
ചിലപ്പോഴൊക്കെ മനസ്സ് വേവലാതിപ്പെടും, നമ്മളെ ആർക്കും വേണ്ടാതായോ എന്ന്. സന്ദർശകരില്ല. ഫോൺ വിളികളില്ല. ഏറ്റവുമടുത്ത ആളുകളെന്ന് നമ്മൾ വിശ്വസിക്കുന്നവരിൽ നിന്നുള്ള വാട്‌സാപ്പ് സന്ദേശങ്ങൾ പോലുമില്ല. ഇതുവരെ കാണാത്ത, പരിചയം പോലുമില്ലാത്ത ഒരാളെങ്കിലും ഒന്ന് വിളിച്ചിരുന്നെങ്കിൽ എന്ന് വെറുതെ മോഹിച്ചുപോകുന്ന നിമിഷങ്ങൾ. നിർവചിക്കാനാവാത്ത ഏതോ വിഷാദമുണ്ടാകും അപ്പോൾ ഉള്ളിൽ.
തലേന്നത്തെ സന്ദർശക ബാഹുല്യവും ഫോൺ കോളുകളുടെ ബഹളവും അതിനകം മറന്നുപോയിരിക്കും നമ്മൾ. തിരക്കിൽ നിന്നും ബഹളത്തിൽ നിന്നുമകലെ ഒരു നിമിഷമെങ്കിലും ഏകാന്തതയിലേക്ക് ഉൾവലിഞ്ഞു വെറുതെയിരിക്കാൻ കൊതിച്ചയാളിതാ പൊടുന്നനെ ഏകാന്തതയെ വെറുത്തുതുടങ്ങുന്നു; എങ്ങനെ ഇത്ര പെട്ടെന്ന് നമ്മൾ ആർക്കും വേണ്ടാത്തവനായി എന്ന് വ്യാകുലപ്പെടുന്നു. ചുറ്റും നോക്കുമ്പോൾ എല്ലാവരും തിരക്കിലാണ്. ഒന്നുകിൽ ഫോണിൽ. അല്ലെങ്കിൽ സൗഹൃദക്കൂട്ടായ്മകളിൽ. അസൂയ തോന്നും. ഇതെന്താ നമ്മളെ മാത്രം ആർക്കും വേണ്ടേ? ഒരു മിസ്ഡ് കോൾ കണ്ടാൽ പോലും തിരിച്ചുവിളിക്കപ്പെടാൻ യോഗ്യതയില്ലാത്തവനായി മാറിയോ നമ്മൾ?
എല്ലാം മനസ്സിന്റെ വികൃതികൾ, വിഹ്വലതകൾ. ബാലിശമായ തോന്നലുകൾ. എല്ലാവർക്കുമുണ്ടാകുമോ ഇത്തരം അനുഭവങ്ങൾ? അറിയില്ല.
കുട്ടിക്കാലം മുതലേ ഒപ്പമുണ്ട് ഒറ്റപ്പെടലിനെ കുറിച്ചുള്ള ഭയവും വ്യഥയും. വയനാട്ടിലെ വീട്ടിൽ ഏകാന്തതയുമായി കൂട്ടുകൂടി കഴിഞ്ഞ ബാല്യത്തോളം പഴക്കമുണ്ടതിന്. അമ്മയും അനിയനും അനിയത്തിയും അങ്ങുദൂരെ എടരിക്കോട്ടെ തറവാട്ടുവീടിനടുത്ത് അച്ഛൻ പണികഴിപ്പിച്ച പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു അപ്പോഴേക്കും. എസ്റ്റേറ്റ് ക്വാർട്ടേഴ്‌സിൽ ഞാനും അച്ഛനും മാത്രം. അച്ഛൻ സദാസമയവും ജോലിത്തിരക്കിലായതിനാൽ വാരാന്ത്യങ്ങളിൽ മിക്ക സമയവും വീട്ടിൽ ഞാൻ ഏകൻ.
അച്ചടിച്ച അക്ഷരങ്ങളും റേഡിയോയിലെ ശബ്ദവീചികളും മാത്രമേയുണ്ടായിരുന്നു അക്കാലത്ത് കൂട്ടിന്. വായിച്ച പത്രങ്ങൾ, പുസ്തകങ്ങൾ പിന്നേയും പിന്നേയും വായിക്കുക. സ്റ്റേഷനുകൾ മാറിമാറി ട്യൂൺ ചെയ്ത് ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള ഏതെങ്കിലും വിചിത്ര ഭാഷയിലെ പാട്ടുകൾക്കായി കാതോർക്കുക. എസ്റ്റേറ്റിലെ ഏറ്റവും ഉയർന്ന പ്രദേശമായ കാപ്പക്കുന്നിന് മുകളിൽ കയറിനിന്ന് അങ്ങ് ദൂരെ മുടിയഴിച്ചിട്ട യക്ഷിയെപ്പോലെ മലർന്നുകിടക്കുന്ന വെള്ളരിമല നോക്കിനിൽക്കുക.... ഇതൊക്കെയായിരുന്നു ഏകാന്തതയിൽ നിന്ന് ഒളിച്ചോടാനുള്ള മാർഗങ്ങൾ.
ആ ഏകാന്തമൂകതയിലേക്കാണ് യേശുദാസ് കടന്നുവന്നത്. കാഴ്ചകളുടെ പെട്ടിയായ ടെലിവിഷൻ സങ്കൽപ്പങ്ങളിൽ പോലുമില്ല അന്ന്. ആകെയുള്ളത് ട്രാൻസിസ്റ്റർ റേഡിയോ മാത്രം. ചീനച്ചട്ടിയിൽ കടുക് വറുത്തിടുന്ന ശബ്ദത്തിന്റെ അകമ്പടിയോടെ തരംഗമാലകളായി ഒഴുകിയെത്തുന്ന ഗാനങ്ങൾ. കാത്തുകാത്തിരുന്ന് വന്നണയുന്ന ആ ശബ്ദങ്ങൾ അന്നത്തെ ഏകാകിയായ കുട്ടിക്ക് പകർന്നുതന്ന ആഹ്‌ളാദവും സുരക്ഷിതത്വവും എത്രയെന്ന് വിവരിക്കുക വയ്യ. ഈ ശബ്ദത്തിന്റെ ഉടമ പാടുന്നത് നമുക്ക് വേണ്ടി മാത്രമെന്ന് തോന്നുന്ന നിമിഷങ്ങൾ.
യേശുദാസ് ഒരു സങ്കൽപം മാത്രമാണെന്ന് ധരിച്ചിരുന്നു അന്നൊക്കെ. റേഡിയോയിലെ ചലച്ചിത്രഗാന പരിപാടികളിലൂടെയും ഉയരമുള്ള മരങ്ങളിലും മുളങ്കമ്പുകളിലും വലിച്ചു കെട്ടിയ കോളാമ്പികളിലൂടെയും കാറ്റിൽ ഒഴുകിയെത്തുന്ന ഒരു മധുര ശബ്ദം. എസ്റ്റേറ്റിലെ ഏറ്റവും ഉയർന്ന പ്രദേശമായ കാപ്പക്കുന്നിന്റെ മുകളിൽ കയറി നിന്നാൽ അങ്ങ് ദൂരെ ചെമ്പ്ര പീക്കിൽ തട്ടി ചിന്നിച്ചിതറി വരുന്ന യേശുദാസിനെ കേൾക്കാം: 'സ്വർഗപുത്രീ നവരാത്രീ, കായാമ്പൂ കണ്ണിൽ വിടരും, ഗംഗയാറു പിറക്കുന്നു ഹിമവൻ മലയിൽ....'
സ്‌കൂളിലേക്കുള്ള രണ്ടു മൈൽ ദൂരം നടന്നു താണ്ടുന്നതിനിടെ മുതിർന്ന ക്ലാസിൽ പഠിക്കുന്ന അയൽക്കാരൻ കൂടിയായ ചീനു എന്ന ശ്രീനിവാസനിൽ നിന്നാണ് ആ 'സത്യം'' ഞാൻ ആദ്യമായി അറിഞ്ഞത്: യേശുദാസ് ഒരു ശബ്ദമാണ്. അങ്ങനെയൊരു മനുഷ്യനില്ല. മാന്ത്രികനായ മാൻഡ്രേക്കിന്റെ കഥയിലെ കഥാപാത്രമായ ക്ലേക്യാമലിനെ പോലെ ഞൊടിയിടയിൽ വേഷം മാറി ഏതു രൂപത്തിലും വരും അത് - കാറ്റായി, മഴയായി, പുഴയായി, പൂവായി, പറവയായി, പൂമ്പാറ്റയായി.
നാടകീയമായ ആംഗ്യ വിക്ഷേപങ്ങളോടെ ചീനു പറഞ്ഞു തരുന്ന ഓരോ കഥയും കണ്ണുമടച്ചു വിശ്വസിച്ചിരുന്ന എനിക്ക് ഈ കഥ അവിശ്വസിക്കേണ്ട കാര്യമേ ഉണ്ടായിരുന്നില്ല. ആയിടക്കൊരിക്കൽ കല്പറ്റയിൽ നടക്കേണ്ടിയിരുന്ന ഒരു ഗാനമേളക്ക് യേശുദാസ് രാവേറെ വൈകിയിട്ടും എത്തിച്ചേർന്നില്ല എന്നു കൂടി കേട്ടപ്പോൾ തീർച്ചയായി: ഇല്ലാത്ത ഒരാൾ എങ്ങനെ പാടാൻ വരും?
യേശുദാസ് ഒരു സങ്കൽപ്പമല്ലെന്നു മനസ്സിലാക്കിത്തന്നത് കോട്ടയത്ത് നിന്നിറങ്ങിയിരുന്ന സിനിമാ മാസികയാണ്. ദാസ് സിനിമയിൽ എത്തിയതിന്റെ പത്താം വാർഷിത്തോടനുബന്ധിച്ചു പുറത്തിറക്കിയ സ്‌പെഷൽ പതിപ്പിൽ, മീശയും താടിയുമില്ലാത്ത, എണ്ണമയമുള്ള മുടി 'കുരുവിക്കൂട്' സഹിതം ഒതുക്കിവെച്ച ശുഭ്രവസ്ത്ര ധാരിയായ യേശുദാസിന്റെ രൂപം ആദ്യമായി കണ്ടു. എന്നെങ്കിലും യേശുദാസിന്റെ ഗാനമേള നേരിൽ കാണണം എന്ന് മോഹിച്ചു തുടങ്ങിയതും അതോടെ തന്നെ. ദേവഗിരി കോളേജിൽ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോൾ അതിനൊരു ശ്രമം നടത്തിനോക്കിയതാണ് - ഹോസ്റ്റലിലെ സഹമുറിയന്മാർക്കൊപ്പം. പക്ഷേ, പാസില്ലാതെ വന്ന ഞങ്ങളെ ഗേറ്റിന് മുന്നിൽ സെക്യൂരിറ്റിക്കാർ തടഞ്ഞു. കരഞ്ഞു പറഞ്ഞിട്ടും ഗാലറിയിലേക്ക് കയറ്റി വിട്ടില്ല അവർ. നിരാശയോടെ തിരിച്ചുപോരുമ്പോൾ പരമ്പു കെട്ടി മറച്ച മതിലുകളിലെ വിടവുകൾക്കിടയിലൂടെ കാറ്റിൽ ഇടയകന്യക ഒഴുകി വരുന്നുണ്ടായിരുന്നു..
രവീന്ദ്ര ജെയ്ൻ ഒരിക്കൽ പറഞ്ഞപോലെ ഏതു സംഗീതസംവിധായകന്റെയും സൗഭാഗ്യമാണ് യേശുദാസ്. അതിപ്രഗത്ഭരായ ഗാനരചയിതാക്കളും സംഗീത സംവിധായകരും നിറഞ്ഞുനിന്ന 1960 കളിലും 70 കളിലുമൊക്കെ അവരുടെ സൃഷ്ടികൾക്ക് ശബ്ദം പകരാൻ ഒരു യേശുദാസ് ഉണ്ടായി എന്നത് അവരുടെ മാത്രമല്ല എന്നെപ്പോലുള്ള സാധാരണ സംഗീതപ്രേമികളുടേയും സുകൃതം. ആദ്യകേൾവിയിൽ തന്നെ നമ്മളെ വിസ്മയിപ്പിച്ച ശബ്ദം പിന്നീടുള്ള കേൾവികളിൽ അതേ വികാരം ഉണ്ടാക്കാതെ പോയ അനുഭവങ്ങൾ ധാരാളം. പക്ഷേ, യേശുദാസിന്റെ കാര്യത്തിൽ ആ അത്ഭുതം പതിന്മടങ്ങു വർദ്ധിച്ചിട്ടേ ഉള്ളൂ.
അറുപത് വർഷങ്ങൾക്ക് മുൻപ് ആദ്യമായി കേട്ട താമസമെന്തേ വരുവാൻ ഇപ്പോൾ കേൾക്കുമ്പോഴും ഫ്രഷായി തോന്നും. മാത്രമല്ല ഓരോ കേൾവിയിലും മുൻപ് ശ്രദ്ധിക്കാതെ പോയ പല സൂക്ഷ്മ ഘടകങ്ങളും യേശുദാസിന്റെ ആലാപനത്തിൽ തെളിഞ്ഞുവരുന്നു. വരികളുടെയോ ഈണത്തിന്റെയോ മാന്ത്രികത മാത്രമല്ല അത്, ആലാപനത്തിന്റെ വശ്യത കൂടിയാണ്. യേശുദാസിന്റെ പാട്ടുകൾ ആസ്വദിച്ചും അവ പകർന്നു നൽകിയ വൈവിധ്യമാർന്ന അനുഭൂതികളിൽ ബാല്യത്തിലെ ഏകാന്ത ദുഃഖങ്ങൾ മുഴുവൻ അലിയിച്ചുകളഞ്ഞും വളർന്നു വന്നിരുന്നില്ലെങ്കിൽ ഞാൻ സംഗീതത്തെ കുറിച്ച് എഴുതുമായിരുന്നോ എന്നു പോലും സംശയം. ഇന്നും ആ ശബ്ദം, ആ ഗാനങ്ങൾ എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നു; എഴുത്തിൽ മാത്രമല്ല, ജീവിതത്തിൽ തന്നെ നന്മയും പോസിറ്റിവിറ്റിയും കാലഹരണപ്പെട്ട ആശയങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഈ ആധുനികകാലത്തും.
മൈക്കുമായി ഇത്രയേറെ ഇണങ്ങിച്ചേർന്നു നിൽക്കുന്ന ശബ്ദങ്ങൾ അധികമില്ല എന്ന് പറയും യേശുദാസിന്റെ എക്കാലത്തെയും മികച്ച ഗാനങ്ങൾ പലതും ആലേഖനം ചെയ്യാൻ ഭാഗ്യമുണ്ടായ തരംഗിണിയിലെ മുൻ റെക്കോർഡിസ്റ്റ് ബാലകൃഷ്ണൻ. 'പലരും പാടുമ്പോൾ ശ്വാസം അകത്തേക്കെടുക്കുന്നത് പാട്ടിൽ കേൾക്കാം. പിന്നീടത് മായ്ക്കുകയാണ് പതിവ്. എന്നാൽ, ദാസേട്ടൻ പാടുമ്പോൾ അതിന്റെ ആവശ്യം വരാറില്ല. മൈക്രോഫോണിന് മുന്നിലെ അദ്ദേഹത്തിന്റെ ശബ്ദനിയന്ത്രണം അപാരം. പാട്ടിന്റെ വരികൾക്കും സംഗീതത്തിനും ഇണങ്ങുന്ന ഭാവങ്ങളോരോന്നും അനായാസം ആ ആലാപനത്തിൽ വന്നു നിറയുന്നത് അത്ഭുതത്തോടെ കേട്ടിരുന്നിട്ടുണ്ട്. '
യേശുദാസിന്റെ ശബ്ദം അതിന്റെ ഭാവപൂർണതയിൽ എത്തിച്ചേരുക വൈകുന്നേരമാണെന്ന് പറയുന്നു ബാലകൃഷ്ണൻ. 'രാത്രി ഒൻപതു മണി കഴിഞ്ഞാൽ ആ ശബ്ദം വേറൊരു തലത്തിലെത്തും. രവീന്ദ്രൻ മാഷൊക്കെ ആ സമയത്താണ് പാട്ടുകൾ റെക്കോർഡ് ചെയ്യുക. സമയം വൈകുന്തോറും ശബ്ദത്തിന് ഗാംഭീര്യവും സൗന്ദര്യവും കൂടും. പകൽ മുഴുവൻ നീണ്ട വാം അപ്പിന് ശേഷമുള്ള തികവാർന്ന ശബ്ദം. പല പാട്ടുകളും പാടിത്തീരുക രാത്രിയുടെ അന്ത്യയാമങ്ങളിലാണ്. 'അങ്ങേയറ്റം പെർഫെക്ഷനിസ്റ്റ് ആണ് യേശുദാസ് എന്ന് കൂട്ടിച്ചേർക്കുന്നു ബാലകൃഷ്ണൻ. ആലാപനത്തിലെ ചെറിയൊരു പാളിച്ച പോലും സഹിക്കാനാവില്ല അദ്ദേഹത്തിന്. അങ്ങനെ തോന്നിയാൽ വീണ്ടും വീണ്ടും പാടിക്കൊണ്ടിരിക്കും. പൂർണ തൃപ്തി വന്ന ശേഷമേ ടേക്ക് ഫൈനൽ ആക്കൂ. തനിക്ക് എന്തെങ്കിലുമൊരു തെറ്റ് സംഭവിച്ചാൽ പാട്ട് കേട്ടു പഠിച്ചു പാടുന്നവരും അതേ തെറ്റ് ആവർത്തിക്കുമല്ലോ എന്നാണദ്ദേഹത്തിന്റെ ആശങ്ക.
അൻപതിലെത്തിയപ്പോഴും അറുപതും എഴുപതും എൺപതും തികഞ്ഞപ്പോഴും യേശുദാസിനെ കുറിച്ചെഴുതി; ഇപ്പോഴിതാ ആയിരം പൂർണചന്ദ്രന്മാരെ കണ്ട ശേഷവും എഴുതിക്കൊണ്ടിരിക്കുന്നു. എത്ര എഴുതിയാലും മതിവരാത്ത അനുഭവമായി, പകരം വെക്കാനില്ലാത്ത അനുഭൂതിയായി ഉള്ളിൽ ജ്വലിച്ചുനിൽക്കുന്നു യേശുദാസ്.
ഇതെന്തൊരു യേശുദാസ് ഭ്രമം എന്ന് അന്തം വിടുന്നുണ്ടാകും ചിലരെങ്കിലും. പരാതിയില്ല. ഈ ഭ്രമമാണല്ലോ എന്നെ ഞാനാക്കിയത്; സ്വപ്നതുല്യമായ പാട്ടുവഴികളിലൂടെ സ്‌നേഹപൂർവ്വം കൈപിടിച്ചു നടത്തിയതും.
Content Highlights: yesudas birthday special column by ravi menon
Published: 10 Jan 2026, 09:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented