യു.പിയിലെ ടിക്രി ഗ്രാമത്തിലെ നിശബ്ദത ഇഴയുന്ന ഒരു രാത്രി. മഞ്ഞവെളിച്ചത്തില്‍ പൊതിഞ്ഞുകിടക്കുന്ന അവിടേയ്ക്ക് ഒരുപാട് ചോദ്യങ്ങള്‍ക്കുത്തരം തേടിയെത്തുന്ന ടാറ്റ സുമോയും നാലു പോലീസുകാരും. ഞൊടിയിടയില്‍ ചുഴലിപോലെ വീശിയടിക്കുന്ന സംഘട്ടനരംഗങ്ങള്‍. ഒരു നാടിന്റെ മുഴുവന്‍ നായകനായി പവനെന്ന ലോക്കല്‍ ഗുണ്ട.അവനെ ചുറ്റി നില്‍ക്കുന്ന ഗ്രാമവാസികള്‍. കണ്ണൂര്‍ സ്‌ക്വാഡ് കണ്ടവരാരും മറക്കാത്ത ക്ലാസിക് രംഗമാണിത്. തീയേറ്ററില്‍ സ്‌ക്വാഡിന്റെ വിജയത്തിനായി പ്രേക്ഷകര്‍ കരഘോഷം മുഴക്കുമ്പോഴും വില്ലനെങ്കിലും പവന്‍ ഭയ്യയോടും ഒരിഷ്ടം തോന്നാത്തവര്‍ കുറവാണ്. ഗ്രാമത്തിന്റെ രക്ഷകനായി പുറമേ നിന്നുള്ളവരില്‍നിന്നു തന്റെയാളുകളെ രക്ഷിക്കാനിറങ്ങിയ പവന്‍ ഭയ്യയെന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കിയ നടനാണ് മനോഹര്‍ പാണ്ഡെ. ഹൃത്വിക് റോഷന്റെ സൂപ്പര്‍ 30-യിലൂടെയാണ് മനോഹറിന്റെ സിനിമായാത്രയുടെ തുടക്കം. ഗംഗുഭായി കത്യവാടിയില്‍ ആലിയ ഭട്ടിനൊപ്പവും  ആദിപുരുഷില്‍ പ്രഭാസിനൊപ്പവും  ശ്രദ്ധേയമായ വേഷങ്ങള്‍ കാഴ്ച വെച്ചതിന് ശേഷമാണ് മലയാളത്തിലേയ്ക്ക് മനോഹര്‍ എത്തുന്നത്. കണ്ണൂര്‍ സ്‌ക്വാഡ് ബോക്സ് ഓഫീസ് വിജയവുമായി മുന്നേറുമ്പോള്‍ മനോഹര്‍ തന്റെ സിനിമാവിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു.

To advertise here,

* കണ്ണൂര്‍ സ്‌ക്വാഡിലേയ്ക്ക് എത്തുന്നത് എങ്ങനെയാണ്?

അതൊരു വലിയ കഥയാണ്. കഴിഞ്ഞ ഡിസംബര്‍ സമയത്ത് വല്ലാത്തൊരു അവസ്ഥയിലൂടെയാണ് കടന്നുപോയത്. പുതിയൊരാളെന്ന നിലയില്‍ ഞാന്‍ കടുത്ത മാനസികസംഘര്‍ഷത്തിൽ ആയിരുന്നുവെന്നും പറയാം. അത്രയേറെ കഠിനാധ്വാനം ചെയ്തിട്ടും ഒന്നും ശരിയാകാത്ത അവസ്ഥ. 'ആദിപുരുഷി'ന് ശേഷം മറ്റൊരു സിനിമയിലേയ്ക്ക് എത്താന്‍ കഴിയുന്നുണ്ടായിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് കാസ്റ്റിങ് ഡയറക്ടറുടെ വിളി വരുന്നത്. രണ്ടു മണിക്കൂറിനുള്ളിലെത്തിയാല്‍ ഒരു ഓഡിഷനുണ്ട്. ഇന്ന് എല്ലാവരും തിരിച്ചുപോകുകയാണ്. താത്പര്യമുണ്ടെങ്കില്‍ വരൂ എന്നും പറയുകയുണ്ടായി.

അവസാനവട്ടവിളി എന്നൊക്കെ പറയുന്ന പോലെ, മുന്നിലേയ്ക്ക് ഒരു പ്രതീക്ഷ വന്നു നില്‍ക്കുന്ന അവസ്ഥ. 20 മിനിറ്റുകള്‍ കൊണ്ട് ഞാനവിടെ എത്തി. കഥാപാത്രത്തെക്കുറിച്ച് ഡയറക്ടര്‍ റോബി രാജ് പറഞ്ഞു തന്നു. എനിക്കാവുന്നതിന്റെ പരമാവധി ഞാന്‍ ചെയ്തു എന്നാണ് എനിക്ക് തോന്നിയത്. കാരണം ഈ കഥാപാത്രം എനിക്ക് ചെയ്യണമായിരുന്നു. ഞാന്‍ പെര്‍ഫോം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ ഒരു പോസീറ്റീവ് പ്രതികരണം കാണുകയും ചെയ്തപ്പോള്‍ മനസില്‍ ഒരു ഉറപ്പ് വന്നു. മറ്റു പലരേയും നോക്കിയിട്ടും ശരിയായില്ലെന്നും പറയുകയുണ്ടായി. പിന്നീടും നീണ്ട കാത്തിരിപ്പായിരുന്നു.

എന്നാല്‍, സാമൂഹികമാധ്യമങ്ങളിലൂടെ സിനിമയുടെ ഷൂട്ട് തുടങ്ങിയതായി അറിഞ്ഞു. എനിക്ക് വിളികളൊന്നും വന്നില്ല. അവസാനപ്രതീക്ഷയും നഷ്ടമായ അവസ്ഥയായിരുന്നു. നന്നായി ചെയ്തിട്ടും കിട്ടിയില്ലല്ലോയെന്ന സങ്കടമായിരുന്നു മനസില്‍. അങ്ങനെയിരിക്കേ  അപ്രതീക്ഷിതമായി എനിക്ക് കോള്‍ വന്നു കൊച്ചിയില്‍ ഷൂട്ടുണ്ടെന്നും പറഞ്ഞുള്ള  ആ വിളി മറക്കാന്‍ പറ്റില്ല. റോബി രാജ് വളരെ നല്ലൊരു മനുഷ്യനാണ്. അദ്ദേഹത്തോട് വല്ലാത്തൊരു  ബഹുമാനം തോന്നും. എന്ത് വില കൊടുത്തും ഈ റോള്‍ നന്നായി ചെയ്യണമെന്ന് മാത്രമായിരുന്നു മനസില്‍. ഒരുപാട് പ്രയത്‌നങ്ങള്‍ക്ക് ശേഷം നമ്മള്‍ക്ക് ലഭിക്കുന്ന അവസരങ്ങളോട് നീതി പുലര്‍ത്തിയേ മതിയാകൂ എന്നു മാത്രമായിരുന്നു ചിന്ത. കഥാപാത്രങ്ങളുടെ വലിപ്പച്ചെറുപ്പങ്ങളല്ല നമ്മള്‍ക്ക് പെര്‍ഫോം ചെയ്യാന്‍ ലഭിക്കുന്ന  എല്ലാ അവസരങ്ങളെയും വലിയൊരു അനുഗ്രഹമായി കാണുന്നു. അങ്ങനെയാണ് 'കണ്ണൂര്‍ സ്‌ക്വാഡി'ലേയ്ക്ക് ഞാനെത്തുന്നത്.

* ഇത് വരെ ചെയ്തതെല്ലാം സൂപ്പര്‍ സ്റ്റാറുകളുടെയൊപ്പം ബിഗ് ബജറ്റ് ചിത്രങ്ങള്‍,  ചെയ്ത റോളുകളിലെല്ലാം ശ്രദ്ധിക്കപ്പെടാനും കഴിഞ്ഞു. എങ്ങനെയാണ് ഇത് സംഭവിച്ചത്? 

ഇതെന്റെ തിരഞ്ഞെടുപ്പുകളാണെന്ന് പറയാന്‍ കഴിയില്ല, നമ്മള്‍ ഒരു കഥാപാത്രങ്ങളെയും തിരഞ്ഞെടുക്കുന്നില്ല, മറിച്ച് ആ കഥാപാത്രങ്ങള്‍ നമ്മളെ കണ്ടെത്തുകയാണെന്നാണ് എനിക്ക് തോന്നാറുള്ളത്. അങ്ങനെ ചിന്തിക്കാനാണ് ഞാനിഷ്ടപ്പെടുന്നതും. ഒരോ കഥാപാത്രത്തിന് പിന്നിലേയ്‌ക്കെത്തിപ്പെട്ടതിന് പിറകിലും വലിയൊരു കഠിനാധ്വാനത്തിന്റെയും ക്ഷമയുടെ കഥയുണ്ട്.  എന്റെ കാര്യത്തില്‍ കുറച്ച് ഭാഗ്യവും കൂടി ചേര്‍ന്നാണ് സംഭവിക്കുന്നതെന്നാണ് തോന്നുന്നത്. അത്തരത്തില്‍ ഒരോ സിനിമയിലേയും റോളുകള്‍ എന്നെ തേടിയെത്തിയതായിരുന്നു. പവന്‍ എന്നെ തിരഞ്ഞെടുക്കുകയായിരുന്നു.


* മലയാളം സിനിമകളെപ്പറ്റി എന്താണ് പറയാനുള്ളത്?സിനിമകള്‍ കാണാറുണ്ടോ?

മലയാള സിനിമയെക്കുറിച്ച് അറിയാത്തവര്‍ കുറവല്ലേ, മൊത്തം ഇന്‍ഡസ്ട്രിയിലും നല്ല സിനിമകള്‍ വരുന്നൊരിടമായി മലയാളത്തെ വിശേഷിപ്പിക്കാം. സിനിമകള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ മലയാളത്തിലെ സിനിമകളെപ്പറ്റിയും ആര്‍ട്ടിസ്റ്റുകളെയും പറയുന്നു. ഫഹദ് ഫാസില്‍ സിനിമകളെക്കുറിച്ചൊക്കെ ഒരുപാട് കേട്ടിട്ടുണ്ട്. ചെറിയ ബജറ്റില്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ വാങ്ങുന്ന എത്രയോ സിനിമകള്‍ ഇപ്പോളും മലയാളത്തിന്റെ വിജയമാണ്. വന്‍ ബജറ്റ് പടങ്ങള്‍ നഷ്ടം സംഭവിക്കുമ്പോള്‍ മലയാളത്തില്‍നിന്ന് ഒരുപാട് നല്ല കാര്യങ്ങള്‍ മനസിലാക്കാനുണ്ട്. മലയാള സിനിമകള്‍ കുറച്ചൊക്കെ കണ്ടിട്ടുണ്ട്. ഭാഷയുടെ പ്രശ്‌നമുണ്ട്. വലിയ പേരുകള്‍ പറയാന്‍ കഴിയുന്നില്ല. മമ്മൂട്ടി സാറിന്റെ 'ഭീഷ്മപര്‍വ്വം' എനിക്കിഷ്ടപ്പെട്ട സിനിമയാണ്.

സംവിധായകന്‍ റോബി  എന്നോട് മമ്മൂക്ക ലീഡ് റോള്‍ ചെയ്യുന്ന സിനിമയെന്ന് പറഞ്ഞപ്പോള്‍ ആദ്യം മനസിലായില്ല. എനിക്ക് അദ്ദേഹത്തെ മമ്മൂട്ടിയെന്ന് പറഞ്ഞാലേ അറിയുകയുണ്ടായിരുന്നുള്ളു. ആരാണ് മമ്മൂക്ക എന്നാണ് അപ്പോള്‍ ചിന്തിച്ചത്. എന്നാല്‍, സിനിമയിലെത്തിയതും ഞാന്‍ മനസിലാക്കി എന്താണ് മമ്മൂക്കയെന്നതും അദ്ദേഹത്തിന്റെ  ആ പേരിനോടുള്ള ആളുകളുടെ സ്‌നേഹവും  ബഹുമാനവും എന്താണെന്നതും. അത് നേരിട്ട് കണ്ട് മനസിലാക്കേണ്ടത് തന്നെയായിരുന്നു. മലയാളത്തില്‍നിന്നു ലഭിക്കുന്ന സ്നേഹം ,ബഹുമാനം എത്ര വലുതാണെന്ന് പറഞ്ഞാല്‍ തീരില്ല. സിനിമയുടെ ഷൂട്ടിങ് സമയത്ത് പുറത്ത് നിന്നുള്ളവര്‍ ഒരു ആര്‍ട്ടിസ്റ്റെന്ന നിലയില്‍ നമ്മളോട് കാണിക്കുന്ന സ്നേഹം വളരെ വലുതായിരുന്നു. ഇവിടെയുള്ള ആളുകളുടെ പെരുമാറ്റം വല്ലാതെയെന്ന അത്ഭുതപ്പെടുത്തിയിരുന്നു. ഇതുവരെ ചെയ്ത സിനിമകളില്‍നിന്നും മലയാളത്തില്‍നിന്നും ലഭിച്ച സ്നേഹം വളരെ വലുതാണ്. അവിടെ മോശമായ സമീപനം എന്നല്ല. ഇവിടെനിന്നും ലഭിച്ചത് വളരെ സ്പെഷ്യലായിരുന്നു.

* മമ്മൂട്ടിയുടെ വില്ലനായി മലയാളത്തിലെ അരങ്ങേറ്റം , എന്തായിരുന്നു അദ്ദേഹത്തോടൊപ്പമുള്ള അനുഭവം?

സെറ്റിലെത്തിയപ്പോഴാണ് അദ്ദേഹത്തെ ഞാന്‍ ആദ്യം കാണുന്നത് അദ്ദേഹത്തിന്റെ ഊർജവും തേജസും വല്ലാതെ ആശ്ചര്യപ്പെടുത്തുകയാണുണ്ടായത്. ഞാന്‍ അദ്ദേഹത്തെ നീരിക്ഷിച്ചു കൊണ്ടിരുക്കുകയായിരുന്നു. എങ്ങനെയാണ് അതിനെക്കുറിച്ച് പറയുകയെന്ന് അറിയില്ല. ഇത്രവും വലിയൊരു നടനോടൊപ്പം സ്‌ക്രീന്‍ സ്പേസ് പങ്കിടുക എന്നത് വലിയ കാര്യമാണ്. അദ്ദേഹത്തിന്റെ സെറ്റിലെ പെരുമാറ്റം നമ്മളെയെല്ലാവരെയും ഒരുപോലെ കംഫര്‍ട്ടാക്കുന്ന തരത്തിലാരുന്നു. പുതിയൊരാള്‍ എന്ന നിലയിലല്ല അദ്ദേഹം നമ്മളെ കണ്ടത്.   അദ്ദേഹം തന്റെ വ്യക്തിപ്രഭാവം കൊണ്ട്  എല്ലാവരെയും വല്ലാതെ സ്വാധീനിക്കുകയായിരുന്നു. ഷൂട്ടിങ് ഇടവേളകളില്‍ പോലും അദ്ദേഹത്തെ കാണുമ്പോള്‍ അത് മനസിലാകും. വലിയൊരു ലെജന്റ് കൂടെ ജോലി ചെയ്യാന്‍ കഴിയുകയെന്നത് ഭാഗ്യമായി കരുതുന്നു. 

* മുംബൈയില്‍നിന്നാണ് മലയാളസിനിമയിലെത്തുന്നത്. എങ്ങനെയായിരുന്നു സിനിമയിലേയ്ക്കുള്ള വഴി?

ഞാന്‍ ശരിക്കും ബിഹാര്‍ സ്വദേശിയാണ്. ജനിച്ചതവിടെയാണെങ്കിലും പഠിച്ചതും വളര്‍ന്നതുമെല്ലാം ജാര്‍ഖണ്ഡിലാണ്. അച്ഛന്‍ പോലീസിലാണ് ജോലി ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ ജോലിയുടെ ഭാഗമായി ഞങ്ങള്‍ അവിടെയായിരുന്നു. പ്ലസ്ടു വിന് ശേഷം എനിക്ക് നാടകം പഠിക്കണമെന്നായിരുന്നു ആഗ്രഹം. വീട്ടില്‍ പറഞ്ഞാല്‍ സമ്മതിക്കില്ലെന്ന് ഉറപ്പായിരുന്നു. സുഹൃത്തുക്കള്‍ ഡല്‍ഹിയിലുണ്ട് അവരുടെ അടുത്തുനിന്ന് പഠിക്കാനെന്ന പേരില്‍ ഡല്‍ഹിയിലേയ്ക്ക് പോയി. എന്നാല്‍, ഞാനവിടെ നാടകം ചെയ്യുകയായിരുന്നു. ഐ.ടിയും അതിനൊപ്പം പഠിച്ചിരുന്നു. തുടര്‍ച്ചയായി നാലു വര്‍ഷം തീയേറ്റര്‍ ചെയ്തിരുന്നത് വീട്ടുകാര്‍ അറിയാതെയായിരുന്നു. അവര്‍ക്കൊരുതരത്തിലും അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അറിയാമായിരുന്നു. എന്നാല്‍ 2012-ല്‍ എനിക്ക് ലണ്ടനില്‍  ഒരു നാടകം ചെയ്യുന്നതിനായി പോകേണ്ടി വന്നു. അപ്പോഴാണ് വീട്ടിലാദ്യമായി ഇതിനെക്കുറിച്ച് അവരോട് പറയുന്നത്. ലണ്ടനില്‍ പോകുന്നതിന് മുന്‍പ് വീട്ടുകാരെ അറിയിക്കണമെന്ന് സംവിധായകന്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്നാണ് വീട്ടില്‍ പറയുന്നത്. എന്ന് തിരിച്ചു വരുമെന്ന് മാത്രമാണ് വീട്ടുകാര്‍  ചോദിച്ചത്. അവര്‍ക്ക് അതൊന്നും വലിയ സംഭവമായിരുന്നില്ല. അന്ന് അഭിനയം കരിയറായി തിരഞ്ഞെടുക്കുന്നത് അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല.

പിന്നീടാണ് നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ അഡ്മിഷന്‍ ലഭിക്കുന്നത്. വീട്ടില്‍ പറഞ്ഞിട്ടാണ് പഠിക്കാന്‍ പോയത്.  അതിനെക്കുറിച്ച് അവര്‍ കൂടുതല്‍ അന്വേഷിച്ചറിയുകയും ചെയ്തപ്പോള്‍ പ്രശ്നങ്ങളൊന്നും പിന്നെയുണ്ടായില്ല. മഹാനടന്മാരുടെ പാരമ്പര്യമുള്ള സ്ഥലത്ത് മകനും പഠിക്കുന്നുവെന്നത് പതുക്കെ അവരുടെ എതിര്‍പ്പുകള്‍ ഉരുകുന്നതിന് കാരണമായി. അവിടെ പഠനം പൂര്‍ത്തിയായതും ഇനി മുംബൈയിലേയ്ക്ക് പോകണമെന്ന് തോന്നി. ഡല്‍ഹിയില്‍ എനിക്ക് എല്ലാം എളുപ്പമായിരുന്നെങ്കില്‍ മുംബൈ എല്ലാത്തരത്തിലും കടുപ്പമായിരുന്നു. എല്ലാം ഒന്നില്‍നിന്നു തുടങ്ങേണ്ട അവസ്ഥയായിരുന്നു. ആ വെല്ലുവിളികളെയെല്ലാം ഒരു പാഠങ്ങളായി കാണുവാനാണ് എനിക്ക് താത്പര്യം. നാടകത്തിലും കുറച്ച് അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും സിനിമയിലാണ് ഞാന്‍ പിന്നീട് കൂടുതല്‍ ശ്രദ്ധ വെച്ചത്.

* പവന്‍ ഭയ്യ എന്ന കഥാപാത്രത്തെക്കുറിച്ച് എന്താണ് പറയാനുള്ളത് ?

സിനിമയിറങ്ങുമ്പോള്‍ ഞാന്‍ മുംബൈയിലാണ് അപ്പോള്‍ മുതല്‍ നല്ല പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നു ലഭിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെ ആളുകള്‍ നമ്മളെ അംഗീകരിക്കുമ്പോള്‍ വളരെയധികം സന്തോഷം തോന്നുന്നുണ്ട്. എനിക്ക് കഴിയാവുന്നത് പോലെ  ചെയ്തുവെന്നാണ് തോന്നുന്നത്. ഷൂട്ടിങ് സമയത്ത് ടിക്രി വില്ലേജിലെ ആക്ഷന്‍ സീനുകള്‍  കണ്ടിട്ട് മമ്മൂട്ട് സാര്‍ നേരിട്ടുവിളിച്ച് അഭിനന്ദിച്ചിരുന്നു. നിങ്ങളാണ് ഈ സീനിലെ ഹീറോയെന്ന് അദ്ദേഹം പറയുകയുണ്ടായി. അത് മറക്കാന്‍ കഴിയാത്ത അംഗീകാരമായി കരുതുന്നു. ഷൂട്ടിങ് സമയത്ത് എന്റെ അച്ഛന്‍ വിളിച്ചിരുന്നു അതൊരു രസകരമായ കാര്യമായിരുന്നു. പോലീസുകാരെന്നെ തല്ലാന്‍ വരുന്ന സീനാണെന്നൊക്കെ പറയുമ്പോള്‍ അദ്ദേഹം വളരെ ഗൗരവത്തോട് അതുപിന്നെ പോലീസുകാരോട് ഏറ്റുമുട്ടാന്‍ ചെന്നാല്‍ അവര്‍ വെറുതേ വിടുമോ, അടിച്ചുനുറുക്കില്ലേയെന്നാണ് പറഞ്ഞത്. ഞാന്‍ ചിരിച്ചുപോയി കാരണം അദ്ദേഹമപ്പോള്‍ പോലീസുകാരനായാണ് ചിന്തിച്ചത്. 

* ആക്ഷന്‍ രംഗങ്ങള്‍ വളരെ സാഹസികനിറഞ്ഞതായിരുന്നു, ഡ്യൂപ് വേണ്ടെന്ന് പറഞ്ഞതായി കേട്ടല്ലോ?

ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാന്‍ എനിക്ക് വലിയ ആഗ്രഹമായിരുന്നു. ഇത് വലിയൊരു അവസരമായിരുന്നു. എന്റെ ആഗ്രഹം പോലെ ഒരു വേഷം ലഭിക്കുമ്പോള്‍ അവിടെയെന്തിനാണ് മറ്റൊരാളെ നമ്മള്‍ ആശ്രയിക്കുന്നത്. ഇതൊക്കെയല്ലേ നടനെന്ന നിലയില്‍ നമ്മള്‍ പ്രേക്ഷകര്‍ക്ക് നല്‍കേണ്ടത്. ഞാന്‍ തന്നെ ചെയ്യണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. പിന്നെ എനിക്ക് സ്‌ക്രിപ്റ്റുണ്ടായിരുന്നില്ല, റോബി സാര്‍ എനിക്ക് കഥാസാഹചര്യം മാത്രമാണ് വിശദീകരിച്ചു തന്നത്. സാഹചര്യത്തിന് അനുകൂലമായി രീതിയില്‍ ഞാന്‍ ഹിന്ദിയില്‍ പറഞ്ഞ ഡയലോഗുകള്‍ നന്നായെന്ന് റോബി സാര്‍ പറഞ്ഞു. അങ്ങനെ വന്നതും നന്നായിയെന്നാണ് തോന്നുന്നത്. എന്റേതായ രീതിയില്‍ എന്നെ തന്നെ മെച്ചപ്പെടുത്താനുള്ള ഒരു സ്വാതന്ത്യം റോബി സാര്‍ എനിക്ക് നല്‍കിയിരുന്നു.

*പുരാണചിത്രമായ ആദിപുരുഷില്‍ അംഗദായി വേഷമിട്ടു, അതിനെക്കുറിച്ചെന്താണ് പറയാനുള്ളത്?

'ആദിപുരുഷി'ല്‍ ബാലിയുടെ മകനായ അംഗദ് എന്ന വേഷമാണ് ഞാന്‍ ചെയ്തത്. മോഷന്‍ ക്യാപ്ച്ചറില്‍ ചിത്രീകരിക്കുന്ന ചിത്രമായിരുന്നതിനാല്‍ വലിയ വെല്ലുവിളിയുള്ള വേഷമായിരുന്നു അത്. തികച്ചും പുതിയ അനുഭവമായിരുന്നു. അതെങ്ങനെയാണ് ചെയ്യേണ്ടതെന്ന് ആദ്യമെനിക്ക് ധാരണയുണ്ടായില്ല. എന്നാല്‍, സാങ്കേതിക വശങ്ങളെ മനസിലാക്കാനും പഠിക്കാനുമായി വർക്‌ഷോപ്പ്‌ ചെയ്തിരുന്നു. ആ വേഷത്തിന് വേണ്ടിയും വലിയ കഠിനാധ്വാനം ചെയ്തിരുന്നു.

അംഗദ് എങ്ങനെ നടക്കുമെന്നും സംസാരിക്കുമെന്നും ഞാന്‍ മനസിലാക്കിയത് അങ്ങനെയാണ്. വാനരപുത്രനായതിനാല്‍ അദ്ദേഹത്തിന്റെ ശബ്ദത്തിന് വ്യത്യസ്ത ആവശ്യമായിരുന്നു. കഥാപാത്രത്തെ വേറിട്ട രീതിയില്‍ സമീപിക്കാന്‍ പലതരത്തിലും ആ വർക്‌ഷോപ്പ്‌ സഹായിച്ചു. ഷൂട്ടിങ് സമയത്ത് നടന്‍ സെയ്ഫ് അലി ഖാന്‍ എന്നെ സഹായിച്ചിരുന്നു. ഷൂട്ടിങ് സമയങ്ങളില്‍ എനിക്കൊരു മാര്‍ഗദര്‍ശിയായി അദ്ദേഹമുണ്ടായിരുന്നു എന്നത് എടുത്തുപറയേണ്ട കാര്യമായിരുന്നു. എന്റെ മുഖമൊന്നും സിനിമ കാണുമ്പോള്‍ മനസിലാകില്ല .എങ്കിലും അത്തരം സിനിമയുടെ ഭാഗമായത് ഒരുപാട് പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള അവസരം കൂടിയായിരുന്നു.

* ഡല്‍ഹിയും നാടകപഠനവും  എങ്ങനെയാണ് മനോഹറിനെ സ്വാധീനിച്ചത് ?

നാടകം എന്റെ ജീവിതം തന്നെ മാറ്റിമറിച്ചുവെന്നാണ് പറയാനുള്ളത്. എന്നിലെ വ്യക്തിയെ വളര്‍ത്തിയതും നല്ലൊരു മനുഷ്യനാക്കി മാറ്റിയതിലും നാടകപഠനം വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. കൂടുതല്‍ തെളിമയോടെ ചിന്തിക്കാനും  നന്നായി ഭാഷ ഉപയോഗിക്കാനുമെല്ലാം പഠിച്ചതില്‍ അത് വലിയ രീതിയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ചെറിയ പ്രായത്തിലാണ് ഞാന്‍ അവിടെയെത്തുന്നത്. ഡല്‍ഹിയും അവിടെ കൂടെ പ്രവര്‍ത്തിച്ച നാടകപ്രവര്‍ത്തകരുമെല്ലാം എന്നെ വല്ലാതെ മാറ്റിയ ഘടകങ്ങളാണ്.

ഭാഷാശുദ്ധിയും സംസാരത്തിലെ വ്യക്തതയുമെല്ലാം എനിക്കുണ്ടാക്കിത്തന്നത് ഡല്‍ഹിയിലെ പഠനകാലമാണ്. ഭോജ്പുരിയാണ് എന്റെ മാതൃഭാഷ. ഇത്രയും മെച്ചപ്പെട്ട രീതിയില്‍ ഹിന്ദി സംസാരിക്കാന്‍ കഴിയുന്നതില്‍വരെ അവിടുത്തെ പഠനം എന്നെ സ്വാധീനിച്ചിട്ടുണ്ട്. നാടകം തിരഞ്ഞെടുത്തത് അഭിനയം പഠിക്കണമെന്ന ആഗ്രഹത്തിന്റെ പുറത്താണ്. സിനിമ തന്നെയായിരുന്നു എന്നും മനസില്‍ എന്നാല്‍ അതിന് മുന്‍പ് അഭിനയത്തെക്കുറിച്ച് അറിയണമെന്നും പഠിക്കണമെന്നും എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. നമ്മളുടെ പുറത്ത് ഇത്രയധികം പണം ചിലവാക്കപ്പെടുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം തിരിച്ചും നമ്മളും കാണിക്കണമല്ലോ. 

* സൂപ്പര്‍ 30 , വളറെയേറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ്.എങ്ങനെയായിരുന്നു ആദ്യസിനിമയിലെത്തിയത് ?

മുംബൈയിലെത്തിയതും സിനിമയിലേയ്ക്കുള്ള വഴിയാണ് അന്വേഷിച്ചുകൊണ്ടിരുന്നത്. തുടര്‍ച്ചയായി ഓഡിഷനുകള്‍, കാസ്റ്റിങ് ഡയറക്ടർമാരെ കാണുന്നത് തുടരെത്തുടരെ ചെയ്തുകൊണ്ടിരുന്നു. അങ്ങനെ സൂപ്പര്‍ 30-നു വേണ്ടിയും ഓഡിഷന്‍ ചെയ്തു. അവര്‍ക്ക് എന്റെ ശബ്ദം നന്നായി തോന്നുകയും എനിക്ക് അവസരം ലഭിക്കുകയും ചെയ്തു. അതൊരു ഭാഗ്യമായാണ് കരുതുന്നത്. കുറച്ച് നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണ് അതില്‍ ചെയ്തത്. എന്റെ സ്വപ്നങ്ങളുടെ വാതില്‍ അവിടെനിന്നാണ് തുറക്കപ്പെട്ടത്.

* സിനിമകളുടെ ഇടവേളകളിലെന്താണ് ചെയ്യുന്നത്? നാടകം ചെയ്യാറുണ്ടോ?

നാടകം ചെയ്യുന്നത് ഇപ്പോള്‍ വളരെ കുറവാണ്. എന്നാല്‍, പൂര്‍ണമായും അതുപേക്ഷിച്ചിട്ടില്ല. നാടകം എന്നും വല്ലാത്തൊരു അനുഭവമാണ്. മുംബൈയില്‍ എല്ലാ മേഖലയിലും അവസരങ്ങള്‍ ഒരുപാടുണ്ട്. അതുപോലെ തന്നെ മത്സരവും കടുപ്പമാണ്. എന്നെ മെച്ചപ്പെടുത്താനാണ് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സിനിമയ്ക്കായി തന്നെയാണ് പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്.  അഭിനയം പോലെ ഇത്രയധികം സന്തോഷം തരുന്ന മറ്റൊന്നില്ലായെന്നതാണ് സത്യം.

* കളരി പഠിച്ചിരുന്നതായി കേട്ടിരുന്നു. എന്താണ് അതിനെക്കുറിച്ച് പറയാനുള്ളത് ?

നാഷണല്‍ സ്‌കൂള്‍ ഡ്രാമയില്‍ പഠനത്തിന്റെ ഭാഗമായാണ് കളരി പഠിച്ചത്. മലയാളിയായ അധ്യാപകനാണ് കളരി പഠിപ്പിച്ചിരുന്നത്.കളരി വളരെയിഷ്ടമാണെങ്കിലും ഒട്ടും എളുപ്പമല്ലെന്ന പഠിച്ചു തുടങ്ങിയപ്പോളാണ് മനസിലായത്. അത് പഠിച്ചെടുക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ട്. അടിസ്ഥാനകാര്യങ്ങള്‍ മാത്രമാണ്  എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത്. ജീവിതത്തില്‍ അത് പഠിക്കാനായി തന്നെ വലിയൊരു സമയം തന്നെ മാറ്റി വെക്കേണ്ടതുണ്ട്.

* മലയാളത്തില്‍ ഇനിയും ജോലി ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നുണ്ടോ? 

കേരളത്തിനോടെനിക്ക് അത്രയ്ക്കും സ്നേഹമാണ്. അതെനിക്ക് വാക്കുകളില്‍ പറഞ്ഞുതരാന്‍ കഴിയില്ല. ഇനിയും അവസരങ്ങള്‍ ലഭിച്ചാല്‍ ചെയ്യണമെന്നാണ് ആഗ്രഹം. അത്രയും സ്നേഹം എനിക്കിവിടെനിന്നു ലഭിച്ചിട്ടുണ്ട്. മലയാളത്തില്‍ സിനിമയെന്നത് പണത്തിനെന്നതിനേക്കാള്‍ ഒരു കൂട്ടായ്മയാണ്. എല്ലാവരും സിനിമ നന്നാകുവാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു.