രങ്ങേറിയ ആദ്യചിത്രം മുതലേ നസ്ലിൻ ​ഗഫൂർ എന്ന താരത്തെ മലയാളി പ്രേക്ഷകർ ശ്രദ്ധിക്കുന്നുണ്ട്. മികച്ച തിരക്കഥകൾ തിരഞ്ഞെടുത്ത് പടിപടിയായി തന്റെ കരിയർ ഉയർത്തിക്കൊണ്ടുവന്ന നസ്ലിൻ ഇപ്പോൾ മലയാളസിനിമയിലെ മിനിമം ​ഗ്യാരണ്ടി അവകാശപ്പെടാവുന്ന യുവതാരമാണ്. ​​ഗിരീഷ്.എ.ഡി തിരക്കഥയെഴുതി സംവിധാനം ചെയ്ത പ്രേമലു 100 കോടി ക്ലബിൽ ഇടംനേടിയതോടെ നസ്ലിന്റെ പ്രശസ്തിയും വിപണിമൂല്യവും ഉയർന്നു. ഇപ്പോൾ അയാം കാതലൻ എന്ന ഏറ്റവും പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് താരം. യഥാർത്ഥത്തിൽ പ്രേമലുവിന് മുൻപ് ഇറങ്ങേണ്ടിയിരുന്ന ചിത്രത്തേക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് നസ്ലിൻ.

To advertise here,

പാൻ ഇന്ത്യൻ ആയിട്ടില്ല

പാൻ ഇന്ത്യൻ സ്റ്റാർ പോലെ ഒന്നും ആയിട്ടില്ല. പാൻ സൗത്തിലൊക്കെ അറിയാമെന്ന് തോന്നുന്നു. പക്ഷേ പാൻ ഇന്ത്യൻ എന്ന് വിളിച്ചത് കേൾക്കുമ്പോൾ ഒരു സുഖമുണ്ട്. വിഷ്ണു എന്നാണ് ഈ സിനിമയിലെ കഥാപാത്രത്തിന്റെ പേര്. നമ്മുടെ നാട്ടിൻപുറത്തൊക്കെ കാണുന്ന എഞ്ചിനീയറിം​ഗ് കഴിഞ്ഞ സാധാരണ ഒരു പയ്യൻ. ഒരു ലോക്കൽ ഹാക്കറാണ് പുള്ളി.

അയാം കാതലനിലെ ത്രില്ലിങ് എലമെന്റ് സ്പെഷ്യലാണ് 

​ഗിരീഷേട്ടൻ ഇങ്ങനെയൊരു ജോണറിൽ ആദ്യമായൊരു പടം ചെയ്യുന്നു എന്നുള്ളതായിരുന്നു അയാം കാതലനിൽ എന്നെ ആകർഷിച്ച ആദ്യത്തെ ഘടകം. ​ഗിരീഷേട്ടൻ ഇതുവരെ ചെയ്ത ചിത്രങ്ങളുടെ ശൈലിയില്ലാത്ത ചിത്രമാണിത്. കൊടുങ്ങല്ലൂരാണ് എന്റെ വീട്. എന്റെ നാട്ടിലും ഇരിങ്ങാലക്കുടയൊക്കെയായിരുന്നു ഷൂട്ടിങ്. പിന്നെ ചിത്രത്തിൽ പറയുന്ന ത്രില്ലിങ് എലമെന്റ് ഒരുപാടിഷ്ടമായി. പടത്തിലുടനീളം അത് സസൂക്ഷ്മം കൊണ്ടുപോവുന്നുണ്ട്.

വിരലുകൾ വേ​ഗത്തിലാക്കാൻ പരിശീലനം

ഇതുവരെ ചെയ്തത് വെച്ചുനോക്കുമ്പോൾ വേറിട്ടുനിൽക്കുന്ന കഥാപാത്രമാണ് വിഷ്ണു. ത്രില്ലർ സ്വഭാവത്തിലാണ് പടം പോകുന്നത്. സൈബർ ക്രൈം എന്നൊക്കെ വിളിക്കാം. അടുത്ത് ചെയ്തതിൽ വ്യത്യസ്തമായത് എന്ന് വ്യക്തിപരമായി തോന്നിയ സിനിമയും കഥാപാത്രവുമാണ്. കമ്പ്യൂട്ടർ സ്ഥിരം ഉപയോ​ഗിക്കുന്നവർ നല്ല വേ​ഗതത്തിലാണ് കീപാഡ് ഉപയോ​ഗിക്കുക. വിരലുകളുടെ ചലനവും നല്ല വേ​ഗത്തിലായിരിക്കും. ആ സ്പീഡ് കിട്ടാനായി നാലുദിവസം പ്രാക്ടീസ് ചെയ്തിരുന്നു. തിരക്കഥാകൃത്ത് സജിൻചേട്ടന്റെ പരിചയത്തിലുള്ള ഒരാളാണ് പരിശീലിപ്പിച്ചത്.

ഹാക്കിങ് വലിയ പാടാണ്

ഞാൻ നായകനായി അഭിനയിച്ച ആദ്യ ചിത്രമാണ് കാതലൻ. ഇതുകഴിഞ്ഞിട്ടാണ് 18+, പ്രേമലു ഒക്കെ ചെയ്തത്. അതിപ്പോളാണ് റിലീസാവുന്നത് എന്നേയുള്ളൂ. ഹാക്കിങ് ഒക്കെ വലിയ പാടാണ്. പഠിക്കണമെന്ന് തോന്നിയിട്ടില്ല. അതിന്റെ കോഡിങ് ഒക്കെ ഓർത്തുവെയ്ക്കാൻതന്നെ നല്ല ബുദ്ധിമുട്ടാണ്. അതൊക്കെ അറിയാമെങ്കിൽ ഞാൻ വേറെവിടെയോ എത്തിയേനേ.

'ആലപ്പുഴ ജിംഖാന'യ്ക്കുവേണ്ടി നന്നായി കഷ്ടപ്പെട്ടു

ലഭിക്കുന്ന സിനിമകൾക്ക് അനുസരിച്ചാണ് തയ്യാറെടുപ്പുകൾ ചെയ്യാറ്. ഉദാഹരണത്തിന് ആലപ്പുഴ ജിംഖാന എന്ന ചിത്രത്തിനുവേണ്ടി ഏഴെട്ടുമാസം കഷ്ടപ്പെട്ടിരുന്നു. കാരണം ഞാനങ്ങനെ സ്ഥിരമായി ജിമ്മിൽ പോവുകയോ ഫിറ്റ്നസ് ഫ്രീക്കോ ഒന്നുമല്ല. അതേസമയം യാതൊരു തയ്യാറെടുപ്പുമില്ലാതെ ചെയ്ത ചിത്രമാണ് പ്രേമലു. പടം ഫ്ളോപ്പായെങ്കിലും അയൽവാശി എന്ന ചിത്രത്തിലെ കഥാപാത്രം വളരെ ഇഷ്ടമാണ്. 

മാത്യുവിനെ ഇടയ്ക്ക് കാണാറുണ്ട്

മാത്യൂ ഈ സിനിമയിൽ ഇല്ല. ഞങ്ങൾ ഇടയ്ക്കിടെ കാണുകയും വിളിക്കുകയുമൊക്കെ ചെയ്യുന്നവരാണ്. ഇപ്പോൾ ‍രണ്ടുപേരും ഷൂട്ടിങ് തിരക്കിലായതുകൊണ്ട് കണ്ടിട്ട് കുറച്ചായി. ഷൂട്ടൊക്കെ കഴിഞ്ഞ് ഫ്രീയായി ഇരിക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും പോവുകയും വരികയുമൊക്കെ ചെയ്യാറുണ്ട്. പരസ്പരം അപ്ഡേറ്റ്സ് അറിയുന്നുണ്ട്.

നല്ല കഥകൾ കേൾക്കണം,. നല്ല സംവിധായകർക്കൊപ്പം പ്രവർത്തിക്കണം

നല്ല കഥകൾ കേൾക്കുക, നല്ല സംവിധായകർക്കൊപ്പം പ്രവർത്തിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. എന്നെത്തേടി വരുന്ന, എന്നെ എക്സൈറ്റ് ചെയ്യിക്കുന്ന പ്രോജക്റ്റുകൾ ചെയ്തുപോകണം. ഇപ്പോൾ വേഫേറർ ഫിലിംസിനുവേണ്ടി അരുൺ ഡൊമിനിക് ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയിൽ നടന്നുവരികയാണ്.