മമ്മൂട്ടി നായകനായ കണ്ണൂർ സ്ക്വാഡ് എന്ന സിനിമയ്ക്ക് പിറകിലുള്ളത്‌ ഒരു സംഘം പോലീസുകാരുടെ ജീവിതാനുഭവങ്ങളാണ്. 2007-ലാണ് കണ്ണൂർ സ്ക്വാഡ് രൂപവത്കരിച്ചത്. വിസ്മൃതിയിലേക്ക് പോകുമായിരുന്ന നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കാൻ കൂട്ടായ പരിശ്രമത്തിലൂടെ കഴിഞ്ഞു

To advertise here,

കുറ്റവാളികളുടെ പേടിസ്വപ്നമായ പോലീസിലെ കണ്ണൂർ സ്ക്വാഡ് ഇപ്പോൾ അഭ്രപാളികളിൽ നിറയുമ്പോൾ അത് ക്യാമറക്കണ്ണിലൂടെയുള്ള വെറുമൊരു ദൃശ്യാവിഷ്കാരമല്ല. കണ്ണൂരിൽ ജീവിച്ചിരിക്കുന്ന ഒരുസംഘം പോലീസുകാരുടെ ജീവിതാനുഭവമാണ്.

ഔദ്യോഗികജീവിതത്തിൽനിന്ന്‌ പടിയിറങ്ങിയവർക്കും ഇപ്പോൾ സേനയിൽ തുടരുന്നവർക്കും മമ്മൂട്ടി നായകനായി തിയേറ്ററുകളിൽ കണ്ണൂർ സ്ക്വാഡ് നിറഞ്ഞോടുമ്പോൾ വില്ലനെ തോല്പിച്ച നായകന്റെ പരിവേഷമാണ് ഉണ്ടാകുന്നത്.

സേനയുടെ അന്തസ്സും അഭിമാനവും കാത്ത് ഇരകളാക്കപ്പെട്ടവരുടെ കണ്ണീരും വേദനയും ഒപ്പാൻ വെല്ലുവിളികളെ അതിജീവിച്ച് ഇവരുണ്ടാക്കിയ തെളിവുകളുടെയും സാക്ഷികളുടെയും കുറ്റവാളികളുടെയും നേർക്കാഴ്ചയാണ് ഈ സിനിമ.

ഇവർ അംഗങ്ങൾ

കുറ്റാന്വേഷണത്തിന് വർഷങ്ങൾക്കുമുൻപ്‌ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച കണ്ണൂർ പോലീസ് സ്ക്വാഡിലെ ഒൻപതുപേർ ചേർന്ന് തെളിയിച്ച കുപ്രസിദ്ധമായ കേസാണ് കണ്ണൂർ സ്ക്വാഡ് എന്ന സിനിമയിലെ ഇതിവൃത്തം.

റിട്ട. എസ്.ഐ. ബേബി ജോർജ്‌, എസ്.ഐ.മാരായ എം.എം.റാഫി അഹമ്മദ് (ജില്ലാ നാർക്കോട്ടിക്‌ സെൽ), എ.ജയരാജൻ, സി.കെ.രാജശേഖരൻ, സി.സുനിൽകുമാർ, കെ.മനോജ്‌കുമാർ (നാലുപേരും ആന്റി നക്സൽ സ്ക്വാഡ്), റജി സ്കറിയ (ഇരിട്ടി പോലീസ് സ്റ്റേഷൻ), പി.വിനോദ്കുമാർ (പാനൂർ സ്റ്റേഷൻ), വിരമിച്ച മാത്യു ജോസ് എന്നിവരാണ് കണ്ണൂർ സ്ക്വാഡിലെ അംഗങ്ങൾ. എ.ഡി.ജി.പി. ശ്രീജിത്ത് 2007-ൽ കണ്ണൂർ എസ്.പി.യായ സമയത്താണ് കുറ്റാന്വേഷണത്തിന് കണ്ണൂർ സ്ക്വാഡ് രൂപവത്കരിച്ചത്. 13 വർഷത്തോളം ഒൻപതുപേരും സ്ക്വാഡിലെ അംഗങ്ങളായിരുന്നു.

അന്വേഷണമികവ്

തൃക്കരിപ്പൂരിലെ വ്യവസായിയെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന് ഉത്തരേന്ത്യയിലേക്ക് കടന്ന കൊലയാളിസംഘത്തെ കുറ്റാന്വേഷണമികവിലൂടെ കണ്ടെത്തുന്ന കണ്ണൂർ സ്ക്വാഡിനെയാണ് ജോർജ്‌ എന്ന കഥാപാത്രത്തിലൂടെ മമ്മൂട്ടി നായകനായ സിനിമയിലൂടെ തിരക്കഥാകൃത്തുക്കളായ ഡോ. റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും തനിമചോരാതെ പറയുന്നത്. റോണിയുടെ സഹോദരൻ റോബി വർഗീസ് രാജാണ് ചിത്രത്തിന്റെ സംവിധാനം.

പ്രവാസിയുടെ പണം തട്ടിയെടുത്ത് വിദേശത്ത് ബിസിനസ് നടത്തുകയായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തവരുടെ ലക്ഷ്യം. ഇതിനായി ക്വട്ടേഷൻസംഘത്തെ നിയോഗിക്കുകയായിരുന്നു. കൊല നടത്തിയ ക്വട്ടേഷൻ സംഘത്തെ അലാഹബാദിൽനിന്നാണ് കണ്ണൂർ സ്ക്വാഡിലെ അംഗങ്ങളായ ബേബി ജോർജും റാഫി അഹമ്മദും റെജി സ്കറിയയും വിനോദും ചേർന്ന് പിടികൂടിയത്.

സംഭവം നടന്ന്‌ 21 ദിവസത്തിനകം പ്രതികളെ പിടികൂടാൻ കഴിഞ്ഞത് കണ്ണൂർ സ്ക്വാഡിന്റെ മികവുകൊണ്ട് മാത്രമായിരുന്നു. ഈ സംഭവത്തിലെ പ്രതികളെ പിന്നീട് കാസർകോട് കോടതി ജീവപര്യന്തം തടവിന്‌ ശിക്ഷിക്കുകയും ചെയ്തു. ഈ സംഭവമാണ് കണ്ണൂർ സ്ക്വാഡ് എന്ന ചിത്രമായി മാറിയത്. സ്ക്വാഡിലെ അംഗങ്ങളുടെ പേര് തന്നെയാണ് ചിത്രത്തിലെ കഥാപാത്രങ്ങൾക്കും നല്കിയിരിക്കുന്നത്. സംസ്ഥാനത്തെ മികച്ച കുറ്റാന്വേഷണസംഘമായി പേരെടുത്ത കണ്ണൂർ സ്ക്വാഡിനും പോലീസിനുമുള്ള അംഗീകാരം കൂടിയായി സിനിമ.

placeholder
"പോലീസിന്റെ സാഹസികപ്രവർത്തനങ്ങൾ ജനങ്ങൾ കൈയടിയോടെ സ്വീകരിക്കുമ്പോഴുണ്ടാകുന്ന അഭിമാനമാണ് യഥാർഥ അനുഭവം. ഇത് കണ്ണൂർ സ്ക്വാഡിലൂടെ ഉണ്ടാക്കിയെടുക്കാൻ സാധിച്ചു. പ്രേക്ഷകർ സിനിമ ഏറ്റെടുത്തു. ഇത് പോലീസ് സേനയ്ക്കുള്ള അംഗീകാരം കൂടിയാണ്."

-ബേബി ജോർജ്‌, കണ്ണൂർ സ്ക്വാഡിലെ ടീം ലീഡർ