അച്ഛന് സാറിന്റെ കയ്യില്‍നിന്ന് അവാര്‍ഡ് വാങ്ങാനും പറ്റിയില്ല. വര്‍ഷങ്ങള്‍ക്കുശേഷം അതേ ലെനിന്‍ സാറിന്റെ അസിസ്റ്റന്റ് ഡയറക്ടറായി ഞാന്‍. അതുപോലൊരു നിമിത്തമാണ് ലോഹിതദാസ് സാറിന്റെ മകന്‍ അരം എന്ന ചിത്രത്തില്‍ അഭിനയിക്കാമോ എന്ന് ചോദിച്ച് മെസേജ് അയക്കുന്നത്. കാരണം ഞാന്‍ മലയാളസിനിമയില്‍ ആദ്യമായി ചാന്‍സ് ചോദിക്കുന്നത് ലോഹി സാറിനോടാണ്. ആദ്യ ബെല്ലില്‍ത്തന്നെ സാര്‍ ഫോണെടുക്കുകയും നേരിട്ട് കാണാമെന്ന് പറയുകയും ചെയ്തു. അങ്ങനെ നേരില്‍ക്കാണാനായി പോയിക്കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം ഈ ലോകത്തുനിന്നു പോയെന്ന് അറിയുന്നത്. പിന്നീട് ലക്കിടിയില്‍ സാറിന്റെ വീട്ടിലൊക്കെ പോയിരുന്നു. ഈ സംഭവം നടന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ മകന്റെ ചിത്രത്തില്‍ ഞാനഭിനയിച്ചു.
'ഭഗവാനി'ല്‍ ലഭിച്ച കുഞ്ഞുവേഷം
കൂടുതല്‍ ആഴത്തിലേക്ക് ഇറങ്ങിയപ്പോഴാണ് സിനിമ എത്ര മാത്രം വിശാലമാണെന്ന് മനസിലായത്. അങ്ങനെയാണ് തിരുവനന്തപുരത്ത് സിനിമ പഠിക്കാന്‍ പോകുന്നത്. അവിടെ അഭിനയവുമായി ബന്ധപ്പെട്ട കോഴ്‌സുകളൊന്നും ഉണ്ടായിരുന്നില്ല. അത്യാവശ്യം വരയ്ക്കുന്നതുകൊണ്ട് അനിമേഷനിലായിരുന്നു സ്‌പെഷ്യലൈസ് ചെയ്തത്. പിന്നെ അനിമേറ്റര്‍ എന്നുപറയുമ്പോള്‍ അഭിനയവും അതിലൊരു ഘടകമാണല്ലോ. സംവിധാനവും എഡിറ്റിങ്ങും ഫോട്ടോഗ്രഫിയും എല്ലാം പഠിക്കണം. സിനിമയില്‍ നിനച്ചിരിക്കാതെയാണ് ഓരോന്നും സംഭവിക്കുന്നത്. സിനിമയിലെത്തിയിട്ട് ഏകദേശം 15 വര്‍ഷമായി. പഠനം കഴിഞ്ഞ് ചെന്നൈയില്‍ താമസിച്ചുവരവേയാണ് ഓഡിഷനുകളില്‍ പങ്കെടുക്കുന്നത്. അന്ന് ഒരുവിധം മലയാളസിനിമകളുടെയെല്ലാം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്നത് ചെന്നൈയിലാണ്. ഫ്‌ളാഷ് എന്ന സിനിമയുടെ ടൈറ്റില്‍ അനിമേഷന്‍ ചെയ്തത് ഞാനും ആശിഷും അടങ്ങുന്ന ടീമായിരുന്നു. സിനിമയിലേക്കുള്ള ഒരു കോണ്ടാക്റ്റ് കിട്ടുന്നത് അതുവഴിയാണ്. അവിടെ നിന്നാണ് 'ഭഗവാന്‍' സിനിമയിലേക്ക് അവസരം വരുന്നത്. ഇതെല്ലാം സംഭവിച്ചുപോയതാണ്. അസിസ്റ്റന്റ് ഡയറക്ടറാവുമെന്നൊന്നും ഒരിക്കലും കരുതിയിരുന്നില്ല. ലെനിന്‍ സാറിന്റെ അസിസ്റ്റന്റ് ആയതിനുശേഷമാണ് സിനിമയേക്കുറിച്ച് കൂടുതല്‍ മനസിലാവുന്നത്.
കുറേ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും പലതും പുറത്തുവന്നിട്ടില്ല
എന്റെയൊരു കുഴപ്പം എന്താണെന്നുവച്ചാല്‍ ഞാന്‍ ഏതെങ്കിലും സിനിമ ഏറ്റെടുത്താല്‍ പൂര്‍ണമായും അതില്‍ മുഴുകും. പല കാരണങ്ങള്‍കൊണ്ടും അത് പാതിവഴിയില്‍ നില്‍ക്കും. ഈ 15 വര്‍ഷത്തെ അനുഭവത്തില്‍ എല്ലാം ഒത്തുവന്ന് തിയേറ്ററുകളില്‍ എത്തുന്ന സിനിമയാണ് 'ജലധാര പമ്പ്‌സെറ്റ്.' കെ.എല്‍. 10, എടക്കാട് ബറ്റാലിയന്‍ പോലുള്ള സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, ഞാന്‍ നായകനായി അഭിനയിച്ച മലയാളസിനിമയും വില്ലനായി അഭിനയിച്ച തമിഴ് ചിത്രവും റിലീസായിട്ടില്ല. ലെനിന്‍ സാറിന്റെ ഇടവപ്പാതി എന്ന ചിത്രത്തില്‍ നല്ലൊരു, നെഗറ്റീവ് വേഷം ചെയ്തിരുന്നു. ആ ചിത്രത്തിന്റെ ഷൂട്ടിനിടയ്ക്കാണ് നിര്‍ഭാഗ്യവശാല്‍ ജഗതി ചേട്ടന് അപകടം പറ്റുന്നത്. ഇതിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ചിത്രീകരണം വീണ്ടും തുടങ്ങിയെങ്കിലും ഞാനഭിനയിച്ച രംഗങ്ങള്‍ തുടരാനായില്ല. ആ സിനിമ ആകെ മാറിയിരുന്നു.
ഹ്രസ്വചിത്രത്തിന്റെ സഹനിര്‍മാതാവുന്നു
ഒരു മലയാള സിനിമയ്ക്കുവേണ്ടി താടിയും മുടിയുമെല്ലാം നീട്ടിയിരുന്നു. വ്യത്യസ്തമായ നല്ലൊരു കഥയായിരുന്നു. സിനിമയ്ക്ക് ടൈറ്റില്‍ ഇട്ടിട്ടില്ലായിരുന്നു. ഇനിയും അതൊന്ന് പൊടിതട്ടിയെടുക്കണം എന്ന് നല്ല ആഗ്രഹമുണ്ട്. പലരോടും ഈ കഥയെക്കുറിച്ച്ചോദിച്ചപ്പോള്‍ ഇതൊക്കെ കേരളത്തില്‍ നടക്കുമോ എന്ന് ചോദിച്ചവരുണ്ട്. ഇന്നിറങ്ങുന്ന പല സിനിമകളും കാണുമ്പോള്‍ ഞങ്ങള്‍ക്കും ചെയ്യാന്‍ പറ്റും എന്നൊരു ആത്മവിശ്വാസമുണ്ടായിട്ടുണ്ട്. ആ സിനിമയുമായി ബന്ധപ്പെട്ട് മൂന്നു വര്‍ഷത്തോളം ചെലവിട്ടപ്പോഴാണ് കോവിഡ് വരുന്നത്. ഏതാണ്ട് ആ സമയത്താണ് 'എടക്കാട് ബറ്റാലിയനി'ല്‍ അഭിനയിക്കുന്നതും അരം എന്ന ഷോര്‍ട്ട് ഫിലിം സംഭവിക്കുന്നതും. ലോഹിതദാസ് സാറിന്റെ മകന്‍ ഹരിയാണ് ഈ ഹ്രസ്വചിത്രത്തിന്റെ ഛായാഗ്രഹണം. നടക്കാതെ പോയ ആ സിനിമയ്ക്കുവേണ്ടി വളര്‍ത്തിയ മുടിയും താടിയുംവെച്ചാണ് അരത്തില്‍ അഭിനയിച്ചത്. എന്റെ യഥാര്‍ത്ഥ പ്രായത്തേക്കാള്‍ അധികം പ്രായമുള്ള ഷട്ടർ രഘു എന്ന ഗുണ്ടാ കഥാപാത്രമായിരുന്നു അത്. പിന്നെ ഏഴു കിലോയോളം വണ്ണവും കൂട്ടി. ജനുവരിയില്‍ 'അര'ത്തിന്റെ ചിത്രീകരണം കഴിഞ്ഞു. മാര്‍ച്ചില്‍ കോവിഡ് വന്നതോടുകൂടി ഇതിന്റെ പിന്നീടുള്ള ജോലികള്‍ വിചാരിച്ചപോലെ മുന്നോട്ടുപോവാതെയായി. അങ്ങനെയാണ് ഞാനതിന്റെ സഹനിര്‍മാതാവുന്നത്. യൂട്യൂബില്‍ ചിത്രം റിലീസ് ചെയ്ത സമയത്ത് വിജയ് സേതുപതിയടക്കമുള്ളവര്‍ ഷെയര്‍ ചെയ്തിരുന്നു.
'ജലധാര പമ്പ്‌സെറ്റ്' ട്രാക്കിലേക്ക് വരുന്നു
കോവിഡ് കഴിഞ്ഞതിനു ശേഷം സിനിമാമേഖല ആകെ മാറി. സിനിമ ഇനി എങ്ങനെയായിരിക്കും എന്ന് ഒന്നുമറിയാതെ നില്‍ക്കുന്ന കാലം. ആളുകളെല്ലാം തിയേറ്ററില്‍ പോകാതെ ഓ.ടി.ടി പ്ലാറ്റ്‌ഫോമുകളിലേക്ക് കയറിവരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ജോര്‍ദാനിലുള്ള സുഹൃത്ത് ബൈജു ചേട്ടന്‍ ഒരു സിനിമയെക്കുറിച്ച് സംസാരിക്കുന്നത്. ചെറിയ ചിത്രങ്ങള്‍ നിര്‍മിച്ച് മുന്നോട്ടുപോവാം എന്ന് കൈകോര്‍ക്കുന്നത് ആ സംഭാഷണത്തിന് ശേഷമാണ്. പിന്നെ ഈ സിനിമയുടെ സംവിധായകനായ ആശിഷ് ഉള്‍പ്പെടെയുള്ള സുഹൃദ്‌വലയങ്ങളില്‍ ഈ വിഷയം സംസാരിച്ചു. ആളുകളെല്ലാം കോവിഡ് ഏല്പിച്ച ആഘാതത്തില്‍ ഇരിക്കുമ്പോള്‍ ഇത്തരം ലളിതമായ, ഇഷ്ടപ്പെടുന്ന ഒരു ചിത്രം വന്നാല്‍ നന്നാവുമെന്ന് തോന്നി. 2019-ല്‍ 'എടക്കാട് ബറ്റാലിയ'ന്റെ ഷൂട്ടിന് കോഴിക്കോട്ടേക്ക് പോകുമ്പോള്‍ തൃശ്ശൂരില്‍ സനുവിന്റെ കൂടെ ഒരുദിവസം തങ്ങിയിരുന്നു. അന്ന് 'റിയല്‍ സംഭവമാണ് അളിയാ' എന്നുപറഞ്ഞാണ് എന്നോട് ഈ കഥ അവതരിപ്പിക്കുന്നത്. കഥ ഇഷ്ടമായി, മനസില്‍ക്കിടന്നു. ഇതിനിടയില്‍ ആശിഷ് ഒരു കഥ വേറൊരു നിര്‍മാതാവിനോട് പറഞ്ഞ് ശരിയാവാതെയിരിക്കുകയായിരുന്നു. സനു പറഞ്ഞ കഥ ചെയ്താലോ എന്ന് ഞാനും സനുവും ആശിഷുമായി ചര്‍ച്ച ചെയ്തു. അങ്ങനെയാണ് ഈ പ്രോജക്റ്റ് ഓണാവുന്നത്.
നര്‍മത്തില്‍ പൊതിഞ്ഞുപറയുന്ന കഥയാണ് ജലധാര പമ്പ്‌സെറ്റ്
ഉര്‍വശി ചേച്ചിയും ഇന്ദ്രന്‍സേട്ടനും ഉണ്ടെങ്കിലേ ഈ പടം നടക്കൂ എന്ന് മനസിലുണ്ടായിരുന്നു. അപ്പത്താ എന്ന ചിത്രത്തിന്റെ പൊള്ളാച്ചിയിലെ ലൊക്കേഷനില്‍ പോയാണ് ഉര്‍വശി ചേച്ചിയോട് കഥ പറഞ്ഞത്. കഥ ഇഷ്ടപ്പെട്ടു, തിരക്കഥ പൂര്‍ത്തിയാക്കിവരാന്‍ പറഞ്ഞു. ഞാന്‍ മുമ്പ് അഭിനയിച്ച രണ്ട് ചിത്രങ്ങളില്‍ ഇന്ദ്രന്‍സേട്ടനും ഉണ്ടായിരുന്നു. അന്നുമുതലേ നല്ല സൗഹൃദമുണ്ട്. ആ ബന്ധം നിലനിര്‍ത്തിപ്പോന്നിരുന്നു. 'ജലധാര'യുടെ കഥ പറഞ്ഞപ്പോള്‍ ഇന്ദ്രന്‍സേട്ടനും ഇഷ്ടപ്പെട്ടു. പിന്നെയെല്ലാം വേഗത്തിലായി. ഇപ്പോള്‍ കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട സിനിമകള്‍ ഒരുപാട് വരുന്നുണ്ട്. ഈ സിനിമയുടെ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ ഈയടുത്ത് വന്ന 'കോടതി' സിനിമകളുടെയൊന്നും ഷൂട്ട് കഴിഞ്ഞിരുന്നില്ല. നമ്മള്‍ ഷൂട്ട് തുടങ്ങുമ്പോഴാണ് 'ന്നാ താന്‍ കേസ് കൊട്' റിലീസാവുന്നത്. നര്‍മത്തില്‍ പൊതിഞ്ഞുപറയുന്ന കഥയാണ് 'ജലധാര പമ്പ്‌സെറ്റ്.' എല്ലാവരും മത്സരിച്ചഭിനയിച്ചിട്ടുണ്ട്. ജോണി ആന്റണി ചേട്ടനും ടി.ജി. രവി ചേട്ടനും സനൂഷയുമുള്‍പ്പെടെ ഒരുപാട് താരങ്ങളുണ്ട് ചിത്രത്തില്‍.
സ്‌നീക്ക് പീക്ക് വൈറലാവുമെന്ന് പ്രതീക്ഷിച്ചില്ല
ഫസ്റ്റ്‌ലുക്ക് പുറത്തിറക്കിയതിന് ശേഷം വേറൊരു അപ്‌ഡേഷനും സിനിമയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിരുന്നില്ല. ഈയിടെയാണ് സ്‌നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടത്. അതിത്രയും ആളുകളിലേക്ക് എത്തുമെന്ന് ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പ്രമോഷന്റെ ഭാഗമായി ഒരു കണ്ടന്റ് എന്നേ വിചാരിച്ചിരുന്നുള്ളൂ. ആ വീഡിയോ റിലീസായി ഇന്നുവരെ ആ വീഡിയോയേക്കുറിച്ചാണ് എവിടെ പോയാലും ആളുകള്‍ക്ക് സംസാരിക്കാനുള്ളത്. ലളിതമായ ഒരു ഉള്ളടക്കം ആളുകള്‍ ഇഷ്ടപ്പെടുക എന്നുപറയുന്നത് മനസിന് കുളിര്‍മ നല്‍കുന്ന അനുഭവമാണ്. സ്‌നീപീക്കില്‍ ഉര്‍വശി ചേച്ചിയും ഇന്ദ്രന്‍സേട്ടനും പറയുന്ന സംഭാഷണങ്ങള്‍ വെച്ച് ചെയ്യുന്ന ഇന്‍സ്റ്റാഗ്രാം റീലുകള്‍ എനിക്ക് പലരും അയച്ചുതരാറുണ്ട്. അതില്‍ പലതും വൈറലാണ്. അപ്പോഴാണ് വളരെ സ്വാഭാവികമായിത്തന്നെ ആ വീഡിയോ ആളുകളിലേക്ക് കയറിയെന്ന് മനസ്സിലാവുന്നത്. ആ ഒരു സ്വീകരണം ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷവുമായി, സിനിമാ പ്രവര്‍ത്തകന്‍ എന്ന രീതിയില്‍ മുന്നോട്ടുപോവാനുള്ള ഊര്‍ജവുമായി. കൂടാതെ സ്‌നീക്ക് പീക്ക് ഹിറ്റായതുകൊണ്ട് ട്രെയിലറിനും നല്ല സ്വീകരണമാണ് ലഭിച്ചത്. ജലധാര പമ്പ്‌സെറ്റ് എന്ന പേര് ആളുകള്‍ക്കുള്ളിലേക്ക് കടന്നു.
നടനാകണം എന്നായിരുന്നു ഏറ്റവും വലിയ ആഗ്രഹം
ഒരുപാട് പ്രശ്‌നങ്ങള്‍ തരണം ചെയ്താണ് മുന്നോട്ടുവരുന്നത്. സിനിമയില്‍ മുമ്പ് പ്രവര്‍ത്തിച്ച് പരിചയമുള്ളവരും ആശിഷിനേയും സനുവിനേയും പോലെ ആദ്യമായി സിനിമയില്‍ പേരുവരുന്നവരും ഈ സിനിമയ്ക്ക് പിന്നിലുണ്ട്. ഒരുപാടുപേരുടെ വര്‍ഷങ്ങളായുള്ള സ്വപ്‌നങ്ങളുണ്ട്. എന്നാല്‍, ഞാന്‍ ഒരു വലിയ റോളിലേക്കാണ് വരുന്നത്. നടനാകണം എന്ന എന്റെ മനസിലുള്ള ഏറ്റവും വലിയ ആഗ്രഹം. ഒരുപാട് കടമ്പകള്‍ കടന്നാണ് ഇവിടെവരെയെത്തിയത്.
ഉർവശി ചേച്ചിക്കൊപ്പം മുഴുനീള കഥാപാത്രം
ഈ സിനിമയില്‍ ഒരു അംബാസിഡര്‍ കാര്‍ പ്രധാനകഥാപാത്രമായി വരുന്നുണ്ട്. ഉര്‍വശി ചേച്ചിയുടെ കൂടെ മുഴുനീളം വരുന്ന ഉണ്ണി എന്നൊരു ഡ്രൈവര്‍ കഥാപാത്രമുണ്ട്. കഥപറയുമ്പോള്‍ത്തന്നെ എനിക്കു പറ്റിയ കഥാപാത്രമാണെന്ന് സനു പറഞ്ഞിരുന്നു. പിന്നെ ഞാന്‍ ആദ്യമായാണ് സാധാരണക്കാരനായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതും. പ്രൊഡക്ഷനിലേക്ക് എത്തിയപ്പോഴും ആ കഥാപാത്രം ചെയ്യാമെന്നുള്ള തീരുമാനത്തിലേക്കൊന്നും എത്തിയിരുന്നില്ല. സിനിമ നന്നായി മുന്നോട്ടുപോവണമെന്നേ ഉണ്ടായിരുന്നുള്ളൂ. കഥ വിശദമായി കേട്ടപ്പോള്‍ ഉണ്ണി എന്ന വേഷം ആരാണ് ചെയ്യുന്നതെന്ന് ഉര്‍വശി ചേച്ചി ചോദിച്ചിരുന്നു. സാഗറാണ് എന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ ചേച്ചിക്കും അതിഷ്ടപ്പെട്ടു. ആദ്യ ഷോട്ട് മുതല്‍ ഞാന്‍ ചേച്ചിയുടെ കൂടെത്തന്നെയുണ്ട്. ഒരുപാടുകാര്യങ്ങള്‍ പഠിക്കാന്‍ പറ്റി. കണ്ണെടുക്കാതെ നോക്കി നില്‍ക്കാന്‍ തോന്നിക്കുന്നതുപോലെയാണ് അവര്‍ ഓരോ രംഗങ്ങളും ചെയ്തത്. നമുക്കും അഭിനയിക്കാനുള്ള ഇടം തരുന്നവരാണ് അവര്‍.
ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ തിരിച്ചറിയപ്പെടുന്നത് വലിയൊരു കാര്യമാണ്
അഭിനയിച്ച പല പടങ്ങളും മുടങ്ങിപ്പോയിട്ടുണ്ട്. റിലീസാകാത്തത് പല കാരണങ്ങള്‍കൊണ്ടാണ്. ഇറങ്ങിയ പടങ്ങളിലാണെങ്കില്‍ പല ലുക്കിലും. ആളുകള്‍ തിരിച്ചറിയുന്ന രീതിയിലൊരു പടം വരാതിരുന്നതുകൊണ്ട് ഇന്റര്‍വ്യൂ പോലും കൊടുത്തിട്ടില്ല. ഇത്ര വര്‍ഷമായി, കുറേ സിനിമകളുടെ ഭാഗമായി അഭിനയിച്ചിട്ടുണ്ടെങ്കില്‍പ്പോലും ഒരു നടന്‍ എന്നുള്ള രീതിയില്‍ എവിടെയും പരിചയപ്പെടുത്തിയിട്ടില്ല. അങ്ങനെ ചെയ്താല്‍ ആളുകള്‍ ചോദിക്കും ഏത് സിനിമയിലാണ് അടുത്ത് അഭിനയിച്ചതെന്ന്. എന്നോട് ആര് ഈ ചോദ്യം ചോദിച്ചാലും ഞാന്‍ പറയുന്നത് സിനിമയില്‍ അസോസിയേറ്റ് ഡയറക്ടറാണെന്നാണ്. ഞാന്‍ അഭിനയിച്ച് ഒരുപടം ആള്‍ക്കാര്‍ കണ്ടാല്‍ മാത്രമേ എനിക്ക് ഒരു നടനാണെന്ന് പറയാന്‍ പറ്റൂ. അഥവാ നടനാണെന്ന് പറഞ്ഞുപോയാല്‍ കൂടുതല്‍ വിശദീകരിക്കേണ്ടിവരും. കെ.എല്‍. പത്ത് എന്ന ചിത്രം കൂട്ടുകാര്‍ക്കൊപ്പം ഇരുന്നാണ് കണ്ടത്. എന്നെ എല്ലാവരും തിരിച്ചറിയും എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. എന്നാല്‍ ആരുമെന്നെ തിരിച്ചറിഞ്ഞില്ല. പക്ഷേ, 'ജലധാര'യുടെ ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ ഇത് 'കെ.എല്‍. പത്തി'ലെ സാഗറേട്ടനല്ലേ എന്ന് ഒരാള്‍ കമന്റ് ചെയ്തിരുന്നു. അതുകണ്ടപ്പോള്‍ വലിയ സന്തോഷമായി. ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ തിരിച്ചറിയപ്പെടുക എന്നത് വലിയൊരു കാര്യമാണ്. നമ്മള്‍ ചെയ്യുന്ന കണ്ടന്റ്, അത് എഴുത്തുകാരനാണെങ്കിലും സംവിധായകനാണെങ്കിലും, പ്രേക്ഷകരിലെത്തുകയും അവരത് കണ്ട് ഇഷ്ടപ്പെടുകയും ചെയ്യുമ്പോഴാണ് യഥാര്‍ത്ഥ സംതൃപ്തി വരുന്നത്. കൂടാതെ സിനിമയ്ക്കകത്തുതന്നെയുള്ള സാങ്കേതികവിദഗ്ധര്‍ ചിത്രം കണ്ട് ഇയാള്‍ കൊള്ളാമല്ലോ എന്ന് വിചാരിക്കുകകൂടി ചെയ്യുമ്പോഴാണ് ഒരു ആര്‍ട്ടിസ്റ്റിന് മുന്നോട്ടു പോകാനുള്ള തൊഴിലും ലഭിച്ചു എന്നുപറയാനാവുക.
Content Highlights: Actor Sagar, Actor Sagar Interview, Jaladhara Pumpset Since 1962
Published: 10 Aug 2023, 10:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented